Image

കല കുവൈറ്റ് നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

Published on 22 May, 2018
കല കുവൈറ്റ് നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇ.കെ. നായനാര്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. മംഗഫ് കല സെന്ററില്‍ നടന്ന പരിപാടിയില്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത്കുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. 

ഗള്‍ഫ് മലയാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമം മുന്നില്‍ കണ്ട് രൂപം നല്‍കിയ പ്രവാസി സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതിയും പ്രവാസി സാമൂഹ്യക്ഷേമ പദ്ധതിയും വഴി പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്‌നപരിഹാരങ്ങള്‍ക്കും ഒട്ടേറെ കര്‍മ പരിപാടികളാണ് നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയിരുന്നതെന്ന് അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. 

കര്‍ണാടകയിലെ അവിശുദ്ധ രാഷ്ട്രീയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഈ വേളയിലാണ് നാം സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ നായനാരുടെ സ്മരണ പുതുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല കുവൈറ്റ് പ്രസിഡന്റ് ആര്‍.നാഗനാഥന്‍ അധ്യക്ഷത വഹിച്ചു. ഗീത സുദര്‍ശന്‍ അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു. കല കുവൈറ്റ് ആക്ടിംഗ് സെക്രട്ടറി എം.പി മുസ്ഫര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശാസ്ത്രജ്ഞനും മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. ടി.പി.ശശികുമാര്‍, കല കുവൈറ്റ് ട്രഷറര്‍ രമേശ് കണ്ണപുരം, വൈസ് പ്രസിഡന്റ് പ്രസീത് കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. ഫഹാഹീല്‍ മേഖലാ സെക്രട്ടറി രവീന്ദ്രന്‍ പിള്ള നന്ദി പറഞ്ഞു. തുടര്‍ന്നു കലയുടെ പ്രവര്‍ത്തകര്‍ ഒരുക്കിയ സംഗീത പരിപാടിയും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക