Image

കേരളത്തിലെ എലികള്‍ക്ക് ഒരു തുറന്ന കത്ത്. (ഹാസ്യ നിരീക്ഷണം: ജയന്‍ വര്‍ഗീസ്.)

ജയന്‍ വര്‍ഗീസ് Published on 25 May, 2018
കേരളത്തിലെ എലികള്‍ക്ക് ഒരു തുറന്ന കത്ത്.   (ഹാസ്യ നിരീക്ഷണം:  ജയന്‍ വര്‍ഗീസ്.)
(കഴിഞ്ഞ ഏതാനും  ദശകങ്ങളായി പനിയുടെ പേരില്‍ പഴി കേള്‍ക്കുന്ന കുറേ സാധു ജീവികള്‍ നമ്മുടെ ചുറ്റുമുണ്ട്. ' എലി, ഡെങ്കി, പക്ഷി, പന്നി, പട്ടി , പൂച്ച, കുരങ് എന്ന് തുടങ്ങി ഇപ്പോള്‍ വവ്വാലുകള്‍ വരെ? അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് ' മെക്കിട്ടു കയറുന്ന കൂതറ സന്തതികളുടെ രീതി ആധുനിക ശാസ്ത്രത്തിന്റെ അരുമയായ വൈദ്യശാസ്ത്രവും സ്വീകരിക്കുന്നത് കാണുന്‌പോള്‍ ചിന്തിക്കുന്ന ചിലരെങ്കിലും ചിരിച്ചു പോകും. ശാസ്ത്ര നിഗമനങ്ങളിലെ പോരായ്മകള്‍ക്കെതിരെ  സംസാരിക്കുന്നവനെ ഹിംസിച്ചുകളയും എന്ന ഭാവത്തോടെ വാളോങ്ങി നില്‍ക്കുന്ന ഭൗതിക വാദികളുടെ ഭീഷണികളെ അവഗണിച്ചു കൊണ്ടും,' നിപ ' എന്ന് പേര് ചാര്‍ത്തപ്പെട്ട പുത്തന്‍ പനിയുടെ ആക്രമണത്തില്‍ ജീവനും, ജീവിതവും നഷ്ടപ്പെട്ടവര്‍ക്ക് കണ്ണീര്‍പ്പൂക്കള്‍ അര്‍പ്പിച്ചു  കൊണ്ടും, പ്രകൃതി ചികിത്സാ ആചാര്യനും, എന്റെ അഭിവന്ദ്യ ഗുരുഭൂതനുമായിരുന്ന യശഃ ശരീരനായ  ഡോക്ടര്‍ സി. ആര്‍. ആര്‍. വര്‍മ്മയുടെ പാദാന്തികങ്ങളില്‍ പ്രണമിച്ചു കൊണ്ടും, ഒരു യുക്തി ചിന്ത.)

രാജ മാന്യ മഹാരാജ രാജശ്രീ ശ്രീമാന്‍മാര്‍ മൂഷിക പുംഗവ തിരുവടികള്‍ അവര്‍കള്‍കള്‍ സമക്ഷം അശരണരായ അടിയങ്ങള്‍ തിരുവുള്ളമുണര്‍ത്തിക്കുന്നത് എന്തെന്നാല്‍, മഹാത്മരെ, 

കണ്ട കാട്ടിലും, മേട്ടിലും, കൈതക്കാടുകളിലും പാത്തും, പതുങ്ങിയും അന്നന്നപ്പം കണ്ടെത്തുകയും, ഓടിട്ട വീടുകളുടെ കഴുക്കോലുകള്‍ക്കിടയിലും, വൈക്കോല്‍പ്പുരകളുടെ വൈതരണികള്‍ക്കിടയിലും പെറ്റു പെരുകി വംശം നില നിര്‍ത്തുകയും ചെയ്തിരുന്ന അവിടുത്തെ കുഞ്ഞുകുട്ടി പരാധീനങ്ങളുടെ വര്‍ഗ്ഗനാശം വരുത്തുവാനായി അടിയങ്ങളുടെ സര്‍ക്കാരുകള്‍ ' എലി നശീകരണ വാരങ്ങള്‍ ' സംഘടിപ്പിച്ചിരുന്നത് അവിടുന്ന് ഓര്‍മ്മിക്കുമല്ലോ?

അന്ന് അവിടുത്തെ വംശ നാശത്തിനായി അടിയങ്ങളുടെ സര്‍ക്കാരുകള്‍ വിതരണം ചെയ്ത ' എലിപ്പാഷാണം ' വിഴുങ്ങി ഞങ്ങളുടെ ഇടയിലെ എത്രയെത്ര അവിഹിത ഗര്‍ഭ ധാരിണികള്‍ ആത്മഹത്യ നടത്തിയതല്ലാതെ, അങ്ങയുടെ വര്‍ഗ്ഗത്തിന്റെ ഒരു രോമത്തില്‍ തൊടാന്‍ പോലും ഞങ്ങള്‍ക്കോ, ഞങ്ങളുടെ സര്‍ക്കാരുകള്‍ക്കോ ആയില്ല എന്നതിന് തെളിവായിട്ടാണല്ലോ അങ്ങയുടെ വര്‍ഗ്ഗം അജയ്യരായി ഇന്നും അടിച്ചു പൊളിക്കുന്നത്?

എലിക്കെണികളിലെ പ്രലോഭനങ്ങളുടെ തേങ്ങാപ്പൂളുകളെ അശേഷം അവഗണിച്ച അവിടുത്തെ തിരുവടികള്‍ അതി ബുദ്ധിമാന്മാരായ അടിയങ്ങളുടെ വര്‍ഗ്ഗത്തിന്മേല്‍ അധീശ്വത്വം നേടി വിലസുന്നതറിയുന്‌പോള്‍, ആരാധനയുടെ ആയിരം തേങ്ങാപ്പൂളുകള്‍ അടിയങ്ങള്‍ അര്‍പ്പിച്ചു കൊള്ളുന്നൂ ഭവാന്‍ !

ഇന്ത്യാ മഹാരാജ്യത്തിലെ ഏറ്റവും നല്ല ആരോഗ്യ സംവിധാനങ്ങള്‍ നടപ്പിലുണ്ടായിരുന്നു എന്ന് പറയപ്പെടുന്ന കേരളത്തില്‍ എവിടെയും അങ്ങയുടെ തിരുനാമം ഇന്ന് വിളംബരം ചെയ്തു കഴിഞ്ഞിരിക്കുന്നൂ മഹന്‍. ഏഷ്യനെറ്റ് ഉള്‍പ്പടെയുള്ള ചാനലായ ചാനലുകളിലൊക്കെയും അവിടുത്തെ തിരുമുഖം സര്‍ക്കാര്‍ ചിലവില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരുന്നത് ഞങ്ങള്‍ കണ്ടു കഴിഞ്ഞിരിക്കുന്നു ! ചെറുമീശകള്‍ വിറപ്പിച് ചാനല്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന ആ സുന്ദര മുഖത്ത് നോക്കിയിട്ടാണ്, ഞങ്ങളുടെ പെണ്ണുങ്ങള്‍ ഇന്ന് സിനിമാ  സീരിയല്‍ നായകന്മാരെ താരതമ്യം ചെയ്യുന്നത് പോലും എന്ന സത്യം അവിടുന്ന് അറിയുന്നുണ്ടോ?

മൂഷിക പ്രവരരെ!  അങ്ങേയ്‌ക്കെന്താ വല്ല മൂത്രമൊഴിവ് രോഗവുമുണ്ടോ ? അങ്ങ് കൈതച്ചക്കക്കാടുകളില്‍ ഒഴിക്കുന്ന മൂത്രം മഴവെള്ളത്തിലൂടെ ഒഴുകി വന്ന് ഞങ്ങളുടെ കിണറുകളില്‍ വീഴുന്നു. റിസര്‍വോയറുകളില്‍ കലരുന്നു. ഈ വെള്ളം ചേര്‍ത്തുണ്ടാക്കുന്ന ബീഫും, പൊറോട്ടയും കഴിച്ചു അടിയങ്ങള്‍ക്ക് എലിപ്പനി പടരുന്നതും, വളരെപ്പേര്‍ മരിച്ചു മണ്ണടിഞ്ഞതും അവിടുന്ന് അറിയുന്നുണ്ടോ ? അങ്ങയുടെ ആ പിശരന്‍ രോമത്തിലുമുണ്ട് എലിപ്പനിയണുക്കള്‍. അതിലൊന്ന് അകത്ത് ചെന്നാലും മതി അപ്പഴേ പിടിക്കുകയായി എലിപ്പനി !

നമ്മുടെ ബഹുമാനപ്പെട്ട ഗണപതി സ്വാമി അവര്‍കളുടെ തിരു വാഹനമായിരുന്നല്ലോ അവിടുന്ന് ? അങ്ങയുടെ പുറത്തേറി സഞ്ചരിച്ചിരുന്ന മേല്‍പ്പടിയാന്റെ പൃഷ്ഠ ഭാഗങ്ങളില്‍ അങ്ങയുടെ രോമങ്ങളിലൊന്നെങ്കിലും പറ്റിപ്പിടിച്ചിരുന്നതായോ, അബദ്ധത്തില്‍ അത് അകത്ത് ചെന്ന് സ്വാമിക്ക് എലിപ്പനി ബാധിച്ചതായോ പുരാണങ്ങളില്‍ പറയുന്നുമില്ല. അന്നൊന്നുമില്ലാതിരുന്ന ആ ശൗര്യം ഇന്നെന്തേ ഞങ്ങളോട് കേരളത്തിലെ ഈ പദ്മനാഭ ദാസന്മാരോടിങ്ങനെ പുറത്തെടുക്കാന്‍ എന്നാണ് അടിയങ്ങളുടെ ന്യായമായ സംശയം ?

ഭവാന്‍ ! അവിടുന്നെന്തോ മൊഴിയുകയാണല്ലോ ?  എന്താണവിടുന്ന് മൊഴിയുന്നത് ? ഓ! അത് വിവരമില്ലാത്ത ഞങ്ങളുടെ കുറ്റമാണെന്നോ?

അത് മാത്രം അങ്ങ് പറയരുത് ഭവാന്‍. ഞങ്ങള്‍ കേരളത്തിലുള്ളവര്‍ക്ക് വിവരമില്ലെന്ന് മാത്രം. പെറ്റ തള്ള സഹിക്കില്ല കേട്ടോ? നൂറും, ഇരുന്നൂറും ലക്ഷങ്ങള്‍ വാരിയെറിഞ്ഞിട്ടാണ് വാഴയോ, കോഴിയോ തിരിച്ചറിയാത്ത ഞങ്ങടെ ചെക്കന്‍മാര്‍ക്ക് ഞങ്ങള്‍ മെഡിക്കല്‍ സീറ്റ് ഒപ്പിച്ചെടുക്കുന്നത്. കള്ളുകുടിച്ചും, പെണ്ണ് പിടിച്ചും കാലാ പെറുക്കി നടക്കുന്ന അവമ്മാരെ കാശെറിഞ്ഞു തന്നെയാണ് ഞങ്ങള്‍ എക്‌സാമിനേഷന്റെ കടന്പ കടത്തിയെടുക്കുന്നതും, ആതുര സേവന രംഗത്തെ വിശുദ്ധ പശുക്കളായി അവരോധിക്കുന്നതും. പിന്നെ വല്ല കറന്പന്റെയോ, പൊട്രിക്കന്റെയോ കൊച്ചിനെ പെറാന്‍ തയാറെടുക്കുന്ന പെണ്മക്കളുള്ള പ്രവാസി തന്തമാരുടെ സഹായത്തോടെ, അവര്‍ നീട്ടുന്ന താലിച്ചരടിന്റെ രണ്ടറ്റവും മകളുടെ കഴുത്തിന്മേല്‍ ഒന്ന് കൂട്ടിക്കെട്ടണം എന്ന ഒറ്റ വ്യവസ്ഥയുടെ ബലത്തിന്മേല്‍ ഞങ്ങളുടെ സന്തതികള്‍ വല്ല എം. ഡി. യോ, എഫ്. ആര്‍. സി. എസ്. ഓ ഒക്കെ ഒപ്പിച്ചെടുത്തെന്നും വരും. ( ഇത് എല്ലാവരെയും കുറിച്ചല്ല, അങ്ങിനെയല്ലാത്തവര്‍ വിഷമിക്കണ്ട.) ഇതൊക്കെ ഞങ്ങളുടെ പൂത്ത വിവരമാണ് വിവരക്കേടല്ലാ പ്രഭോ?

ഓ! അതോ ? അത് പിന്നെ അവരുടെ മുന്നിലെത്തുന്ന ഇരുകാലി മൃഗങ്ങളില്‍ ചിലതിനെ കീറി മുറിച് ഒരു വൃക്കയോ, കരളോ, ലിംഗമോ ഒക്കെ അടിച്ചുമാറ്റി വിറ്റെന്നൊക്കെ ഇരിക്കും. ഇക്കണ്ട പണമെല്ലാം വാരിയെറിഞ്ഞത് ചുമ്മാതാണോ? തിരിച്ചു പിടിക്കണ്ടായോ? ഹല്ല പിന്നെ?

മൂഷിക പ്രവരരെ, അവിടുത്തെ ആ തിരുവായ കൂടുതല്‍ തുറക്കാതിരുക്കുകയാണ് നല്ലത്. തുറന്നാല്‍ അടിയങ്ങള്‍ക്ക് അനിഷ്ടമായത് പലതും ഇനിയും പുറത്തേക്ക് തെറിക്കും. വേണ്ട. അങ്ങയുടെ ആ വിറമീശ വദനം ഞങ്ങളുടെ സര്‍ക്കാര്‍ ടി. വി. യില്‍ കാണിക്കുന്നില്ല? പത്രമായ പത്രങ്ങളിലൊക്കെ അച്ചടിച്ച് വിടുന്നില്ലേ? ഇന്നലെ വരെ എലിപ്പാഷാണം നീട്ടിയ ഞങ്ങള്‍ തന്നെ ഞങ്ങളുടെ മീഡിയകളിലൂടെ അങ്ങയെ ഒന്നാന്തരം സെലിബ്രിറ്റിയാക്കുന്നില്ലേ? പോരേ പൂരം?

ഇതില്‍ കൂടുതല്‍ എന്ത് വേണം പ്രഭോ? ഈയൊരു സെലിബ്രിറ്റി പൊസിഷന് വേണ്ടിയാണല്ലോ ഞങ്ങളുടെ സിനിമാപ്പെണ്ണുങ്ങള്‍ ക്യാമറക്കു മുന്നില്‍ തുണിയുരിയുന്നതും, കാളത്തൊഴി ഡാന്‍സിനായി കാല് പൊക്കുന്നതും? ' ഒട്ടു നേരം ഭഗവതി കാലുപൊക്കി കളിച്ചപ്പോള്‍ പെട്ടുപോയി ഭഗവാനും ' എന്നതിനെ അന്വര്ഥമാക്കിക്കൊണ്ട് ഞങ്ങളുടെ തലമൂത്ത നടന്മാര്‍ വരെ സംഘം ചേര്‍ന്ന് അവതരിപ്പിക്കുന്നതും, ആധുനിക മലയാള സിനിമയുടെ അനിവാര്യ ഘടകമായി മാറിയതുമായ ' സിനിമാറ്റിക് ഡാന്‍സ് ' എന്ന് വിളിപ്പേരുള്ള അരയാട്ട് നൃത്തം ( അരയും അനുബന്ധ ഉപകരണങ്ങളും ( സോറി, അവയവങ്ങളും ) അമിതമായി ചലിപ്പിച്ചു കൊണ്ടുള്ള പേക്കൂത്ത്.) ലക്ഷ്യം വയ്ക്കുന്നതും ഇതേ സെലിബ്രിറ്റി പൊസിഷന്‍ തന്നെയാണല്ലോ?

വീണ്ടും എന്തോ പറയുന്നുണ്ടല്ലോ?  ഓ! കേട്ടു ...കേട്ടു. അവിടുന്ന് പറഞ്ഞത് കേട്ടു. സമ്മതിക്കുന്നൂ മഹാത്മന്‍!  ശരിയാ, പനി  ഒന്നേയുള്ളു. കുത്തഴിഞ്ഞ ആഹാര ജീവിത രീതികളിലൂടെ ശരീരത്തിന് ലഭ്യമാകുന്ന ടോക്‌സിനുകളെ പുറം തള്ളുന്നതിനുള്ള ഒരു ശാരീരിക വിസര്‍ജ്ജന പ്രിക്രിയയാണ് പനി  എന്ന് അറിയാഞ്ഞിട്ടല്ല. ശരീരത്തിന്റെ ഊഷ്മാവ് ഉയര്‍ത്തി വച്ച് ദോഷകരങ്ങളായ ടോക്‌സിനുകളെ നിര്‍വീര്യമാക്കിക്കൊണ്ട് ശരീരം സ്വയം ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത് എന്നും അറിയാം. അത് കൊണ്ട് തന്നെ പനി മനുഷ്യനെ കൊല്ലുന്നതിനല്ലാ, പിന്നയോ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രാണന്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ളത് എന്ന് ആദ്യം പറഞ്ഞത് നമ്മളാരുമല്ലല്ലോ? ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സാക്ഷാല്‍ ഹിപ്പോക്രാറ്റസ് തന്നെ ആയിരുന്നുവല്ലോ?

പക്ഷെ, മൂഷിക സര്‍വോത്തമ!  അത് പഴയ കഥ. ഞങ്ങളുടെ ഡോക്ടര്‍മാര്‍ പ്രതിജ്ഞയെടുക്കുന്നത് പോലും ആ കോശമാടന്റെ പേരിലൊക്കെ ആണെങ്കിലും ഇന്ന് ചക്രമില്ലാതെ ചക്രം കറങ്ങുകയില്ലാ പ്രഭോ? അങ്ങേയ്ക്ക് അറിയാവുന്നതു പോലെ ചക്രം കറക്കാന്‍ ചില പൊടിക്കൈകളൊക്കെ വേണ്ടി വരുമല്ലോ? അത് കൊണ്ടാണ് ഞങ്ങള്‍ പനിക്ക് തരം തിരിച്ചു പേരുകള്‍ ചാര്‍ത്തിയത്. ആദ്യ കാലത്ത് ഞങ്ങള്‍ പനിക്ക് ' നിമോണിയ ' എന്ന് പേര് നല്‍കിയപ്പോള്‍ വെറും പനി ശകലം വളര്‍ന്നു. അല്‍പ്പം കഫക്കെട്ടോടെ പനി  എന്നേ അര്‍ത്ഥമുള്ളൂ. പക്ഷെ കഫത്തിന് ഒരു മാന്യതയില്ലാല്ലോ? അത് കൊണ്ട് നിമോണിയ. പൊതുജനത്തിന് നന്നേ ബോധിച്ചു, ചികിത്സാച്ചെലവും കൂടിക്കിട്ടി. പിന്നെ വന്നവന്‍ ടൈഫോയിഡ്. വയറ്റില്‍ കുരുക്കളും, വിഷമങ്ങളും ഒക്കെ ആയിട്ടുള്ള പനി. ഘടാഘണ്ഡന്‍ പേര് കൊണ്ട് തന്നെ ഇവന്‍ കൂടുതല്‍ ഉഗ്രന്‍.

അവിടെയും രക്ഷയില്ലാ സ്വാമിന്‍. പേരുകള്‍ക്ക് ഉഗ്രത കൂടിയേ തീരൂ എന്ന് വന്നു. ലോകാരോഗ്യ സംഘടന എന്നൊരു പ്രസ്ഥാനം ഞങ്ങള്‍ക്കുണ്ടല്ലോ? സമയത്തു സമയത്ത് അവര്‍ പേരുകള്‍ മാറ്റിത്തന്നു. അജഗള സ്മൃശുക്കളായ സായിപ്പ് ഡോക്ടര്‍മാര്‍ ഓരോ പനിക്കുമുള്ള ഫഌഷ്ബാക് സീനുകള്‍ ക്രിയേറ്റ് ചെയ്തു കൊണ്ട് വന്നവയാണ്, അങ്ങയുടെ സ്വന്തം പേരില്‍ ഉള്ളത് കൂടാതെ ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, പട്ടിപ്പനി, പൂച്ചപ്പനി  എന്നിങ്ങനെ പേരുകള്‍ ചാര്‍ത്തപ്പെട്ട പനികള്‍. കാളപ്പനിയും, എരുമപ്പനിയും പിറകേ വരുന്നുണ്ട് പോലും.? 

പിന്നെയുമുണ്ട് വിരുതന്മാര്‍. അതില്‍ പ്രധാനിയാണ് ലോക വ്യാപകമായിട്ടുള്ള ഫ്‌ലൂ. കോടാനുകോടി ഡോളറാണ് ഫ്‌ലൂ ഷോട്ടുകള്‍ക്കായി ഓരോ വര്‍ഷവും ഞങ്ങള്‍ വലിച്ചെറിയുന്നത് ഭവാന്‍. ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വൗവാല്‍പ്പനി കേരളത്തിലും ഭീഷണി ഉയര്‍ത്തിയിരിക്കുന്നു. ഈ പനിക്ക് കാരണമായി എന്ന് പറയപ്പെടുന്ന ' നിപാ ' വൈറസുകള്‍ പരത്തുന്നത് വൗവാലുകള്‍ ആണെന്നും, അവര്‍ കടിച്ച പഴങ്ങള്‍ തിന്നിട്ടാണ് പനി വരുന്നതെന്നും, കേരളത്തിലെയും, കേന്ദ്രത്തിലെയും ' എയിംസി ' ലേയും ശാസ്ത്ര സത്തമന്മാര്‍ ഗവേഷണം നടത്തി സ്ഥിരീകരിച്ചു. ഒരു കുളത്തില്‍ വസിച്ചിരുന്ന വൗവാലുകളെ വലയിട്ടു പിടിച് അതുകളെ ലബോറട്ടറിയിലേക്കയക്കാനും, കുളം മണ്ണിട്ട് നികത്തിക്കളയാനും മോളില്‍ നിന്ന് ഉത്തരവായി. വൈദ്യ ശാസ്ത്ര വിശാരദന്മാര്‍ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ തെക്കുവടക്ക് പറന്നു നടന്നു. ' ശാരീരിക വിഷയങ്ങളെ പുറം തള്ളുന്നതിനായി പ്രാണന്‍ തുറന്നു വയ്ക്കുന്ന ഔട്ട് ലെറ്റാണ് പനി ' എന്ന സത്യം തുറന്നു പറഞ്ഞവരെ ക്രിമിനല്‍ കുറ്റം ചുമത്തി പോലീസ് പിടിച്  അകത്തിട്ടു. ഇടി വെട്ടിയവനെ പാന്പ് കടിച്ചു എന്ന് പറഞ്ഞ പോലെ അതാവരുന്നു ലബോറട്ടറി റിസള്‍ട്ട് : ' പിടിച്ച വൗവാലുകള്‍ പഴം തിന്നുന്നവയല്ലാ, ഷഡ്പദങ്ങളെ തിന്നുന്നവയാണ് അവയുടെ ശരീരത്തില്‍ നിപാ വൈറസുകള്‍ ഒട്ടില്ലാ താനും. ചാനല്‍ ചര്‍ച്ചകളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വൈദ്യ ശാസ്ത്ര ജീനിയസ്സുകള്‍ ഇരുന്നു വിയര്‍ത്തു. മഹാത്മാ! കണ്ണടച്ചേക്കൂ, ഇങ്ങനെയൊക്കെ കൊണ്ടും, കൊടുത്തതുമാണ് ഞങ്ങള്‍ കഞ്ഞി കുടിച്ചു പോകുന്നത്.

ഉവ്വുവ് സമ്മതിച്ചു. മനുഷ്യനുണ്ടായ കാലം മുതല്‍ എലികളുണ്ട്, കൊതുകുകളുണ്ട്, പക്ഷിയുണ്ട്, പന്നിയുണ്ട്. ഇന്നിനെക്കാള്‍ ഇടപഴകിയാണ് പണ്ട് ജീവിച്ചതും. അന്നൊന്നും ഇല്ലാതിരുന്ന പ്രശ്‌നം ഇന്നുണ്ട്. അതും ശരിയാ....അവിടുന്ന് പുറത്തു പറയില്ലങ്കില്‍ തുറന്നു പറയാം : ഞങ്ങളുടെ വയറ് ശരിയല്ല. അവിടെ ദഹനം നടക്കുന്നതേയില്ല. ദഹനത്തിനുതകുന്ന ജൈവ ഘടകങ്ങള്‍ ഞങ്ങള്‍ കഴിക്കുന്ന ആഹാരങ്ങളില്‍ അശേഷം ഇല്ലന്നുള്ളതാണ് സത്യം. ദഹിക്കുന്നതിനു പകരം ജീര്‍ണ്ണനമാണ് നടക്കുന്നത്. ജീര്‍ണ്ണിക്കുന്ന ആഹാരം ശാരീരികാണുക്കള്‍ക്കും ഭീഷണിയാണ്. സ്വയ രക്ഷക്കായി അവര്‍ പടച്ചട്ടയണിഞ്ഞ പട്ടാളക്കാരെപ്പോലെ രൂപം മാറുന്നു. അത് വരെ ശരീരത്തിലെ വെറും തോട്ടികളായിരുന്ന കോടാനുകോടി അണുക്കള്‍ ഉഗ്ര രൂപികളായ രോഗാണുക്കളായി മാറുന്നു. ലബോറട്ടറി പരിശോധനകളില്‍ ഇവ ടൈഫോയിഡിന്റെയും, ക്ഷയത്തിന്റെയും, കൊളറായുടെയും, ഇപ്പോള്‍ കണ്ടെത്തിയ പോലെ മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന ' നിപാ' യുടെയും .വേര്‍ഷനുകളായി വേഷം മാറുന്നു. ഇവ പുറത്തു നിന്ന് വരുന്നവയല്ലാ, അകത്തു തന്നെ രൂപം മാറുന്നവയാണ്. അതിനു ശേഷമായിരിക്കും ഏതെങ്കിലും ഏജന്റ് വഴിയായി ഇവ സമാന ശാരീരികാവസ്ഥ ഉള്ളവരിലേക്ക് പകരുന്നതും, രോഗം ഉണ്ടാക്കുന്നതും. പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കുവാനുള്ള ഏറ്റവും നല്ല വഴി എന്നത്, സ്വന്തം ശരീരത്തിന്റെ പ്രതിരോധ ശേഷി ഉയര്‍ന്ന നിലയില്‍ നില നിര്‍ത്തുക എന്നത് തന്നെയാണ്. ഇത് സാധിക്കുന്നതിനായി ആവുന്നത്ര പ്രകൃതിയോട് ഇണങ്ങി ജീവിക്കണം. മോഡേണിറ്റി നമുക്ക് സമ്മാനിച്ച പലതും ഉപേക്ഷിക്കേണ്ടി വരും. ആയതിനുള്ള പ്രായോഗിക പാഠങ്ങള്‍ െ്രെപമറി തലം  മുതല്‍ പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്യേണ്ടത് ; അല്ലാതെ കതിരില്‍ വളം വയ്ക്കുന്നത് കൊണ്ട് ഒരു പ്രയോജനവും ലഭിക്കാന്‍ പോകുന്നില്ല.

ഒരിക്കല്‍ വലിയ സഹായികളായിരുന്ന ഇവരുടെ താള ഭ്രംശം മൂലം ശരീരത്തില്‍ ധാരാളം വിഷം ഉല്‍പ്പാദിപ്പിക്കപ്പെടുന്നു.ഈ വിഷ സാന്നിധ്യം ശരീരത്തിന് ഭാരമാകുന്‌പോള്‍ അത് പുറന്തള്ളാന്‍ വേണ്ടിയാണ് പ്രാണന്‍ പനി കൊണ്ട് വരുന്നത്. ഇതൊരു നൈസര്‍ഗ്ഗിക പ്രിക്രിയയാണ്  ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടി ശരീരം സ്വീകരിക്കുന്ന ഒരു സല്‍പ്രവര്‍ത്തി. പക്ഷെ, ഇതൊന്നും വെളിയില്‍ പറയരുതേ ! കൊതുകിനെ തുരത്താന്‍ പട്ടാളമിറങ്ങിയ നാടാണ് ഞങ്ങളുടേത്. വയറിലെ അണുക്കളെ കൊല്ലാന്‍ പട്ടാളത്തോക്ക് വയറ്റിലേക്ക് ചൂണ്ടിയാല്‍ തീര്‍ന്നൂ പൂരം?

മൂഷിക സര്‍വഭൗമ, ഞങ്ങളെ അഭ്യസിപ്പിക്കുന്ന വിദ്യയില്‍ പോലും മായമാണ് സര്‍. തെറ്റുകളെ ശരികളാണെന്നു പഠിപ്പിക്കുകയാണ് ഞങ്ങളുടെ മീഡിയകള്‍. മനുഷ്യന്റെ ചിന്താ ശേഷിയെ വാരിയുടച്ചു വന്ധീകരിക്കുകയാണ് ആധുനിക ജീവിത വ്യവസ്ഥയുടെ സജീവ പരിസരങ്ങള്‍. വരിയുടച്ച  കാളകള്‍ മെച്ചപ്പെട്ട ഉഴവുകാരാണെന്നുള്ള കണ്ടെത്തലിനെ തുടര്‍ന്നാവും ഇത്.
.
മണ്ണിനോട് വെറുപ്പാണ് ഞങ്ങള്‍ക്ക്. കൃഷിയോട് പുച്ഛമാണ് ഞങ്ങള്‍ക്ക്. നെയില്‍ പോളീഷ് ഇളകാതെ ഞങ്ങള്‍ക്ക് തിന്നണം. ഫ്യൂറിഡാനില്‍ വളര്‍ത്തിയെടുത്ത തമിഴന്റെ പച്ചക്കറിയുണ്ടല്ലോ? പ്ലാസ്റ്റിക് സഞ്ചിയും തൂക്കി അച്ചായന്‍ പോയിട്ടുണ്ടല്ലോ? സര്‍ക്കാര്‍ മദ്യം കര കവിഞ്ഞൊഴുകുന്ന വലിയതോടിന്റെ വക്കിലാണല്ലോ ഞങ്ങളുടെ ലക്ഷ്വറി വാസം?

അല്ല, അങ്ങയോടു ഞങ്ങള്‍ ഒന്നും ഒളിക്കുന്നില്ല. സത്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നിനും നേരമില്ലാ കേട്ടോ? പതിനാറ്  സീരിയലുകളാണ് ചാനലുകളില്‍. കാണാതിരിക്കാനൊക്കുമോ? മൂന്നു വര്ഷം മുന്‍പ് അവിഹിതത്തില്‍ ഗര്‍ഭിണിയായ പതിവൃതയായ ഹീറോയിന്‍ ഇതുവരെയും പ്രസവിച്ചിട്ടില്ല. അതിനൊരു തീരുമാനം ആയിട്ട് വേണമല്ലോ ഒരു സീരിയലെങ്കിലും ഒന്നൊഴിവാക്കുവാന്‍?

' ആരെയും പീഡന ചോദനനാക്കും' അവാര്‍ഡ് രാത്രികള്‍ വേറെ. ഇളിപ്പിന്റെയും, കുലുക്കിന്റെയും റിയാലിറ്റി ഷോകള്‍ പുറമെ. എരുമച്ചാപ്രകളിലെ വാവുകാല സംഗീതത്തിന്റെ ശൈലിയില്‍ അവതാരകമാര്‍ കാറുന്‌പോള്‍ കേരളത്തിലെ ആബാലവൃദ്ധം വരുന്ന ജനസംഖ്യാത്തൊഴിലാളികള്‍ സട കുടഞ് വിജ്രംഭിക്കുകയാണ്. സീസണുകളായി തരം തിരിക്കപ്പെട്ട് വര്ഷങ്ങളായി അരങ്ങേറുന്ന കോമഡി കൊലപാതകങ്ങള്‍ എന്ത് സാമൂഹ്യ മാറ്റത്തിനാണ് കളമൊരുക്കിയത്? ഒന്നുമില്ല? എന്നാല്‍ സമൂഹത്തിന്റെ നീറുന്ന പ്രശ്‌നങ്ങള്‍ ചിരിയിലും, കണ്ണീരിലും പൊതിഞ്ഞു അവതരിപ്പിച്ചുകൊണ്ട് വന്പിച്ച സാമൂഹ്യ മാറ്റത്തിന് കളമൊരുക്കുന്ന കലാരൂപങ്ങള്‍ ആണുങ്ങള്‍ പുറത്തു വിടുന്നുണ്ട്. കാലഘട്ടത്തിന്റെ ആവശ്യങ്ങളെ ഉള്ളറിഞ്ഞു പരിപോഷിപ്പിക്കുന്ന  ' മറിമായം ' എന്ന പരിപാടിയുടെ മുന്നിലും, പിന്നിലും പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രതിബദ്ധതയുള്ള യഥാര്‍ത്ഥ കലാകാരന്മാര്‍ക്ക് അഭിവാദനങ്ങള്‍ !

എലിവര്‍ഗ്ഗത്തിരുവടികളെ, പറഞ്ഞു പറഞ് വളരെ നീണ്ടു. ഒരു കാര്യത്തില്‍ അടിയങ്ങള്‍ക്ക് സന്തോഷമുണ്ട്.അവിടുന്നും, അവിടുത്തെപ്പോലെ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന കുറെ സാധുജീവികളും ഇപ്പോള്‍ സെലിബ്രിറ്റികളും, വി. ഐ. പി. കളും ആയല്ലോ?...അതും സര്‍ക്കാര്‍ ചെലവില്‍?

ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദ ദശകങ്ങളില്‍ ലോകത്താകമാനമുള്ള യുവജനങ്ങള്‍ വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കുകയാണ് ; തങ്ങളുടെ രാജ്യത്തെ ലോകത്തിന്റെ  മുന്നിലെത്തിക്കുവാന്‍. ഞങ്ങള്‍, ഇന്ത്യയിലെ ജനങ്ങളും  രാപകലില്ലാതെ വിയര്‍പ്പൊഴുക്കുകയാണ്. ഒറ്റ ലക്ഷ്യമേയുള്ളൂ ;  ഞങ്ങളുടെ ജന സംഖ്യയെ എങ്ങിനെയെങ്കിലും ഒന്ന് മുന്നിലെത്തിക്കുക. അടുത്ത ദശകത്തില്‍ ചൈനയെപ്പോലും കടത്തി വെട്ടുക!?

തീഹാര്‍ ജയിലിലെ ഇരുന്പഴികള്‍ക്കുള്ളില്‍ ജനനായകന്മാര്‍ ഭരണത്തിന്റെ തുരുന്പു ചക്രം പെടാപ്പാടു പെട്ട് തിരിക്കുന്‌പോള്‍, ജനസംഖ്യയിലെ വലിയൊരു കൂട്ടം ദാരിദ്ര്യ രേഖാചരടിന്റെ രണ്ടറ്റങ്ങളും കൂട്ടിക്കെട്ടാന്‍ പാട് പെടുന്‌പോള്‍, ദരിദ്രവാസിയുടെ അപ്പച്ചട്ടിയില്‍ നിന്ന് അവനവകാശപ്പെട്ടത് കൈയിട്ടു വാരി സ്വിസ്സ് ബാങ്കുകളിലൊളിപ്പിക്കുന്ന സംവിധാനങ്ങള്‍ വന്പിച്ച സാമൂഹ്യ മാന്യത നേടുന്‌പോള്‍, മൂഷിക രാജ പ്രഭൃതികളെ, തിരുവടികള്‍ സെലിബ്രിറ്റികാലാവട്ടെ ! വി. ഐ. പി. കളാവട്ടെ ! എലിപ്പനിയും, മറ്റ് ജന്തുനാമപ്പനികളും അവകള്‍ക്കുള്ള ' ശാസ്ത്രീയ ' ചികിത്സകളും നീണാള്‍ വാഴട്ടെ !!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക