Image

ആയിരങ്ങളുടെ അശ്രുപൂജ ഏറ്റുവാങ്ങിയ മാര്‍ അത്താനാസിയോസ് ഇനി ഓര്‍മ്മ

Published on 20 April, 2018
ആയിരങ്ങളുടെ അശ്രുപൂജ ഏറ്റുവാങ്ങിയ മാര്‍ അത്താനാസിയോസ് ഇനി ഓര്‍മ്മ
മാര്‍ത്തോമ്മാ സഭയുടെ റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ കാലംചെയ്ത ഗീവര്‍ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തായ്ക്ക് വിശ്വാസി സമൂഹം യാത്രയയപ്പ് നല്‍കി. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ എപ്പിസ്‌കോപ്പാമാരുടെ സഹകാര്‍മ്മികത്വത്തിലും സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ അദ്ദേഹത്തെ കബറടക്കി.

ഇന്നലെ സംസ്‌കാരശുശ്രൂഷയുടെ നാലാംഭാഗമാണു പൂര്‍ത്തിയായത്. രാവിലെ പത്തു മണിയോടെ സെന്റ് തോമസ് പള്ളിയില്‍നിന്നെടുത്ത ഭൗതികശരീരം നഗരികാണിക്കലിനുശേഷം സ്‌കൂള്‍ഗ്രൗണ്ടില്‍ താല്‍ക്കാലികമായി തയാറാക്കിയ മദ്ബഹായില്‍ വച്ചു. ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് ധ്യാനപ്രസംഗം നടത്തി. തുടര്‍ന്ന് യാത്ര ചോദിക്കല്‍ ചടങ്ങ് നടത്തി. സഹപ്രവര്‍ത്തകരോടും സഭയോടും പട്ടക്കാരോടും സമൂഹത്തോടും ദേവാലയത്തോടും മദ്ബഹയോടുമൊക്കെ യാത്രചോദിച്ചു. തുടര്‍ന്നു ഭൗതിക ശരീരവുമായി സെമിത്തേരിയിലേക്കു നീങ്ങി. 

ഉച്ചയ്ക്ക് 12 മണിയോടെ ഭൗതിക ശരീരം പ്രത്യേകം തയാര്‍ ചെയ്ത കല്ലറയില്‍ സംസ്‌കരിച്ചു. ചടങ്ങില്‍ പങ്കെടുത്ത വിശ്വാസികള്‍ക്ക് ഭൗതികശരീരത്തില്‍ കുന്തിരിക്കം ഇടാനും അവസരമുമുണ്ടായിരുന്നു. 1,000 കിലോഗ്രാം കുന്തിരിക്കം ഇതിനായി ഉപയോഗിച്ചു.
ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ്, യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ തിമോഥെയോസ്, ഐസക്ക് മാര്‍ പീലക്‌സിനോസ്, ഏബ്രഹാം മാര്‍ പൗലോസ്, മാത്യൂസ് മാര്‍ മക്കാറിയോസ്, തോമസ് മാര്‍ തീത്തോസ്, ഗ്രിഗോറിയോസ് മാര്‍ സ്‌തേഫാനോസ്, ബിഷപ് തോമസ് സാമുവല്‍ എന്നിവര്‍ സംസ്‌കാരശുശ്രുഷയ്ക്കു നേതൃത്വം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക