Image

ഗവര്‍ണര്‍ അനുമതി നല്‍കി; വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും: യെദ്യൂരപ്പ

Published on 16 May, 2018
ഗവര്‍ണര്‍ അനുമതി നല്‍കി; വ്യാഴാഴ്‌ച സത്യപ്രതിജ്ഞ ചെയ്യും: യെദ്യൂരപ്പ

ബംഗളൂരൂ :വ്യാഴാഴ്‌ച രാവിലെ എട്ടുമണിക്ക്‌ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ അനുവാദം നല്‍കിയെന്ന അവകാശവാദവുമായി ബിജെപി നേതാവ്‌ യെദ്യൂരപ്പ. രാജ്‌ഭവനില്‍ ഗവര്‍ണറെ കണ്ട ശേഷം മാധ്യമങ്ങളെ കാണവെയാണ്‌ യെദ്യൂരപ്പ മന്ത്രിസഭാ രൂപീകരണത്തിന്‌ ഗവര്‍ണര്‍ അനുമതി നല്‍കിയെന്ന്‌ അറിയിച്ചത്‌. തങ്ങള്‍ക്ക്‌ മന്ത്രിസഭ രൂപീകരിക്കാന്‍ കഴിയുമെന്ന്‌ ഗവര്‍ണറെ ബോധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി പറഞ്ഞു.

അതേസമയം, മന്ത്രിസഭ രൂപീകരണത്തെ സംബന്ധിച്ച്‌ ഗവര്‍ണര്‍ വാജുഭായ്‌ വാലയുടെ ഭാഗത്തുനിന്നും ഔദ്യോഗികമായി യാതൊരു അറിയിപ്പും ഇതുവരെ ഉണ്ടായിട്ടില്ല. ഗവര്‍ണര്‍ ക്ഷണിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന്‌ കോണ്‍ഗ്രസും വ്യക്തമാക്കി. എംഎല്‍എമാരെ മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചാല്‍ തങ്ങളും രാഷ്ട്രീയം കളിക്കുമന്ന്‌ കോണ്‍ഗ്രസിന്റെ പ്രചരണ സമിതി തലവന്‍ ഡികെ ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടക തിരഞ്ഞെടുപ്പിന്‌ പിന്നാലെ സംസ്ഥാനത്ത്‌ ബിജെപി കുതിരക്കച്ചവടത്തിന്‌ ശ്രമിക്കുകയാണെന്ന്‌ ജെഡിഎസ്‌ നേതാവ്‌ എച്ച്‌.ഡി. കുമാരസ്വാമി ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന്‌ അവകാശവാദം ഉന്നയിച്ച്‌ ഉടന്‍ ഗവര്‍ണറെ കാണുമെന്ന്‌ മാധ്യമങ്ങളെ അറിയിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ്‌ കുമാരസ്വാമി ബിജെപിക്കെതിരെ നിശിത വിമര്‍ശനങ്ങളും ആരോപണങ്ങളും ഉന്നയിച്ചത്‌. കര്‍ണാടകയിലെ ജനങ്ങള്‍ താന്‍ മുഖ്യമന്ത്രിയാകണമെന്നാണ്‌ ആഗ്രഹിക്കുന്നത്‌, അവര്‍ക്ക്‌ ബിജെപി നേതാക്കളെ വേണ്ടെന്നും കുമാരസ്വാമി പറഞ്ഞു.

ബിജെപിയുമായി യാതൊരു വിധ സഖ്യവും തങ്ങള്‍ രൂപീകരിക്കില്ല. ബിജെപിക്ക്‌ അധികാരത്തിന്‌ വേണ്ടിയുള്ള ആര്‍ത്തിയാണ്‌. മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ചാണ്‌ ബിജെപി 104 സീറ്റുകള്‍ നേടിയത്‌. സര്‍ക്കാര്‍ രൂപീകരണമെന്ന ആവശ്യം ഗവര്‍ണര്‍ അംഗീകരിക്കുമെന്നാണ്‌ പ്രതീക്ഷ. കേന്ദ്രം അധികാരം പിടിക്കുന്നതിന്‌ വേണ്ടി അധികാരം ദുരുപയോഗം ചെയ്യുകയാണെന്ന്‌ കുമാരസ്വാമി ആരോപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക