Image

ഇന്ന് കോണ്‍ഗ്രസിന് ശരീരമില്ല, ആത്മാവ് മാത്രമേയുള്ളൂ

Published on 16 May, 2018
ഇന്ന് കോണ്‍ഗ്രസിന് ശരീരമില്ല, ആത്മാവ് മാത്രമേയുള്ളൂ
Abdul Rasheed on facebook
സര്‍ക്കാര്‍ ഉണ്ടാക്കാന്‍ കഴിഞ്ഞാലും ഇല്ലെങ്കിലും ശരി, 105 സീറ്റ് ബിജെപിയ്ക്ക് വന്‍ വിജയംതന്നെയാണ്. കാരണം, കര്‍ണാടകയില്‍ യുദ്ധം തുടങ്ങുമ്പോള്‍ ബിജെപിയുടെ നില പരിതാപകരമായിരുന്നു.രാജ്യത്ത് ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നോട്ട് നിരോധനവും ജി എസ് ടി യും നടുവൊടിച്ച ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ ഇനിയും എഴുന്നേറ്റുനില്‍ക്കാന്‍ ആയിട്ടില്ല.

ജി എസ് ടി ആഘാതം തകര്‍ത്ത ചെറുകിട വ്യവസായമേഖല കരകയറാന്‍ കഷ്ടപ്പെടുന്നു. രാജ്യത്തെ പൊതുമേഖലാ ബാങ്കിങ് സംവിധാനം അപ്പാടെ തകര്‍ച്ചയുടെ വക്കിലെന്ന് സാമ്പത്തിക വിദഗ്ധര്‍ തന്നെ സമ്മതിക്കുന്നു. ഇതിനെല്ലാമിടയിലും, കര്‍ണാടകപോലുള്ള ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനം ബിജെപിയെ ഒന്നാമത് എത്തിച്ചിരിക്കുന്നു. ഹാ, അത്ഭുതം..! ഇന്ത്യന്‍ മധ്യവര്‍ഗ്ഗത്തിനു എപ്പോഴൊക്കെ ജീവിതം പൊള്ളിയിട്ടുണ്ടോ അപ്പോഴൊക്കെ ബാലറ്റില്‍ അവര്‍ തിരിച്ചടിച്ചിട്ടുണ്ട്. പക്ഷെ, ആ പാഠവും കര്‍ണാടകയില്‍ തെറ്റി.

സാമ്പത്തിക പ്രശ്നങ്ങള്‍ പോലും വോട്ടിങ്ങില്‍ പ്രതിഫലിക്കാത്തവിധം നഗര-ഗ്രാമ വ്യത്യാസം ഇല്ലാതെ ഭൂരിപക്ഷം നല്‍കി ബിജെപിയെ കന്നടമണ്ണില്‍ മുന്നിലെത്താന്‍ സഹായിച്ചത് ഒരൊറ്റ ഘടകമാണ്. പോയ നാലു പതിറ്റാണ്ടില്‍ ഇന്ത്യന്‍മണ്ണില്‍ ബിജെപിയെ പനപോലെ വളര്‍ത്തിയ അതേ സൂത്രവാക്യം, ഹിന്ദുത്വം.സൂക്ഷ്മ ജാതീയതയുടെ നേര്‍ത്ത വലകളുള്ള കന്നഡ മണ്ണില്‍ ഹിന്ദുത്വത്തിന്റെ കളി സിദ്ധാരാമയ്യയെക്കാള്‍ നന്നായി മോഡി-അമിത് ഷാ സഖ്യം കളിച്ചു. എപ്പോഴത്തെയുമ്പോലെ അവര്‍ നല്ല 'റണ്‍ റേറ്റില്‍' ജയിക്കുകയും ചെയ്തു.

ആഴമേറിയ രാഷ്ട്രീയമോ സത്യസന്ധമായ നയങ്ങളോ ജനങ്ങളുടെ ജീവിത പ്രശ്നങ്ങള്‍ക്കുള്ള ആത്മാര്‍ത്ഥമായ പരിഹാരം തേടലോ ഒന്നും ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന് ആവശ്യമില്ല.തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഇന്ത്യയില്‍ ഒരുകാലത്തും ധര്‍മ്മ പോരാട്ടം ആയിരുന്നില്ല. കിട്ടുന്ന ആയുധംകൊണ്ട് തുടയ്ക്കടിച്ചു തകര്‍ത്തു വീഴ്ത്തുന്ന അധര്‍മയുദ്ധംതന്നെ ആയിരുന്നു. ആ കളി ബിജെപിയേക്കാള്‍ നന്നായി അറിയാവുന്ന ആരുണ്ട്?

ജാതീയതയുടെ അതേ കളിയാണ് കോണ്‍ഗ്രസും കര്‍ണാടകയില്‍ തുടക്കം മുതല്‍ കളിച്ചത് എന്നതാണ് ഈ മത്സരത്തിലെ വിരോധാഭാസം. അധികാരവും പണവും ആള്‍ബലവും വേണ്ടതിലേറെയുള്ള ലിങ്കായത് സമുദായത്തെ പ്രത്യേക മതന്യുനപക്ഷമായി അംഗീകരിച്ചതിലൂടെ കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ കളിച്ചത് അപകടകരമായൊരു ഭൂരിപക്ഷ വര്‍ഗീയ കളിയായിരുന്നു. ആ കളി ഒരര്‍ത്ഥത്തില്‍ സംഘപരിവാര്‍ കളിച്ച ഭൂരിപക്ഷ വര്‍ഗീയതയെക്കാള്‍ അപകടം പിടിച്ചതായിരുന്നു. ആ കളിയ്ക്കു അതിനപ്പുറമുള്ള വര്‍ഗീയ-ജാതി കളികൊണ്ടു ബിജെപി മറുപടി നല്‍കി.

224 നിയമസഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ നൂറു മണ്ഡലങ്ങളില്‍ നിര്‍ണായകശക്തിയാണ് ലിങ്കായത് സമുദായം. അവരില്‍ ഭൂരിപക്ഷവും പരമ്പരാഗതമായി ബി ജെ പി അനുകൂലികളുമാണ്. അതിനാല്‍ അവരെ ന്യുനപക്ഷമാക്കുന്നത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലിയ ഗുണം ചെയ്യുമെന്നു സിദ്ധരാമയ്യ കരുതി. ആ തീരുമാനം പിഴച്ചു. ലിംഗായത് വോട്ടുകള്‍ കോണ്‍ഗ്രസ്സിനു കിട്ടിയതുമില്ല, മറ്റുള്ളവര്‍ പാര്‍ട്ടിയില്‍ നിന്നും അകലുകയും ചെയ്തു.

വോക്കലിംഗര്‍ ജെഡിഎസിനൊപ്പം, ലിംഗായത്തുകളും ബ്രാഹ്മണരും നായക് വിഭാഗവും ഭോവികളും ബിജെപിക്കു ഒപ്പം, മുസ്ലിംകളും കുറുബരും കോണ്‍ഗ്രസിനു ഒപ്പം എന്ന പരമ്പരാഗത സമവാക്യം വലുതായൊന്നും ഈ തിരഞ്ഞെടുപ്പില്‍ തിരുത്തപ്പെട്ടില്ല.

കോണ്‍ഗ്രസിനു വോട്ടു ചെയ്തിരുന്ന ദളിതരില്‍ നല്ലൊരു പങ്കിനെ വാചകങ്ങളിലൂടെ ഒപ്പം കൂട്ടാന്‍ ബിജെപിക്കു കഴിയുകയും ചെയ്തു.180 വിവിധ ജാതികളായി തിരിഞ്ഞുകിടക്കുന്ന ഒരു കോടിയിലേറെ ദളിതരാണ് കര്‍ണാടകയിലുള്ളത്. ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേയുംപോലെ തന്നെ പട്ടിണിയിലും ചൂഷണത്തിലും കഷ്ടപ്പാടിലും കഴിയുന്ന ദരിദ്ര ജനത.

ജനസംഖ്യയില്‍ രണ്ടാംസ്ഥാനം എഴുപത്തഞ്ചു ലക്ഷം വരുന്ന മുസ്ലിംകളാണ്. ഏതാണ്ട് ദളിതര്‍ക്കു തുല്യമായ സാമൂഹിക സാമ്പത്തിക സാഹചര്യമാണ് അവര്‍ക്കും. ഇവരെയൊക്കെ അവഗണിച്ച ലിംഗായത് പ്രീണനം കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായി.

കര്‍ണാടകയില്‍, ആകെ ജനസംഖ്യയുടെ പത്തു ശതമാനം വരുന്ന 59 ലക്ഷത്തോളം വരുന്ന ലിങ്കായത്തുകള്‍ തൊണ്ണൂറു ഉപവിഭാഗങ്ങളായി പിരിഞ്ഞുകിടക്കുന്നു. പക്ഷെ, അധികാരവും പണവും സാമൂഹികപദവിയും ഇവരുടെ കയ്യില്‍ ഭദ്രം. കര്‍ണാടകയില്‍ ഏതു സര്‍ക്കാര്‍ ഭരിച്ചാലും അമ്പതു ശതമാനം എം എല്‍ എ മാര്‍ ലിങ്കായത് സമുദായത്തില്‍നിന്നാണ്. ഏതു മന്ത്രിസഭയിലും പകുതിയിലേറെ മന്ത്രിമാര്‍. ബി ജെ പി നേതാക്കളായ യെദിയൂരപ്പ അടക്കമുള്ളവരുടെ സമുദായം.

അത്രമേല്‍ ശക്തരായ ഒരു സമുദായത്തെ പ്രത്യേക മത ന്യുനപക്ഷ പദവി നല്‍കി കോണ്‍ഗ്രസിന്റെ 'മതേതര സര്‍ക്കാര്‍' ആദരിച്ചപ്പോള്‍ വീണ്ടും അപഹസിക്കപ്പെട്ടത് ആ സംസ്ഥാനത്തെ യഥാര്‍ത്ഥ പിന്നാക്കക്കാരനും ദളിതനുമാണ്. ഫലം, ജനതാദള്‍ എസ് എല്ലാ എക്സിറ്റ്‌പോളുകളും പ്രവചിച്ചതിനെക്കാള്‍ വലിയ വിജയം നേടി. എല്ലാ സര്‍വേകളിലും 20-30 സീറ്റുകള്‍ പ്രവചിക്കപ്പെട്ട ജെഡി എസ് അതിലേറെ സീറ്റുകള്‍ നേടുകയും തോറ്റ സീറ്റുകളില്‍പ്പോലും അവര്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. ഫലത്തില്‍ ബിജെപി വിരുദ്ധ മതേതര വോട്ടുകള്‍ നെടുകെ പിളര്‍ന്നു. പല മണ്ഡലങ്ങളിലും ജെ ഡി എസിന്റെ പ്രചാരണം ശക്തമാക്കാന്‍ ബി.ജെ.പി രഹസ്യ ശ്രമംപോലും നടത്തി.

ഇന്ത്യയില്‍ ഒരിടത്തും ഇന്ന് കോണ്‍ഗ്രസിന് ശരീരമില്ല, ആത്മാവ് മാത്രമേയുള്ളൂ. സമീപകാല തിരഞ്ഞെടുപ്പുകളില്‍ ഒക്കെ ഏറ്റ കനത്ത തിരിച്ചടികളുടെ പ്രധാന കാരണം താഴെതട്ടില്‍ അണികള്‍ ഇല്ലാത്ത, സംഘടനാ സംവിധാനം ഇല്ലാത്ത അതിന്റെ ദുര്‍ബലതയാണ്. ആര്‍ എസ് എസ് പോലെ പട്ടാളച്ചിട്ടയുള്ള ഒരു സംഘടനയുമായി തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുമ്പോള്‍ അതൊരു വലിയ പോരായ്മയാണ്.

ഇരുന്നൂറു രൂപ കൂലിയ്ക്ക് ആളുകളെ റാലിയ്ക്ക് ഇറക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ താഴെത്തട്ടില്‍ വീട് കയറാനും പ്രചരണം നടത്താനും മതിയായ അണികളും അതിനു നേതൃത്വം നല്‍കാന്‍ സംവിധാനവും ഉണ്ടായേ തീരൂ. ഈ തിരഞ്ഞെടുപ്പില്‍ മാത്രമല്ല, വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്സ് നേരിടാന്‍ പോകുന്ന വെല്ലുവിളിയാകും ഇത്.

ഏറ്റവും അധികം നുണകള്‍ ബിജെപി പ്രയോഗിച്ച തിരഞ്ഞെടുപ്പുകൂടിയാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ അതിനു നേതൃത്വം നല്‍കി. 'ഇത് മോഡിയാണ്, കളിയ്ക്കുന്നത് സൂക്ഷിച്ചു വേണം' എന്ന ചട്ടമ്പിഭാഷയിലുള്ള ഭീഷണി മുതല്‍ 'ഭഗത് സിങ്ങിനെ ഒറ്റ കോണ്‍ഗ്രസ് നേതാവും ജയിലില്‍ പോയി കണ്ടില്ല' എന്ന ചരിത്ര വിഡ്ഢിത്തം വരെ നീണ്ടു അത്. ആ നുണകള്‍ ജനം വിശ്വസിച്ചു. അവയുടെ പൊള്ളത്തരം ചരിത്രപണ്ഡിതന്മാര്‍ക്ക് മാത്രമേ മനസിലായുള്ളൂ. സാധാരണക്കാര്‍ അത് വിശ്വസിച്ചു. അത് എവിടെ എങ്ങനെ പറയണമെന്ന് മോദിക്ക് നന്നായി അറിയാമായിരുന്നു.

ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ആ വിഡ്ഢിത്തങ്ങളും നുണകളും അബദ്ധമോ അറിവില്ലായ്മയോ ആയിരുന്നില്ല, ബോധപൂര്‍വം ആയിരുന്നു എന്നു കൂടി ഈ ഫലം പറഞ്ഞുവെക്കുന്നു. ഇത്തരം നുണകളുടെയും തീപ്പൊരി ഡയലോഗുകളുടെയും സമര്‍ഥമായ ഒരു സൈബര്‍ പ്രചാരണവും ബിജെപി നടത്തി.

ഈ തിരഞ്ഞെടുപ്പിന്റെ ആത്യന്തിക ഫലങ്ങള്‍ എന്തൊക്കെയാണ്? അത് ഇങ്ങനെ ചുരുക്കി പറയാം. മോഡി- അമിത്ഷാ കൂട്ടുകെട്ട് ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി 2019 ലും നയിക്കും. ഈ അപൂര്‍വ കൂട്ടുകെട്ടിന് എതിരെ ബിജെപിക്കും സംഘപരിവാറിനും ഉള്ളില്‍ ഉയരുന്ന പുക പോലും ഇനി കെട്ടടങ്ങും. മോദിയുടെ പ്രതികാര ജ്വാലയില്‍ അദ്വാനിയും തൊഗാഡിയയും മാത്രമല്ല, ഇനിയും പലരും വീഴും. ആ ജ്വാലയില്‍ അറിയാതെപോലും പെടാന്‍ ഇനിയാരും ആഗ്രഹിക്കുകയുമില്ല.

കര്‍ണാടകയില്‍ വിജയംകണ്ട തന്ത്രങ്ങളുടെ വിപുലീകരിച്ച രൂപം ആകും വരാനിരിയ്ക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളിലും അടുത്ത വര്‍ഷത്തെ ലോകസഭ തിരഞ്ഞെടുപ്പിലും ബിജെപി പ്രയോഗിക്കുക. അതിനെ നേരിടുക കോണ്‍ഗ്രസിന് ഒട്ടും എളുപ്പമാവില്ല. ഈ യുദ്ധം നയിക്കാന്‍ രാഹുല്‍ മതി. പക്ഷെ യുദ്ധതന്ത്രം ഇതു മതിയാകില്ല. ആളും അര്‍ഥവും ഒട്ടും പോരാ.

ഏറ്റവും ജനവിരുദ്ധമായ നയങ്ങളെപ്പോലും വാക്‌ധോരണികൊണ്ടു ജനകീയമെന്നു ധരിപ്പിക്കാന്‍ കഴിയും എന്നൊരു വലിയ പാഠമാണ് കര്‍ണാടകയുടെ മണ്ണ് ബിജെപിയ്ക്ക് നല്‍കുന്നത്. ഒരു വലതുപക്ഷ തീവ്ര ഹിന്ദുത്വ പാര്‍ട്ടിയ്ക്ക് ആ തിരിച്ചറിവ് നല്‍കുന്ന കരുത്ത് വലുതാണ്. അതിന്റെ ആഘാതം ഇന്ത്യയിലെ സാധാരണക്കാരും മതേതര വിശ്വാസികളും വരും ദിവസങ്ങളില്‍ അനുഭവിക്കുകതന്നെ ചെയ്യും.

അഴിമതി ഒരു വിഷയമായി ജനം കാണുന്നതേയില്ല എന്നതും ഈ തിരഞ്ഞെടുപ്പ് നല്‍കുന്ന സുഖകരമല്ലാത്ത ഒരു പാഠമാണ്. അഴിമതിക്കറയുള്ള യെദ്യൂരപ്പ എന്ന പ്രചാരണം ഏറ്റില്ല. താരതമ്യേന മികച്ച പ്രതിച്ഛായ ഉണ്ടെന്നു മാധ്യമങ്ങള്‍ കരുതിയ സിദ്ധരാമയ്യ ഒരു മണ്ഡലത്തില്‍ തോല്‍വിയും അറിഞ്ഞു. അഴിമതിക്കാരായ റെഡ്ഢി സഹോദരന്മാരുമായുള്ള ബിജെപി കൂട്ടുകെട്ടൊന്നും ജനം കാര്യമാക്കിയതേയില്ല.

ഹിന്ദുത്വ-ജാതി മുദ്രാവാക്യങ്ങളുടെ സമര്‍ഥമായ പ്രയോഗം, പണത്തിന്റെ കരുത്ത്, സൂക്ഷ്മമായ ജാതിക്കളി, പട്ടാളച്ചിട്ടയുള്ള പ്രചാരണം, സ്ഥാനാര്‍ഥി നിര്‍ണയത്തിലെ സൂക്ഷ്മത, അര്‍ഥസത്യങ്ങളുടെയും അസത്യങ്ങളുടെയും പ്രചാരണം ഇതൊക്കെയാണ് കര്‍ണാടകയില്‍ ബിജെപിയെ അധികാരത്തിലേക്ക് നയിച്ചത്.

കോണ്‍ഗ്രസിന് അതിനെ വിമര്‍ശിക്കാന്‍ തല്‍കാലം ധാര്‍മിക അവകാശമില്ല. കാരണം ഇതില്‍ ചിട്ടയുള്ള പ്രചാരണവും സൂക്ഷ്മതയുള്ള സ്ഥാനാര്‍ഥി നിര്‍ണയവും ഒഴികെ ബാക്കിയൊക്കെ കോണ്‍ഗ്രസും പയറ്റിയ യുദ്ധമായിരുന്നു ഇത്.

'ജനാധിപത്യത്തിന്റെ പൊള്ളത്തരം അറിയണമെങ്കില്‍ ഒരു സാധാരണ വോട്ടറോട് രണ്ടു മിനിറ്റ് സംസാരിച്ചാല്‍ മതി..' എന്നു പറഞ്ഞത് വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ആണ്. തീവ്രദേശീയതയുടെയും വിദ്വേഷത്തിന്റെയും വിത്തു തഴയ്ക്കുകയും അതു വോട്ടാവുകയും ചെയ്യുന്ന സമകാലിക ഇന്ത്യ ഈ സത്യത്തിനു അടിവരയിടുന്നു.
Join WhatsApp News
Ninan Mathulla 2018-05-16 13:27:18
There is a saying the night will not end just because you had a sleep. What is the end result of Fascism and Nazism? History already replied to that in second World War in Italy and Germany. What is waiting for India is carnage and destruction if this trend continues. There is no hope for long term development of India as strength is in unity. You may get temporary election success through propaganda and lies as the way Hitler came to power in Germany.  But the end result was destruction. Pure self interest will not lead to success. We need cooperation from all the members of the family.
SchCast 2018-05-16 21:09:14
There is a saying the night will not end just because you had a sleep. What is the end result of Fascism and Nazism? History already replied to that in second World War in Italy and Germany. What is waiting for India is carnage and destruction if this trend continues. There is no hope for long term development of India as strength is in unity. You may get temporary election success through propaganda and lies as the way Hitler came to power in Germany.  But the end result was destruction. Pure self interest will not lead to success. We need cooperation from all the members of the family.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക