Image

നാരായണസംഭവം (മെയ് 7. ലോക കായികാഭ്യാസ ദിനം)

Published on 07 May, 2018
നാരായണസംഭവം (മെയ് 7. ലോക കായികാഭ്യാസ ദിനം)
90 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ഗുസ്തി എന്ന കായികരൂപത്തിന് ബീജാവാപം ചെയ്തവരില്‍ അഗ്രഗണ്യനായ വി. നാരായണ പിള്ളയുടെ ചരിത്രം രേഖപ്പെടുത്താന്‍ മറന്ന ജീവിതം.

ഗുസ്തിക്ക് ഇതര കായികാഭ്യാസങ്ങളില്‍ നിന്ന് വിഭിന്നമായി പൗരാണികവും ചരിത്രപരവുമായ പശ്ചാത്തലമുണ്ട്. ദക്ഷിണേഷ്യയില്‍ അയ്യായിരത്തിനുമേല്‍ വര്‍ഷങ്ങളായി ഗുസ്തി പ്രചാരത്തിലുണ്ടെന്നതിന് പുരാണങ്ങള്‍ തെളിവാണ്. ബാലിക്കും രാവണനുമിടയില്‍ നടന്ന മല്‍പ്പിടിത്തത്തെക്കുറിച്ച് രാമായണത്തില്‍ പരാമര്‍ശമുണ്ട്. ഇന്നും ഗുസ്തിക്കാര്‍ ആരാധനാപുരുഷനായി തൊഴുതു വണങ്ങുന്നത് ഹനുമാന്‍സ്വാമിയെയാണ്. മഹാഭാരതത്തില്‍ ഭീമനും ജരാസന്ധനുമിടയില്‍ ഗുസ്തിമത്സരം നടന്നതായി പറയുന്നു. മല്ലയുദ്ധത്തില്‍ കംസനെ നിഗ്രഹിച്ചാണ് കൃഷ്ണന്‍ മധുരാധിപനായി സ്ഥാനം ഏല്‍ക്കുന്നത്.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും വളരെമുമ്പ് ജനങ്ങളെ ഇളക്കിമറിച്ചിരുന്ന കായികവിനോദമായിരുന്നു ഗുസ്തി എന്ന് ചരിത്രരേഖകള്‍ സമര്‍ത്ഥിക്കുന്നു. പുതിയ വിനോദങ്ങളുടെ കടന്നുവരവില്‍ ആ കായിക ഇനത്തിന്റെ പ്രതാപം നഷ്ടമായി. അതോടെ, ഒരു കാലഘട്ടം താരപരിവേഷം നല്‍കി നെഞ്ചോട് ചേര്‍ത്ത യോദ്ധാക്കളും വിസ്മൃതിയിലായി . 1934 ല്‍ കോട്ടയം വൈക്കത്ത് വിപിഎം ജിംഘാന സ്ഥാപിച്ച വി.നാരായണപിള്ള എന്ന മല്ലയോദ്ധാവിന്റെ, അത്തരത്തില്‍ മണ്‍മറഞ്ഞ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ മകനും റിട്ടയേര്‍ഡ് എന്‍എസ്എസ് കോളേജ് ഫിസിക്കല്‍ എജ്യൂക്കേഷന്‍ പ്രൊഫസറുമായ ശ്രീ.എന്‍.വിജയന്‍.

പ്രാചീന കാലം മുതല്‍ ഭാരതത്തില്‍ പ്രചാരത്തിലുള്ള ഒന്നാണ് ഗുസ്തി അഥവാ മല്ലയുദ്ധം. സ്വതന്ത്ര ഇന്ത്യയ്ക്ക് ഒളിമ്പിക്‌സിലെ ആദ്യ വ്യക്തിഗത മെഡല്‍ ലഭിച്ചത് മഹാരാഷ്ട സ്വദേശിയായ കെ.ഡി. യാദവിലൂടെ ഒളിമ്പിക്ഗുസ്തിയിലാണ്. ഇന്നും ദംഗല്‍,സുല്‍ത്താന്‍ തുടങ്ങി ഗുസ്തി ഇതിവൃത്തമാക്കിയുള്ള ചിത്രങ്ങള്‍ നമ്മുടെ നാട്ടില്‍ വിജയിക്കുന്നത് , ആ കായികവിനോദം നമ്മുടെ സംസ്കാരത്തില്‍ ആവേശത്തിന്റെ തിരയിളക്കമായി എന്നോ അലിഞ്ഞുചേര്‍ന്നതുകൊണ്ടാണ്. ഗോദയില്‍ ഏറ്റുമുട്ടുന്നവരുടേതിനു സമാനമായി കാണികളിലും പിരിമുറുക്കം സൃഷ്ടിക്കുന്ന മറ്റൊരു കായിക വിനോദമില്ല. അതുകൊണ്ടുതന്നെ, ഒരു ഗുസ്തിക്കാരനായി ജീവിച്ചു മരിക്കുന്നത് സാര്‍ത്ഥകമാണ്.
പുതുതലമുറയിലെ കുട്ടികള്‍ ക്രിക്കറ്റും ഫുട്‌ബോളും കണ്ട് ആവേശഭരിതരാകുംപോലെ, കുഞ്ഞുനാള്‍ മുതല്‍ മല്‍പ്പിടുത്തം നാരായണപിള്ളയ്ക്ക് ഹരമായിരുന്നു. ചെറിയ വാക്കുതര്‍ക്കങ്ങളില്‍ കൂട്ടുകാര്‍ക്കിടയില്‍ കൈകോര്‍ത്ത് നേടിയ വിജയങ്ങള്‍ ആകാം, ഇതാണ് തന്റെ വഴിയെന്ന് അദ്ദേഹത്തിന് തോന്നാന്‍ ഇടയാക്കിയത്. മലയാളമല്ലാതെ മറ്റൊരു ഭാഷയും വശമില്ലാത്ത നാരായണനെ തമിഴ്‌നാട്ടിലെത്തിച്ചത് , ഗുസ്തിക്കാരനായി നാട്ടിലേക്ക് മടങ്ങണമെന്നുള്ള തീവ്രമായ ആഗ്രഹം മാത്രമായിരുന്നു.

വഴിത്തിരിവായ കൈകോര്‍ക്കല്‍

മധുരയില്‍ 'ടാങ്ക് ചെല്ലയ്യ ' എന്ന പേരുകേട്ട ഗുസ്തിക്കാരന്റെ കീഴില്‍ പരിശീലനം നേടുകയായിരുന്നു ആ ഇരുപത്തിരണ്ടുകാരന്റെ ലക്ഷ്യം. ടാങ്ക് എന്നത് ഗുസ്തിയിലെ ഒരുതരം പിടിത്തമാണ്(ഹോള്‍ഡിങ് സ്‌റ്റൈല്‍). നാട്ടിന്‍പുറത്തു നിന്നു ചെന്ന നിഷ്കളങ്കനായ നാരായണന് ശിഷ്യത്വം സ്വീകരിക്കേണ്ടത് എങ്ങനെ എന്നൊന്നും അറിയുമായിരുന്നില്ല. റിങ്ങില്‍ നിന്ന ചെല്ലയ്യയോട് തന്നെ നാരായണന്‍ കയറി കൈകോര്‍ത്തു. സിനിമാറ്റിക് സ്‌റ്റൈലിലായിരുന്നു രംഗപ്രവേശമെങ്കിലും, ആദ്യ പിടിത്തത്തില്‍ തന്നെ അടിപതറി. പരാജയം സമ്മതിച്ചു പിന്മാറുമ്പോഴും വീര്യം ചോര്‍ന്നില്ല. മുന്നില്‍ നില്‍ക്കുന്ന ആളുടെ കായികക്ഷമതയും പ്രത്യേകതകളും ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നതില്‍ അഗ്രഗണ്യനായ ചെല്ലയ്യ, തന്റെ ശിഷ്യനാകാനുള്ള യോഗ്യത നാരായണന് ഉണ്ടെന്ന് കണ്ണുകളില്‍ നോക്കി വിലയിരുത്തി. എതിരാളി പ്രതീക്ഷിക്കാത്ത രീതിയില്‍ അതിശക്തമായി പഞ്ച് ചെയ്യുന്നതടക്കം വിലപ്പെട്ട പാഠങ്ങളും പരിശീലനത്തിനിടയില്‍ ചെല്ലയ്യ നാരായണനു പകര്‍ന്നുകൊടുത്തു. പഞ്ച് പോലെ തന്നെ ഗുസ്തിയില്‍ ബ്ലോക്കും പ്രധാനമാണെന്ന് ആ കളരിയില്‍ നിന്നാണ് അദ്ദേഹം പഠിച്ചത്. അധികം കായികശേഷി ചെലവഴിക്കാതെ എളുപ്പത്തില്‍ എതിരാളിയെ കീഴ്‌പ്പെടുത്തുന്ന മുറകളും സ്വായത്തമാക്കി. രണ്ടു വര്‍ഷം നീണ്ടുനിന്ന പരിശീലനം നാരായണനെ മറ്റൊരാളാക്കി മാറ്റി. ഭയത്തെ മറികടക്കുന്നവര്‍ക്ക് മാത്രം ജയിക്കാന്‍ കഴിയുന്ന കായിക ഇനമാണ് ഗുസ്തിയെന്ന ഗുരുവിന്റെ ഉപദേശം അദ്ദേഹത്തില്‍ സാഹസികതയുടെ തീ കോരിയിട്ടു.

നാട്ടിലേക്കുള്ള മടക്കം

ഗുസ്തിയില്‍ തന്റെ കഴിവ് തെളിയിക്കപ്പെടുന്നതിലെ ആത്മാഭിമാനവും വര്‍ദ്ധിച്ച ആത്മവിശ്വാസവും മധുരയില്‍ തന്നെ തുടരാന്‍ നാരായണനെ പ്രേരിപ്പിച്ചു. സുഹൃത്തുക്കള്‍ച്ചേര്‍ന്നാണ് വൈക്കത്തേക്ക് മടക്കിക്കൊണ്ടുവന്നത്. ഗുസ്തി കൂടാതെ നീന്തലിലും കഴിവുതെളിയിച്ച നാരായണന്‍, സുഹൃത്തുക്കളായ മാധവന്‍ ആചാരിക്കും കെ.കെ.കേശവന്‍ നായര്‍ക്കും പരിശീലനം നല്‍കി, അതുവരെ ആരും മുതിരാത്ത 2.5 മൈല്‍ നീളമുള്ള വേമ്പനാട്ട് കായല്‍ ആദ്യമായി നീന്തി കടന്ന് ചരിത്രം രചിച്ചു. അഞ്ചര മൈല്‍ വരുന്ന , അപകടം പതിഞ്ഞിരിക്കുന്ന തണ്ണീര്‍മുക്കംവൈക്കം റൂട്ടും നീന്തി കടന്നിട്ടുണ്ട്. ഭയപ്പെടുന്ന കാര്യങ്ങള്‍ ആദ്യം ചെയ്യുക, അങ്ങനെ ഭയത്തെ മറികടക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം.
ഇക്കാലയളവില്‍ രാഷ്ട്രീയാവബോധവും അദ്ദേഹത്തില്‍ ഉടലെടുത്തിരുന്നു. സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. പ്രതികരണശേഷിയുള്ള ജനതയ്‌ക്കേ സ്വാതന്ത്ര്യം നേടിയെടുക്കാന്‍ കഴിയൂ എന്ന ദീര്‍ഘവീക്ഷണം 'ജിംഘാന'എന്ന ആശയത്തിന് തുടക്കം കുറിച്ചു.


വി.പി.എം ജിംഘാന

വരാന്‍ പോകുന്ന കാലത്തിനുവേണ്ട മാനസിക സംസ്കാരം വളര്‍ത്തിയെടുക്കാനാണ് 1934 ല്‍ വി.പി.എം( വൈക്കം പത്മനാഭ പിള്ള മെമ്മോറിയല്‍) ജിംഘാന സ്ഥാപിച്ചത്. വൈക്കം പത്മനാഭ പിള്ള , മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന്റെ കുതിരപ്പടയാളികളുടെ പടത്തലവനായിരുന്നു. കൊച്ചുനാരായണന്‍ കേട്ടുവളര്‍ന്ന കഥകളിലെ വീരനായകന്റെ സ്മരണാര്‍ത്ഥമാണ് പരിശീലനക്കളരിക്ക് ആ പേര് നല്‍കിയത്.
ഇന്നത്തെ ജിംനേഷ്യത്തോട് സാമ്യമുള്ളതാണ് ജിംഘാന. വര്‍ക്ക്ഔട്ട് എന്നതിലുപരി പാരലല്‍ ബാര്‍, ഹൊറിസോണ്ടല്‍ ബാര്‍ എന്നിവയിലും ഗുസ്തി, നീന്തല്‍ തുടങ്ങിയ ഇനങ്ങളിലും പരിശീലനം നല്കുന്നതിനാണ് ജിംഘാനകള്‍ പ്രവര്‍ത്തിച്ചിരുന്നത്. വൈക്കത്തെ ധാരാളം ചെറുപ്പക്കാരും, ഉദ്യോഗസ്ഥരും , സ്കൂള്‍കുട്ടികളും അവിടെ എത്തിയിരുന്നു. 1957 ല്‍ മിസ്റ്റര്‍ കേരള പട്ടം കരസ്ഥമാക്കിയ ഡോ. പ്രകാശന്‍ ഉള്‍പ്പെടെ ഉന്നതസ്ഥാനങ്ങളിലെത്തിയ ഒട്ടനവധി ആളുകള്‍ ഇവിടെ നിന്ന് പഠിച്ചിറങ്ങിയവരാണ്.

മല്ലരത്‌ന പുരസ്കാരം നേടിയ അച്ഛന്‍

അക്കാലം പ്രൊഫ.എന്‍.വിജയന്‍ ഓര്‍ക്കുന്നു.
''അച്ഛനോട് അന്നെല്ലാവര്‍ക്കും കടുത്ത ആരാധനയാണ്. അഞ്ചരയടിക്കുമേല്‍ ഉയരം, അതിനൊത്ത ശരീരം. തൊട്ടുനോക്കാനൊക്കെ ആളുകള്‍ തിരക്കുകൂട്ടും,തൊഴുതുവണങ്ങുന്നവരുമുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം താരപരിവേഷം. അച്ഛന്റെ ഗുസ്തിയിലെ പ്രകടനം കണ്ടാണ് അമ്മ തങ്കമ്മയ്ക്ക് പ്രണയം തോന്നിയതുപോലും. അവര്‍ ഒരേനാട്ടുകാരായിരുന്നു. പ്രണയത്തിന്റെ നാളുകളില്‍ അമ്പലത്തില്‍ വെച്ചുനടന്നിട്ടുള്ള കൂടിക്കാഴ്ചകളില്‍, ഒരു ഗുസ്തിക്കാരന്റെ ഭാവങ്ങളോ ചേഷ്ടകളോ തോന്നിയിരുന്നില്ലെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പുറമേക്ക് കണ്ടാല്‍ ശാന്തശീലനാണെന്നേ തോന്നൂ. ഗോദയില്‍ ഇറങ്ങുമ്പോള്‍ മാത്രമേ വീര്യം പുറത്തെടുത്തിരുന്നുള്ളു. സാധാരണയായി മുണ്ടും ഷര്‍ട്ടും നേര്യതുമായിരുന്നു വേഷമെങ്കിലും അസാമാന്യ തലയെടുപ്പായിരുന്നു. ഞങ്ങള്‍ മൂന്ന് മക്കളാണ്‌രാജമ്മ, വിജയമ്മ പിന്നെ ഞാന്‍. രാജമ്മ ചേച്ചി രണ്ടു വര്‍ഷം മുന്‍പ് മരിച്ചു. അമ്മയും ചേച്ചിമാരും അമ്മാവന്മാരും പറഞ്ഞ കഥകളാണ് എന്റെ ഓര്‍മ്മയില്‍ ഏറെയും. കാരണം, എനിക്ക് എട്ടുവയസ്സുള്ളപ്പോള്‍ അച്ഛന്‍ ഹൃദയാഘാതം വന്ന് മരിച്ചു.42 വയസ്സിനുള്ളില്‍ ഒരുജന്മംകൊണ്ട് നേടാവുന്നതൊക്കെ നേടി.
അന്നത്തെ പ്രൊഫഷണല്‍ ഗുസ്തിക്കാരില്‍ ഒന്നാംനിരയില്‍ പെട്ടവരായിരുന്നു അച്ഛനും ഇലക്ട്രിക്ക് മൈതീനും ശങ്കര്‍ സിങ്ങും പട്ടം ശേഖരനും പപ്പുദാസുമെല്ലാം. ഇന്നത്തെപ്പോലെ ഇത്ര ഭാരമുള്ളവര്‍ തമ്മിലെന്നോ ഇത്ര സമയത്തിനുള്ളിലെന്നോ നിബന്ധനകളില്ല അന്നത്തെ കളിക്ക്. പിടിച്ചുമാറ്റാന്‍ റഫറിയില്ല. ഒടുക്കം വരെ പൊരുതി നില്‍ക്കുന്ന ആളെ ജനമാണ് വിജയിയായി വിധിയെഴുതുക. വിധികര്‍ത്താക്കള്‍ നിര്‍ണ്ണയിക്കുന്നതിലും ഫലവത്തായിരുന്നു അത്. വിജയികള്‍ നേരിട്ട് ജനങ്ങളുടെ ഹൃദയത്തില്‍ കുടിയേറും.
ഇലക്ട്രിക്ക് മൊയ്തീനുമായി കോയിപ്പാടത്തുവെച്ചുനടന്ന ഗുസ്തി സമനിലയിലാണ് കലാശിച്ചത്. അടുത്തകാലത്ത് നിര്യാതനായ കോട്ടയം ജിംനേഷ്യത്തിലെ ശങ്കര്‍ സിങ്ങുമായി അച്ഛന്‍ 5 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. നാല് പ്രാവശ്യം സമനിലയിലാണ് കളി അവസാനിച്ചത്. അഞ്ചാം തവണ ഹരിപ്പാട്ടുവച്ച് ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ അച്ഛന്‍ വിജയം കരസ്ഥമാക്കി. മുഷ്ടിചുരുട്ടിക്കൊണ്ട് ചെറിയൊരു ആട്ടത്തോടെ എതിരാളിയെ കീഴ്‌പ്പെടുത്തുന്ന അച്ഛന്റെ സ്‌റ്റൈല്‍ ഇപ്പോഴും കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും മല്ലരത്‌നം പുരസ്കാരം നേടാന്‍ കഴിഞ്ഞതില്‍ അച്ഛന്‍ അഭിമാനിച്ചിരുന്നു''
വിജയന്റെ വാക്കുകളില്‍ അച്ഛനെ പ്രതി അഭിമാനം ജ്വലിച്ചു.

മകനും പാരമ്പര്യംകാത്തു

''അച്ഛന്റെ വിജയങ്ങള്‍ക്കു പിന്നില്‍ ഗുരുത്വം ഒരുപ്രധാന ഘടകമായി തോന്നിയിട്ടുണ്ട്. ചെല്ലയ്യ സ്വാമി അവസാനകാലംവരെ അച്ഛനെ വന്ന് കാണുമായിരുന്നു. മറ്റൊരു ശിഷ്യന്മാരോടും ഇല്ലാത്ത ആ വാത്സല്യത്തിനു കാരണം അച്ഛന്റെ കറകളഞ്ഞ സ്‌നേഹം തന്നെയാണ്. മുണ്ടും നേര്യതും കൈമടക്കും കൊടുത്തേ ഗുരുവിനെ പറഞ്ഞയച്ചിരുന്നുള്ളു. അച്ഛനില്‍ നിന്ന് നേരിട്ട് പരിശീലനം നേടാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലെങ്കിലും വിപിഎം ജിംഘാന തന്നെയാണ് എന്റെയും കളരി. ഓള്‍ കേരളാ 125 പൗണ്ട് ഭാരം റെസ്‌ലിങ് ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ ഞാന്‍ രണ്ടാംസ്ഥാനം നേടിയപ്പോള്‍ അച്ഛന്റെ ഗുണം കുറച്ചൊക്കെ കിട്ടിയിട്ടുണ്ടെന്ന് എല്ലാവരും പറഞ്ഞു.
1973 ല്‍ മിസ്റ്റര്‍ കേരളാ യൂണിവേഴ്‌സിറ്റി പട്ടം കിട്ടിയ ബഷീര്‍ ജിംഘാനയില്‍ എന്റെ ശിഷ്യനായിരുന്നു. അറുപതു വര്‍ഷത്തോളം തല ഉയര്‍ത്തിനിന്ന വിപിഎം ജിംഘാന 2010 വരെ പ്രവര്‍ത്തിച്ചിരുന്നു. അച്ഛന്റെ അനന്തിരവന്റെ മകന്‍ അനൂപ് ഇപ്പോള്‍ വൈക്കത്തൊരു ജിംഘാന നടത്തുന്നുണ്ട്''
ഗുസ്തിയുടെ പാരമ്പര്യം ഈ തലമുറയിലും നിലനില്‍ക്കുന്നതിലെ സന്തോഷത്തിലാണ് പ്രൊഫ.വിജയന്‍.

അര്‍ഹിച്ചിരുന്നിട്ടും കിട്ടാതെ പോയ സ്ഥാനം

ആരോഗ്യമുള്ള ജനതയ്‌ക്കേ അടിച്ചമര്‍ത്തലുകളോട് പ്രതിരോധിക്കാന്‍ കഴിയൂ എന്നതുകൊണ്ട് സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടവീര്യം കൂട്ടുക എന്ന ലക്ഷ്യം കൂടി ജിംഘാന തുടങ്ങുമ്പോള്‍ നാരായണപിള്ളയ്ക്കുണ്ടായിരുന്നു. അറസ്റ്റ് വരിച്ച് മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കുമ്പളത്ത് ശങ്കുപിള്ളയും ടി.എം.വര്‍ഗീസുമായിരുന്നു കൂടെ. ജയിലില്‍വെച്ച് അവരെ ഗുസ്തി പഠിപ്പിച്ച കഥയൊക്കെ വീട്ടില്‍ വന്ന് പറഞ്ഞതായി അമ്മയില്‍ നിന്ന് കേട്ടിട്ടുണ്ടെന്ന് വിജയന്‍ സാക്ഷ്യപ്പെടുത്തുന്നു.

'' നാട്ടില്‍ വൈക്കം നാരായണപിള്ള ഒരു വീരപുരുഷനാണ്. വൈക്കത്തുകാര്‍ തലമുറകളായി അദ്ദേഹത്തിന്റെ കഥകള്‍ പറയാറുണ്ട്. മുനിസിപ്പാലിറ്റി അച്ഛനെ ആദരിച്ചുകൊണ്ട് വീടിന്റെ പടിക്കല്‍ക്കൂടിയുള്ള റോഡിന് വൈക്കം നാരായണപിള്ള റോഡ് എന്നാണു നാമധേയം ചെയ്തിരിക്കുന്നത്. എന്റെ രണ്ടു സഹോദരിമാരുടെ മക്കളുടെ ഭര്‍ത്താക്കന്‍മാര്‍ പോലീസ് സുപ്രണ്ടായി ജോലി ചെയ്തിരുന്നവരാണ്.
രാധാകൃഷ്ണന്‍ നായര്‍,വാസുദേവ മേനോന്‍ എന്നിവര്‍. ഇരുവരും കോട്ടയം എസ്.പി ആയി റിട്ടയര്‍ ചെയ്തവരാണ്. സ്വാതന്ത്ര്യസമര സേനാനി എന്ന നിലയില്‍ അച്ഛന്റെ പേര് കേരളചരിത്രത്തില്‍ രേഖപ്പെടുത്തുന്നതിന്റെ ആവശ്യകത അവരിലുടെയാണ് എനിക്ക് ബോധ്യപ്പെട്ടത്. രേഖകളില്‍ വൈലോപ്പറമ്പില്‍ നാരായണന്‍ എന്നതിന് വൈലാപ്പറമ്പില്‍ എന്നായിരുന്നു. സ്വാതന്ത്ര്യത്തിനായി പ്രയത്‌നിക്കുകയും ഒരു ജനതയെ വാര്‍ത്തെടുക്കുകയും ചെയ്ത ആ വ്യക്തിയുടെ പേര് അങ്ങനൊരു നിസ്സാര കാരണംകൊണ്ട് വിസ്മൃതിയിലായി. 1947 ലായിരുന്നു അച്ഛന്റെ മരണം. ഇന്ത്യ സ്വതന്ത്രയാകുന്നതിനും ഏതാനും മാസങ്ങള്‍ക്കുമുമ്പ്. നാടിനു വേണ്ടി ചെയ്തതിനു കൂലി വേണ്ട. സ്വാതന്ത്ര്യസമര സേനാനി എന്ന് അച്ഛന്‍ അംഗീകരിക്കപ്പെടണമെന്ന ആഗ്രഹമേ ഉള്ളു. അവകാശപ്പെട്ടത് നിഷേധിക്കപ്പെടുമ്പോഴുള്ള വേദന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിച്ചു.

മീട്ടു റഹ്മത്ത് കലാം
കടപ്പാട് മംഗളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക