Image

വൈറോളജി ഗവേഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും ;പദ്ധതിക്ക് പിന്നില്‍ ഡോ:എം വി പിള്ളയുടെ നേതൃത്വം

അനില്‍ പെണ്ണുക്കര Published on 28 May, 2018
വൈറോളജി ഗവേഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും ;പദ്ധതിക്ക് പിന്നില്‍ ഡോ:എം വി പിള്ളയുടെ നേതൃത്വം
നിപാ വൈറസ് കാരണമുള്ള പനിമരണങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രം ഉടന്‍ ആരംഭിക്കുന്നു .നിപ വൈറസ് പനി മരണങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് വൈറോളജി ഗവേഷണ കേന്ദ്രം എത്രയും പെട്ടെന്ന് പ്രവര്‍ത്തനം തുടങ്ങണമെന്ന് നിര്‍ദേശിച്ചിരിക്കുന്നത് .

കഴിഞ്ഞ കുറേ വര്‍ഷങ്ങളിലായി സംസ്ഥാനം അഭിമുഖീകരിക്കുന്ന ഡെങ്കു, എച്ച് വണ്‍ എന്‍ വണ്‍, ചിക്കന്‍ ഗുനിയ തുടങ്ങിയ വിവിധ പനികളുടെ രോഗഹേതു വൈറസുകളായതിനാലും, രോഗനിര്‍ണ്ണയത്തിനും കൂടുതല്‍ പരിശോധനകള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാലും സംസ്ഥാനത്ത് ഒരു ഗവേഷണ വികസന കേന്ദ്രം വേണമെന്ന ആശയം, ലോകപ്രശസ്ത ഭിഷഗ്വരന്മാരായ ഡോ. എം. വി. പിള്ള, ഡോ. ശാര്‍ങ്ങധരന്‍ എന്നിവരാണ് മുന്നോട്ടു വച്ചത്.

.തോന്നക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം തുടങ്ങിയാല്‍ വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെയോ വിദേശ രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകും. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ നിപ്പാ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും.

ആദ്യ ഘട്ടത്തിനുള്ള 25,000 ചതുരശ്രയടി കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രീഫാബ് രീതിയില്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. കൂടാതെ, അതിവിശാലവും അന്താരാഷ്ട്ര നിലവാരത്തിലും മാനദണ്ഡത്തിലുമുള്ള 80,000 ചതുരശ്രയടി വരുന്ന പ്രധാന സമുച്ചയത്തിന്റെ നിര്‍മാണച്ചുമതല കെ എസ് ഐ ഡി സി മുഖേന എല്‍ എല്‍ എല്‍ ലൈറ്റ്‌സിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറല്‍ നെറ്റ്‌വര്‍ക്കിന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സേഫ്റ്റി ലെവല്‍ 3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍ 4ലേക്ക് ഉയര്‍ത്തും.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ എട്ട് ലാബുകളാണ് ഉണ്ടാകുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജിവെക്ടര്‍ ഡൈനാമിക്‌സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകളും പ്രധാന സമുച്ചയത്തിലുണ്ടാകും.

വൈറല്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും എന്നതിലുപരി ലോകത്തെതന്നെ എണ്ണപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഉള്‍പ്പെടുംവിധമാണ് സ്ഥാപനത്തിന്റെ ഘടന. വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടാകും. പി ജി ഡിപ്ലോമ (വൈറോളജി) ഒരു വര്‍ഷം, പി എച്ച് ഡി (വൈറോളജി) എന്നിവയാണ് ആദ്യഘട്ടമുണ്ടാവുക.
ഇന്‍സ്റ്റിറ്റിയൂട്ടിനു വേണ്ടി ഗടകഉഇ ഇപ്പോള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന കെട്ടിട സമുച്ചയത്തിനു സമീപം തന്നെ ഒരു പ്രീ ഫാബ് ബില്‍ഡിംഗ് നിര്‍മ്മിക്കുവാന്‍ തീരുമാനമായി. ഇതിന്റെ ശിലാസ്ഥാപനം 2018 മേയ് 30 ന് മുഖ്യമന്ത്രി നിര്‍വഹിക്കും.

സംസ്ഥാനത്തോ, രാജ്യത്തോ അത്തരം ശൃംഖലയില്‍ കണ്ണികളായിട്ടുള്ള ഒരു സ്ഥാപനവും നിലവില്‍ ഇല്ല. രോഗകാരണം കണ്ടെത്തുകയും, രോഗകാരികളെ മനസ്സിലാക്കുകയും, പ്രതിരോധിക്കുകയും ചെയ്യുക എന്നതിലുപരി രോഗം പിടിപെടാനും, പടരാനുമുള്ള സാധ്യത മുന്‍കൂട്ടി കാണുകയും മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുകയാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യം.തിരുവനന്തപുരത്ത് തോന്നയ്ക്കലുള്ള ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കര്‍ സ്ഥലത്താണ് അന്താരാഷ്ട്ര പ്രശസ്തിയുള്ള വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കപ്പെടുന്നത്.

രോഗനിയന്ത്രണം, നിര്‍മാര്‍ജനം, അവലംബിക്കേണ്ട പ്രതിരോധമാര്‍ഗങ്ങള്‍ തുടങ്ങിയവ സമഗ്രമായി പഠിക്കുകയും അപഗ്രഥിക്കുകയും പരിഹരിക്കുകയുമാണ് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ലക്ഷ്യം. വൈറസ് ഗവേഷണ കേന്ദ്രം സജ്ജമാക്കുന്നതിനുള്ള ഉത്തരവാദിത്തം സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലാണ് നിര്‍വഹിക്കുന്നത്.എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളോടും കൂടി ആയിരിക്കും ഈ സ്ഥാപനം തുടങ്ങുക.

മുഖ്യ മന്ത്രിയുടെ പ്രത്യേക ആവശ്യപ്രകാരം ഡോ. എം വി പിള്ളയും ഡോ ശാര്‍ങ്ഗധരനും ചേര്‍ന്നാണ് പദ്ധതിയുടെ പ്രാരംഭ രേഖ സമര്‍പ്പിച്ചിട്ടുള്ളത്. ഇത് അംഗീകരിച്ച മുഖ്യ മന്ത്രി ശാസ്ത്ര കൗണ്‌സിലിനോട് പദ്ധതി നടപ്പില്‍ വരുത്തുവാന്‍ ആവശ്യപ്പെടുകയായിരുന്നു. നിലവില്‍ കേരളത്തില്‍ വൈറസ് പഠനത്തിന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തിലുള്ള വൈറോളജി ഗവേഷണ കേന്ദ്രങ്ങള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നുണ്ട് .ഈ രണ്ടു കേന്ദ്രങ്ങളും ആലപ്പുഴ ജില്ലയിലെ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനു കാര്യമായ സഹായങ്ങള്‍ നല്‍കുന്നില്ല.ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് എച്ച്1 എന്‍1 പരിശോധന മാത്രമാണു നടത്തുന്നത്.

സംസ്ഥാന വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അതുപോലുമില്ല. അതേ സമയം, ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വൈറസ് സാംപിളുകള്‍ ശേഖരിച്ചു സമഗ്ര ഗവേഷണങ്ങള്‍ നടത്തുന്നുണ്ട്. സംസ്ഥാനത്തു ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുമ്പോഴും വൈറസിന്റെ ഇനം കണ്ടെത്താനുള്ള ശ്രമം പോലും ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഇത്തരം സഹചര്യങ്ങളില്‍ ആണ് മുഖ്യമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് വട്ടവും ഗുണകരമായ വൈറോളജി ഗവേഷണ കേന്ദ്രവുമായി കേരളാ സര്‍ക്കാര്‍ എത്തുന്നത് .

ഇപ്പോള്‍ നിപാ വൈറസ് ബാധയെ തുടര്‍ന്ന് മരണങ്ങള്‍ കൂടിയപ്പോള്‍ അടിയന്തിരമായി വൈറോളജി ഗവേഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചത് .വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് ഫലപ്രദമാം വിധം സജ്ജമാക്കാന്‍ ,പദ്ധതി രേഖയ്ക്ക് നേതൃത്വം നല്‍കിയ ഡോ;എം വി പിള്ള അമേരിക്കന്‍ മലയാളികളുടെ അഭിമാനം ആണ് .ഈ രംഗത്തു അദ്ദേഹം നേടിയ അറിവുകള്‍ ഒരു അധ്യാപകനെ പോലെ ലോകത്തിനു മുന്നില്‍ എത്തിക്കുകയും ആരോഗ്യ രംഗത്തു കേരളത്തിന്റെ വളര്‍ച്ചയ്‌ക്കൊപ്പം നില്‍ക്കുവാന്‍ താല്പര്യം കാട്ടുകയും ചെയ്യുന്ന വ്യക്തിത്വം കൂടിയായാണ് ഡോ:എം വി പിള്ള .

നാലാമത് മാര്‍ ഗ്രിഗോറിയസ് പുരസ്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് . അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം ആയിരക്കണക്കിന് കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്‍കിയിട്ടുണ്ട് . ജോര്‍ജ് വാഷിംഗ്ടണ്‍ സര്‍വകലാശാലാ മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ വിഭാഗം പ്രൊഫസറായിരുന്ന ഡോ. എം വി പിള്ള അദ്ധ്യാപകനെന്ന നിലയിലും പ്രശസ്തനാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായിരുന്ന ഡോ:എം വി പിള്ള , രക്താര്‍ബുദത്തെക്കുറിച്ച് നടത്തിയ ഗവേഷണ റിപ്പോര്‍ട്ട് അമേരിക്കയിലെ പ്രശസ്തമായ മെഡിക്കല്‍ ജേണലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡോ :എം വി പിള്ളയുടെ ശ്രമഫലമായാണ്.തിരുവനതപുരം റീജിയണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഫോമാ നിര്‍മ്മിച്ച കുട്ടികളുടെ ഓങ്കോളജി വാര്‍ഡിന്റെ സ്ഥാപനത്തില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ് .

ജനിച്ച നാടിനു വേണ്ടി ,ഭാഷയെ സ്‌നേഹിച്ചും,നമ്മുടെ ആരോഗ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഡോ:എം വി പിള്ളയ്‌ക്കൊപ്പം പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ :ശാര്‍ങ്ഗധരനും ഈ പദ്ധതിക്ക് ഒപ്പം കൂടുന്നു.

നിപ, ഡെങ്കിപ്പനി പോലെ ഉള്ള വൈറസ് ബാധാ രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സമാത്രമല്ല ,പൂര്‍ണ്ണമായും അത് നമ്മുടെ നാട്ടില്‍ നിന്നും ഇല്ലാതാക്കുവാനുള്ള ശ്രമമാണ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതോടെ കേരളം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് .
വൈറോളജി ഗവേഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും ;പദ്ധതിക്ക് പിന്നില്‍ ഡോ:എം വി പിള്ളയുടെ നേതൃത്വം
വൈറോളജി ഗവേഷണ കേന്ദ്രം ഉടന്‍ പ്രവര്‍ത്തനം തുടങ്ങും ;പദ്ധതിക്ക് പിന്നില്‍ ഡോ:എം വി പിള്ളയുടെ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക