Image

അടിച്ചു പൊളിക്കുന്ന കേരളം, പനിച്ചു വിറയ്ക്കുന്ന കേരളം(ലേഖനം: ജയന്‍ വര്‍ഗീസ്.)

ജയന്‍ വര്‍ഗീസ് Published on 30 May, 2018
അടിച്ചു പൊളിക്കുന്ന കേരളം, പനിച്ചു വിറയ്ക്കുന്ന കേരളം(ലേഖനം: ജയന്‍ വര്‍ഗീസ്.)
(കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങള്‍ കേരളത്തില്‍ പടര്‍ന്നു പിടിക്കുകയാണെന്നു കണക്കുകള്‍ പറയുമ്പോള്‍, ആയതിന്റെ അടിസ്ഥാന കാരണങ്ങളിലേക്കുള്ള സത്യ സന്ധമായ ഒരെത്തിനോട്ടം.) 

കേരളത്തില്‍ ' നിപാ ' വൈറസ് മൂലമുള്ള വവ്വാല്‍പ്പനി. ഡസനിലധികം പേര് മരിച്ചു കഴിഞ്ഞു. അടിപൊളി പത്രങ്ങള്‍ക്ക് വെണ്ടക്കാ വാര്‍ത്തകള്‍, ആശുപത്രി തന്പുരാക്കള്‍ക്ക് അയിലച്ചാകര, രാഷ്ട്രീയക്കാര്‍ക്ക് രക്തസാക്ഷികള്‍, മതക്കാര്‍ക്ക് മരണാനന്തര കൊയ്ത്ത് .

കേരളം വളരുന്നു, പനിയുടെ വെറൈറ്റികള്‍ 
കെറിയും കടന്നും ചെ, ന്നന്യമാം രാജ്യങ്ങളില്‍ ?

വൈദ്യ ശാസ്ത്ര വിശാരദന്മാര്‍ പരീക്ഷിച്ചും, നിരീക്ഷിച്ചും തല പുകഞ്ഞു ഗവേഷണം നടത്തിയതിന്റെ ഫലമായി പുതിയ പനിക്ക് മനോഹരമായ ഒരു പേര് കണ്ടു പിടിക്കുവാന്‍ സാധിച്ചുവത്രെ ! ' നിപാപ്പനി. ' അതിലുമുണ്ടൊരു ആഗോളവല്‍ക്കരണ ഗ്ലോബല്‍ സ്റ്റാറ്റസ്. ഇന്നലെവരെ വെറും എലിയുടെ, പെരുച്ചാഴിയുടെ, പീറകൊതുകിന്റെ പേരിലല്ലായിരുന്നോ പനി ? ഇന്നിപ്പൊളിതാ, സായിപ്പിന്റെ സ്വന്തം ഭാഷയിലിലൊരു ഡങ്കന്‍ നാമം 'നിപ്പാ,' കേരളം വളരുന്നൂ വീണ്ടും കെറിയും കടന്നും ചെന്ന് ....അങ്ങിനെ...അങ്ങിനെ !

എന്തുപറ്റി നമ്മുടെ കേരളത്തിന്? ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശങ്ങള്‍ കേരളവും, ചിറാപ്പുഞ്ചിയുമാണെന്ന് നമ്മള്‍ അഭിമാനത്തോടെ പഠിച്ചിരുന്നു. ' ശ്യാമ സുന്ദര, ഭാവ സുന്ദര നാട് ' എന്നൊക്കെ കവികള്‍ പാടി. മകരക്കുളിരും, മാംപൂ മണവും നിറഞ്ഞു നിന്ന്, ആതിഥ്യ മര്യാദയുടെ അനുഗ്രഹ നിലമെന്ന് അറിയപ്പെട്ട്, മത സൗഹാര്‍ദ്ദത്തിന്റെ മണിപ്പന്തല്‍ എന്നഭിമാനിച്ചു ' ഭ്രാന്താലയം ' എന്നാക്ഷേപിച്ച വിവേകാനന്ദനെ നിഷേധിച്, ' ദൈവത്തിന്റെ സ്വന്തം നാട് ' എന്ന ഓമനപ്പേര് വാരിച്ചൂടി നിന്ന കേരളത്തിന് എന്ത് പറ്റി ?

ഈ അന്വേഷണം ദുഃഖ പര്യവസായിയായ ഒരു തുടര്‍ക്കഥയുടെ ദുരന്ത പരി സമാപ്തിയിലേക്കു നമ്മെ എത്തിക്കുന്നു.

അധികാര രാഷ്ട്രീയത്തിന്റെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി,  അറവു ശാലകള്‍ക്കു മുന്‍പില്‍ കാവലിരിക്കുന്ന തെണ്ടിപ്പട്ടികളെപ്പോലെ തരം താഴുന്ന നാണം കേട്ട രാഷ്ട്രീയക്കാര്‍, അവരുടെ അളിഞ്ഞ ആസനം താങ്ങി ആനുകൂല്യങ്ങളുടെ അടുത്തൂണ്‍ പറ്റുന്ന മത മേധാവികള്‍, എല്ലാ ജീവിത മൂല്യങ്ങളെയും ചവിട്ടി മെതിച് വളര്‍ന്നു വന്ന, ധന സന്പാദനത്തിന്റ മൃഗതൃഷ്ണയുമായി മുന്നേറുന്ന സാമൂഹ്യാവസ്ഥ, ഈ സാമൂഹ്യാവസ്ഥയുടെ പുത്തന്‍ പേരായ ' അടിപൊളി ' യുടെ അവതാരങ്ങളായി മാറിയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, കലയും, സാഹിത്യവും തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിന്റെ കണ്ണാടിയാക്കാന്‍ കഴിയാതെ കസേര കളിച്ചു കാലം പാഴാക്കുന്ന ഖലാഹാരന്മാരും, പേനയുന്തുകാരും, മിമിക്രിക്കാരുടെ കോമാളിക്കൈകളില്‍ കഴുത്ത് ഞെരിക്കപ്പെടുന്ന മലയാള സിനിമ, ഒരേ ദിവസം ഒന്‍പതു സാരി മാറുന്ന ദരിദ്ര നായികമാരുടെ കണ്ണീര്‍പ്പുഴകളില്‍ മുങ്ങിപ്പൊങ്ങുന്ന മെഗാ സീരിയലുകള്‍, കാപ്പിക്കുരു മാലയും, കനത്ത ബ്രെസ് ലെറ്റുമായി വിലസുന്ന സിനിമാ സീരിയല്‍ നായകന്മാര്‍, ഇരുപത്തി നാല് മണിക്കൂര്‍ ഫുള്‍ ടൈം പ്രോഗ്രാമുമായി മനുഷ്യനെ ശ്വാസം വിടാനനുവദിക്കാതെ ഇടിച്ചു കയറി പിടിച്ചു നില്‍ക്കുന്ന ചാനലുകള്‍ .....അടിപൊളി തന്നെ ജീവിതം ?

ഈ അടിപൊളിയുടെ മോഹ വലയത്തില്‍ ഈയാം പാറ്റകളെപ്പോലെ അകപ്പെട്ടു പോയ സാധാരണ ജനം, തങ്ങളുടെ നായകരെ അനുകരിക്കാനുള്ള തീവ്ര ശ്രമങ്ങള്‍ക്കിടയില്‍, ഇല്ലാത്ത സ്റ്റാറ്റസിന്റെ വല്ലാത്ത ഭാരം തലയിലേറ്റി നടന്നതിന്റെ അനന്തര ഫലങ്ങളിലായിരുന്നൂ, സമീപ കാല ദശകങ്ങളില്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ അരങ്ങേറിയ ആത്മഹത്യകകളുടെ പാരന്പരകള്‍? 

അടിസ്ഥാന പരമായി മനുഷ്യനോട് പറയേണ്ട ഒരു പ്രധാന കാര്യം ഈ അടിപൊളിക്കാര്‍ അവരോടു പറഞ്ഞില്ല  വിയര്‍പ്പോടെ അപ്പം ഭക്ഷിക്കണമെന്ന ബൈബിള്‍ വാക്യം. അല്ലെങ്കില്‍ ഫലേച്ഛയില്ലാതെ കര്‍മ്മം ചെയ്യണമെന്ന ഗീതാ വാക്യം.?

പത്തായം പെറും, ചക്കി കുത്തും, അമ്മ വയ്ക്കും, ഞാനുണ്ണും എന്ന നിലയിലേക്ക് വന്നൂ കാര്യങ്ങള്‍. മേലനക്കി ജോലി ചെയ്യുക എന്നത് ഒരു നാണക്കേടായി മാറീ സമൂഹത്തില്‍. ശന്പളവും, കിന്പളവും, കോഴയും, കമ്മീഷനും, ഹവാലയും...ഇതിലുപരി ഗള്‍ഫില്‍ നിന്നും, പടിഞ്ഞാറന്‍ നാടുകളില്‍ നിന്നും ഒഴുകിയെത്തുന്ന വിദേശപ്പണവും. എല്ലാം കൂടി നമ്മുടെ ചുണ്ണാന്പു കൊച്ചമ്മമാരെ ഇരുപത്തി നാല് മണിക്കൂറും ടി. വി. ക്കു മുന്നില്‍ തന്നെ പിടിച്ചിരുത്തുന്ന അവസ്ഥ നിലവില്‍ വന്നു.?

പാടങ്ങള്‍ നികത്തി നമ്മള്‍ കോണ്‍ക്രീറ്റ് ഞാറുകള്‍ നാട്ടു. രാസവളങ്ങള്‍ വാരി വിതറി നാം നമ്മുടെ തെങ്ങുകളുടെ മണ്ടകള്‍ മറിച്ചു. സര്‍ക്കാര്‍ ശാസ്ത്രജ്ഞന്മാര്‍ ഇതിനെ ' മണ്ഡരി ' എന്ന് വിധിയെഴുതി സ്തുതിച്ചു. മാവും, പ്ലാവും മുറിച്ചു വിറ്റ് നാമവിടെ റബറും, അക്കേഷ്യയും വളര്‍ത്തി. ചക്കയും, മാങ്ങയും, മുരിങ്ങക്കായുമൊക്കെ തിന്നുന്നവനെ പച്ചപ്പരിഷ്‌ക്കാരികള്‍ പട്ടിയെപ്പോലെ കരുതി ആക്ഷേപിച്ചു.

ക്രമേണ എളുപ്പ വഴിയില്‍ ക്രിയ ചെയ്യുവാന്‍  ജനം പഠിച്ചു. മൈദയും, പഞ്ചസാരയും പ്രധാന ചേരുവകളാക്കി, റേക്ട്രിഫൈഡ് ഓയിലില്‍ പാകം ചെയ്‌തെടുത്ത്, കോള്‍ട്ടാര്‍  ചായവും,കരാമല്‍ കളറും ചേര്‍ത്തു വച്ച ബേക്കറി സാധനങ്ങള്‍ സാധാരണക്കാരന്റെ തീന്‍ മേശയില്‍പ്പോലും നിറഞ്ഞു നിന്നു. ഈ ചേരുവകളിലെ മിക്ക  ഇനങ്ങളും  മാരകമായ  കാന്‍സറിന് പോലും കാരണമായിത്തീരാം എന്ന നഗ്‌ന സത്യം ഒരടിപൊളിക്കാരനും അവന് പറഞ്ഞു കൊടുത്തില്ല എന്ന് മാത്രമല്ലാ, തങ്ങളുടെ മീഡിയകളിലെ മാദക തിടന്പുകളുടെ വശ്യമായ ചിരിയുടെ പിന്‍ബലത്തോടെ അത് അവനെ നിര്‍ബന്ധിച്ചു തീറ്റിക്കുക കൂടി ചെയ്തു.

നെല്‍കൃഷി എന്നേ നമ്മള്‍ വേണ്ടെന്നു വച്ചു ? ആര് ഞാറു നാടും? ആര് കള പരിക്കും? കൊയ്യും? പാടത്തിറങ്ങി വെയില് കൊള്ളുന്‌പോള്‍ നമ്മുടെ സുസ്മിതാ സെന്നുമാരുടെ, ഐശ്വര്യാ റായിമാരുടെ നിറം കെട്ടു പോകില്ലേ? അല്ലെങ്കില്‍ തന്നെ ഇന്നലെ കണ്ടു നിര്‍ത്തിയ കണ്ണീര്‍ സീരിയലിന്റെ ബാക്കി ഭാഗം കാണാഞ്ഞിട്ട് എരിപൊരി കൊണ്ട് നടക്കുന്‌പോളാണ് ഒരു കൊയ്ത്ത് ?

സൂര്യ പ്രകാശത്തിന്റെ ഉപ ഉല്പന്നമായിട്ടാണ് ഭൂമിയില്‍ ജീവന്‍ ഉരുത്തിരിഞ്ഞത് എന്നും,അതേ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തിലും, സഹായത്തിലുമാണ് ജീവന്‍ നില നില്‍ക്കുന്നത് എന്നും, മനുഷ്യ ശരീരത്തിന്റെ ആരോഗ്യകരമായ നില നില്പിന് സൂര്യ പ്രകാശം അത്യന്താപേക്ഷികമാണെന്നുമുള്ള സത്യങ്ങള്‍ ഒരടിപൊളിക്കാരനും ഇത് വരെയും ബോധ്യപ്പെട്ടിട്ടും ഇല്ലല്ലോ?

മറ്റു കൃഷികളുടെ കാര്യവും ഇങ്ങിനെയൊക്കെ തന്നെ. പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും ആര് കൃഷി ചെയ്യുന്നു? അമ്മുക്കുട്ടിയുടെ അണിവിരലുകളില്‍ ചെത്തിമിനുക്കി നെയില്‍ പോളീഷ് ഇട്ടിരിക്കുന്നിടത്ത് മണ്ണും, ചെളിയും പുരളുന്നത് അടിപൊളിക്കാരന്‍ ഭര്‍ത്താവ് ഉണ്ണിക്കുട്ടപ്പന്‍ എങ്ങിനെ സഹിക്കും?

കാര്‍ഷിക വിളകള്‍ക്കും, പഴങ്ങള്‍ക്കും, പച്ചക്കറികള്‍ക്കുമെല്ലാം പേര് കേട്ടിരുന്ന കേരളം ഇന്ന് തരിശായിക്കിടക്കുന്ന കൃഷി ഭൂമികളാല്‍ സന്പന്നമാണ്. കേരളീയനെപ്പോലെ അത്ര നിറമില്ലാത്തവനും, പരിഷ്‌ക്കാരമില്ലാത്തവനുമായ പാവം തമിഴന്‍ കൃഷി ഏറ്റെടുത്തു. അവന്റെ മണ്ണില്‍ വെള്ളമില്ല. എന്നിട്ടും ഭഗീരഥനെപ്പോലെ തപസ്സു ചെയ്ത് കൊണ്ട് അവന്‍ വെള്ളത്തിനായി അലഞ്ഞപ്പോള്‍ നമ്മുടെ മുല്ലപ്പെരിയാറും, കാവേരിയുമൊക്കെ അവനു വേണ്ടി ജലം ചുരത്തി. കാട്ടു കരിന്പനകള്‍ മരവിച്ചു നിന്ന തമിഴകത്തെ മണ്ണ് ഇന്ന് സസ്യ ശാമള കോമളമായ കൃഷി ഭൂമികളാണ്, വയലേലകളാണ്. ജല സമൃദ്ധിയില്‍ പച്ച പുതച്ചു നിന്ന കേരളം കോണ്‍ക്രീറ്റിന്റെ ചാര നിറത്തില്‍ മരവിച്ചു വരണ്ടു കിടക്കുന്നു?

 പാലക്കടന്‍ മലനിരകളെ വിറ കൊള്ളിച്ചു കൊണ്ട് കോണ്‍വോയിയായി ചീറിപ്പാഞ്ഞു വരുന്ന തമിഴ് ട്രക്കുകളിലാണ് ഇന്ന് കേരളീയന് ഭക്ഷണമെത്തുന്നത്. അരിയും  തേങ്ങയും, പച്ചക്കറികളും, പഴങ്ങളും, കറിവേപ്പിലയും,  ചീരയും, അത്തപ്പൂവും പോലും?

കേരളത്തിലെ സ്റ്റാറ്റസ് അച്ചായന്മാരും, സൊസൈറ്റി അമ്മായിമാറും പോളിത്തീന്‍ ബാഗുകളും തൂക്കി അത് വാങ്ങാന്‍ കാത്തു നില്‍ക്കുകയാണ്, ശന്പളവും, കിന്പളവും, കോഴയും, കമ്മീഷനും, ഹവാലയും, വിദേശപ്പണവും സ്വരൂപിച് ?

ഇവിടെ ഒന്നുണ്ട്. കേരളീയന്‍ ' പാണ്ടി ' എന്ന് പരിഹസിച്ചു വിളിക്കുന്ന ഈ തമിഴ് നാട്ടുകാരന്‍ തന്ത്രം പഠിച്ചവനാണ്. മലയാളത്താന്‍ അണ്ണാച്ചിയുടെ പൊങ്ങച്ചത്തെ മുതലെടുക്കുവാന്‍ അവനറിയാം. അവിടെ അവന് രണ്ടു കൃഷിയാണ്. ഒന്ന് സ്വന്തം തിന്നാനുള്ളതും, മറ്റൊന്ന് കയറ്റി അയക്കാനുള്ളതും. തിന്നാനുള്ളത് വളരെ സൂക്ഷ്മതയോടെ രാസവളങ്ങളും, കീട നാശിനികളും പ്രയോഗിക്കാതെ ഒരു കൃഷി. കയറ്റി അയക്കാ ഉള്ളത് കടുത്ത രാസവള  കീട നാശിനി പ്രയോഗത്തോടെയുള്ള മറ്റൊരു കൃഷി. പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും ' ഫ്യൂറിഡാന്‍ ' എന്ന മാരക വിഷം ചേര്‍ത്ത മണ്ണിലാണ് വിത്ത് നടുന്നത് തന്നെ. ഈ ചെടികളെ യാതൊരു കീടവും ആക്രമിക്കുകയില്ല. എന്തെന്നാല്‍, ചെടികള്‍ ഉള്‍ക്കൊള്ളുന്ന ഫ്യൂറിഡാന്‍ ആക്രമിക്കാനെത്തുന്ന കീടത്തെ സ്പര്‍ശന മാത്രയില്‍ത്തന്നെ കൊന്നു കളയുന്നു. ഫലങ്ങളും, പഴങ്ങളും മുഴുത്തും, തുടുത്തും കാണപ്പെടുന്നതിനുള്ള ചില ഹോര്‍മോണ്‍ പ്രയോഗങ്ങളുമുണ്ട്.

എല്ലാം കഴിഞ് തുടുത്ത തക്കാളിയും, മുഴുത്ത വാഴപ്പഴവും കാരറ്റും, ബീന്‍സും, എന്തിന് ചീര വരെ തമിഴ് ലോറികളിലെത്തുന്നു. കണ്ടാല്‍ത്തന്നെ ആരും വാങ്ങിപ്പോകും. അത്രക്ക്  തുടുപ്പും,ആകര്ഷകത്വവുമാണ് അവയ്ക്ക്.

ഇനിയുമുണ്ട്. സള്‍ഫേറ്റിട്ടു പുഴുങ്ങിയ നല്ല ചുവന്ന അരി. അലക്കുകാരം കലക്കി കുടിപ്പിച്ചു എത്തിക്കുന്ന അറവു മാടുകള്‍. ഹോര്‍മോണ്‍ ഇന്‍ജക്ട് ചെയ്തു തടിപ്പിച്ചെടുക്കുന്ന ബ്രോയിലര്‍ കോഴികള്‍, അനങ്ങാന്‍ അനുവദിക്കാതെ ഹോര്‍മോണില്‍ ചീര്‍ത്തു വീര്‍ത്ത പന്നികള്‍.

കേരളീയന് സുഖം. എല്ലാം തമിഴന്‍ പടിക്കലെത്തിച്ചു കൊള്ളും. തിന്നുക, കുടിക്കുക, ആനന്ദിക്കുക, സീരിയല്‍ കാണുക, കരയുക,. വേണ്ടി വന്നാല്‍ അവസ്സാനക്കൈ ആത്മഹത്യ ചെയ്‌തേക്കുക ?

ഒന്നറിയുക. വളരെക്കാലമായി ശരീരം ഏറ്റുവാങ്ങുന്ന ഈ വിഷം പ്രാണന് പുറംതള്ളിയേ തീരൂ. തലവേദന, വയറിളക്കം, ശര്‍ദ്ദി, ജലദോഷം ഇവയെല്ലാം ഉണ്ടാവും. ശരീരത്തില്‍ അടിഞ്ഞു കൂടിയ വിഷം ഈ മാര്‍ഗ്ഗങ്ങളിലൂടെ പുറം തല്ലാന്‍ ശ്രമിക്കുകയാണ് പ്രാണന്‍  അഥവാ,  വൈറ്റല്‍പവര്‍. നാം സമ്മതിക്കില്ല .പേടിച്ചു വിറച്ചു നാം ആശുപത്രിയിലെത്തുന്നു. അവിടെ ഡാക്ടര്‍ എം. ഡി.യുടെ കടുത്ത പരിശോധനകള്‍. രക്തം, കഫം, മലം, മൂത്രം പിന്നെ ഒരു സ്‌കാനിങ്ങും. വൈറസ്...മുടിഞ്ഞ വൈറസ്. മുരടന്റെ മുറുക്കാന്‍ പൊതി പോലെ ആന്റി ബയോട്ടിക്കിന്റെ ഒരു ഗുളികപ്പൊതിയും, ഒഴിഞ്ഞൊട്ടിയ കീശയുമായി വളഞ്ഞു കുത്തി വീട്ടിലെത്തുന്നതോടെ പകുതി അസുഖം മാറിയതായിത്തോന്നും. ഗുളികകള്‍ കഴിച്ചു തീരുന്നതോടെ പൂര്‍ണ്ണ സൗഖ്യം. ഹാവൂ....

സംഭവിച്ചതെന്താണ്? ആഹാരത്തിലൂടെ അകത്തു കടന്ന വിഷ വസ്തുക്കളെ സംസ്‌കരിച് ചികിത്സ പോലും ആവശ്യമില്ലാത്ത പ്രകട രോഗങ്ങളിലൂടെ വിസര്‍ജ്ജിക്കുകയായിരുന്നൂ പ്രാണന്‍. അതിനിടയിലാണ്, കഠിന വിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന രാസ വസ്തുക്കളായ ആന്റിബയോട്ടിക്കുകള്‍ അകത്തെത്തുന്നത്. അപ്പോള്‍ ഈ പുതിയ വിപത്തിനെ  നേരിടുന്നതിനായി ആദ്യം തുടങ്ങി വച്ച വിസര്‍ജ്ജന പ്രിക്രിയ പ്രാണന്‍ നിര്‍ത്തി വയ്ക്കുന്നു. രോഗം മാറിയതായി നമുക്ക് തോന്നുന്നു.

എത്ര തവണ ഇതാവര്‍ത്തിച്ചാലും അകത്തെ വിഷത്തെ പുറം തള്ളേണ്ടത് പ്രാണനെ സംബന്ധിച്ചിടത്തോളം നില നില്‍പ്പിന്റെ ആവശ്യമായിത്തീരുന്നു. അവസാനക്കൈ എന്ന നിലയില്‍ പ്രാണന്‍ ശരീരത്തിന്റെ താപനില ഉയര്‍ത്തുകയാണ്. ഉയര്‍ന്ന താപനിലയില്‍ വിഷങ്ങളെ നിര്‍വീര്യമാക്കുകയാണ്. അങ്ങിനെ ശരീരത്തെ രക്ഷിക്കുകയാണ്. അതാണ് പനി. ഏലിയായാലും, ഡെങ്കിയായാലും, നിപ്പയായാലും?

പനി കൊണ്ട് മാത്രം ഒരു രോഗിയും മരണപ്പെടുവാന്‍ അശേഷം സാധ്യതയില്ല. പനിയോട്  അനുവര്‍ത്തിക്കുന്ന തെറ്റായ സമീപന രീതി മൂലം പ്രാണന്റെ സമതുലിതാവസ്ഥ താളം തെറ്റുകയും, അത് മൂലം മരണം സംഭവിക്കുകയും ചെയ്തിട്ടുണ്ട്, ഇന്നും സംഭവിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെ പനി മരണങ്ങളായി ചിത്രീകരിച്ചു കൊണ്ട് ഭീതി വിതയ്ക്കുന്നുമുണ്ട്.?

' എനിക്ക് പനി  തരൂ. അത് കൊണ്ട് ഞാന്‍ എല്ലാ രോഗങ്ങളും സുഖപ്പെടുത്താം ' എന്ന് ധീരമായി പ്രഖ്യാപിച്ചത്, ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോ ക്രസ്റ്റസാണ്. ഹിപ്പോ ക്രസ്റ്റസിന്റെ പേരില്‍ പ്രതിജ്ഞയെടുക്കുന്നവര്‍ക്ക് അദ്ദേഹത്തെ തള്ളിപ്പറയാനാകുമോ?

ആരും കൊതിക്കുന്ന കേരളമെന്ന ഈ അറബിക്കടലിന്റെ അരുമ തീരം ഇന്ന് തീരാ രോഗങ്ങളുടെ താവളമായിരിക്കുകയാണ്. പനി വേര്‍ഷനുകള്‍ മാറി മാറി പ്രത്യക്ഷപ്പെടുന്ന ഈ മനോഹര തീരം ഇന്നും സത്യങ്ങള്‍ തിരിച്ചറിയുന്നില്ലാ എന്ന് മാത്രമല്ലാ, ക്രൂരമായി തെറ്റിദ്ധരിപ്പിക്കപ്പെടുകയുമാണ്. എന്റെ അഭിവന്ദ്യനായ ഗുരു വര്യന്‍ യശ്ശശരീരനായ ഡോക്ടര്‍ ശ്രീ സി. ആര്‍. ആര്‍.വര്‍മ്മയുടെ പ്രകൃതി ചികിത്സാ നിഗമനങ്ങളില്‍ ചിലത് ഉള്‍ക്കൊണ്ടു കൊണ്ടാണ് മേപ്പറഞ്ഞ നിഗമനങ്ങളില്‍ ഞാന്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്.

ഈ നിഗമനങ്ങള്‍ ശരിയാണെങ്കില്‍ അതിനുള്ള പരിഹാരവും ഒറ്റ വാക്യത്തിലൊതുക്കാവുന്നതാണ്. ( ആവുന്നത്ര ) പ്രകൃതിയിലേക്ക് മടങ്ങുക. അപരിഷ്‌കൃതമെന്ന് അടിപൊളിക്കാര്‍ പുച്ഛിക്കുന്ന കൃഷി ആരംഭിക്കുക? ആവുന്നത്ര ഭക്ഷ്യ വസ്തുക്കള്‍ വിഷ രഹിതമായി സ്വയം ഉല്‍പ്പാദിപ്പിക്കുക. മണ്ണില്ലാത്തവരെ മറക്കുന്നില്ലാ. ഏവര്‍ക്കും ഒരു മുറ്റമോ. ടെറസോ ഉണ്ടല്ലോ? പൂച്ചട്ടികള്‍ക്കൊപ്പം പച്ചക്കറികള്‍ വീട്ടിലും വളര്‍ത്താമല്ലോ? ഓരോ വീട്ടമ്മയും സ്വന്തം മുറ്റത്ത് ഒരു പച്ചക്കറിത്തോട്ടം നട്ടുണ്ടാക്കുക. അടുക്കളയില്‍ പാത്രം കഴുകുന്ന വെള്ളം കൊണ്ട് നനയ്ക്കുക. കീടങ്ങള്‍ക്കെതിരെ ഉപ്പു ലായനി, സോപ്പ് ലായനി മുതലായവ ഉപയോഗിക്കുക. വിലയിടിഞ്ഞു നടുവൊടിഞ്ഞ തേങ്ങാ ധാരാളം ഭക്ഷണത്തില്‍ ഉള്‍ക്കൊള്ളിക്കുക. ചീരയില, മുരിങ്ങയില മുതലായ ഇലക്കറികള്‍ ഉപയോഗിക്കുക. ( നൂറു ഗ്രാം വിഷമില്ലാത്ത ചീര ദിവസവും  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഒരു പക്ഷേ നിങ്ങള്ക്ക് മേലില്‍ പനി ഉണ്ടാവാനേ പോകുന്നില്ലാ ) പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷ്യ വസ്തുക്കളില്‍ വിഷം കലര്‍ന്നിട്ടില്ലന്ന് ഉറപ്പ് വരുത്തുക. അലുമിനിയം പാത്രങ്ങള്‍ അടിച്ചു ചളുക്കി ഗാര്‍ബേജിലെറിയുക. ഇതൊക്കെ എന്തിന് എന്ന് വിശദീകരിക്കുവാന്‍ ആഗ്രഹമുണ്ട്. ഈ ലേഖനത്തില്‍ അതിനുള്ള ഇടമില്ലാത്തതിനാല്‍ തല്‍ക്കാലം വിടുന്നു.

ഇത്രയുമൊക്കെ ചെയ്താല്‍ ക്രമേണ ഫലം കണ്ടു തുടങ്ങും. രോഗ ഗ്രസ്തമായ സമൂഹം ആരോഗ്യമുള്ള സമൂഹമായി മാറും. കുട്ടികളും ഈ ലൈഫ് സ്‌റ്റൈല്‍ കണ്ടു വളരുന്നത് കൊണ്ട് തലമുറകള്‍ തന്നെ രക്ഷപ്പെടും. 

ദൈവത്തിന്റെ സ്വന്തം  നാട് രോഗത്തിന്റെയും, ദുഖത്തിന്റെയും നാടല്ല. സുഖത്തിന്റെയും, സന്തോഷത്തിന്റെയും നാടാണ്. അവിടം രോഗാതുരമായെങ്കില്‍ അതിനുത്തരവാദി ദൈവമല്ല. നമ്മള്‍. നമ്മുടെ താളപ്പിഴ? അത് തിരിച്ചറിഞ്ഞു നമ്മള്‍ തിരുത്തണം. നാടിന്റെ പേര് അന്വര്‍ത്ഥമാകണം. അപ്പോള്‍ മരണം പോലും ഒരു പേടി സ്വപ്നമാകില്ല. അത് മധുരോദാരമായ ഒരു സുഖാനുഭൂതിയാകും. അത് തിരിച്ചറിഞ്ഞ ആചാര്യന്മാരാണ് അതിനെ ' സമാധി ' എന്ന് വിളിച്ചത്.

ഇനിയെങ്കിലും ഇതൊക്കെ അനുഷ്ഠിക്കാന്‍ ആരംഭിച്ചില്ലെങ്കില്‍ വര്‍ഗ്ഗനാശം സംഭവിച്ചുപോയ അപൂര്‍വ ജീവികളുടെ പരമ്പരയില്‍ ഇന്നല്ലെങ്കില്‍ നാളെ മാമുഷ്യനും കണ്ണി ചേര്‍ന്നേക്കാന്‍ ഇടയുണ്ട്.

അടിച്ചു പൊളിക്കുന്ന കേരളം, പനിച്ചു വിറയ്ക്കുന്ന കേരളം(ലേഖനം: ജയന്‍ വര്‍ഗീസ്.)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക