Image

മാതൃസ്‌നേഹം (ജോസ് ചെരിപുറം)

Published on 07 May, 2018
മാതൃസ്‌നേഹം (ജോസ് ചെരിപുറം)
അമ്മിഞ്ഞപ്പാലിന്‍മധുരം നുണഞ്ഞുകൊ-
ണ്ടമ്മയെപ്പുല്‍കിയുറങ്ങുന്നവേളയില്‍
എന്നുള്ളിലാര്‍ദ്രസ്‌നേഹത്തിന്നുറവുകള്‍
നിര്‍ഗ്ഗളിക്കുന്നൊരമ്രുതപ്രവാഹമായ്

തന്‍ മടിയിങ്കല്‍ കിടന്നു കഥകള്‍ കേ-
ട്ടന്നുറങ്ങിയുണര്‍ന്നു ഞാന്‍ കരയവെ,
ഉണ്മയില്‍മാറോടടുക്കിപ്പിടിച്ചമ്മ
ഉമ്മയാല്‍ മൂടിയെന്‍പിഞ്ചിളം മേനിയെ

സ്പന്ദിക്കുമമ്മതന്‍സ്‌നേഹാര്‍ദ്രഹ്രുത്തടം
മന്ദം മണിവീണമിട്ടുന്നരാഗമായ്
ഓര്‍മ്മയിലെന്‍ ബാല്യകാലം തെളിയവെ
ഉള്ളില്‍സ്‌നേഹത്തിന്‍തിരികള്‍തെളിയുന്നു

മാണിക്യരത്‌നം, മരതകമൊക്കെയും
മാത്രുസ്‌നേഹത്തിന്റെ മുന്നില്‍ ഹാ നിഷ്പ്രഭം
മായപ്രപഞ്ചത്തില്‍മായാതനശ്വരം
മാത്രുസ്‌നേഹം നിലനില്‍ക്കും സുനിശ്ചയം

ആദരിക്കുന്നു ഞാന്‍ നിന്‍മഹത്ത്വങ്ങളെ-
ആകാശമൊക്കെയും കേള്‍ക്കട്ടെയെന്മൊഴി
വിസ്മരിച്ചീടാന്‍ കഴിയാത്തതാണുനിന്‍
നിസ്തുലത്യാഗകഥകളീ ഭൂമിയില്‍

നന്മതുളുമ്പും നിറകുടമാണുനീ,
നാരിതന്‍സൗഭാഗ്യസ്വപ്നകിരണം നീ
നീറുമാത്മാവില്‍സ്‌നേഹത്തിന്നുറവകള്‍
നീരവം വീഴട്ടെമഞ്ഞിന്‍ കണികപോല്‍

വേര്‍പെട്ടു ജീവിതമാം വഴിത്താരയില്‍
വാടിത്തളര്‍ന്നു ഞാനേകനായിന്നഹോ
വീണുറങ്ങാനൊരുമാത്രകൊതിപ്പുനിന്‍
ശീതളസ്‌നേഹത്തണലില്‍വീണ്ടും വ്യഥാ.

**********
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക