Image

ഡോ.പോള്‍ തോമസ്-ഒരനുസ്മരണം-(ബിനോയ് തോമസ്)

ബിനോയ് തോമസ് Published on 19 April, 2018
ഡോ.പോള്‍ തോമസ്-ഒരനുസ്മരണം-(ബിനോയ് തോമസ്)
എന്റെ സുഹൃത്തും, 'ഓര്‍മ്മത്തിരകളുടെ' കഥാകാരനുമായ ഡോ.പോള്‍ തോമസിന്റെ ദേഹവിയോഗം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞാണ് ഞാനിത് എഴുതുന്നത്. പലപ്പോഴും എഴുതണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും, കൂടെ കൂടെ വന്ന ഔദ്യോഗിക യാത്രകള്‍ അതിന് തടസമായി. ഇത്തവണ 14 മണിക്കൂര്‍ നീണ്ട ഒരു വിമാനയാത്ര ഇതെഴുതുവാനുള്ള അവസരമായി.

ഞാന്‍ ഡോ.പോള്‍ തോമസിനെ ആദ്യം പരിചയപ്പെടുന്നത്, ബാള്‍ട്ടീമോറിലുള്ള പാലിയത്ത് കുടുംബം വഴിയാണ്. എന്റെ സുഹൃത്ത് ദിലീപ്  പാലിയത്ത്, വര്‍ഷങ്ങള്‍ക്ക് മുമ്പ് മേരിലാന്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് മത്സരിച്ചിരുന്നു. ദിലീപിന്റെ ഇലക്ഷന്‍ പ്രചാരണ കിക്കോഫ് നടത്തിയത് അന്നത്തെ ഗവര്‍ണ്ണറായിരുന്നു. ആ ചടങ്ങിനിടയില്‍, ദിലീപിന്റെ പിതാവാണ്, നൈജീരിയായില്‍, സഹ അദ്ധ്യാപകനായിരുന്ന ഡോ.പോള്‍ തോമസിനെ എനിക്ക് പരിചയപ്പെടുത്തിയത്.

രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം, കൊല്ലം ഫാത്തിമ കോളേജില്‍ അദ്ധ്യാപകന്‍, പിന്നീട്, നൈജീരിയായില്‍ സ്‌ക്കൂള്‍ അദ്ധ്യാപകന്‍, അവിടെ തന്നെയുള്ള അമാദ് ബെല്ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രസതന്ത്രത്തില്‍ ഡോക്ടറേറ്റ്, ബാള്‍ട്ടീമോര്‍ ഇന്ററര്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയിലും, ബാള്‍ട്ടീമോര്‍ പബ്ലിക്ക് സ്‌ക്കൂളിലും അദ്ധ്യാപകന്‍, എന്നിങ്ങനെയുള്ള വിവരങ്ങള്‍ മാത്രമേ, ആദ്യ പരിചയപ്പെടലിലും, പിന്നീട് ഇങ്ങോട്ടുള്ള സൗഹൃദകൂടികാഴ്ചകളിലും ഞാന്‍ അദ്ദേഹത്തെക്കുറിച്ച് മനസിലാക്കിയിരുന്നുള്ളൂ. ഈ കാലയളവിലൊന്നും അസാധാരണമായതൊന്നും ഞാന്‍ ഡോ.പോള്‍ തോമസില്‍ ദര്‍ശിച്ചിരുന്നില്ല.

2009-ജനുവരി മാസത്തിലെ ഏതോ ഒരു ദിവസം, എനിക്ക് തപാലില്‍ 'ഓര്‍മ്മത്തിരകള്‍' എന്ന ആത്മ കഥാഖ്യാനം അദ്ദേഹം അയച്ച് തപ്പോഴും, അതിനെ വെറുമൊരു പുസ്തകമായി മേശപ്പുറത്ത് ഒരുക്കി വെച്ചിരുന്നു. രണ്ട് മാസം കഴിഞ്ഞ്, മാര്‍ച്ച് മാസത്തിലെ ഒരു രാത്രിയില്‍ ഉറങ്ങാന്‍ കിടന്നപ്പോള്‍, ഒന്നോ രണ്ടോ അദ്ധ്യായങ്ങള്‍ വായിക്കാമെന്നുറപ്പ് പുസ്തകമെടുത്ത് വായന തുടങ്ങി. ഒട്ടും വായനശീലം ഇല്ലാത്ത എന്റെ മനസിനെ, പുസ്തകത്തിന്റെ അവതരണ ശൈലിയും, സത്യസന്ധമായ വിവരങ്ങളും, ആത്മാര്‍ത്ഥതയും ആരംഭം മുതല്‍ പിടിച്ചിരുത്തി, ഒറ്റയിരുപ്പില്‍ ഞാന്‍ വായിച്ചു തീര്‍ത്തു എന്നതാണ് സത്യം.

തീര്‍ത്തും അവിശ്വസനീയമെന്ന് തോന്നാവുന്ന പ്രതികൂല സാഹചര്യങ്ങളെ, തന്റെ ചെറുപ്രായത്തില്‍, അതിജീവിച്ച, അദ്ദേഹത്തിന്റെ ആത്മകഥയിലെ, ആദ്യ അദ്ധ്യായങ്ങള്‍ കണ്ണീരോടെയാണ് വായിച്ചു തീര്‍ത്തത്. ശംഖുമുഖത്തെ മത്സ്യ തൊഴിലാളികളായ, മാതാപിതാക്കള്‍, ഉറങ്ങുവാന്‍ ഇടം പോലുമില്ലാതെ, ചെറ്റകുടിലില്‍ ജനിച്ച്, മുഴുപട്ടിണിയുമായി, മത്സ്യ മണമുള്ള വസ്ത്രവുമായി, കടപ്പുറത്തെ പ്രൈമറി സ്‌ക്കൂളിലും, തുടര്‍ന്ന് നഗരത്തിലുള്ള ഹൈസ്‌ക്കൂളിലും, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച്, മാര്‍ ഇവാനിയോസ് കോളേജിലും, പഠിച്ച്, ജയിച്ച്, രസതന്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി, കോളേജ്  അദ്ധ്യാപകനായി തീര്‍ന്ന അദ്ദേഹത്തിന്റെ ജീവിതകഥ ശ്വാസമടക്കിപ്പിടിച്ചാണ് വായിച്ചത്. ക്രൂരനായ പിതാവ്, നിസ്സഹായായ അമ്മ, തന്നോടൊപ്പം നിത്യ ദാരിദ്ര്യം പങ്കുവെച്ച സഹോദരങ്ങള്‍, കടല്‍ തീരത്തെ പൂഴി മണ്ണില്‍ അന്തിയുറക്കം. കട്ടമരത്തിന്റെ സഹായത്തോടുകൂടിയുള്ള മീന്‍പിടുത്തം, ഒട്ടിയ വയറും, മീന്‍ നാറിയ വസ്ത്രവും ആയി സ്‌ക്കൂളില്‍ പോകല്‍, എന്നിട്ടും തളരാതെ, പ്രക്ഷുബ്ധമായ, ജീവിത വേലിയേറ്റങ്ങളുടെ നടുവില്‍ നിന്ന്, ഒഴുക്കിനെതിരെ നീന്തി, വിജയശ്രീലാളിതനായി, നീണ്ട 46 കൊല്ലങ്ങളിലെ, തന്റെ ജീവിതാനുഭവങ്ങളുടെ നെഞ്ച് കീറി, കാട്ടി തന്നെ പ്രതീതിയാണ് എനിക്ക് ഈ പുസ്തകത്തിലുടനീളം അനുഭവപ്പെട്ടത്. പിറ്റേന്ന് പ്രഭാതമുണര്‍ന്നപ്പോള്‍ തന്നെ, അദ്ദേഹത്തെ ഫോണില്‍ വിളിച്ച് എന്റെ ആദരവ് അറിയിക്കാനും ഞാന്‍ മറന്നില്ല.

ഇനി ഫാസ്റ്റ് ഫോര്‍വേര്‍ഡ് ടു 2010. കേരളത്തിലെ പ്രമുഖരായ രാഷ്ട്രീയക്കാരും, സിനിമക്കാരും എനിക്ക് അതിഥികളായി എത്തിയിരുന്ന ഒരു കാലം. വീട്ടിലെ അതിഥി കിടക്കമുറയില്‍, ഏതാനും പുസ്തകങ്ങള്‍ ഞാന്‍ എന്നും സൂക്ഷിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവും, ഇന്ന് പബ്ലിക്ക് സര്‍വ്വീസ് കമ്മീഷ്ണറുമായ സിമി റോസ്‌ബെല്‍ തന്ന, അലന്‍ ലോയ് മാഗ്ഗിന്‍സിന്റെ ദ ഫ്രണ്ട്ഷിപ്പ് ഫാക്ടര്‍ എന്ന പുസ്തകം, പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും, ഈക്വല്‍ ഓപ്പര്‍ച്യൂണിറ്റി കമ്മീഷ്ണറുമായിരുന്ന ഡോ.ജോയി ചെറിയാന്‍ തന്നെ ഏഷ്യന്‍ ഇന്ത്യന്‍സ് കോണ്‍ട്രിബ്യൂഷന്‍സ് ടു അമേരിക്ക എന്ന പുസ്തകം, ഇവയോടൊപ്പം ഡോ.പോള്‍ തോമസിന്റെ ഓര്‍മ്മത്തിരകളും അവയില്‍ ചിലതാണ്. ഇത്തവണ എനിക്ക് അതിഥിയായി എത്തിയത് ചലച്ചിത്ര പിന്നണി ഗായകനും, എന്റെ പ്രിയ സുഹൃത്തുമായ ജി.വേണുഗോപാലാണ്. അക്കാലത്ത്, വര്‍ഷത്തിലൊരിക്കല്‍, ഒരാഴ്ച, എന്റെ അതിഥിയായി, ഒരു കുടുംബാംഗത്തെപോലെ, താമസിക്കുന്ന പതിവ് വേണുഗോപാലിനുണ്ടായിരുന്നു. ഒരു ദിവസം പ്രഭാതത്തിലുണര്‍ന്ന് കാപ്പി കുടിക്കുമ്പോള്‍, തലേന്ന് രാത്രി ഒറ്റയിരുപ്പില്‍ ഡോ.പോള്‍ തോമസിന്റെ ഓര്‍മ്മത്തിരകള്‍ വായിച്ചുവെന്നും, കഴിയുമെങ്കില്‍ അദ്ദേഹത്തെ വേണുഗോപാലിന് നേരില്‍ കാണണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. ഡോ.പോള്‍ തോമസിനെപ്പോലെ, വേണുഗോപാലും പഠിച്ചത് മാര്‍ ഇവാനിയോസിലാണ്. അന്ന് വേണുഗോപാല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രസിഡന്റും ആയിരുന്നു. ഞാന്‍ ഉടന്‍ സുഹൃത്തായ, ബാള്‍ട്ടീമോറിലെ, തോമസ് ജോസിനെ(ജോസുകുട്ടി) വിളിച്ച്, അന്ന് വൈകീട്ട് തന്നെ വേണുഗോപാലിന്, ഡോ.പോള്‍ തോമസിനെ, ജോസുകുട്ടിയുടെ വീട്ടില്‍വെച്ച് കാണുവാനുള്ള സംവിധാനം ഉണ്ടാക്കിയതും, ഇവിടെ സ്മരിക്കട്ടെ. 2012-2014 കാലയളവില്‍, ഞാന്‍ ഫോമയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. വാഷിംഗ്ടണ്‍ റീജിയണല്‍ കണ്‍വെന്‍ഷനില്‍ അന്നത്തെ പ്രസിഡന്റ് ബേബി ഊരാളിലും, ട്രഷറര്‍ ഷാജി എഡ് വേര്‍ഡും എത്തിയിരുന്നു. കൂടാതെ, മേരിലാന്റ് സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അംഗവും, ഇപ്പോള്‍ യു.എസ്.കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന എന്റെ സുഹൃത്ത് അരുണ മില്ലറും, അന്നത്തെ മേരിലാന്റ് ഡെപ്യൂട്ടി സെക്രട്ടറി ഓഫ് സ്റ്റേറ്റ് രാജന്‍ നടരാജനും പങ്കെടുത്ത വേദിയില്‍, ഡോ.പോള്‍ തോമസിനെ അമേരിക്കന്‍ മലയാളികളുടെ പേരില്‍ ആദരിക്കാന്‍ എനിക്ക് കഴിഞ്ഞതും, ഞാന്‍ ചാരിതാര്‍ത്ഥ്യത്തോടെ ഇവിടെ ഓര്‍ക്കുന്നു.

തന്റെ കുട്ടിക്കാലത്ത്, ശംഖുമുഖം കടപ്പുറത്ത് മണലില്‍ ഇരുന്നുകൊണ്ട് എല്ലാ കടലുകളിലും, സമുദ്രങ്ങളിലും നീന്തണമെന്ന്, ദാരിദ്ര്യത്തിന്റെ കയ്പ് നീര് കുടിച്ചുകൊണ്ടിരുന്ന കാലത്ത് കൊതിച്ച പോള്‍ തോമസ്, താന്‍ ആഗ്രഹിച്ചതുപോലെ, കാണേണ്ട രാജ്യങ്ങളും, കുളിക്കേണ്ട സമുദ്രങ്ങളും കണ്ട് കഴിഞ്ഞ്, കുളിച്ച് കഴിഞ്ഞ്, ആഗ്രങ്ങള്‍ എല്ലാം നിറവേറ്റി, ശംഖുമഖത്തെ മണല്‍ത്തരികളും, അറേബ്യന്‍ സമുദ്രത്തിലെ തിരമാലകളും വീണ്ടും അങ്ങോട്ട് ക്ഷണിച്ചപ്പോള്‍, അത് തന്റെ അവസാന യാത്രയാകുമെന്ന് അദ്ദേഹം അറിഞ്ഞിരുന്നോ എന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ, കഴിഞ്ഞ മാര്‍ച്ച് 7-ാം തീയതി, എല്ലാ കടപ്പുറങ്ങളെക്കാളും മനോഹരവും, ഹൃദയത്തെ തണുപ്പിച്ചതുമായ, അദ്ദേഹത്തിന്റെ ശംഖുമുഖത്തെ, കണ്ണാന്തുറയിലുള്ള സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ സെമിത്തേരിയില്‍ ഇനി നിത്യനിദ്ര. സുനാമി സ്പര്‍ശിക്കാത്ത ആ പുണ്യഭൂമിയില്‍ തന്നെ അദ്ദേഹം ആഗ്രഹിച്ചതുപോലുള്ള മടക്കയാത്ര. ഇനിയൊരു ജന്മം കൂടി ഉണ്ടെങ്കില്‍, അതും അദ്ദേഹം ആഗ്രഹിച്ചതുപോലെ, ശംഖുമുഖത്തെ കടപ്പുറത്ത് തന്നെയാകട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. പുണ്യാത്മാവിന് എന്റെ നമോവാകം!

ഡോ.പോള്‍ തോമസ്-ഒരനുസ്മരണം-(ബിനോയ് തോമസ്)ഡോ.പോള്‍ തോമസ്-ഒരനുസ്മരണം-(ബിനോയ് തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക