Image

ധനം (കവിത: ഐശ്വര്യ ബിജു)

Published on 13 May, 2018
ധനം (കവിത: ഐശ്വര്യ ബിജു)
ഇന്നിന്റെ വിഷയം ദ്രവ്യമോ
ദ്രവ്യമമ്മാനമാടുന്ന മനുജനോ?
ധനമതേറെയുണ്ടെന്നാകിലോ
കണ്ണിനും മനസ്സിനും തിമിരം

ആസ്തിയതുണ്ടെങ്കില്‍ ബന്ധങ്ങളേറെ
ആസ്തിയില്ലാത്തവന്‍ തൃണസമാനം
ബന്ധുവും ബന്ധവുമെല്ലാം നൈമിഷികം
നമ്മള്‍ വെറും ദരിദ്രനായീടുകില്‍

പണത്തെ മോഹിച്ചുജീവിച്ചിടുമ്പോള്‍
വിനയമശേഷമതില്ല നൂനം
പണമൊരുവനേകുന്നു ഭൗതികപ്രതാപങ്ങള്‍
ഏകുകയില്ലതു മോക്ഷമൊരിക്കലും

കൂടെപ്പിറന്നവരും ജന്മംതന്നവരും
തൂക്കപ്പെടുന്നു പണത്തിന്‍തുലാസിന്മേല്‍
ധനത്തിനു മതമില്ല ജാതിയില്ല
ധനികന് സദ്ഗുണം വിദൂരമാകും

അത്യാഗ്രഹമാപത്തു വിതയ്ക്കും
ദ്രവ്യം മറന്ന് നന്മകള്‍ ചെയ്തിടാം
സച്ചിന്തകളാല്‍ മനസ്സ് നിറച്ചിടാം
പുത്രകളത്രാദികള്‍ക്കേകു മനശ്ശാന്തി.

ഐശ്വര്യ ബിജു
ഫിലഡല്‍ഫിയ
Join WhatsApp News
Joseph 2018-05-14 07:12:18
പണം കുന്നുകൂടുംതോറും തേൻ നുകരുന്നതുപോലെയുള്ള അനുഭൂതികളാണ് ഭൂരിഭാഗം പേരിലും അനുഭവപ്പെടുന്നത്. അത് നിയമത്തെ വെട്ടിച്ചുള്ള കറുത്ത പണമാണെങ്കിലും കഠിനാധ്വാനത്തിൽക്കൂടി നേടിയ വെളുത്ത പണമാണെങ്കിലും കോടാനുകോടി സ്വരൂപിച്ചാലും മനുഷ്യന് തൃപ്തി വരില്ല. ലോകത്തിലുള്ള എല്ലാ ആവശ്യ വസ്തുക്കളിലും ആഡംബര വസ്തുക്കളെങ്കിലും സാമ്പത്തിക ശാസ്ത്രത്തിലുള്ള 'ഡിമിനിഷിങ്ങ് യൂട്ടിലിറ്റി' എന്ന തത്ത്വം ബാധകമാണ്. അന്തമില്ലാത്ത ആഗ്രഹങ്ങൾക്ക് ഒരു പരിധി വരുമ്പോൾ ശമനം വരുന്നു. എന്നാൽ ധനം സമ്പാദിക്കുന്ന കാര്യം വരുമ്പോൾ ആ തത്ത്വം പ്രായോഗികമല്ല. ധനം നേടണമെന്നുള്ള മോഹങ്ങൾ അതിരില്ലാത്തതാണ്. അവസാനമില്ലാത്തതാണ്. 

ധനമുള്ള രാജ്യങ്ങളെ ലോകം ആദരിക്കുന്നു. ഇന്ത്യയിലാണെങ്കിലും, അമേരിക്കൻ പാസ്പോർട്ടുള്ളവന് പ്രത്യേക പരിഗണന നൽകുന്നതു കാണാം. എഴുപതുകളിലും എൺപതുകളിലും ഇന്ത്യക്കാരെപ്പോലും അമേരിക്കക്കാർ കണ്ടിരുന്നത് ഏതോ ദാരിദ്രം പിടിച്ച രാജ്യക്കാരെന്നായിരുന്നു. ഡോക്ടേഴ്സ്, നേഴ്‌സസ്, കുടിയേറ്റവും ഐടി വളരലും കാരണം അത്തരം സ്ഥിതിവിശിഷത്തിനു മാറ്റം വന്നു. ചുരുക്കത്തിൽ സമൂഹത്തിൽ സ്ഥാനം കല്പിക്കണമെങ്കിൽ പണം തന്നെ വേണം. 

പണമുള്ളവനെ സ്വാർത്ഥനും അഹങ്കാരിയും അധികാരമുള്ളവനുമാക്കുന്നു. തൊഴിലാളി, മുതലാളിയെന്ന അന്തരം വർദ്ധിപ്പിക്കുന്നു. വലിയ വീട്, വിലകൂടിയ കാർ, പുതിയ വേഷങ്ങൾ, ബാറുകൾ അങ്ങനെ പോവുന്നു അവന്റെ ജീവിത രീതികൾ. അതിനായി നാം ജീവിതം മുഴുവൻ കഠിനമായി ജോലി ചെയ്യുന്നു. ചെലവാക്കുന്നു. വിഡ്ഡികളെ കത്തനാന്മാരും പള്ളി-കത്തീഡ്രൽപ്പണിക്കാരും പറ്റിച്ചുകൊണ്ടും പോവുന്നു. ഒരു ദരിദ്രനെയും ഒരു ധനവാനെയും കാണുമ്പോൾ ധനത്തിന്റെ ആ പ്രൗഡിയെ സമൂഹം  വിലയിരുത്തുന്നു. അവിടെ മനുഷ്യത്വത്തിന്‌ വിലയില്ല.  

വളരെ അർത്ഥവത്തായ കവിത. യുവ കവയത്രി 'ഐശ്വര്യ ബിജുവിനെ' അനുമോദിക്കുന്നു. കവിതയിൽ നല്ല ഭാവനകളുമുണ്ട്. ഗുണപാഠങ്ങളുണ്ട്. തുടർന്നും കവിത എഴുതുക. 
വിദ്യാധരൻ 2018-05-14 09:26:59
മണമില്ലാഞ്ഞാൽ പൂവിൽ വരികില്ല വണ്ട്
പണമില്ലാഞ്ഞാൽ പിണമത്രേ മർത്ത്യർ  
പണമില്ലതെ സ്വർഗ്ഗം ലഭിക്കില്ല ഒരുത്തനും 
പണമാണ് മോക്ഷമാർഗ്ഗമെന്നോർത്തിടുക 
വിനയം കൊണ്ട് ഭൂവിൽ വിനയല്ലാതെന്തു  ഫലം 
കുനിഞ്ഞാൽ തല അരിഞ്ഞിടും ജനം 
അതുകൊണ്ടു നമ്മൾ പഠിക്കണം തരികിട 
ചതിയന്മാർ ഭൂവിൽ  കുതിക്കുന്നു കുതിരപോൽ
പണത്തിനായി ജനം പരക്കംപായുന്നെങ്ങും 
ഗുണമുള്ള മനുഷ്യനെ കണികണ്മാനില്ലെങ്ങും 
വിദ്യതന്നെ മഹാധനം! അതൊരു കടങ്കഥ !
വിദ്യപഠിക്കണം സർവ്വരും ധനം നേടാൻ ഭൂവിൽ 

വായനക്കാരൻ 2018-05-14 11:55:57
പണക്കൊതിയൻ ട്രംപ് അധികാരത്തിൽ വന്നു 
പണമില്ലാത്തൊരൊക്കെ ഗതികേടിലായി 
ധനം  ഉണ്ടാക്കാൻ അയാൾ പല വേലകാട്ടും  
അധമരുമായി ചേർന്ന് തരികിട കാട്ടും
കടക്കാരാക്കി പലരെയും ജപ്തിയിലൂടയാൾ
അവരുടെ ധനം അടിച്ചവൻ മാറ്റി 
ഒരു കണ്ണുണ്ടായാൾക്ക് സോഷ്യൽ സെക്യൂരിറ്റിയിൽ 
സർവ്വരും ഉറങ്ങുമ്പോളവൻ   അടിച്ചതും  മാറ്റും 
അവൻ ക്രിസ്തുവിൻ അവതാരമെന്നു ചിലർ 
അല്ലവൻ അന്തിക്രിസ്തുവാണെന്നു ചിലർ 
കഴുതകൾ ചില മലയാളികൾ അവനെ 
മുതുകേറ്റി ചുറ്റി കറങ്ങുന്നു മോദാൽ 
ധനംമെന്ന ലഹരിയിൽ മറക്കുന്നവർ സ്വയം 
പൊതുജനമെന്ന കഴുതക്ക് മോക്ഷമില്ലൊരിക്കലും  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക