Image

ക്വീന്‍ ഓഫ് ദ ഹില്‍ നിയമത്തിലൂടെ ഡാക പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 20 April, 2018
ക്വീന്‍ ഓഫ് ദ ഹില്‍ നിയമത്തിലൂടെ ഡാക പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമം (ഏബ്രഹാം തോമസ്)
ഡിഫേര്‍ഡ് ആക്ഷന്‍ ഫോര്‍ ചൈല്‍ഡ് ഹൂഡ് അറൈവല്‍സ് പദ്ധതി കഴിഞ്ഞ ഫാളില്‍(സെപ്തംബര്‍ 30ന്) പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് അവസാനിപ്പിച്ചതാണ്. ആറ് മാസത്തിനുള്ളില്‍ ഒരു നിയമം ഉണ്ടാക്കുവാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു. മാര്‍ച്ച് 31ന് ഈ സമയ പരിധി അവസാനിച്ചു. കോണ്‍ഗ്രസ് നിയമനിര്‍മ്മാണശ്രമം നടത്താത്തതിനാല്‍ ഡാക അവസാനിച്ചിരുന്നു. ഇതിനെതിരെ കേസുകള്‍ കോടതികളില്‍ നടക്കുകയാണ്.

ഇപ്പോള്‍ ടെക്‌സസിലെ സാന്‍ അന്റോണിയോ വില്‍ നിന്നുള്ള ജനപ്രതിനിധി റിപ്പബ്ലിക്കന്‍ വില്‍ ഹര്‍ഡ് ഡെമോക്രാറ്റിക് ജനപ്രതിനിധി മിഷന്‍ലുവാന്‍ഗ്രിഷത്തിനോടും(ന്യൂ മെക്‌സിക്കോ) കാലിഫോര്‍ണിയായില്‍ നിന്നുള്ള ജനപ്രതിനിധികളായ പീറ്റ് അഗ്വിലറിനും ജെഫ് ഡെന്‍ഹാമിനും ഒപ്പം ചേര്‍ന്ന് ക്വീന്‍ ഓഫ് ദഹില്‍ നിയമപ്രകാരം ഡാക സ്ഥിരമാക്കുന്ന ബില്‍ പാസാക്കിയെടുക്കുവാന്‍ ശ്രമിക്കുകയാണ്. വളരെ അപൂര്‍വമായി മാത്രമേ ക്വീന്‍ ഓഫ് ദഹില്‍ നിയമത്തിലൂടെ ബില്ലുകള്‍ പാസാക്കുവാന്‍ ശ്രമിക്കാറുള്ളൂ. അംഗങ്ങള്‍ കമ്മിറ്റികളില്ലാതെയോ നേതാവില്ലാതെയോ നാലു ബില്ലുകള്‍ സഭയില്‍ അവതരിപ്പിക്കുവാന്‍ അനുമതി തേടി ഒരു പ്രമേയം അവതരിപ്പിക്കുന്നു. ഈ ബില്ലുകളില്‍ ഏറ്റവുമധികം വോട്ടുകള്‍(218 ല്‍ അധികം- ഇതാണ് കേവല ഭൂരിപക്ഷം) ലഭിക്കുന്ന ബില്‍ പാസായതായി കണക്കാക്കി സെനറ്റിന് അയയ്ക്കുന്നു. ഈ നടപടിക്രമമാണ് ക്വീന്‍ ഓഫ് ദഹില്‍ നിയമായി അറിയപ്പെടുന്നത്.

ഹര്‍ഡിന്റെ യുഎസ്എ ആക്ട്, ട്രമ്പ് പിന്തുണയ്ക്കുന്ന സെക്യൂയറിംഗ് അമേരിക്കാസ് ഫ്യൂച്ചര്‍ ആക്ട്, ഡെമോക്രാറ്റുകള്‍ പിന്തുണയ്ക്കുന്ന ഡ്രീം ആക്ട്, സ്വീക്കര്‍ പോള്‍ റയാന്‍ പിന്തുണയ്ക്കുന്ന ഇമിഗ്രേഷന്‍ ബില്‍ എന്നിവയാണ് നാല് ബില്ലുകള്‍. യുഎസ്എ ആക്ടിന് ഉഭയ കക്ഷി പിന്തുണ ഉണ്ടെന്നും 240 അംഗങ്ങളുടെ വോട്ടുകള്‍ ലഭിക്കുമെന്നും ഹര്‍ഡ് പറയുന്നു. നിലവില്‍ ഡാക സംരക്ഷണം ലഭിക്കുന്നവര്‍ക്ക് സ്ഥിരമായ ഒരു പ്രശ്‌നപരിഹാരം, അതിര്‍ത്തി സുരക്ഷയ്ക്ക് സാങ്കേതിക വിദ്യയും ഭൗതിക വിലങ്ങുകളും സൃഷ്ടിക്കുക എന്നിവയാണ് ഹര്‍ഡിന്റെ ബില്‍ ലക്ഷ്യമിടുന്നത്.

സ്വപ്‌നം കാണുന്നവര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 8 ലക്ഷം പേരാണ് ഡാക പദ്ധതിയിലുള്ളത്. 2007 ജൂണ്‍ 14ന് മുമ്പ് നിയമവിരുദ്ധമായി അമേരിക്കയില്‍ ത്തെിയ കുട്ടികളാണ് ഇവര്‍. ദ മൈഗ്രേഷന്‍ പോളിസി ഇന്‍സ്റ്റിട്യൂട്ടിന്റെ കണക്കിന്‍ പ്രകാരം ഇവരുടെ എണ്ണം 13 ലക്ഷമാണ്. ഇവരെ കണ്ടെത്തി നാടു കടത്തുമെന്ന ഭയം മൂലം വിവരം നല്‍കിയവര്‍ എട്ടു ലക്ഷം മാത്രമാണ്. ഇവരില്‍ 1,24,000 പേര്‍ ടെക്‌സസില്‍ മാത്രം ഉണ്ടെന്നാണ് കരുതുന്നത്.

തന്റെ മുന്‍ഗാമിക്ക്(ബരാക്ക് ഒബാമയ്ക്ക്) ഇവര്‍ക്ക് പെര്‍മനന്റ് ലീഗല്‍ സ്റ്റാറ്റസ് നല്‍കാന്‍ അധികാരം ഉണ്ടായിരുന്നില്ല എന്ന് വാദിച്ച് താന്‍ ഡാക നിര്‍ത്തലാക്കുകയാണെന്ന് 2017 മാര്‍ച്ച് 5ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് പ്രഖ്യാപിച്ചിരുന്നു.

ഡ്രീം ആക്ടില്‍ ഒരു വോട്ടിംഗ് നടത്തണമെന്ന് 188 കുടിയേറ്റ സംഘടനകള്‍ സ്പീക്കറോട് ആവശ്യപ്പെട്ടു. ഒരു ഡെമോക്രാറ്റ് അംഗമായ അഗ്വിയര്‍ കോണ്‍ഗ്രഷ്‌നല്‍ ഹിസ്പാനിക് കോക്കസിന്റെ വിപ്പ് കൂടിയാണ്. കുടിയേറ്റ സംബന്ധമായ പ്രമേയങ്ങളില്‍ താല്‍പര്യം പ്രകടിപ്പിക്കുന്ന മൂന്ന് ജനപ്രതിനിധികള്‍ക്കാണ് പ്രമേയങ്ങള്‍ അവതരിപ്പിക്കുവാന്‍ അവസരം നല്‍കിയിരിക്കുന്നതെന്ന് അഗ്വിലര്‍ പറഞ്ഞു. ഫെബ്രുവരിയിലെ ബജറ്റ് ഡീലില്‍ നിന്ന് ഡാക നിയമനിര്‍മ്മാണം സ്പീക്കര്‍ ഒഴിവാക്കിയിരുന്നു. ട്രമ്പിന്റെ വീറ്റോ ഭയന്നാണ് ഇങ്ങനെ ചെയ്തതെന്ന് റയാന്‍ പറഞ്ഞു.

കീഴ്‌കോടതിയില്‍ കേസുകള്‍ നടക്കുന്നതിനാല്‍ ഡാക അവസാനിപ്പിക്കുന്നത് യു.എസ്.എ. സുപ്രീം കോടതി 2018 ഫെബ്രുവരിയില്‍ സ്റ്റേ ചെയ്തു. ട്രമ്പ് ഒരു ഡാക നിയമത്തില്‍ ഒപ്പു വയ്ക്കുമെന്ന് തനിക്ക് പ്രതീക്ഷ ഉണ്ടെന്ന് ഹര്‍ഡ് പറഞ്ഞു.

ക്വീന്‍ ഓഫ് ദ ഹില്‍ നിയമത്തിലൂടെ ഡാക പ്രശ്‌നം പരിഹരിക്കുവാന്‍ ശ്രമം (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക