Image

ജിമ്മി ജോര്‍ജ്-അകാലത്തില്‍ പൊലിഞ്ഞ കായിക നക്ഷത്രം (സാജന്‍ തോമസ്)

സാജന്‍ തോമസ് Published on 26 May, 2018
ജിമ്മി ജോര്‍ജ്-അകാലത്തില്‍ പൊലിഞ്ഞ കായിക നക്ഷത്രം (സാജന്‍ തോമസ്)
ഇന്ത്യന്‍ കായിക നഭസ്സില്‍ തിളങ്ങി നിന്ന ഒരു ഉജ്ജ്വല നക്ഷത്രമായിരുന്നു. ജിമ്മി ജോര്‍ജ് എന്ന കായിക പ്രതിഭ.

1987, നവംബര്‍ 30-ന് ആ നക്ഷത്രം എന്നന്നേക്കുമായി മറഞ്ഞുപോയി. 32-ാം വയസ്സില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ജിമ്മിജോര്‍ജ് ഇറ്റലിയില്‍ വെച്ച് ഒരു കാറപകടത്തില്‍ മരണമടയുന്നത്. കേരളത്തിലെ വോളിബോള്‍ പ്രേമികളുടെ നെഞ്ചില്‍ തീ കോരിയിടുന്ന വാര്‍ത്തയായിരുന്നു ജിമ്മിയുടെ മരണം. ജിമ്മിയുടെ മൃതദേഹം അദ്ദേഹത്തിന്റെ സ്വദേശമായ പേരാവൂറില്‍ എത്തിച്ചപ്പോള്‍, അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരക്കണക്കിനാളുകളാണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും അന്ന് അവിടെ എത്തിച്ചേര്‍ന്നത്.

കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ എന്ന സ്ഥലത്ത് പ്രശസ്തമായ കുടക്കച്ചിറ ഫാമിലിയിലാണ് 1955-ല്‍ ജിമ്മിയുടെ ജനനം. യൂണിവേഴ്‌സിറ്റി ടീം കളിക്കാരനായിരുന്ന സ്വന്തം പിതാവില്‍ നിന്നാണ് വോളിബോള്‍ പഠനം. വെറും 16-മത്തെ വയസ്സില്‍ കേരള സ്റ്റേറ്റ് ടീമില്‍ ഇടം നേടിയ ജിമ്മിയുടെ പിന്നീടുള്ള വര്‍ഷങ്ങള്‍ കേളത്തിന്റെ വോളിബോള്‍ ചരിത്രം തന്നെയായി മാറുകയായിരുന്നു. 1976-ല്‍ കേരള പോലീസ് ടീമില്‍ ചേര്‍ന്നതിന് ശേഷം മരണം വരെ ആ ടീമില്‍ മെമ്പറായിരുന്നു. 1974, 78, 86 വര്‍ഷങ്ങളില്‍ ഇന്ത്യക്ക് വേണ്ടി രാജ്യാന്തര മല്‍സരങ്ങളില്‍ കളിച്ചു. 1985 ല്‍ സൗദി അറേബ്യയില്‍ നടന്ന അന്താരാഷ്ട്ര വോളിബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു ജിമ്മി ജോര്‍ജ്. അടുത്ത വര്‍ഷം, 1986-ല്‍ ഹൈദരബാദില്‍ വച്ചുനടന്ന ഇന്ത്യാ ഗോള്‍ഡ് കപ്പ് ഇന്റര്‍നാഷ്ണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യ ചാമ്പ്യന്‍മാരായി. 1987-88 വര്‍ഷങ്ങളില്‍ ഇറ്റലിയിലെ Brescia എന്ന സ്ഥലത്തെ പ്രശസ്തമായ Euro-Euroslba എന്ന പ്രഫഷ്ണല്‍ വോളിബോള്‍ ക്ലബ്ബിനുവേണ്ടി കളിച്ചു. ഇന്ത്യയില്‍ നിന്നും ആദ്യമായി ഒരു പ്രൊഫഷ്ണല്‍ വോളിബോള്‍ ക്ലബ്ബിനു വേണ്ടി കളിച്ച വ്യക്തിയാണ് ജിമ്മി ജോര്‍ജ്. 

ഭൂഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിക്കുന്ന വിധം അസാധാരണമായി വായുവില്‍ ഉയര്‍ന്ന് നിന്ന് പന്തടിക്കുവാനുള്ള കഴിവാണ് ജിമ്മിയെ ശ്രദ്ധേയനാക്കിയത്. സെന്റര്‍ കോര്‍ട്ടുകളില്‍ നിന്നും ജിമ്മിയടിക്കുന്ന കരുത്തുറ്റ ഷോട്ടുകള്‍ മറ്റു കോര്‍ട്ടില്‍ പ്രകമ്പനം സൃഷ്ടിക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയകളിലും യൂടൂബിലും ഇന്നും അദ്ദേഹത്തിന്റെ ലക്ഷക്കണക്കായ ആരാധകരനെ ആവേശം കൊള്ളിക്കുന്നു.
21-ാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചപ്പോള്‍, കായിക താരങ്ങള്‍ക്ക് ലഭിക്കുന്ന പരമോന്നത അവാര്‍ഡ് വാങ്ങിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന പേരും ജിമ്മിക്കായി. ജിമ്മി ജോര്‍ജിനോടുള്ള ആദരസൂചകമായി കേരള ഗവണ്‍മെന്റ് തിരുവനന്തപുരം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കി. 1989 മുതല്‍ ജിമ്മിയെ അറിയുന്നവരും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും വോളിബോള്‍ കളിക്കാരും ചേര്‍ന്ന് കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക എന്ന സംഘടനയ്ക്ക് രൂപം നല്‍കിയ KVLNA കഴിഞ്ഞ 30 വര്‍ഷങ്ങളായി മുടങ്ങാതെ ജിമ്മി ജോര്‍ജ് സൂപ്പര്‍ ട്രോഫി ടൂര്‍ണ്ണമെന്റ് എന്ന പേരില്‍ നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള പ്രവാസി മലയാളികളുടെ ഇടയില്‍ നടത്തിവരുന്നു.

ഈ വര്‍ഷത്തെ ജിമ്മിജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 26, 27 തിയ്യതികളില്‍ ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡിലുള്ള റോക്ക്‌ലാന്‍ഡ് കമ്മ്യൂണിറ്റി കോളേജ് ജിമ്മില്‍ വച്ച് നടത്തപ്പെടുന്നു.

ആതിഥേയര്‍- റോക്ക്‌ലാന്‍ഡ് സോള്‍ജിയേഴ്‌സ് സ്‌പോര്‍ട്‌സ് ക്ലബ്ബ്.
മത്സരങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് www.KVLNA.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.

ജിമ്മി ജോര്‍ജ്-അകാലത്തില്‍ പൊലിഞ്ഞ കായിക നക്ഷത്രം (സാജന്‍ തോമസ്)ജിമ്മി ജോര്‍ജ്-അകാലത്തില്‍ പൊലിഞ്ഞ കായിക നക്ഷത്രം (സാജന്‍ തോമസ്)ജിമ്മി ജോര്‍ജ്-അകാലത്തില്‍ പൊലിഞ്ഞ കായിക നക്ഷത്രം (സാജന്‍ തോമസ്)ജിമ്മി ജോര്‍ജ്-അകാലത്തില്‍ പൊലിഞ്ഞ കായിക നക്ഷത്രം (സാജന്‍ തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക