Image

മരുപ്പച്ചകള്‍ (ചെറുകഥ: ജെസ്സി)

Published on 05 May, 2018
മരുപ്പച്ചകള്‍ (ചെറുകഥ: ജെസ്സി)
ആകാശത്തിന്റെ നിറം അന്ന് കൂടുതല്‍ ഇരുണ്ടതായിരുന്നുവോ? അതോ അവളുടെ മനസ്സിലെ പെയ്‌തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന കാര്‍മേഘങ്ങള്‍ ഒന്നാകെ അവിടെ ചേക്കേറിയതോ? ആശുപത്രിവരാന്തയിലെ നിറം മങ്ങിയ ഒരു ഇരിപ്പിടത്തില്‍ ഒരു കല്‍പ്രതിമ പോലുള്ള അവളുടെ ഇരുപ്പിനു മണിക്കൂറുകളുടെ ദൈര്‍ഘ്യം.ആ ഇരിപ്പിടങ്ങള്‍ക്കു പ്രതീക്ഷകളുടെയും , കാത്തിരുപ്പുകളുടെയും വേദനകളുടെയും എന്തൊക്കെ കഥകള്‍ പറയാന്‍ ഉണ്ടാക്കും. ജനനനങ്ങള്‍ക്കും മരണങ്ങള്‍ക്കും സാക്ഷികളാണ് അവ. കണ്ണുനീരിന്റെ ഉപ്പുരസത്തില്‍ കഴുകി വിശുദ്ധമാക്കപ്പെട്ടവയല്ലേ ആ ഓരോ ഇരിപ്പിടങ്ങളും. ആ ഇരിപ്പിടങ്ങള്‍ക്കു ഇപ്പോള്‍ അവളുടെ സാന്നിധ്യം നന്നായി അറിയാം. കണ്ണുനീരിന്റെ ഉപ്പുരസത്തിനു ഒരേ നിറവും രുചിയും ആണെങ്കിലും , കുറച്ചുനാളുകള്‍ക്ക് മുന്‍പ് വരെ , കണ്ണുനീരില്‍ കുതിര്‍ന്ന ആ ഇരിപ്പിടങ്ങള്‍,അണുനാശിനിയില്‍ മുക്കിയ തുണി കൊണ്ടുള്ള അവളുടെ പരുപരുത്ത കൈകളുടെ അമര്‍ത്തിയുള്ള തലോടലുകള്‍ അറിഞ്ഞിരുന്നു. ആ കാന്‍സര്‍ വാര്‍ഡിലെ അധികമാരും ശ്രദ്ധിക്കാത്ത തൂപ്പുകാരി. അതായിരുന്നില്ലേ അവള്‍. ജീവിത പ്രാരാബ്ധങ്ങളുടെ ഒരു മുഴുഭാണ്ഡവും പേറി, അധികം ആരോടും സംസാരിക്കാത്ത, കണ്ണുകളില്‍ ഒരു വിഷാദഭാവവും ഒളിപ്പിച്ചുവെച്ചു തന്റെ ജോലി ചെയ്തുപോകുന്ന ഒരു സാധാരണ സ്ത്രീ.

“അമ്മെ , അമ്മക്ക് തരാന്‍ ടീച്ചര്‍ തന്നുവിട്ടതാ ഈ എഴുത്തു". സ്കൂള്‍ വിട്ടുവന്ന മകന്‍ മനു ഒരു എഴുത്തു അവളുടെ നേരെ നീട്ടി. “എന്താ, നീ എന്തെങ്കിലും വികൃതി ഒപ്പിച്ചോ?” അമ്മയുടെ ചോദ്യത്തിന് ഒരു മറുപടിയും നല്‍കാതെ അവന്‍ തിരിഞ്ഞുനടന്നു. " ഇതെന്താ മനു നീ ഇങ്ങനെ" നിന്നോട് അല്ലെ ചോദിച്ചത്. ".
"എന്റെ ഈ കഷ്ടപ്പാടൊന്നും അവനറിയണ്ടല്ലോ. ഇതെത്രാമത്തെ തവണയാണോ ഈ ടീച്ചര്‍ വിളിപ്പിക്കുന്നത്. ഇതും പഴയ പല്ലവി തന്നെ ആയിരിക്കും. . മനുവിന് ക്ലാസ്സില്‍ ശ്രദ്ധ ഇല്ല. പരീക്ഷക്ക് മാര്‍ക്ക് ഉണ്ടെങ്കിലും അവന്‍ എപ്പൊഴും മറ്റെന്തോ ചിന്തയില്‍ ആണ്. അവന്‍ ക്ലാസ്സില്‍ ആരോടും കൂട്ട് കൂടുന്നില്ല. അവനു വീട്ടില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ . ഇതൊക്കെത്തന്നെ ആവും ഇപ്പോഴും. ഒരിക്കല്‍ താന്‍ മനുവിനോട് ഇതേപ്പറ്റി ചോദിച്ചപ്പോള്‍, അവന്‍ കുറെ പുസ്തകങ്ങള്‍ ചൂണ്ടിക്കാട്ടി പറഞ്ഞു. ഇതാണ് അമ്മെ എന്റെ കൂട്ടുകാര്‍ എന്ന്. എന്തോ തനിക്കൊന്നും മനസിലായില്ല. അല്ലെങ്കില്‍ത്തന്നെ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാ പാട് പെടുന്ന തനിക്കു ഇതൊരു വെല്യ കാര്യമാണോ.

“മനു ഈയിടെയായി ക്ലാസ്സില്‍ ഇരുന്നു ഉറക്കം തൂങ്ങുന്നുണ്ട് . ഏപ്പോഴും തളര്‍ച്ചയും ക്ഷീണവും. നിങ്ങള്‍ ശ്രദ്ധിച്ചോ എന്നറിയില്ല. എന്തായാലും അവനെ ഒരു ഡോക്ടറെ ഒന്ന് കൊണ്ട് കാണിക്കണം”. പ്രായത്തിനു ചേരാത്ത കട്ടിക്കണ്ണടയിലൂടെ അവളുടെ മുഖത്തേക്ക് നോക്കി ടീച്ചര്‍ പറഞ്ഞു
പിന്നങ്ങോട്ട് ടെസ്റ്റുകളും മരുന്നുകളും. താന്‍ ജോലിചെയ്യുന്ന അതെ ആശുപത്രിയില്‍, താന്‍ തുടച്ചു വൃത്തിയാക്കിയിടുന്ന ഇരിപ്പിടങ്ങളുടെ ഒരു താല്‍ക്കാലികാവകാശി ആയി താനും. കിമോതെറാപ്പിയുടെ വേദന ഒരു നീരാളിയെപ്പോലെ മനുവിനെ ചുറ്റിവരിയുമ്പോള്‍, പുസ്തകങ്ങളുടെ താളുകളില്‍ നിന്നും പാത്തുമ്മയും , എട്ടുകാലി മമ്മൂഞ്ഞും , എന്തിന്, ഡിങ്കനും മായാവിയും ഹാരി പോര്‍ട്ടര്‍ പോലും വന്ന് അവനെ ആശ്വസിപ്പിക്കും. പുസ്തകങ്ങള്‍ അവന്റെ കൂട്ടുകാര്‍ ആയതു എത്ര നന്നായി എന്ന് ഓര്‍ത്തുപോകാറുണ്ട്. അവര്‍ ഏപ്പോഴും അവന്റെ കൂടെ ഉണ്ട്.

"ചേച്ചി ഡോക്ടര്‍ വിളിക്കുന്നു''. പുതുതായി ജോലിയില്‍ ചേര്‍ന്ന നേഴ്‌സ് , ചെറുപ്പത്തിന്റെ ചുറുചുറുക്കും പ്രസരിപ്പും നിറഞ്ഞ ആ പെണ്‍കുട്ടി വന്ന് വിളിച്ചപ്പോള്‍ ആണ് അവള്‍ കണ്ണ് തുറന്നത്. ചേച്ചി വാ. '. അവളുടെ പിന്നാലെ ഡോക്ടറുടെ മുറിയിലേക്ക് നടക്കുമ്പോള്‍ അറിയാതെ അവളുടെ കാല്‍ ഇടറിയോ. 'ചേച്ചി ഒന്നും കഴിച്ചില്ല അല്ലെ. ഞാന്‍ ഇപ്പോള്‍ ക്യാന്റീനില്‍ പോകുന്നുണ്ട്. ചേച്ചി എന്റെ കൂടെ വന്നേ പറ്റൂ". ഡോക്ടറെ കണ്ടിട്ട് വാ. അപ്പോഴേക്കും എന്റെ ബ്രേക്ക് സമയം ആകും. ". ആ പെണ്‍കുട്ടിയുടെ പുഞ്ചിരിയില്‍ ലാഭേച്ഛ ഇല്ലാത്ത ഒരു സുഹൃത്ബന്ധത്തിനെ ലാഞ്ചന തെളിഞ്ഞിരുന്നുവോ.

“അമ്മാ നോക്ക്, ഈ മിനിക്കുട്ടിക്ക് എത്ര നന്നായി വരയ്ക്കാന്‍ അറിയാം എന്നറിയാമോ”. മുഷിഞ്ഞ നോട്ടുബുക്കില്‍ കോറിയിട്ട കുറെ വരകള്‍ കാണിച്ചു മനു പറഞ്ഞു. എട്ടുപത്തു വയസുള്ള ഒരു പെണ്‍കുട്ടി മനുവിന്റെ അടുത്ത കട്ടിലില്‍ ഇടം പിടിച്ചിട്ടുണ്ട്. മനുവിന്റെ അതേ പ്രായം. ഞരമ്പുകളില്‍കൂടി മരുന്ന് തുള്ളിത്തുള്ളി ആയി ഇറങ്ങുമ്പോഴുള്ള വേദനയില്‍ അവളുടെ മുഖം ചുളുങ്ങുന്നുണ്ടെങ്കിലും അവളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരി തത്തി കളിക്കുന്നുണ്ട്.” അമ്മെ , മിനിക്കുട്ടിക്ക് ഏറ്റവും ഇഷ്ടം മായാവി ആണുപോലും. ഓം ഹ്രീ കുട്ടിച്ചാത്താ എന്നുപറഞ്ഞാല്‍ ഓടിവന്നു ഈ വേദന ഒക്കെ മാറ്റിയെങ്കിലോ.". മനുവിന്റെ കുറെ പുസ്തകങ്ങള്‍ അവളുടെ കട്ടിലിലേക്ക് ചേക്കേറിക്കഴിഞ്ഞു.

മിനിക്കുട്ടിയുടെ കട്ടിലിനരികില്‍ ഇരുന്ന സ്ത്രീ വിഷാദം നിറഞ്ഞ ഒരു പുഞ്ചിരി അവളുടെ നേരെ അയച്ചു. ഇനി അവളോടൊപ്പം ആ നിറം മങ്ങിയ ഇരിപ്പിടങ്ങള്‍ക്കു മറ്റൊരു അവകാശി. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പില്ലാത്ത ഒരു സുഹൃത്ബന്ധത്തിനെ ആരംഭം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക