Image

കനത്ത മഴയ്ക്ക് സാധ്യത: കേരളത്തില്‍ മൂന്നു ദിവസത്തേക്ക് അതീവ ജാഗ്രതാ നിര്‍ദേശം

Published on 25 May, 2018
കനത്ത മഴയ്ക്ക് സാധ്യത: കേരളത്തില്‍ മൂന്നു ദിവസത്തേക്ക് അതീവ ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം കേരളത്തില്‍ കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 20 സെന്റീമീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് പ്രവചനം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള എല്ലാ പോലീസ് സ്‌റ്റേഷനുകളിലും അഗ്‌നിശമനാ സേനയ്ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപൂര്‍വമായി മാത്രമാണ് ഇത്തരം മുന്നറിയിപ്പ് നല്‍കാറുള്ളു.

ഈ മാസം 30 വരെ മത്സ്യത്തൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കിയിട്ടുണ്ട്. ഇതിന് പുറമെ, ബീച്ചിലെത്തുന്ന വിനോദ സഞ്ചാരികളെ കടലില്‍ ഇറങ്ങുന്നതില്‍ നിന്ന് വിലക്കാനും നിര്‍ദേശമുണ്ട്. ഇന്ന് ശക്തമായി മഴയും ശനിയാഴ്ച 12 മുതല്‍ 20 ശതമാനം വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

അടുത്ത ചൊവ്വാഴ്ച വരെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ദുരിതാശ്വാസ ക്യാമ്പുകളാക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ ഒരു താക്കോല്‍ വില്ലേജ് ഓഫീസര്‍മാരോ തഹസില്‍ദാര്‍മാരോ സൂക്ഷിക്കാനും നിര്‍ദേശമുണ്ട്. 

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴുമണി മുതല്‍ മലയോര മേഖലയിലേക്കുള്ള യാത്ര പരിമിതപ്പെത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയിലെ റോഡിന് കുറുകെ ഉള്ള ചാലുകളില്‍ മലവെള്ള പാച്ചിലുണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ പോലീസ് ശ്രദ്ധിക്കണമെന്നും ജാഗ്രത നിര്‍ദേശത്തിലുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക