Image

കര്‍ണ്ണാടകം കഴിഞ്ഞു; ഇനി കളി ചിക്കാഗോയില്‍

Published on 24 May, 2018
കര്‍ണ്ണാടകം കഴിഞ്ഞു; ഇനി കളി ചിക്കാഗോയില്‍
രാഷ്ട്രീയ അനിശ്ചിതത്വം നീണ്ടുനിന്ന കര്‍ണ്ണാടകത്തില്‍, കുമാര സ്വാമിയുടെ സത്യപ്രതിജ്ഞയോടെ സ്ഥിതിഗതികള്‍ ശാന്തമായി തുടങ്ങി. എന്നാല്‍ ഏതോ റിസോര്‍ട്ടില്‍ 'പൂട്ടി' യിട്ടിരിക്കുന്ന എം.എല്‍.എ.മാരെ 'അഴിച്ചു വിടണ' മെങ്കില്‍ വിശ്വാസ വോട്ടെടുപ്പ് കഴിയണം. അതു കര്‍ണ്ണാടക രാഷ്ട്രീയം!! എന്നാല്‍ ഫോമ ഇലക്ഷന് ഇനിയും ഇരുപത്തൊമ്പതു ദിവസം ബാക്കിയുണ്ട്. പക്ഷേ കര്‍ണ്ണാടകത്തെ വെല്ലുന്ന രാഷ്ട്രീയ കരുനീക്കങ്ങളും, ചെങ്ങന്നൂരില്‍ ഉള്ളതിനെക്കാള്‍ രാഷ്ട്രീയ ചൂടും ഇപ്പോള്‍ അമേരിക്കയിലുണ്ട്.

ഫോമ ഇലക്ഷന്‍ ജൂണ്‍ 22നാണ് നടക്കുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് പക്ഷവും, ഡാളസ് പക്ഷവും ഇതിനോടകം പതിനെട്ട് അടവുകളും പുറത്തെടുത്തു കഴിഞ്ഞു. 'പിടിച്ചതിനെക്കാള്‍ വലുതാണ് അളയില്‍ ഉള്ളതെന്ന്' പറഞ്ഞു കേള്‍ക്കുന്നു. പുതിയ  അടവുകള്‍ ഉടനെ പുറത്തു വരുമെന്ന് സാരം!!

ഇതിനിടയിലാണ് ചില അംഗ സംഘടനകളുടെ മെമ്പര്‍ഷിപ്പ് പുതുക്കാത്തതുമായി ബന്ധപ്പെട്ടു ഉണ്ടായ കോലാഹങ്ങള്‍. ധൃതിപിടിച്ച് ഡലിഗേറ്റ്‌സ് ലിസ്റ്റ് തട്ടിക്കൂട്ടി അയച്ചപ്പോള്‍ ചെക്ക് വയ്ക്കാന്‍ മറന്നു പോയതാകാം! 'ഉത്രാട പാച്ചിലില്‍' ഇത്തരം അബദ്ധങ്ങള്‍ സാധാരണമാണ്. ജാഗ്രതേ! പോസ്റ്റല്‍ സര്‍വ്വീസിന്റെ രസീത് പുറത്തു വിട്ടത് മറ്റൊരു 'നമ്പരാണ്'! രസീതിന് അറിയില്ലല്ലോ ചെക്ക് അകത്തു വെച്ചോ ഇല്ലയോ എന്ന്?
കിട്ടിയ പേരുകളും, ചെക്കുകളും രേഖപ്പെടുത്തുന്ന ജോലി മാത്രമാണ് ജനറല്‍ സെക്രട്ടറി ചെയ്യുന്നത്. അതില്‍ അദ്ദേഹത്തെ അവിശ്വസിക്കേണ്ട കാര്യവുമില്ല. ആരെ 'തള്ളാനും' 'കൊള്ളാനും' ഇതെല്ലാം തീരുമാനിക്കേണ്ടത് ഇലക്ഷന്‍ കമ്മീഷന്മാരാണ്. മൂന്നു കമ്മീഷന്മാരും ജഗജില്ലരാണ്!! ഫോമാ നിയമങ്ങള്‍ അരച്ചു കുടിച്ചവര്‍! അക്കാര്യം അവര്‍ നോക്കട്ടെ?

പക്ഷേ, ഈ കോലാഹലങ്ങളുടെ ഇടയില്‍ ഫോമാ കണ്‍വന്‍ഷന്റെ മാറ്റു കുറഞ്ഞു പോകരുത്! ഫോമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ കണ്‍വന്‍ഷനാണ് ചിക്കാഗോയില്‍ ജൂണ്‍ 21 മുതല്‍ 24 വരെ നടക്കുന്നത്. കുറെ മനുഷ്യര്‍ അതിന്റെ വിജയത്തിനായി രാവും പകലും പണിയെടുക്കുന്നു. കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ എത്തുന്ന ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് വോട്ടിലും രാഷ്ട്രീയത്തിലുമൊന്നും താല്‍പര്യമില്ല! അവര്‍ നമ്മുടെ അതിഥികളാണ്. അതിഥി ദേവോ ഭവ! വരുന്നവര്‍ക്ക് ഫോമാ കണഅ#വന്‍ഷന്‍ നല്ലൊരു അനുഭവമായിത്തീരട്ടെ.

അടിക്കുറിപ്പ്: പ്രിയ ഡലിഗേറ്റ്‌സ്, ഇനി മുതല്‍ നിങ്ങളുടെ ഫോണിലും, ഈമെയിലിലും അഭ്യര്‍ത്ഥനകളുടെ പെരുമഴയായിരിക്കും. നമ്പരും, ഈമെയിലും തെറ്റിച്ച് കൊടുത്തവര്‍ ഭാഗ്യവാന്മാര്‍!!

കര്‍ണ്ണാടകം കഴിഞ്ഞു; ഇനി കളി ചിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക