Image

ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത: ക്രിയാസിദ്ധി: സത്വേ ഭവതി (ഡി.ബാബുപോള്‍)

ഡി.ബാബുപോള്‍ Published on 24 May, 2018
ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത:  ക്രിയാസിദ്ധി: സത്വേ ഭവതി  (ഡി.ബാബുപോള്‍)
മലങ്കര മാര്‍ത്തോമ്മ സുറിയാനിസഭയുടെ ദൃശ്യമേലദ്ധ്യക്ഷനായ ശ്രേഷ്ഠ മെത്രാപ്പോലീത്താ ജോസഫ് മാര്‍ത്തോമ്മാ അവര്‍കളുടെ പാദാരവിന്ദങ്ങളില്‍ അനുമോദനത്തിന്റെയും ശുഭാശംസകളുടെയും ദക്ഷിണ വിനയപൂര്‍വ്വം സമര്‍പ്പിച്ചുകൊള്ളുന്നു.

പാദാരവിന്ദം എന്ന് മനഃപൂര്‍വ്വം പ്രയോഗിച്ചതാണ്, അരവിന്ദും താമരയാണ്. പൗരസ്ത്യപാരമ്പര്യത്തില്‍ ദേവപാദങ്ങള്‍ നൂറ്റാണ്ടുകളായി താമരയായിട്ടാമ് സങ്കലപിക്കപ്പെടുന്നത്. ദേവപാദങ്ങള്‍ മാത്രം അല്ല. വിശുദ്ധരും ആധ്യാത്മികതേജ്വസികളും മഹാഗുരുക്കന്മാരും ആയവരുടെയെല്ലാം പാദങ്ങളെ വിശേഷിപ്പിക്കാനും ഈ പങ്കജപദം ഉപയോഗിച്ചു കാണുന്നുണ്ട്.

പാദാരവിന്ദം എന്ന ശബ്ദത്തിന്റെ അര്‍ത്ഥം അതിന്ദ്രിയമാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഗുരുവിന്റെ പാദം ശിഷ്യന്റെ ഹൃദയത്തില്‍ മായാത്ത മുദ്ര പതിപ്പിക്കുന്നു എന്നതാണ് സൂചിതം. പില്‍ക്കാലത്ത് ശിഷ്യന്‍ ഗുരുവിനൊപ്പം അറിവ് നേടി എന്ന് വരാം. ഗുരുവിനേക്കാള്‍ പ്രശസ്തനായി എന്ന് വരാം, വിവേകാനന്ദസ്വാമികളെ പോലെ. ഗുരുവിന് അപ്രാപ്യമായ സര്‍വ്വജ്ഞപീഠം കയറി എന്നും വരാം. എന്തൊക്കെയായാലും പ്രഥമഗുരു ഹൃദയത്തില്‍ അവശേഷിപ്പിക്കുന്ന പാദമുദ്ര ഈശ്വരപാദതുല്യം ആണ്.
അമേരിക്കയിലെ പ്രശസ്തനായ ഒരു ഡോക്ടറാണ് ശ്രീ. പയസ് കുര്യന്‍. ഏതോ ഒരു അന്തരിന്ദ്രീയത്തിന്റെ കാര്യത്തില്‍ അവസാന വാക്കാണത്രെ കാനഡയില്‍. അദ്ദേഹത്തെ ഒരിക്കല്‍ കാണാനിടയായി. കടന്നുവന്ന വഴികളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, കോട്ടയം മെഡിക്കല്‍ കോളേജില്‍ പഠനം തുടങ്ങിയ കാലത്ത് ശരീരശാസ്ത്രത്തിന്റെ അകാരാദി പഠിപ്പിച്ച അധ്യാപിക ഡോ.ആലീസ് ജോര്‍ജ് ആണ് തന്റെ എല്ലാ ഉയര്‍ച്ചയുടെയും അടിസ്ഥാനം എന്ന്. എന്നെ ഹഠാദാകര്‍ഷിച്ച ഒരു ഗുരുവന്ദനം ആയിരുന്നു അത്. പയസ് കുര്യനും ആലീസ് ജോര്‍ജും എന്ന പേരില്‍ ഞാന്‍ ഒരു ഉപന്യാസം എഴുതി. ആ പേരില്‍ എന്റെ ഒരു ലേഖനസമാഹാരം ഈ വര്‍ഷം 'അറവന്‍ഡ്' എന്ന പ്രസാധകര്‍ പുറത്തിറക്കുന്നുണ്ട്. പയസ് കുര്യന്‍ എന്ന പ്രശസ്ത ഭിഷഗ്വരന് ആലീസ് ജോര്‍ജിന്റെ പാദങ്ങള്‍ അരവിന്ദസമാനമാണ്. ദ് ലോട്ടസ് ഫീറ്റ്.

സത്യസായിബാബയുടെ അനുയായികള്‍ പൂജാമുറിയില്‍ പ്രതിഷ്ഠിക്കുന്ന ഒരു ചിത്രം ബാബയുടെ പാദങ്ങളുടെയാണ്. ഈശ്വരപാദങ്ങളും ഗുരുപാദങ്ങളും ധ്യാനവിഷയം ആക്കിയാല്‍ ആധ്യാത്മികസംതൃപ്തി സംലബ്ധമാകും എന്നതാണ് ഭാരതീയവിജ്ഞാനം പറഞ്ഞുതരുന്ന പാഠം.യായീ റോസിന്റെ വീട്ടിലേയ്ക്കുള്ള വഴിയില്‍ വസ്ത്രാഇല സ്പര്‍ശമാണ് അജ്ഞാതവനിതയുടെ രോഗം സൗഖ്യമാക്കിയത്. മദര്‍തെരേസ എന്റെ വീട്ടില്‍ വന്നപ്പോള്‍ ഇരുന്ന കസേര, മറ്റാര്‍ക്കും ഇരിക്കാന്‍ കൊടുക്കാതെ, അന്നുതന്നെ ഞാന്‍ മാറ്റിയിട്ടു. ഇന്ന് അതിന്റെ മുന്നില്‍ ഇരുന്നാണ് എഴുത്തിനിരുത്താന്‍ കൊണ്ടുവരുന്ന കുഞ്ഞുങ്ങളെ ഞാന്‍ ആദ്യാക്ഷരം കുറിപ്പിക്കുന്നത്. ഐ.എ.എസ്. പരീക്ഷ എഴുതുന്നതിന് മുന്‍പ് ഡോ.ദിവ്യ അയ്യര്‍ ആ കസേരയുടെ  മുന്നില്‍ സാഷ്്ടാംഗം നമസ്‌കരിച്ചിട്ടാണ് എന്റെ അനുഗ്രഹം തേടിയിരുന്നത്. പാദപൂജാര്‍ഹനായ ജോസഫ് മാര്‍ത്തോമ്മായെ ഗുരുവായി കാണുന്നതുകൊണ്ടാണ്, അലസമായ അക്ഷരവിന്യാസത്തിനിടയില്‍ ഭവിച്ച അപഭ്രംശത്തിന്റെ അനന്തരഫലമായിട്ടല്ല, പാദാരവിന്ദങ്ങള്‍ എന്ന് പ്രയോഗിച്ചത് എന്ന് ചുരുക്കം.

അരനൂറ്റാണ്ടിനപ്പുറം തിരുവനന്തപുരത്ത് പി.പി.ജോസഫ് എന്നൊരു പട്ടക്കാരന്‍ ഉണ്ടായിരുന്നു. പാറ്റൂര്‍ മാര്‍ത്തോമ്മാപ്പള്ളിയുടെ വികാരി അദ്ദേഹത്തിന്റെ മസ്തിഷ്‌ക്കത്തില്‍ ഉദ്ദിച്ച ആശയമാണ് ഒരു പള്ളിക്കൂടം തുടങ്ങുക എന്നത്. തിരുവനന്തപുരത്ത് അന്ന് ഉണ്ടായിരുന്ന ധനാഢ്യരായ മാര്‍ത്തോമ്മാക്കാര്‍ ഒപ്പം നിന്നു. അവരില്‍ ഒരാള്‍ എന്റെ സ്വര്‍ഗസ്ഥ പത്‌നിയുടെ മാതൃസഹോദരിയായിരുന്നു. സാറാമ്മ ജോര്‍ജ് തലക്കോട്ടില്‍. സാറാമ്മച്ചിയുടെ വീട്ടില്‍ വച്ചാണ് ജോസപ്പച്ചനെ ആദ്യം കാണുന്നത്. ഞാന്‍ അന്ന് ഒരു പയ്യന്‍ സബ് കളക്ടര്‍, ആണ്‍കുട്ടികള്‍ക്ക് ലൊയോളയും പെണ്‍കുട്ടികള്‍ക്ക് ഹോളി ഏയ്ണല്‍സും ഉണ്ട്. ജസ്യൂട്ടുകളുടെ പള്ളിക്കൂടത്തിനടുത്ത് മാര്‍ത്തോമ്മാക്കാരന്‍ പള്ളിക്കൂടം തുടങ്ങിയാല്‍ ശോഭിക്കും എന്ന് വിശ്വസിക്കാനും ആ വിശ്വാസത്തില്‍ മറ്റുള്ളവരെ ഉറപ്പിക്കാനും ഒരു പി.പി. ജോസഫ് അച്ചന്‍ തന്നെ വേണം! സാമാന്യബുദ്ധി ഉള്ളവര്‍ ചാടാന്‍ അറയ്ക്കുമായിരുന്ന ഒരു ചാട്ടം ആണ് പി.പി.ജോസഫ് അച്ചന്‍ മുമ്പില്‍ നോക്കാതെ അന്ന് നടത്തിയത്. ഇന്ന് തിരുവനന്തപുരത്തെ സെന്റ് തോമസ് വിദ്യാഭ്യാസശൃംഖല നഗരത്തിന്റെ തന്നെ മാര്‍ത്തോമ്മാസഭയുടെ മാത്രം അല്ല അഭിമാനമായി മാറിയിരിക്കുന്നു. ഇതിന്റെ ബീജാങ്കുരം പി.പി. ജോസഫ് എന്ന ഒരു യുവവൈദികന്റെ മസ്തിഷ്‌കത്തിലായിരുന്നു.

ആ കടുകുമണി വന്‍മരം ആയതൊക്കെ പിന്നീടാണ്. ഒരു കടുകുമണി നട്ടുനനച്ച് വൃക്ഷമാക്കുന്നതില്‍ ഒതുങ്ങാനാവുന്നതല്ല ഈ വ്യക്തിത്വം എന്നതിന് മെത്രാപ്പോലീത്താ പില്‍ക്കാലത്ത് ഇരുന്ന ഓരോ സ്ഥലത്തും തന്റെ സേവനകാലത്തിന്റെ സ്മാരമായി ഓരോ വന്‍വൃക്ഷങ്ങള്‍ അവശേഷിക്കുന്നു എന്നതാണ് തെളിവ്.

പാലക്കുന്നത്തെ തിരുമേനിമാര്‍ എല്ലാവരും സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചവരല്ല. എന്നാല്‍ ഓരോ തരത്തില്‍ മാര്‍ത്തോമ്മാസഭയുടെ ചരിത്രനിര്‍മ്മിതിയില്‍ അവര്‍ പങ്കുവഹിച്ചു. അതിന്റെ തുടര്‍ച്ചയാണ് അദൃശ്യമായ പഞ്ചകല്യാണിയെ അശ്വമേധത്തിന് അഴിച്ചുവിട്ടിരിക്കുന്ന ഈ പുതിയ പാലക്കുന്നത്ത് മെത്രാപ്പോലീത്ത.

സ്ഥാപനനിര്‍മ്മിതി മാത്രം അല്ല. പാരമ്പര്യത്തോടുള്ള പ്രതിബദ്ധതയും എടുത്തുപറയണം. മാര്‍ത്തോമ്മാസഭയെ സുറിയാനിപാരമ്പര്യത്തില്‍ ഉറപ്പിച്ചതില്‍ ഏറ്റവും വലിയ പങ്ക് വഹിച്ചത് കോവൂര്‍ അയ്പ് തോമ്മാ കത്തനാരും ഏബ്രഹാം മാര്‍ത്തോമ്മയും ആണ്. വിദ്വാന്‍കുട്ടിയുടെ പ്രസ്ഥാനം പരാജയപ്പെട്ട കാലത്ത് അവിടെ നിന്ന് പകുതിപ്പേര്‍ എത്തിയത് മാര്‍ത്തോമ്മാസഭയില്‍ ആയിരുന്നു. പില്‍ക്കാലത്ത് കെ.എന്‍.ദാനിയേലും മറ്റും ഉയര്‍ത്തിയ ചിന്താപദ്ധതിയുടെ സ്രോതസ് അവിടെയാണ്. അന്ന് പല പ്രമുഖവൈദികരും അവരോട് അനുഭാവം ഉള്ളവരായിരുന്നു എങ്കിലും അയ്പ് തോമ്മാ കത്തനാരുടെ പ്രാഗത്ഭ്യം ആ വഴി തടഞ്ഞു. രണ്ട് മെത്രാന്മാരെ വാഴിച്ചപ്പോള്‍ അവരെ ബിഷപ് ജോണും ബിഷപ് മാത്യൂസും ആക്കാതെ യൂഹാനോന്‍ മാര്‍ തിമോത്തിയോസും മാത്യൂസ് മാര്‍ അത്താനാസിയോസും ആയി അഭിഷേകം ചെയ്തുകൊണ്ടാണ് ഏബ്രഹാം മാര്‍ത്തോമ്മാ തന്റെ പാരമ്പര്യാഭിമുഖ്യം പ്രഖ്യാപിച്ചത്. അതും ഒരു തിരിച്ചുപോക്ക് ആയിരുന്നുവല്ലോ; ശുശ്രൂഷകളില്‍ സുറിയാനി ഉപയോഗിച്ചുകൊണ്ട് യുഹാനോന്‍ മാര്‍ത്തോമ്മാ ആ പാരമ്പര്യത്തെ മാനിച്ചു. ആ വഴിയാണ് ജോസഫ് മാര്‍ത്തോമ്മാ പിന്‍പറ്റുന്നത്.

പ്രകടനപരതയില്ലാത്ത ആധ്യാത്മികത, എന്നിലേയ്ക്ക് ശ്രദ്ധ ക്ഷണിക്കാത്ത സാമൂഹികപ്രതിബദ്ധത, പാരമ്പര്യങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട്. അതേസമയം നവീകരണത്തിന്റെ സാരാംശത്തെ അന്യവല്‍ക്കരിക്കാതെയും മുന്നോട്ടുപോകുന്നതില്‍ പ്രദര്‍ശിപ്പിക്കുന്ന കൃതഹസ്തത, ആതാമീയ ചൈതന്യത്തില്‍ ലേശവും കുറവ് വരുത്താതെ സഭയുടെ ഭൗതിക സാന്നിധ്യത്തിന് പ്രഭാപൂരം വര്‍ദ്ധിപ്പിക്കുവാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങളില്‍  എര്‍പ്പെടാനുള്ള കഴിവില്‍ അന്തര്‍ഭവിച്ചിരിക്കുന്ന കഴിവില്‍ യോഹവാസമാനമായ നേതൃത്വസിദ്ധി, പാലക്കുന്നത്ത് മെത്രാന്മാരുടെ പാരമ്പര്യത്തെ പ്രചോദനവും വെല്ലുവിളിയും അഭിമാനകാരണവും ആയി കരുതുന്നതോടൊപ്പം അവരുടെ കാലഘട്ടത്തില്‍ തളച്ചിടാനുള്ളതല്ല മാര്‍ത്തോമ്മാസഭ എന്ന് തിരിച്ചറിയാന്‍ കഴിയുന്ന വിവേകം; ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ യോഹന്നാന്‍ 21:25 ഓര്‍മ്മയില്‍ തെളിയും.

ജയിക്കേണ്ടത് ലങ്കയാണ്, മറികടക്കേണ്ടത് സമുദ്രമാണ്, എതിരാളി രാവണനാണ്, സഹായിക്കാന്‍ ഒപ്പം ഉള്ളത് വാനരസേന മാത്രമാണ്, എന്നിട്ടും രാമന്‍ സകല രാക്ഷന്മാരെയും വധിച്ചു എന്ന് വിവരിച്ചശേഷം ഭോജന്‍ പറയുന്നുണ്ട് ക്രിയാസിദ്ധി: സത്വേ ഭവതി മഹതാം നോപകരണേ എന്ന്: മഹാന്മാരുടെ ക്രിയാസിദ്ധി സ്വന്തം വ്യക്തിത്വത്തിലാണ്. ജോസഫ് മാര്‍ത്തോമ്മായുടെ വിജയരഹസ്യവും സ്വന്തം വ്യക്തിത്വം തന്നെ ആണ്.

ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത:  ക്രിയാസിദ്ധി: സത്വേ ഭവതി  (ഡി.ബാബുപോള്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക