Image

ചികില്‍സാ ചെലവിനു വേണ്ടി ആശുപത്രി അവയവങ്ങള്‍ എടുത്തു

Published on 25 May, 2018
ചികില്‍സാ ചെലവിനു വേണ്ടി ആശുപത്രി അവയവങ്ങള്‍ എടുത്തു
ചിറ്റൂര്‍: സേലത്തെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവാവിനെ കോയമ്പത്തൂരിലെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സേലത്തെ വിനായക മിഷന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച നെല്ലിമേട് സ്വദേശി പേച്ചി മുത്തുവിന്റെ മകന്‍ മണികണ്ഠന്റെ അവയവങ്ങള്‍ ചികിത്സ ചെലവിന്റെ പേരില്‍ നീക്കം ചെയ്ത സംഭവം വിവാദമായിരുന്നു.

ചിറ്റൂര്‍ എം.എല്‍.എ കെ. കൃഷ്ണന്‍ കുട്ടിയും മുഖ്യമന്ത്രിയും വിഷയത്തില്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് നെല്ലിമേട് സ്വദേശിയായ ആറുമുഖന്റെ മകന്‍ മണികണ്ഠനെ കോയമ്പത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്കുകളോടെ ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഹോദരന്‍ പമ്പാവാസനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കും മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ ചെന്നൈക്ക് സമീപം മേല്‍മറവത്തൂരില്‍ ചെണ്ടമേളം അവതരിപ്പിച്ച് മടങ്ങുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം  ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ എ. മണികണ്ഠന്‍, പി. മണികണ്ഠന്‍, പമ്പാവാസന്‍ എന്നിവരെ സേലത്തെ വിനായക മിഷന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഞായറാഴ്ച മസ്തിഷ്‌ക മരണം സംഭവിച്ച മണികണ്ഠന്റെ ആശുപത്രി ചെലവിനത്തില്‍ മൂന്ന് ലക്ഷത്തോളം രൂപ അടക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. ഇതിന് കഴിയാതായതോടെ അവയവങ്ങള്‍ ദാനം ചെയ്താല്‍ മൃതദേഹം വിട്ടുനല്‍കാമെന്ന് അധികൃതര്‍ അറിയിച്ചു.

അന്വേഷണത്തിന് ഉത്തരവ്

പാലക്കാട്: വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ആന്തരികാവയവങ്ങള്‍ സ്വകാര്യ ആശുപത്രി എടുത്തുമാറ്റിയെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പാലക്കാട് ജില്ല കലക്ടര്‍ വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണം. ദേശീയ മനുഷ്യാവകാശ കമീഷന്‍ വിഷയം പരിഗണിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. പി.കെ. രാജു നല്‍കിയ പരാതിയിലാണ് നടപടി. കേസ് ജൂലൈ 11ന് പരിഗണിക്കും. (Madhyamam)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക