Image

മുഖ്യമന്ത്രി പുഞ്ചിരി ശീലിക്കണം (ഡി. ബാബുപോള്‍)

Published on 19 May, 2018
മുഖ്യമന്ത്രി പുഞ്ചിരി ശീലിക്കണം (ഡി. ബാബുപോള്‍)
നിത്യേന പത്തു വര്‍ത്തമാനപത്രങ്ങള്‍ വായിക്കുന്ന വ്യക്തി എന്ന നിലയില്‍ ആമുഖമായി രണ്ട് കാര്യങ്ങള്‍ പറഞ്ഞുവയ്‌ക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഒന്ന്, പിണറായി വിജയന്‍ ഒരു പത്രത്തില്‍ നിന്നും കാരുണ്യം കിട്ടാത്ത ഹതഭാഗ്യനാകയാല്‍ അദ്ദേഹം നയിക്കുന്ന സര്‍ക്കാരിനെക്കുറിച്ച് പത്രദ്വാരാ കിട്ടുന്ന വിവരങ്ങള്‍ പലതരം അരിപ്പകളിലൂടെ കടത്തിവിടാതെ വസ്തുനിഷ്ഠമായ ഒരു വിലയിരുത്തല്‍ അസാദ്ധ്യമാണ്. വി.എസാണ് കേരളം കണ്ട ഏറ്റവും വലിയ ആദര്‍ശധീരന്‍ എന്നും ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ മുഖ്യമന്ത്രി ആയിരുന്നവരില്‍ ഏറ്റവും വലിയ സ്ത്രീലമ്പടന്‍ എന്നും സത്യാനന്തര സമൂഹം നമ്മെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പോലും ഇത്ര അഭിപ്രായ ഐക്യം മാദ്ധ്യമലോകത്ത് നാം കണ്ടില്ല.

രണ്ട്, ഇവിടെ വിലയിരുത്തപ്പെടുന്നത് നിലവില്‍ ഭരണം കൈയാളുന്ന കേരളസര്‍ക്കാരാണ്, അതിനെ നയിക്കുന്ന രാഷ്ട്രീയകക്ഷിയല്ല. ആ കക്ഷി ഭരണത്തെ മലീമസമാക്കുകയോ വികലമാക്കുകയോ ചെയ്യുന്നതായി തോന്നിയാല്‍ അക്കാര്യം യഥാവസരം പറയേണ്ടിവരും എങ്കിലും കേരള സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ ജയരാജന്മാരെയും കാരായി സഹോദരന്മാരെയും നോക്കിയല്ല ആ കര്‍ത്തവ്യം നിര്‍വഹിക്കേണ്ടത്.<യൃ />

പിണറായിവിരോധം

ആദ്യത്തെ കാര്യം ആദ്യം പറയാം. കാസര്‍കോട്ട് ഒരു യോഗം ഉണ്ടായി. അവിടുത്തെ പൗരമുഖ്യരുമായി മുഖ്യമന്ത്രിയുടെ സംവാദം. കഴിഞ്ഞ രണ്ട് കൊല്ലത്തെ അനുഭവങ്ങളും അടുത്ത മൂന്നുകൊല്ലത്തെ സ്വപ്നങ്ങളും പങ്കുവയ്ക്കാന്‍ നടത്തിയ യോഗം. സത്യത്തില്‍ അത്യന്താപേക്ഷിതമായിരുന്നില്ലെങ്കിലും ജില്ലയിലെ മന്ത്രി എന്ന നിലയില്‍ ചന്ദ്രശേഖരന്‍ അവിടെ ഒരു സ്വാഗതപ്രസംഗം നടത്തി. ആ പ്രാരംഭചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. അവര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. സംഘാടകരുടെ അഭ്യര്‍ത്ഥന വിഫലമായപ്പോള്‍ മന്ത്രി തന്നെ അഭ്യര്‍ത്ഥിക്കേണ്ടിവന്നു. കേന്ദ്രത്തിലും ഇവിടെയും എത്രയോ സര്‍ക്കാര്‍ യോഗങ്ങളിലും സര്‍ക്കാരിതര യോഗങ്ങളിലും കണ്ടിട്ടുള്ള സംഗതിയാണ് യോഗാരംഭത്തിലോ ഉദ്ഘാടനചടങ്ങിലോ കുറേ പടം എടുത്ത് പിരിയാനും ശേഷം ബ്രീഫിംഗിന് കാത്തിരിക്കാനും മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കപ്പെടുന്നത്. വിവാഹഫോട്ടോഗ്രാഫര്‍ മണിയറയില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിക്കുമ്പോള്‍ ഇറക്കിവിടേണ്ടിവരും. കേരളകൗമുദിയും മനോരമയും മറ്റും കീശവരകള്‍ക്ക് വിഷയമാക്കിയത് നര്‍മ്മബോധമായി കാണാം. എങ്കിലും പിണറായിയെ വലിച്ചിഴച്ച് വാര്‍ത്ത പൊലിപ്പിച്ചതിന് ന്യായീകരണമില്ല. പിണറായി സ്വതവേ "കടക്കു പുറത്ത് 'എന്നല്ലാതെ പുറത്ത് കടക്ക് ' എന്ന് പറയാത്ത ആള്‍ തന്നെ. വരാപ്പുഴയിലെ വീട്ടില്‍ പോകാതിരിക്കാന്‍ കേരളദര്‍ശനയാത്ര നടത്തിയതും മാഹിയില്‍ പോയാലും ന്യൂമാഹിയില്‍ പോകാതിരിക്കുന്നതും ഒക്കെ വിമര്‍ശിക്കപ്പെടാം. അതൊക്കെ വേണം താനും. ഞായറാഴ്ചയിലെ വാര്‍ത്താവിന്യാസം തെളിയിക്കുന്ന പിണറായിവിരോധം നമ്മുടെ കാഴ്ചയ്ക്ക് മങ്ങലേല്പിക്കുന്നു എന്ന് പറയാനാണ് ഇത്രയും വിശദീകരിച്ചത്.

രണ്ടാമത്തെ കാര്യവും തഥൈവ. സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ മാത്രം ആവണം പരിഗണനയില്‍. കോടിയേരിയുടെ മകന്‍ ദുബായി നഗരത്തില്‍ വഴിയോരത്ത് മൂത്രംഒഴിച്ചാല്‍ അത് പിണറായി സര്‍ക്കാരിന്റെ കണക്കില്‍ ചേര്‍ക്കരുത്. അതേസമയം ആ യുവാവ് തന്റെ സ്വാധീനത ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും അവിഹിതമായി നേടിയെടുത്താല്‍ പറയാതിരിക്കയുമരുത്. ഈ അതിര്‍വരമ്പ് ലോലമോ തിരിച്ചറിയാന്‍ വയ്യാത്തതോ ഒന്നുമല്ല. അല്പം ഒന്ന് മനസിരുത്തി വിഷയം പരിശോധിക്കണം എന്ന് മാത്രം.

പൊലീസ് മോശമായി

ഇനി വിഷയത്തിലേക്ക്, ഈ സര്‍ക്കാരിന്റെ രണ്ടാമത്തെ വര്‍ഷം പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മോശമായി എന്ന് നിരീക്ഷിക്കാതെ വയ്യ. ലോകനാഥ് ബെഹ്‌റ ദേശീയതലത്തില്‍ പ്രശംസ നേടിയിട്ടുള്ള, സി.ബി.ഐ ഇത്യാദി സംഘടനകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ ആയിരിക്കെ ഇത് സംഭവിക്കാന്‍ രണ്ട് കാരണങ്ങള്‍ മാത്രമേ കാണാനാവൂ. ഒന്ന്, മുഖ്യമന്ത്രിയുടെ അശ്രദ്ധ അല്ലെങ്കില്‍ പിടിപ്പുകേട്. രണ്ട്, സേനയിലെ അദൃശ്യമായ അച്ചടക്കരാഹിത്യം തടയുന്നതില്‍ മധ്യനിരയില്‍ ഉണ്ടായ പാളിച്ചകള്‍.

പൊലീസുകാര്‍ക്കിടയിലെ രാഷ്ട്രീയം അപകടകരമാണ്. നാലര പതിറ്റാണ്ടുകള്‍ക്കപ്പുറം യു.പിയില്‍ ലോകം കണ്ടതാണ് അച്ചടക്കമില്ലാത്ത പൊലീസുകാര്‍ സമുദായത്തിന് എത്രദ്‌റോഹം ചെയ്യുമെന്ന്, എന്നിട്ടും നാം ഇവിടെ സംഘടന അനുവദിച്ചു. അതാകട്ടെ, നാള്‍തോറും രാഷ്ട്രീയച്ഛായ കൂടുതല്‍ കൂടുതല്‍ തെളിയിക്കാന്‍ തുടങ്ങി. പൊലീസ് അസോസിയേഷന്റെ യോഗവും രാഷ്ട്രീയകക്ഷിയുടെ യോഗവും തമ്മില്‍ തിരിച്ചറിയാനാവണമെങ്കില്‍ മാദ്ധ്യമങ്ങള്‍ ഇടപെടേണ്ടിവരുന്നു എന്നത് ബെഹ്‌റയ്ക്കും വിജയനും ഭൂഷണമല്ല. കോടിയേരിയുടെ കാലത്തെക്കാള്‍ മോശമാണ് പിണറായിയുടെ കാലം എന്ന് ധരിക്കാന്‍ ഇടകൊടുക്കരുത്. കോടിയേരി പാര്‍ട്ടിതലത്തിലും പിണറായി സര്‍ക്കാര്‍ തലത്തിലും അടിയന്തരമായി ശ്രദ്ധിക്കേണ്ട വിഷയമാണ് ഇത്.

പൊലീസിന് ഉപദേഷ്ടാവ് വേണ്ടതുണ്ടോ എന്നും ചിന്തിക്കണം. വ്യക്തിയെക്കുറിച്ചല്ല പറയുന്നത്, സംവിധാനത്തെക്കുറിച്ചാണ്. രമണ്‍ ശ്രീവാസ്തവ പ്രഗല്ഭനാണ്. ഞാന്‍ കളക്ടറായിരുന്ന സ്ഥലത്ത് എ.എസ്.പി ആയിരുന്ന കാലത്ത് സകലമാനപേരും സ്മാര്‍ട്ട് പയ്യന്‍' എന്ന് വിശേഷിപ്പിച്ചിരുന്ന വ്യക്തി. എന്നാല്‍ പൊലീസ് ഒരു ഏകശിലാഘടന ഉള്ള വകുപ്പാണ്. ഡി.ജി.പി സല്യൂട്ട് സ്വീകരിക്കുമ്പോള്‍ പഴയ ഡി.ജി.പിയുടെ ഉച്ഛ്വാസവായു ഭരിക്കുന്ന ഡി.ജി.പിയുടെ കഴുത്തില്‍ ചൂട് പകരുന്നത് നന്നല്ല. അത് ശ്രീവാസ്തവയല്ല ഇനി ശിങ്കാരവേലുവോ ജേക്കബ് പുന്നൂസോ ആയാലും. ആഭ്യന്തരവകുപ്പിന്റെ സെക്രട്ടറി ആയിരിക്കണം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്. കേരളത്തിന്റെ ചരിത്രത്തില്‍ പി.ടി. ചാക്കോയുടെ കാലത്ത് പി.ഐ. ജേക്കബും വയലാര്‍ രവിയുടെ ഭരണത്തില്‍ കാളീശ്വരനും മാത്രം ആണ് തലയെടുപ്പുള്ള ആഭ്യന്ത്രര സെക്രട്ടറിമാരായി വാഴ്ത്തപ്പെടുന്നവര്‍. എന്നാല്‍ ജേക്കബിനെയും കാളീശ്വരനെയും പോലെ ശോഭിക്കാന്‍ കഴിയുന്ന രണ്ട് മൂന്ന് ഉദ്യോഗസ്ഥര്‍ എങ്കിലും ഇപ്പോഴും സര്‍വീസില്‍ ഉണ്ടല്ലോ.

ശ്രീജിത്തിന് സംഭവിച്ച ദുരന്തം വെറും കസ്റ്റഡിമരണം ആയി എഴുതിത്തളരുത്. രാജന്റെയും ഉദയന്റേതും ഒക്കെ കസ്റ്റഡിമരണം ആയിരുന്നു. ഇവിടെ വൈര നിര്യാതനത്തിന് അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നതാണ് വിഷയം. എസ്.പി ഇങ്ങനെ ഒരു സേന ഉണ്ടാക്കിയത് തെറ്റല്ല. എന്നാല്‍ അവര്‍ തങ്ങള്‍ക്ക്തന്നെ നിയമാവലി എഴുതാന്‍ പുറപ്പെട്ടതാണ് തെറ്റായത്.

ചിരിക്കാത്ത മുഖം

ഇവിടെ മുഖ്യമന്ത്രിയുടെ ശരീരഭാഷ പരാമര്‍ശിക്കാതെ വയ്യ. പിണറായി വിജയന്റെ ഉള്ളില്‍ ആര്‍ദ്രഹൃദയനായ ഒരു നല്ല മനുഷ്യന്‍ ഉണ്ടെന്ന് അടുത്തറിയാവുന്നവര്‍ക്ക് അറിയാം. എന്നാല്‍ മാദ്ധ്യമങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുള്ള (അവര്‍ സൃഷ്ടിച്ചതല്ല) പ്രതിച്ഛായ നിസംഗതയോ ക്രൂരതയോ ബഹുമാനിയാണാരെയും തൃണവല്‍ എന്ന മനോഭാവമോ ഒക്കെ ദ്യോതിപ്പിക്കുന്നതാണ്. ചിരിക്കാത്ത ആ മുഖം പൊലീസ് സേനയിലെ അംഗങ്ങളില്‍ സ്വതവേ അക്രമവാസന ഉള്ളവര്‍ക്ക് പ്രചോദനസ്രോതസ് ആയി ഭവിക്കുന്നുണ്ട് എന്ന് സംശയിക്കണം. അച്ചുതമേനോന്റെ മുഖത്തും സമാനമായ നിസംഗത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ആഭ്യന്തരമന്ത്രി അല്ലാതിരുന്നതിനാലാവാം അത് ഇത്ര ഭയം ജനിപ്പിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടിയെ പോലെ ആകണ്ട. നായനാരെ പോലെ ആകാന്‍ പിണറായിക്ക് കഴിയുകയില്ല. കരുണാകരനാവാം മാതൃക. അത്യാവശ്യം ചിരി. കണ്ണിറുക്കല്‍, അതേസമയം കളി സൂക്ഷിച്ചുവേണം എന്ന പ്രതീതി സൃഷ്ടിക്കുക. അതിലും ശ്രേഷ്ഠമായിരുന്നു സീയെച്ചിന്റെ ഹ്രസ്വകാലം. ഭവാന്‍ അല്പം അങ്ങോട്ട് മാറി നിന്നാല്‍ അസ്മാദൃശന്മാര്‍ക്ക് അസൗകര്യം കുറയുമായിരുന്നു' എന്നൊന്നും പറയണ്ട, എങ്കിലും "കടക്ക് പുറത്ത്'എന്നതിന് പകരം "പുറത്തേക്ക് പോവുക' എന്ന് പറഞ്ഞ് ശീലിക്കണം. വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ അങ്ങനെ ആയിരുന്നല്ലോ. ഞാനാണ് ആഭ്യന്തരമന്ത്രി എങ്കിലും നമ്മുടെ പൊലീസ് തൊഴിക്കും. പിന്നെ ഇങ്ങനെ ഒരു ശരീരഭാഷ നല്‍കുന്ന സന്ദേശം കൂടി ആയാലോ

പൊലീസ് വഴി ആണ് സര്‍ക്കാരിന്റെ ചീത്തപ്പേര് കൂടുതല്‍ ഉണ്ടാവുന്നത് എന്നതിനാലാണ് ഇത്രയും പറഞ്ഞത്. എന്നാല്‍ ഒപ്പം പറയട്ടെ, പിണറായി നല്ല മുഖ്യമന്ത്രിയാണ്. കഴിഞ്ഞവര്‍ഷം ഞാന്‍ അറുപത് ശതമാനം മാര്‍ക്ക് നല്‍കിയിരുന്നു. ഇത്തവണ അത് അറുപത്തിയഞ്ചായി ഉയര്‍ത്താം.

മുഖ്യമന്ത്രിയുടെ പൊലീസില്‍ നിന്നുതന്നെ തുടങ്ങാം. സ്ഥിതിവിവരക്കണക്കുകള്‍ പിണറായി ഭരണത്തിന് അനുകൂലമാണ്. രാഷ്ട്രീയാതിക്രമങ്ങള്‍ കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളും കുറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ രാജഭരണകാലത്തെപ്പോലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കാന്‍ തീരുമാനിച്ചത് നന്നായി. അത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കണം. പിങ്ക് പട്രോള്‍, പിങ്ക് ബീറ്റ്, ഫോണ്‍കോളിന്റെ ഉറവിടം ജി.ഐ.എസ് ജി.പി.എസ് വഴി കണ്ടെത്താനുള്ള സംവിധാനം, സ്ത്രീസുരക്ഷയ്ക്കുള്ള നിര്‍ഭയ വോളന്റിയര്‍മാര്‍, സ്ത്രീകള്‍ക്ക് പ്രതിരോധപരിശീലനം, സാങ്കേതിക സംവിധാനങ്ങള്‍ക്കും ഐ.ടി സേവനങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം, പുതിയ സമ്പ്രദായത്തിലുള്ള ഇന്ററോഗേഷന്‍ മുറികള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായി പാലായിലേത് പോലെ ഹോട്ട് ലൈന്‍, ഐ.എസ്.ഒ അംഗീകാരമുള്ള സൈബര്‍ ഡോം, ഇങ്ങനെയൊക്കെ ഒരുപാട് സംഗതികള്‍ ആ വകുപ്പില്‍ നടന്നുവരുന്നുണ്ട്. പറഞ്ഞിട്ടെന്താ, എല്ലാറ്റിന്റെയും ശോഭ കെടുത്താന്‍ ഒരു വരാപ്പുഴകേസ് മതിയല്ലോ.

ഐ.ടി മേഖല

ഐ.ടി മേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ നിശബ്ദമായി നടന്നുവരുന്നുണ്ട്. പതിന്നാല് ലക്ഷം ചതുരശ്രയടി പുതിയ കെട്ടിടങ്ങള്‍, നൂറോളം പുതിയ കമ്പനികള്‍, സോഫ്ട് വെയര്‍ കയറ്റുമതിയില്‍ ഇരുപത് ശതമാനം വര്‍ദ്ധന, അന്താരാഷ്ട്ര വിദഗ്ദ്ധരും വ്യവസായികളും ഒത്തുചേര്‍ന്ന ഹാഷ് ഫ്യൂച്ചര്‍ എന്ന ഡിജിറ്റല്‍ സമ്മേളനം, ടെക്‌നോസിറ്റി, അടുത്ത ഘട്ടത്തിലെ വേള്‍ഡ് ടെക്‌നോളജി സെന്ററിന്റെ പ്രാരംഭപ്രവൃത്തികള്‍, കൊരട്ടി ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇങ്ങനെ പോകുന്നു ആ മേഖലയിലെ നേട്ടങ്ങള്‍, സ്വപ്നങ്ങളല്ല, കൈവരിച്ചുകഴിഞ്ഞ നേട്ടങ്ങള്‍.

മുഖ്യമന്ത്രിയുടെ നിര്‍ലോപമായ പ്രോത്സാഹനത്തിന് മാത്യു ടി. തോമസ് നേതൃത്വം നല്‍കുന്ന മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ നാം കാണാതിരുന്നുകൂടാ.

വരട്ടാര്‍

വരട്ടാറിന്റെ പുനരുജ്ജീവനം ഈ മന്ത്രിസഭ കൊണ്ടുവന്ന പുതിയ ആശയം ഒന്നുമല്ല. അരനൂറ്റാണ്ടിനപ്പുറം പമ്പയുടെ പോഷകനദിയായ വരട്ടാര്‍ ജലസമൃദ്ധവും ചരക്കുവഞ്ചികള്‍ നിരന്തരം ഉപയോഗിച്ചിരുന്ന ജലപാതയും ആയിരുന്നു. പിന്നെപ്പിന്നെ ഒഴുക്ക് കുറഞ്ഞു. കൈയേറ്റം കൂടി. വെള്ളത്തിന്റെ വഴിയില്‍ തെങ്ങും പ്ലാവും വളര്‍ന്നു. അതൊക്കെ ഒഴിവാക്കി വേണം ഭഗീരഥന്റെ പ്രയത്‌നം ഫലം കാണാന്‍. ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും മനുഷ്യരെ കാര്യം ബോദ്ധ്യപ്പെടുത്തി. മാത്യു ടി. തോമസും തോമസ് ഐസക്കും പുഴയോരത്തുകൂടെ നടന്നു. ജനം തങ്ങളുടെ ദേഹണ്ഡങ്ങള്‍ നാടിന്റെ നന്മയ്ക്കായി സ്വയം വിട്ടുകൊടുത്തു. ഇങ്ങനെ ഒരു ജനകീയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ വിജയമാണ്. കാമറകളുടെ മുന്നില്‍ ഗീര്‍വാണം പറയുകയല്ല സര്‍ക്കാര്‍ ചെയ്തത്. അതായിരുന്നു വിജയരഹസ്യവും. വരട്ടാറില്‍ വീണ്ടും വെള്ളം ഒഴുകി. ഇനി ഇരുകരകളും വൃക്ഷലതാദികള്‍ വളര്‍ത്തും. പക്ഷികളും ചിത്രശലഭങ്ങളും വരും.

വരട്ടാര്‍ മാത്രം അല്ല, തെക്കന്‍ കേരളത്തില്‍ കോലറയാര്‍, കുട്ടമ്പെരൂറാര്‍, മീന്തലയാര്‍, പള്ളിക്കലാര്‍, വടക്ക് പൂന്തുരാര്‍, കാനാമ്പുഴ എന്നിവ പുനരുജ്ജീവനം പ്രാപിച്ച നദികളാണ്. കിള്ളിയാറിലും പമ്പയുടെയും ഭാരതപ്പുഴയുടെയും ചില ഭാഗങ്ങളിലും ഇതേ പരിപാടി നടക്കുന്നു. ജനങ്ങള്‍ സക്രിയമായി ഇടപെടുന്നു എന്നതാണ് രഹസ്യം. സ്വാതന്ത്ര്യസമരകാലത്ത് എന്നതുപോലെ ഒരു ഗാന്ധിയന്‍ ആവേശം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞതാണ് പിണറായിയുടെയും മാത്യു തോമസിന്റെയും വിജയം. പ്രതിപക്ഷത്ത് എം.എല്‍.എ ആയിരിക്കുമ്പോള്‍ തന്നെ ഈ ജനകീയത പ്രവര്‍ത്തിപഥത്തില്‍ എത്തിച്ച തോമസ് ഐസക് തോല്‍ക്കാതെ തൊപ്പിയിട്ട് ഇറങ്ങിയപ്പോള്‍ ആലപ്പുഴക്കഥകള്‍ കേട്ടറിഞ്ഞ ജനം ആവേശം പൂണ്ടു. പുറമേ ആരും ശ്രദ്ധിക്കാത്ത ഒരു വലിയ വിപ്ലവമാണ് നമ്മുടെ പുഴയോരങ്ങളില്‍ നടക്കുന്നത്.

വിജയഗാഥ

പൊതുജനം വേണ്ടത്ര തിരിച്ചറിയാതെ പോകുന്ന മറ്റൊരു വിജയഗാഥയാണ് മന്ത്രി ശൈലജയും അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ചേര്‍ന്ന് ആരോഗ്യമേഖലയില്‍ രചിച്ചുകൊണ്ടിരിക്കുന്നത്. ഒരു പതിറ്റാണ്ടിനപ്പുറം നമ്മുടെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രമാക്കി ബ്രിട്ടനിലേത്‌പോലെ ഒരു കുടുംബ ഡോക്ടര്‍ സംവിധാനം ഉണ്ടാക്കണമെന്ന് എഴുതിയത് ഇപ്പോള്‍ ഓര്‍മ്മിച്ചുപോകുന്നു. അതിന്റെ കുറേക്കൂടി പരിഷ്കൃതമായ ഒരു രൂപമാണ് ഇഹെല്‍ത്ത് പ്രോജക്ട്. രോഗികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യുക എന്നതാണ് അടിസ്ഥാനം. ഞാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിടത്ത് എത്തണമെങ്കില്‍ അരോഗ ദൃഢഗാത്രരുടെ വിവരങ്ങളും കൂടെ ഉണ്ടാകണം. ഒരു നിശ്ചിതസംഖ്യ കുടുംബങ്ങളുടെ വിളിപ്പുറത്ത് ഒരാള്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ക്ക് ചുമതലയും ഉണ്ടാകണം. ആ വഴി തേടാതെ ദ്വിതീയ തൃതീയ തലങ്ങളില്‍ തള്ളിക്കയറുന്ന സമ്പ്രദായം ഒഴിവാക്കണം. ഇഹെല്‍ത്ത് പദ്ധതി അങ്ങനെ ഒരു സമഗ്രാരോഗ്യസംവിധാനത്തിന്റെ തുടക്കമാണ്.

സാന്ത്വനചികിത്സ

ശൈലജ രാജീവ് ടീം ശ്രദ്ധിച്ച മറ്റൊരിടം സാന്ത്വനചികിത്സയാണ്. ഡോ. എം.ആര്‍. രാജഗോപാല്‍ സ്വന്തനിലയ്ക്ക് തുടങ്ങിയ ഈ പരിപാടി എല്ലാ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും വ്യാപിപ്പിക്കുന്നത് ഒരു വലിയ കുതിച്ചുചാട്ടം ആണ്. അഞ്ഞൂറോളം പേരെ ഇതിനായി നിയമിക്കുന്നു എന്നാണ് കേട്ടത്. പുരോഗതി കൃത്യമായി അറിവില്ല. എങ്കിലും സര്‍ക്കാരിന്റെ രണ്ടാംവര്‍ഷത്തെ ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ് സാന്ത്വനചികിത്സാരംഗത്തെ ഈ പരിപാടി.

ഭാരതത്തില്‍ ആദ്യമായി കേരളം നടപ്പാക്കുന്ന മറ്റൊരു പദ്ധതി ഉണ്ട്. സേഫ് കിറ്റ്. സേഫ് സമം സെക്&്വംിഷ;ഷ്വല്‍ അസോള്‍ട്ട് ഫോറന്‍സിക് എവിഡന്‍സ്. ലൈംഗികാതിക്രമത്തിന് ഇരയാവുന്ന സ്ത്രീക്ക് പരിശോധനകള്‍ നടത്താനും തെളിവ് ശേഖരിക്കാനും ഒക്കെയുള്ള ഒരു പരിപാടിയാണിത്. ഒപ്പം പരാമര്‍ശിക്കണം ഹൃദ്യം' വെബ് രജിസ്‌ട്രേഷന്‍ വഴി സൗജന്യ ഹൃദയശസ്ത്രക്രിയ സാദ്ധ്യമാകുന്ന രീതി. മുന്നൂറിലധികം കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടതും രണ്ട് ദേശീയ പുരസ്കാരങ്ങള്‍ നേടിയതുമാണ് സംഗതി. ശൈലജയുടെ കണ്ണാടിയും ഭര്‍ത്താവിന്റെ ചികിത്സാച്ചെലവും ആഘോഷമാക്കുന്നതിനിടയില്‍ അവരുടെ വകുപ്പില്‍ ചില നിശബ്ദവിപ്‌ളവങ്ങള്‍ നടക്കുന്ന കാര്യം പറയാതിരുന്നാല്‍ ധര്‍മ്മവിലോപം ആകും എന്നതിനാലാണ് ഇത് പ്രത്യേകം എടുത്തു പറയുന്നത്

റോഡുകള്‍

മന്ത്രി സുധാകരന്‍ നമ്മുടെ റോഡുകള്‍ക്ക് നല്‍കിയ സംഭാവനയും വഴിയാത്രക്കാരായ നമുക്ക് ശ്രദ്ധിക്കാതെ വയ്യ. രണ്ട് വഴികളിലാണ് ഇത് പ്രധാനം. ഒന്ന് നമ്മുടെ പഴയ നാഷണല്‍ ഹൈവേ. എന്റെ തലമുറയുടെ സമയം ഏറെ കവര്‍ന്നെടുത്തിട്ടുള്ളതാണ് അതിന്റെ നിര്‍മ്മിതി. പിന്നിപ്പിന്നെ അറ്റകുറ്റപ്പണികള്‍ വേണ്ടസമയത്ത് വേണ്ടതുപോലെ ചെയ്യാത്തതും മാരുതിയോടെ ആരംഭിച്ച വാഹനവിപ്ലവവും ആ പാതയുടെ മാനം കെടുത്തി. നായനാര്‍ മന്ത്രിസഭയിലെ പി.ജെ. ജോസഫ് എം.സി റോഡിനെ മണവാട്ടിയാക്കിയപ്പോള്‍ നാഷണല്‍ ഹൈവേ കാസരോഗിയായ ഒന്നാം കെട്ടിയോള്‍ ആയി. ആ ദുരവസ്ഥയില്‍ നിന്നാണ് സുധാകരന്‍, പണ്ട് ഫാസ്റ്റ് പാസഞ്ചറിന്റെ പിറകെ ഓട്ടോറിക്ഷയില്‍ വച്ചുപിടിച്ച അതേ നിശ്ചയ ദാര്‍ഢ്യത്തോടെ ഹൈവേയെ രക്ഷിച്ചെടുത്തത്. രണ്ടാമത്തേത് പുതിയ പാതകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതില്‍ മന്ത്രി കാണിക്കുന്ന താത്പര്യം. പ്ലാസ്റ്റിക്കും റബറും റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്തുന്നതും കൊല്ലം ബൈപാസിന്റെ പുരോഗതി ശ്രദ്ധേയമാവുന്നതും ഉള്‍പ്പെടെ ഒരുപന്യാസത്തിനുള്ള വകയുണ്ട് ഈ വകയില്‍.

ചില നയവ്യതിയാനങ്ങള്‍ ശ്രദ്ധിച്ച മേഖലകളാണ് ഇവിടെ എടുത്തുപറഞ്ഞത്. സ്ഥാലീപുലാകന്യായം അനുസരിച്ച് പറഞ്ഞാല്‍ പിണറായി ഭരണം കൊള്ളാം എന്ന അനുമാനത്തിലെത്താന്‍ ഇത്രയും മതി. എന്നാല്‍ തുടങ്ങിയേടത്ത് മടങ്ങാതെ നിര്‍ത്താനാവുന്നില്ല. പൊലീസാണ് പ്രതിച്ഛായയുടെ കാര്യത്തില്‍ ഏറ്റവും വലിയ പ്രശ്‌നം.

കാക്കിവത്കരണം

കാവിവത്കരണത്തേക്കാള്‍ ഭേദം അരുണവത്കരണമാണ് എന്ന് മുഖ്യമന്ത്രി പറയരുത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാക്കിവത്കരണമാണ്.

സമൂഹത്തില്‍ കുറ്റകൃത്യങ്ങളും അക്രമവാസനകളും ഏറിവരുന്നുണ്ട്. പത്ത് അതിക്രമങ്ങള്‍ തടയാനായാലും പതിനൊന്നാമത്തേത് ആരോപണകാരണമാകും. പത്രങ്ങള്‍ എതിരാണ് ; എല്ലാം ശരി. അപ്പോള്‍ 57ലെ കുഞ്ഞു ചെറുക്കന്മാരുടെ സെല്‍ഭരണവും അസോസിയേഷന്‍ സഖാക്കളുടെ രക്തസാക്ഷിവന്ദനവും കൂടെ ആയാലോ പിണറായിയുടെ പായസക്കലത്തില്‍ പൊലീസുകാരും കുഞ്ഞുചെറുക്കന്മാരും പാവയ്ക്കാ അരിഞ്ഞിടാന്‍ അനുവദിക്കരുത്. പഴയ എസ്.എഫ്.ഐ നേതാവല്ല, കേരളത്തിലെ കോണ്‍ഗ്രസുകാരും ഭാ.ജ.പാര്‍ട്ടിക്കാരും ഉള്‍പ്പെടെ സകലരുടെയും മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ പ്രാഗല്ഭ്യം തെളിയിച്ചു. പാര്‍ട്ടിസെക്രട്ടറി ആയിരുന്നപ്പോള്‍ അതുല്യത തെളിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിലും ഭംഗിയായി തന്നെ ഭരണകാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് സൂക്ഷ്മദൃക്കുകള്‍ സമ്മതിക്കും. പക്ഷേ പ്രതിച്ഛായ മോശം. അതിന്റെ അടിസ്ഥാനകാരണം പൊലീസ് വകുപ്പ് തന്നെ. പിന്നെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും രണ്ടും ശരിയാക്കാവുന്നതേയുള്ളൂ.ശുഭമസ്തു.
Join WhatsApp News
വിദ്യാധരൻ 2018-05-19 23:52:06

ആർക്കറിയാം പിണറായിയുടെ ദുഃഖം .  ചിരിക്കുവാൻ പറയുവാൻ എന്തെളുപ്പം 

ചിരിക്കുമ്പോള്‍ കൂടെച്ചിരിക്കാന്‍ 
ആയിരം പേര്‍ വരും
കരയുമ്പോള്‍ കൂടെക്കരയാന്‍ 
നിന്‍ നിഴല്‍ മാത്രം വരും
നിന്‍ നിഴല്‍ മാ‍ത്രം വരും
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
സുഖം ഒരു നാള്‍ വരും വിരുന്നുകാരന്‍
ദുഃഖമോ പിരിയാത്ത സ്വന്തക്കാരന്‍
(ചിരിക്കുമ്പോള്‍...)

കടലില്‍ മീന്‍ പെരുകുമ്പോള്‍ 
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടലില്‍ മീന്‍ പെരുകുമ്പോള്‍ 
കരയില്‍ വന്നടിയുമ്പോള്‍
കഴുകനും കാക്കകളും പറന്നു വരും
കടല്‍ത്തീരമൊഴിയുമ്പോള്‍ 
വലയെല്ലാമുണങ്ങുമ്പോള്‍
അവയെല്ലാം പലവഴി പിരിഞ്ഞുപോകും 
അവയെല്ലാം പലവഴി പിരിഞ്ഞുപോകും

കരഞ്ഞു കരഞ്ഞു കരള്‍ തളര്‍ന്നൂ
കരഞ്ഞു കരഞ്ഞു കരള്‍ -
തളര്‍ന്നു ഞാനുറങ്ങുമ്പോള്‍ 
കഥ പറഞ്ഞുണര്‍ത്തിയ കരിങ്കടലേ - കരിങ്കടലേ
കനിവാര്‍ന്നു നീ തന്ന കനകത്താമ്പാളത്തില്‍
കണ്ണുനീര്‍ ചിപ്പികളോ നിറച്ചിരുന്നു
കണ്ണൂനീര്‍ ചിപ്പികളോ നിറച്ചിരുന്നു
(ചിരിക്കുമ്പോള്‍...)                                (-ശ്രീകുമാരൻ തമ്പി  )

 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക