Image

ദയാലുവായ മുന്‍ പ്രഥമവനിത (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 19 April, 2018
ദയാലുവായ മുന്‍ പ്രഥമവനിത (ഏബ്രഹാം തോമസ്)
നാല്പത്തി ഒന്നാമത്തെ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബഌയൂ ബുഷിന് തന്റെ ഭാര്യ ബാര്‍ബറ ബാര്‍ ആയിരുന്നു. അവരെ അടുത്തറിഞ്ഞവര്‍ അവരെ ദയാലു എന്ന് വിശേഷിപ്പിക്കുന്നു. ബുഷ് കുടുംബത്തിലുള്ളവര്‍ അച്ചടക്കവും അനുസരണയും നടപ്പാക്കുന്ന അമ്മയായി ബാര്‍ബറയെ കണ്ടിരുന്നു. എല്ലാറ്റിലും ഉപരി അവരുമായി അടുക്കുവാന്‍ കഴിഞ്ഞവര്‍ അവരുടെ ആഴത്തിലുള്ള സ്‌നേഹം ഓര്‍മ്മിക്കുന്നു.
പ്രഥമ വനിതയായിരിക്കുമ്പോള്‍ എച്ച്‌ഐവി/എയ്ഡ്‌സ് രോഗങ്ങള്‍ പകരുമെന്ന ഭയം ജനങ്ങളില്‍ നിന്നകറ്റാന്‍ അവര്‍ വളരെയധികം പ്രയത്‌നിച്ചു. ഈ രോഗങ്ങള്‍ ഉള്ളവരെ പുറംതള്ളുന്ന പ്രവണതയ്‌ക്കെതിരെ സ്വന്തം പ്രവര്‍ത്തനങ്ങളിലൂടെ പ്രചരണം നല്‍കാന്‍ ശ്രമിച്ചു. വാഷിംഗ്ടണില്‍ എച്ച്‌ഐവി ബാധിതരായ കുട്ടികള്‍ പാര്‍ക്കുന്ന വീട് സന്ദര്‍ശിച്ചു. ഒരു കുഞ്ഞിനെ താലോലിക്കുകയും മറ്റൊരു കുട്ടിയെ ചുംബിക്കുകയും ചെയ്തു. ഇങ്ങനെ ചെയ്യുന്നത് സുരക്ഷിതമാണെന്നും മറ്റുള്ളവരും ചെയ്യണമെന്നും പറഞ്ഞു. ലോകത്തില്‍ അനുകമ്പ വളരെ ആവശ്യമാണെന്ന് ഏവരെയും ഓര്‍മ്മപ്പെടുത്തി.

ബാര്‍ബറയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അവരുടെ വെളുത്ത മുടിയും മുത്ത് മാലയും വലിയ മുത്ത് പതിച്ച കമ്മലുമാണ് സ്മൃതിപഥത്തില്‍ തെളിയുക. അവരുടെ മുടി നരച്ചു തുടങ്ങിയത് മൂന്ന് വയസുപ്രായമുള്ള മകള്‍ പോലീന്‍ റോബിന്‍സണ്‍ ബുഷ് ലുക്കേമിയ ബാധിച്ച് മരിച്ചതിന് ശേഷമാണ്.

എന്റെ മുടിയിലെ കറുത്ത വേരുകള്‍ സംരക്ഷിക്കുവാന്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ഉപദേശിക്കുന്ന ജോര്‍ജിന് കുറെയധികം ദശകങ്ങളില്‍ നരയ്ക്കാതിരിക്കുവാന്‍ കഴിഞ്ഞു. പ്രകൃതിയുടെ രൂപ പരിണാമങ്ങള്‍ക്ക് വിധേയനാകുന്ന എന്റെ ഭര്‍ത്താവിനെ ഞാന്‍ സ്‌നേഹിക്കുന്നു, ബാര്‍ബറ പറഞ്ഞിരുന്നു.

1945 ല്‍ 19-മത്തെ വയസിലാണ് ബുഷ് സീനിയറിനെ വിവാഹം കഴിച്ചത്. എച്ച് ഡബഌയൂ അന്ന് നാവികസേനയില്‍ വൈമാനികനായിരുന്നു. വിവാഹശേഷം പടിഞ്ഞാറന്‍ ടെക്‌സസില്‍ താമസമാക്കുകയായിരുന്നു. 

ബുഷ് അമേരിക്കയുടെ ഇന്ത്യന്‍ അബാസിഡറായിരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗന്ധിയുടെ ഭവനത്തില്‍ നടത്തിയ സന്ദര്‍ശനങ്ങളെക്കുറിച്ച് ബാര്‍ബറ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതിയിട്ടുണ്ട്. വീട്ടുമുറ്റത്തു വളര്‍ത്തുന്ന ചെടികളെക്കുറിച്ച് അതീവ ശ്രദ്ധാലുവായിരുന്നു രാജീവ്ഗാന്ധി എന്നും അവര്‍ പങ്കുവെച്ച ഓര്‍മ്മകളില്‍ പ്രത്യേകം പറഞ്ഞിരുന്നു.

സാക്ഷരത്വത്തിന്റെ ഒരു വലിയ വക്താവായിരുന്നു ബാബറ. പ്രഥമ വനിതയായിരിക്കുമ്പോള്‍ ബാര്‍ബറ ബുഷ് ഫൗണ്ടേഷന്‍ ഫോര്‍ ഫാമിലി ലിറ്ററസി എന്ന സംരംഭം ആരംഭിക്കുകയും മരിക്കുന്നത് വരെ ഫൗണ്ടേഷനില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്തു. മറ്റ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് 2014 വരെ ഫൗണ്ടേഷന്‍ 40 മില്യന്‍ ഡോളര്‍ ധനസഹായം നല്‍കുകയും 1500 സാക്ഷരത പദ്ധതികള്‍ നടപ്പാക്കുന്നതില്‍ മുന്‍കൈ എടുക്കുകയും ചെയ്തു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ സാധാരണയായി വിവാദത്തിലാവുന്ന പ്രസിഡന്റുമാരുടെ പരിപാടികളെ പോലെ മാധ്യമശ്രദ്ധ പിടിച്ചു പറ്റുകയോ ആകര്‍ഷണീയമാകുകയോ ഇല്ല. എനിക്ക് ഇപ്പോഴും ബോദ്ധ്യമുണ്ട് കൂടുതല്‍ സാക്ഷരരാവുമ്പോള്‍ നാം സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ കൂടുതല്‍ പ്രാപ്തരാവും എന്ന് , ബാര്‍ബറ ഓര്‍മ്മക്കുറിപ്പുകളില്‍ എഴുതി. 1994 ലാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
41-ാമത്തെ പ്രസിഡന്റിന്റെ ഭാര്യയും 43-മത്തെ പ്രസിഡന്റ് ജോര്‍ജ് ഡബഌയൂ ബുഷിന്റെ അമ്മയുമാകുമ്പോള്‍ അപ്രസക്തമാവാന്‍ സാധ്യതയുള്ള ഒരു വ്യക്തിത്വത്തിന്റെ പ്രഭാവം കുറയുവാന്‍ ബാര്‍ബറ അനുവദിച്ചില്ല. അച്ഛന്റെ കണ്ണുകളും അമ്മയുടെ അധരങ്ങളുമാണ് തനിക്ക് ലഭിച്ചതെന്ന് ബുഷ് ജൂനിയര്‍ പറയാറുണ്ട്. ആരെയൊക്കെയോ ബാര്‍ബറ സ്പര്‍ശിച്ചുവോ അവരെല്ലാം ഈ പ്രഥമവനിതയുടെ ഹൃദയം തൊട്ടറിഞ്ഞു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം കുടുംബമെന്നാല്‍ അന്യോന്യം കൈകളാല്‍ ചുറ്റിപ്പിടിച്ച് നാം അവര്‍ക്ക് വേണ്ടി ഉണ്ട് എന്ന് ധൈര്യം പകരലാണ്, ബാര്‍ബറ ബുഷ് കുടുംബത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്.

ദയാലുവായ മുന്‍ പ്രഥമവനിത (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക