Image

കോവളത്ത്‌ നിന്നും കാണാതായ വിദേശ വനിതയുടേതെന്ന്‌ സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

Published on 20 April, 2018
കോവളത്ത്‌ നിന്നും കാണാതായ വിദേശ വനിതയുടേതെന്ന്‌ സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

കോവളത്ത്‌ നിന്നും കാണാതായ വിദേശ വനിത ലിഗയുടേത്‌ എന്ന്‌ സംശയിക്കുന്ന മൃതദേഹം തിരുവനന്തപുരത്ത്‌ നിന്നും കണ്ടെത്തി. വാഴമുട്ടം പൂനംതുരുത്തില്‍ വള്ളികളില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്‌ ഒരു മാസത്തോളം പഴക്കമുണ്ട്‌. ഫോറന്‍സിക്‌ വിദഗ്‌ദര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

മൃതദേഹത്തില്‍ ധരിച്ചിരിക്കുന്ന ജാക്കറ്റും തൊലിയുടെ നിറവും സമീപത്തുനിന്നു കണ്ടെത്തിയ വിദേശ സിഗരറ്റുകളുടെ പാക്കറ്റ്‌ എന്നിവയാണ്‌ മൃതദേഹം വിദേശ വനിതയുടേതാണെന്ന സംശയം ബലപ്പെടുത്തുന്നത്‌. ലിഗ ചികിത്സിച്ചിരുന്ന പോത്തന്‍കോട്ടെ ആയൂര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ മൃതദേഹം പരിശോധിച്ചെങ്കിലും തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

ലിഗയുടെ സഹോദേരി മംഗലാപുരത്ത്‌ നിന്നും നാളെ തലസ്ഥാനത്തെത്തും. ഇന്‍ക്വസ്റ്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാളെ പോസ്റ്റുമോര്‍ട്ടത്തിനയക്കും. ഡി.എന്‍.എ പരിശോധനയിലൂടെ മാത്രമേ മൃതദേഹം ലിഗയുടേതെന്ന്‌ ഉറപ്പിക്കാനാകൂവെന്ന്‌ പൊലീസ്‌ അറിയിച്ചു.

പോത്തന്‍കോട്‌ അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയ ലിഗയെ ഇവിടെ നിന്ന്‌ മാര്‍ച്ച്‌ 14ന്‌ കാണാതാവുകയായിരുന്നു. ലാത്വിയന്‍ പൗരത്വമുള്ള ലിഗയും കുടുംബവും അഞ്ച്‌ വര്‍ഷമായി അയര്‍ലന്റിലാണ്‌ താമസിച്ചുവരുന്നത്‌. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദരോഗവും പിടിപെട്ടതോടെയാണ്‌ ആയൂര്‍വേദ ചികിത്സക്കായി സഹോദരി ഇല്‍സിക്കൊപ്പം ഫെബ്രുവരി മൂന്നിന്‌ കേരളത്തിലെത്തിയത്‌.

അമൃതാനന്ദമയി ഭക്തരായ ഇരുവരും ആലപ്പുഴയില്‍ ഒരു ദിവസം ചിലവഴിച്ച ശേഷം കൊല്ലം വള്ളിക്കാവിലുള്ള അമൃതപുരി ആശ്രമത്തിലെത്തി. യൂറോപ്പില്‍ വെച്ച്‌ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചിട്ടുള്ള ലിഗ കുറച്ചുദിവസം ആശ്രമത്തില്‍ തങ്ങാനാണ്‌ പദ്ധതിയിട്ടിരുന്നത്‌.

എന്നാല്‍ രാത്രിയില്‍ ആശ്രമത്തിലെ ബഹളം ഉറക്കം നഷ്‌ടപ്പെടുത്താന്‍ തുടങ്ങിയതോടെ അവിടെ നിന്ന്‌ വര്‍ക്കലയിലേക്ക്‌ പോയി. കുറച്ചുദിവസം അവിടെ താമസിച്ച ശേഷം ഫെബ്രുവരി 21ന്‌ പോത്തന്‍കോടുള്ള ഒരു സ്വകാര്യ ആയൂര്‍വേദ ചികിത്സാ കേന്ദ്രത്തിലെത്തി ചികിത്സ ആരംഭിച്ചു.

ചികിത്സയില്‍ അസുഖം ഭേദപ്പെട്ടുവരുന്നതിനിടെയാണ്‌ മാര്‍ച്ച്‌ 14ന്‌ ലിഗയെ കാണാതാകുന്നത്‌. ശാരീരിക അവശതകള്‍ കാരണം രാവിലത്തെ യോഗ പരിശീലനത്തില്‍ പങ്കെടുക്കാതെ ലിഗ മുറിയില്‍ തന്നെ കഴിയുകയായിരുന്നു. യോഗ കഴിഞ്ഞ്‌ രാവിലെ 7.45ഓടെ സഹോദരി മുറിയിലെത്തിയപ്പോള്‍ ലിഗയെ കാണാനില്ലായിരുന്നു.

ആദ്യം ആശുപത്രിയുടെ പരിസരത്തും പിന്നീട്‌ ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ സമീപ പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക