Image

കാലം മാറി, കഥമാറി.... ആര്‍.സി.സി.മാത്രം...? (ഭാഗം1: ഡോ.എം.വി.പിള്ള)

Published on 22 May, 2018
കാലം മാറി, കഥമാറി.... ആര്‍.സി.സി.മാത്രം...? (ഭാഗം1: ഡോ.എം.വി.പിള്ള)
ആരോപണകൊടുങ്കാറ്റില്‍ ആടി ഉലയുകയാണ് നമ്മുടെ പൊതുസ്വത്തും കാന്‍സര്‍ ചികിത്സയില്‍ കേരളത്തിലെ ഏറ്റവും വലിയ സ്ഥാപനവുമായ തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍.സി.സി.)

ഒട്ടുമിക്ക പൊതുമേഖലാ സ്ഥാപനങ്ങളെയും പോലെ ആധുനിക കാലത്തിന്റെ വെല്ലുവിളികള്‍ അറുപഴഞ്ചന്‍ രീതിയില്‍ കൈകാര്യം ചെയ്യുന്നതാണ് അടിസ്ഥാന കാരണം. സേവനമേഖലയിലെ ഒരു പ്രത്യേക വിഭാഗത്തെയോ ജീവനക്കാരില്‍ ചിലരെയൊ പഴിചാരുന്നതില്‍ ഒരുര്‍ത്ഥവുമില്ല. പാലത്തിനു ബലം കൂട്ടാന്‍ നരബലി നടത്തിയിരുന്നതു പോലെ പ്രാകൃതമായ ഒരാചാരമായി അതവസാനിക്കുകയേ ഉള്ളൂ.

നമ്മള്‍ എങ്ങിനെ ഈ പതനത്തില്‍ എത്തി എന്നൊരു ആത്മപരിശോധനയ്ക്കു പറ്റിയ ഒരവസരമായിരിക്കാം ഇപ്പോള്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ അന്ത്യം വരെ കേരളത്തിലെ ഒരു കാന്‍സര്‍ ആശുപത്രിയില്‍ രോഗി മരിച്ചാല്‍ അതില്‍ ഒരസാധാരണത്വം സമൂഹം കണ്ടിരുന്നില്ല. മാരകമായ ഒരു രോഗത്തിനടിപ്പെട്ടു. ചികിത്സയില്ല....തലവിധി, ദുര്യോഗം, അത്രയ്‌ക്കേ ആയുസ്സുള്ളൂ..... വിവിധ വിഹിത മേവനും ലംഘിച്ചുകൂടുമോ തുടങ്ങിയ സാന്ത്വന വാക്കുകളില്‍ ജനം അഭയം തേടിയിരുന്നു.....

വിധി എന്ന വാക്ക് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യശാസ്ത്രലോകം അംഗീകരിക്കുന്നില്ല. ഈ ഭൂമിയില്‍ മനുഷ്യനസാദ്ധ്യമായൊന്നുമില്ലെന്നും എന്തും ഏതും നിയന്ത്രിച്ചു മനുഷ്യര്‍ക്കധീധമാക്കാമെന്നുമുള്ള അവരുടെ വിശ്വാസമാണ് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളുടെ ചികിത്സയില്‍ ലോകം കൈവരിച്ച അത്ഭുതകരമായ നേട്ടങ്ങളുടെ അടിസ്ഥാനം. മാദ്ധ്യമങ്ങളുടെ വളര്‍ച്ചയിലൂടെയും സാമൂഹ്യ മാദ്ധ്യമങ്ങളുടെ സ്വാധീനത്തിലും അഭ്യസ്തവിദ്യരായ കേരളീയര്‍ ഈ ശാസ്ത്രനേട്ടങ്ങള്‍ അപ്പപ്പോള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. ചികിത്സാകേന്ദ്രങ്ങളുടെ പ്രശസ്തി ഗണത്തില്‍ നിന്നും(ക്വാണ്ടിറ്റി) ഗുണത്തിലേക്കു അതിവേഗം മാറിയിരിക്കുന്നു. ആര്‍.സി.സി.യില്‍ 201718 ല്‍ 16176 പുതിയ കേസുകളും രണ്ടുലക്ഷത്തിലധികം രോഗികള്‍ തുടര്‍ പരിശോധനയ്ക്കും എത്തിയ വിവരം അത്ഭുതാദരങ്ങളോടെ നോക്കി കാണുന്നവര്‍ ഇന്നും വിരളം.

ഏറ്റവും മികച്ച കാന്‍സര്‍ ചികിത്സാകേന്ദ്രത്തിലെ ചികിത്സയുടെ ഗുണനിലാരമാണ് ഇന്നും ജനം പ്രതീക്ഷിക്കുന്നത്. എച്ച്. ഐ.വി. തടയാനുള്ള നടപടികളിലെ അപകാതകള്‍ വലിയ ജനശ്രദ്ധ ആകര്‍ഷിക്കുന്നതും അതുകൊണ്ടാണ്. അത്യാധുനിക ഉപകരണങ്ങളുടെ അഭാവം, അപര്യാപ്ത ചികിത്സാനടപടികളിലെ പാകപ്പിഴകള്‍ ഇവയൊക്കെ ബിരുദബിരുദാനന്തര പരിശീലനം നടത്തുന്ന ഒരു സ്ഥാപനത്തില്‍ വരുത്തി തീര്‍ക്കുന്ന ദുരന്തം ദൂരവ്യാപകമായിരിക്കും.

കാരണം തെറ്റായ രീതിയില്‍ കണ്ടു പഠിച്ചു പുറത്തിറങ്ങുന്ന സ്‌പെഷ്യലിസ്റ്റുകള്‍ കൈയിലേന്തുന്ന അറിവിന്റെ ദീപങ്ങള്‍ കടുത്ത മത്സരത്തില്‍ നിലകൊള്ളുന്ന സ്വകാര്യ മേഖലയിലേക്കിറങ്ങുമ്പോള്‍ പെട്ടെന്ന് അണഞ്ഞുപോകും. അതാകാം കവി പറഞ്ഞത് 'വണ്ടേ നീ ഉലയുന്നു.... വിളക്കും നീ കെടുത്തുന്നു...'

എത്രയും വേഗം ആര്‍.സി.സി.യെ ലോകത്തിലെ മികച്ച ചികിത്സാസ്ഥാപനങ്ങളോടൊപ്പമെത്തിക്കാന്‍ നാം ഇനിയും അമാന്തിച്ചുകൂടാ....

തുടരും

(NCPR) ഇന്റര്‍നാഷ്ണല്‍ നെറ്റ് വര്‍ക്ക് ഫോര്‍ കാന്‍സര്‍ ട്രീറ്റ് ആന്റ് റിസര്‍ച്ച് എന്ന അമേരിക്കന്‍ സംഘടനയുടെ പ്രസിഡന്റും, തോമസ് ജഫേഴ്‌സണ്‍ യൂണിവേഴ്‌സിറ്റി ഓങ്കോളജി ക്ലിനിക്കല്‍ പ്രൊഫസറുമാണ് ലേഖകന്‍.
Join WhatsApp News
വിദ്യാധരൻ 2018-05-22 23:19:57
ശ്രുതാദ്ധ്യായന സമ്പന്നഃ 
ധർമ്മജ്ഞ സത്യവാദിനഃ 
രാജ്ഞാസഭാ സദഃ കാര്യഃ 
രിപൗ മിത്രേ ച യേസമാഃ  (യാജ്ഞവല്ക്യൻ)

വേദഗ്രന്ഥങ്ങളും ധർമ്മശാസ്ത്രങ്ങളും നല്ലതുപോലെ പഠിച്ചിട്ടുള്ളവരും സത്യവാന്മാരുമായ പണ്ഡിതന്മാരെ മാത്രമേ ന്യാധിപതികളായി നിയമിക്കാവു അങ്ങനെ നിയമിക്കപ്പെടുന്നവർക്ക് ഒരിക്കലും ശത്രുമിത്രഭേദം പാടില്ല . ഏതൊരു പ്രസ്ഥാനത്തിന്റയും തലപ്പത്തിരിക്കുന്നവർ 'കട്ടുഭുജിച്ചാൽ  അമ്പലവാസികൾ ഒക്കെ കക്കും " പുകയുള്ളിടത്ത് തീയും കാണുമെന്നു പറഞ്ഞതുപോലെ ആരോപണത്തിന്റെ കൊടുങ്കാറ്റുണ്ടെങ്കിൽ അതിന്റെ  പിന്നിൽ എന്തെങ്കിലും കാണും എന്ന് സംശയിക്കാം . കേരളത്തിൽഎന്നല്ല ലോകത്തിലെ ഏതു പ്രസ്ഥാനളും ഇന്ന്   ആരോപണങ്ങളിലും  അഴുമതികളിലും മുങ്ങി നില്ക്കുന്നു. അമേരിക്ക പോലെ ലോക രാഷ്ട്രങ്ങൾക്ക് മാതൃക ആകേണ്ട രാജ്യം ആരോപണത്തിന്റയും അഴുമതിയുടെയും ചുഴിയിൽ വലിച്ചാഴ്ത്തപ്പെടുകയാണ് .  സത്യവാന്മാരും  പണ്ഡിതരുമായ നേതൃത്വങ്ങൾ ഇന്ന് ഇല്ലാതായിരിക്കുന്നു . അഴിമതി ആരോപണത്തിൽ പെടാത്ത എത്ര നേതാക്കൾ കേരളത്തിൽ ഉണ്ട് ? ആതുര ശുശ്രൂഷയുടെ പേരിൽ പരിചാരിണികൾക്ക് അവരർഹിക്കുന്ന വേതനം കൊടുക്കാതെ പണം ഉണ്ടാക്കുന്ന  മതസ്ഥാപനങ്ങൾ, ആരോഗ്യമുള്ള രോഗികൾക്ക് കീമോ നൽകി പണം കൊള്ളയടിച്ച ഫരീദ ഫത്ത ഇങ്ങനെയുള്ളവർ,  വസിക്കുന്ന ഈ പ്രപഞ്ചത്തിൽ വേണ്ടത് സത്യവാന്മാരും പണ്ഡിതരും ധീരരുമായ നേതൃത്വമാണ് വേണ്ടത് . 'എമ്പ്രാനിത്തിരി കട്ടുഭുജിച്ചാൽ അമ്പലവാസികൾ ഒക്കെ കക്കും"
    
"തന്റെ ദൗത്യത്തിൽ  കെടുത്താവാനാത്ത വിശ്വാസവും ഉറപ്പുമുള്ള    ഒരു ചെറു ശരീരത്തിലെ ആത്മാവിന്  ലോക ഗതിയെ മാറ്റി മരിയ്ക്കാനാവും"  (ഗാന്ധി )
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക