Image

ഒര്‍ലാന്റോ സെന്റ് മേരീസ് ഇടവകയില്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് സ്വീകരണം

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2018
ഒര്‍ലാന്റോ സെന്റ് മേരീസ് ഇടവകയില്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് സ്വീകരണം
ഒര്‍ലാന്റോ: പെന്തക്കുസ്താ തിരുനാള്‍ വാരാന്ത്യത്തില്‍, തക്കല രൂപതാമെത്രാന്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിനെ ഒര്‍ലാന്‍റോ സെന്‍റ് മേരീസ് സീറോ മലബാര്‍ ഇടവകയിലേക്ക് വികാരി ബഹു. കുര്യാക്കോസ് വടാന സ്വാഗതം ചെയ്തു. ഇത് അഭിവന്ദ്യ പിതാവിന്‍റെ ഒര്‍ലാന്റോ ഇടവകയിലെ പ്രഥമ സന്ദര്‍ശനമായിരുന്നു. അദ്ദേഹത്തിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍, ഇടവകയിലെ പന്ത്രണ്ട് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണം 2018 മേയ് 19 ശനിയാഴ്ച മംഗളകരമായി ആഘോഷപൂര്‍വ്വം നടന്നു.

ഏറെ നാളത്തെ പ്രാര്‍ത്ഥനകള്‍ക്കും ഒരുക്കങ്ങള്‍ക്കും ശേഷമാണ് കൂദാശകളുടെ കൂദാശയായ വിശുദ്ധ കുര്‍ബാന കുഞ്ഞുങ്ങള്‍ ആദ്യമായി സ്വീകരിച്ചത്. പാരമ്പര്യത്തിന്‍റെ പകിട്ടാര്‍ന്ന ആചാരങ്ങളോടെ പ്രഥമ ദിവ്യകാരുണ്യസ്വീകരണാര്‍ത്ഥികള്‍ മുഖ്യകവാടത്തില്‍ കൈകഴുകലിന് ശേഷം മദുബഹയിലെ നിലവിളക്കില്‍നിന്നും തിരികള്‍ കൊളുത്തി, ജ്ഞാനസ്‌നാനവൃതം നവീകരിച്ചുകൊണ്ടാണ് ദിവ്യബലിയിലേക്ക് പ്രവേശിച്ചത് .

മതബോധനഡയറക്ടറായ ബിനോയ് ജോസഫ് സ്വീകരണാര്‍ഥികളെ സമൂഹത്തിന് പരിചയപ്പെടുത്തി.
അര്‍ത്ഥികളായ ജോണ്‍ ബഹനാന്‍, അനിക പുളിക്കല്‍ എന്നിവര്‍ വചനഭാഗങ്ങള്‍ വായിച്ചു. സമൂഹത്തെ, തങ്ങളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണദിനത്തെയും, അന്നേദിവസം തങ്ങള്‍ സ്വര്‍ഗ്ഗീയ പിതാവിനോടു ചെയ്ത വാഗ്ദാനങ്ങളെയും അനുസ്മരിപ്പിക്കുംവിധത്തിലുള്ള ഹൃദയസ്പര്‍ശിയായ സന്ദേശമാണ് പിതാവ് നല്‍കിയത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഗായകസംഘത്തിന്‍റെ ഭക്തിനിര്‍ഭരമായ ആലാപനങ്ങളാല്‍ സമ്പന്നമായ ദിവ്യബലിയ്ക്കു ശേഷം പ്രഥമദിവ്യകാരുണ്യാധ്യാപകരായ സെലിന്‍ ഇമ്മാനുവല്‍, വത്സാ ചാണ്ടി, ഷീബാ സോജിന്‍ എന്നിവര്‍ 'ആനിമാ ക്രിസ്റ്റി' ചൊല്ലിക്കൊടുക്കുകയും, ഇടവകമദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന് ഈ കുട്ടികളെ സമര്‍പ്പിക്കുകയും ചെയ്തു.

വിന്‍റര്‍പാര്‍ക്ക് സെന്‍റ് മാര്‍ഗരറ്റ് മേരി ദേവാലയത്തില്‍ സേവനംചെയ്യുന്ന മലയാളി വൈദികരായ ഫാ. ജേംസ് തരകന്‍ , ഫാ.ഷിനോയ് തോമസ് എന്നിവര്‍ കുട്ടികള്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നേര്‍ന്നു.

പിറ്റേന്ന്, സഭയുടെ പിറവിത്തിരുന്നാളായ പെന്തക്കുസ്താദിനത്തില്‍ നടന്ന ദിവ്യബലിക്കിടയില്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവ് സ്ഥൈര്യലേപന ശുശ്രൂഷയും നടത്തി. ദൈവഭയം അറിവിന്‍റെ ആരംഭവും, ജ്ഞാനം പരിശുദ്ധാത്മാവിന്‍റെ വരദാനവുമായിരിക്കെ, പിതാവിന്‍റെ കരം പിടിച്ച്, അനുഗ്രഹാശീര്‍വ്വാദങ്ങളോടെ, ഇടവകയുടെ പൊന്നോമനകള്‍ ആദ്യാക്ഷരമായി യേശു നാമം കുറിച്ചു. തുടര്‍ന്ന്, ഹൃദയങ്ങളെ പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാല്‍ നിറയ്ക്കാന്‍ പര്യാപ്തമായ സന്ദേശം നല്‍കി അഭിവന്ദ്യ പിതാവ് മതബോധന പഠനം പൂര്‍ത്തിയാക്കിയ ഇടവകയിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാജുവേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

വര്‍ഷങ്ങളായി സ്തുത്യര്‍ഹസേവനം കാഴ്ചവച്ച ദേവാലയശുശ്രൂഷകരായ ഇമ്മാനുവല്‍ ജോസഫ്, മാത്യു സൈമണ്‍,ടോംരാജ് ചോരാത്ത് എന്നിവരെയും, വേദോപദേശത്തിന് നേതൃത്വം നല്‍കുന്ന ബിനോയ് ജോസഫ്, ഷീബാ സോജിന്‍ എന്നിവരെയും പിതാവ് അനുമോദനഫലകം നല്‍കി ആദരിച്ചു.

പിന്നീട്, വേദോപദേശകരുമായി നടന്ന കൂടിക്കാഴ്ചയില്‍, തത്വാധിഷ്ഠിതവും ദൈവാത്മനിവേശിതവുമായ മതബോധനത്തിന്‍റെ കാലികമായ പ്രാധാന്യത്തിന് പിതാവ് ഊന്നല്‍ നല്‍കുകയുണ്ടായി.
സംയോജകന്‍: അനൂപ് പുളിക്കല്‍ (കൈക്കാരന്‍).
ഒര്‍ലാന്റോ സെന്റ് മേരീസ് ഇടവകയില്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് സ്വീകരണംഒര്‍ലാന്റോ സെന്റ് മേരീസ് ഇടവകയില്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് സ്വീകരണംഒര്‍ലാന്റോ സെന്റ് മേരീസ് ഇടവകയില്‍ മാര്‍ ജോര്‍ജ്ജ് രാജേന്ദ്രന്‍ പിതാവിന് സ്വീകരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക