Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സമ്മേളനം ജര്‍മനിയില്‍, വെബ്‌സൈറ്റ് ലോഞ്ചു ചെയ്തു

Published on 12 May, 2018
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സമ്മേളനം ജര്‍മനിയില്‍, വെബ്‌സൈറ്റ് ലോഞ്ചു ചെയ്തു

ബര്‍ലിന്‍: വര്‍ധിതവീര്യത്തോടും പുതുപുത്തന്‍ ലക്ഷ്യങ്ങളും വിഭാവന ചെയ്ത് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിനൊന്നാം ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ പുരോഗിമിക്കുന്നു. ജര്‍മനിയുടെ മുന്‍ തലസ്ഥാനമായ ബോണില്‍ ഓഗസ്റ്റ് 17 മുതല്‍ 19 വരെയാണ് (വെള്ളി, ശനി, ഞായര്‍) കോണ്‍ഫ്രന്‍സ്. ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സാണ് സമ്മേളനത്തിന് ആതിഥേയത്വം നല്‍കുന്നത്. 

കോണ്‍ഫറന്‍സിനു വേണ്ടി രൂപകല്പന ചെയ്ത പുതിയ വെബ്‌സൈറ്റിന്റെ ലോഞ്ചിംഗ് ബോണില്‍ കഴിഞ്ഞ ദിവസം നടന്നു. ബോണിലെ ജെ. റ്റില്‍സ് ഓഡിറ്റോറിയത്തില്‍ മേയ് അഞ്ചിന് കൂടിയ ആഗോള സമ്മേളനത്തിന്റെ സംഘാടക സമിതി ജനറല്‍ കണ്‍വീനറും യൂറോപ്യന്‍ റീജണ്‍ പ്രസിഡന്റുമായ ഗ്രിഗറി മേടയിലാണ് ലോഞ്ചിംഗ് കര്‍മം നിര്‍വഹിച്ചത്. ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ വെബ് സൈറ്റിന്റെ വിലാസം http://wmcglobalconferencegermany2018.com

ഗ്ലോബല്‍ കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഈശ്വരപ്രാര്‍ഥനയ്ക്കു ശേഷം പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം പടയാട്ടില്‍ സ്വാഗതം ആശംസിച്ചു. പ്രൊവിന്‍സ് ജനറല്‍ സെക്രട്ടറി മേഴ്‌സി തടത്തിലിന്റെ റിപ്പോര്‍ട്ടിനു ശേഷം സമ്മേളനത്തെപ്പറ്റി ജനറല്‍ കണ്‍വീനര്‍ ഗ്രിഗറി മേടയില്‍ ആമുഖ പ്രസംഗം നടത്തി. ഗ്ലോബല്‍ കോണ്‍ഫ്രന്‍സിനെപ്പറ്റി ഇതുവരെ നടത്തിയ ഒരുക്കങ്ങളുടെ പുരോഗതി വിവിധ കമ്മിറ്റി കണ്‍വീനര്‍മാര്‍ അവതരിപ്പിച്ചു.

ഡബ്ല്യുഎംസിയുടെ മറ്റു റീജണുകളിലെയും പ്രൊവിന്‍സുകളിലെയും പ്രവര്‍ത്തനങ്ങളും ആഗോള സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഗ്ലോബല്‍ പ്രസിഡന്റ് മാത്യു ജേക്കബ് വിശദീകരിച്ചു. ഗ്ലോബല്‍ സമ്മേളനത്തിന്റെ പ്രാധാന്യം, ഫണ്ട് റൈസിംഗ്, പങ്കെടുക്കുന്ന വിശിഷ്ടാതികള്‍ തുടങ്ങിയ കാര്യങ്ങളും കമ്മറ്റിയുടെ മുന്പാകെ അവതരിപ്പിച്ചു വേണ്ട നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു.

യൂറോപ്പ് റീജണ്‍ പ്രസിഡന്റ് ഗ്രിഗറി മേടയില്‍ (ജനറല്‍ കണ്‍വീനര്‍), പ്രൊവിന്‍സ് പ്രസിഡന്റ് ജോളി എം. പടയാട്ടില്‍ (കോജനറല്‍ കണ്‍വീനര്‍), യൂറോപ്പ് റീജണ്‍ ചെയര്‍മാന്‍ ജോളി തടത്തില്‍ (പ്രോഗ്രാം ജനറല്‍ ഓര്‍ഡിനേറ്റര്‍), ഗ്‌ളോബല്‍ ട്രഷറാര്‍ തോമസ് അറന്പന്‍കുടി (ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍), പ്രോവിന്‍സ് ചെയര്‍മാന്‍ ജോസ് കുന്പിളുവേലില്‍ (മീഡിയ ആന്റ് കമ്യൂണിക്കേഷന്‍ കണ്‍വീനര്‍), പ്രോവിന്‍സ് ജനറല്‍ സെക്രട്ടറി മേഴ്‌സി തടത്തില്‍ (പ്രോഗ്രാം കണ്‍വീനര്‍), ജോസ് തോമസ് (കള്‍ച്ചറല്‍ കമ്മറ്റിയംഗം), ജോണ്‍ മാത്യു (ഫോട്ടോ & വിഡിയോ കണ്‍വീനര്‍), മാത്യു ജോസഫ് (ബിസിനസ് ഫോറം കണ്‍വീനര്‍), ചിന്നു പടയാട്ടില്‍(രജിസ്‌ട്രേഷന്‍ കമ്മറ്റിയംഗം), സോമരാജ പിള്ളൈ (ഓഡിറ്റ് കണ്‍വീനര്‍), അച്ചാമ്മ അറന്പന്‍കുടി (അക്കോമഡേഷന്‍ കമ്മറ്റിയംഗം), സാറാമ്മ ജോസഫ്(ഫിനാന്‍സ് കമ്മറ്റിയംഗം) തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജെന്‍സ് കുന്പിളുവേലില്‍ ആണ് വെബ്‌സൈറ്റ് തയാറാക്കിയത്. 

ഗ്‌ളോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍വഴി രജിസ്‌ട്രേഷന്‍ നടത്തേണ്ടതാണ്. 2018 ജൂണ്‍ 30 വരെയാണ് രജിസ്‌ട്രേഷന്‍ സമയപരിധി. ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യവും, ഭക്ഷണവും മറ്റും ലഭ്യമായിരിയ്ക്കും. ജൂണ്‍ 30 ന് ശേഷമുള്ള രജിസ്‌ട്രേഷന് അധിക തുക നല്‍കേണ്ടിരും. അതുകൊണ്ട് താത്പര്യമുള്ളവര്‍ എത്രയും വേഗം  http://wmcglobalconferencegermany2018.com  എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി അഭ്യര്‍ഥിച്ചു.

ഗ്‌ളോബല്‍ മീറ്റിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികള്‍ നേരത്തെ രൂപീകരിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ജര്‍മനിയില്‍ ഡബ്ല്യുഎംസിയുടെ ഗ്ലോബല്‍ സമ്മേളനം നടക്കുന്നത്. മൂന്നാം ഗ്ലോബല്‍ കോണ്‍ഫ്രന്‍സ് 2002 ല്‍ ജര്‍മനിയിലെ ഡിംഗ്ഡണിലാണ് നടന്നത്.

ബോണ്‍ നഗരത്തിലെ പ്രകൃതി രമണീയമായ വീനസ്ബര്‍ഗിലെ കത്തോലിക്കാ ബില്‍ഡൂഗ്‌സ് സെന്ററായ ഹൗസ് വീനസ്ബര്‍ഗിലാണ് മൂന്നുദിന ആഗോള സമ്മേളനം അരങ്ങേറുന്നത്. 

പ്രവാസികളുടെയും പ്രവാസ ജീവിതം കഴിഞ്ഞു നാട്ടില്‍ തിരികെയെത്തിയവരെയും ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കണ്ടെത്തുക, കേരളത്തിന്റെ പൊതുപ്രശ്‌നങ്ങള്‍ പുതിയ പ്രോജക്ടുകള്‍ എന്നിവയ്ക്കാണ് കോണ്‍ഫറന്‍സില്‍ മുന്‍തൂക്കം നല്‍കുന്നത്.

1995 ല്‍, 23 വര്‍ഷം മുന്‍പ് രൂപീകൃതമായ ഈ സംഘടന ഇന്ന് ലോകമെന്പാടുമുള്ള മലയാളികളുടെ അഭിമാനത്തിന്റെ പ്രതീകമാണ്. അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഫാര്‍ഈസ്റ്റ്, മിഡില്‍ ഈസ്റ്റ്, ഇന്ത്യ തുടങ്ങി ആറു റീജണുകളിലായി 52 പ്രൊവിന്‍സുകള്‍ ഡബ്ല്യുഎംസിക്കുണ്ട്.

ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി, പ്രസിഡന്റ് മാത്യു ജേക്കബ്, ഗ്ലോബല്‍ അസോസിയേറ്റ് സെക്രട്ടറി ലിജു മാത്യു, ട്രഷറര്‍ തോമസ് അറന്പന്‍കുടി, ഗുഡ്വില്‍ അംബാസഡര്‍ ജോണ്‍ മത്തായി (ഷാര്‍ജ), ഇലക്ക്ഷന്‍ കമ്മീഷണര്‍ ജോസഫ് കില്ലിയാന്‍ (ജര്‍മനി), അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ഗോപാലപിള്ള എന്നിവരാണ് കമ്മിറ്റി ഭാരവാഹികള്‍.

റിപ്പോര്‍ട്ട് : ജോസ് കുന്പിളുവേലില്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക