Image

സ്വര്‍ഗത്തിന്റെ നിയമത്തിനനുസരിച്ച് ജീവിക്കേണ്ടവരാണ് ക്രിസ്ത്യാനി: മാര്‍ സ്രാന്പിക്കല്‍

Published on 08 May, 2018
സ്വര്‍ഗത്തിന്റെ നിയമത്തിനനുസരിച്ച് ജീവിക്കേണ്ടവരാണ് ക്രിസ്ത്യാനി: മാര്‍ സ്രാന്പിക്കല്‍

നോട്ടിംഗ്ഹാം: നമ്മോടു തെറ്റു ചെയ്യുന്ന എല്ലാവരോടും പൂര്‍ണമായി ക്ഷമിക്കുക എന്നതാണ് സ്വര്‍ഗത്തിന്റെ നിയമമെന്നും ആ നിയമത്തിനനുസരിച്ച് ജീവിക്കേണ്ടവനാണ് ക്രിസ്ത്യാനിയെന്നും ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍. ബൈബിളിലെ നിര്‍ദയനായ ഭൃത്യന്റെ ഉപമ വായിച്ച് വ്യാഖ്യാനം നല്‍കുകയായിരുന്നു അദ്ദേഹം. 

നോട്ടിംഗ്ഹാമില്‍ ആറുദിവസം നീണ്ടുനിന്ന ഇടയസന്ദര്‍ശനത്തില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ എല്ലാ വിശ്വാസികളുടെയും ഭവനങ്ങള്‍ വെഞ്ചരിക്കുകയും കുടുംബാംഗങ്ങളുമായി നേരില്‍ കണ്ടു സംസാരിക്കുകയും ചെയ്തു. സെക്രട്ടറി ഫാ. ഫാന്‍സുവ പത്തിലും രൂപതാധ്യക്ഷനെ അനുഗമിച്ചു.

ലെന്റന്‍ ബുളിവാര്‍ഡ് സെന്റ് പോള്‍സ് ദേവാലയത്തിലെ വിശുദ്ധ കുര്‍ബാനയ്ക്കും മാര്‍ സ്രാന്പിക്കല്‍ നേതൃത്വം നല്‍കി. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. ബിജു കുന്നക്കാട്ട്, ഫാ. ഫാന്‍സുവ പത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

വിശുദ്ധ കുര്‍ബാനയുടെ സമാപനത്തില്‍ എല്ലാ കുട്ടികള്‍ക്കും ഇടവകയിലെ വിവിധ കാര്യങ്ങളില്‍ നേതൃത്വം നല്‍കുന്നവര്‍ക്കും പിതാവ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്നു വിമെന്‍സ് ഫോറം അംഗങ്ങളുടെ പൊതുസമ്മേളനത്തില്‍ സംസാരിച്ച മാര്‍ സ്രാന്പിക്കല്‍ അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആലോചന നടത്തുകയും ചെയ്തു. ഇടവക സന്ദര്‍ശനത്തിനും ദിവ്യബലിക്കും ഫാ. ബിജു കുന്നക്കാട്ട്, കൈക്കാരന്മാര്‍, കമ്മിറ്റിയംഗങ്ങള്‍, വാര്‍ഡ് ലീഡേഴ്‌സ്, മതാധ്യാപകര്‍, വിമെന്‍സ് ഫോറം ഭാരവാഹികള്‍, അള്‍ത്താര ശുശ്രൂഷകര്‍, ഗായകസംഘം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ദിവ്യബലിക്കും മറ്റു പൊതു ചടങ്ങുകള്‍ക്കും ശേഷം എല്ലാവര്‍ക്കുമായി സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. ഇടയസന്ദര്‍ശനത്തിലൂടെ ദൈവസ്‌നേഹത്തിന്റെ പുതിയ തലങ്ങള്‍ അനുഭവിച്ചറിയാന്‍ സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തില്‍ ഇടവക സമൂഹം ഒന്നായി ദൈവത്തിനു നന്ദി പറഞ്ഞു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക