Image

കേരള കോണ്‍ഗ്രസ് സെക്രട്ടറിമാരുടെ എണ്ണം 68 ല്‍നിന്ന് 25 ആയി വെട്ടിക്കുറച്ചു

Published on 20 April, 2018
കേരള കോണ്‍ഗ്രസ് സെക്രട്ടറിമാരുടെ എണ്ണം 68 ല്‍നിന്ന് 25 ആയി വെട്ടിക്കുറച്ചു
കോട്ടയം: കേരള കോണ്‍ഗ്രസ്-എം ചെയര്‍മാനായി കെ.എം. മാണിയെയും വര്‍ക്കിങ് ചെയര്‍മാനായി പി.ജെ. ജോസഫിനെയും വീണ്ടും തെരഞ്ഞെടുത്തു. സംസ്ഥാനകമ്മിറ്റി യോഗത്തില്‍ ഐകകണ്‌ഠ്യേനയായിരുന്നു തെരഞ്ഞെടുപ്പ്. സി.എഫ്. തോമസ് ഡെപ്യൂട്ടി ചെയര്‍മാനായും ജോസ് കെ. മാണി വൈസ് ചെയര്‍മാനായും തുടരും.

തോമസ് ജോസഫാണ് ട്രഷറര്‍. 29 അംഗ ഉന്നതാധികാര സമിതിയെയും 111 അംഗ സ്റ്റിയറിങ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. നേതൃനിരയില്‍ മാറ്റമൊന്നും വരുത്തിയില്ല. അതേസമയം, തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ പാര്‍ട്ടി ഉന്നതാധികാരസമിതിയിലെ അംഗങ്ങളുടെ എണ്ണം 23 ല്‍നിന്ന് 29 ആക്കി. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 68 ല്‍നിന്ന് 25 ആയി വെട്ടിക്കുറച്ചു. ഓഫിസ് ചാര്‍ജുള്ള ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം ഒഴിച്ച് മറ്റ് ജനറല്‍ സെക്രട്ടറിമാരെയാരെയും ഉന്നതാധികാരസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. സ്റ്റിയിങ് കമ്മിറ്റി അംഗങ്ങളുടെ എണ്ണത്തിലും മാറ്റമില്ല.

പാലായിലെ വീട്ടില്‍ മാണിയും ജോസഫും ചര്‍ച്ചനടത്തിയാണ് ഭാരവാഹി പട്ടികക്ക ്അന്തിമരൂപം നല്‍കിയത്. ഇത് യോഗത്തില്‍ വായിച്ചു. തുടര്‍ന്ന് അംഗങ്ങള്‍ കൈയടിച്ച് അംഗീകരിക്കുകയായിരുന്നു. മൂന്നുവര്‍ഷമാണ് ഭാരവാഹികളുടെ കാലാവധി.

അര്‍ഹിക്കുന്ന പ്രാധാന്യം ലഭിച്ചതായും നിലവിലെ ധാരണയുടെ അടിസ്ഥാനത്തിലാണ് ഭാരവാഹികളെ നിശ്ചയിച്ചതെന്ന് ജോസഫും പ്രതികരിച്ചു.

ഉന്നതാധികാരസമിതി അംഗങ്ങള്‍:
കെ.എം. മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ. മാണി, ജോയി എബ്രഹാം, തോമസ് ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിയന്‍, ഡോ. എന്‍. ജയരാജ്, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടന്‍, ജോസഫ് എം. പുതുശ്ശേരി, തോമസ് ചാഴികാടന്‍, ടി.കെ. ജോണ്‍, തോമസ് എം. മാത്തുണ്ണി, പി.കെ. സജീവ്, അറക്കല്‍ ബാലകൃഷ്ണപിള്ള, ജോണ്‍ കെ. മാത്യു, ബാബു ജോസഫ്, കെ.എ. ആന്റണി, എം.എസ്. ജോസ്, വി.ടി. ജോസഫ്, ഇ.ജെ. ആഗസ്തി, ജേക്കബ് അബ്രഹാം, മാത്യു ജോര്‍ജ്, കുഞ്ഞുകോശി പോള്‍, ബേബി ഉഴുത്തുവാല്‍, സാജന്‍ ഫ്രാന്‍സിസ്, പി.സി. ചാണ്ടി മാസ്റ്റര്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക