Image

ഒപ്പിടാനും യന്ത്രം (ലൗഡ് സ്പീക്കര്‍ 35: ജോര്‍ജ് തുമ്പയില്‍)

Published on 30 May, 2018
ഒപ്പിടാനും യന്ത്രം (ലൗഡ് സ്പീക്കര്‍ 35: ജോര്‍ജ് തുമ്പയില്‍)
കമ്പനിയുടെ ഫിനാന്‍സ് മാനേജര്‍മാര്‍ ഒരു ദിവസം ഒപ്പിടുന്നത് ആയിരക്കണക്കിന് വരും. ഒപ്പിടാതാരിക്കാന്‍ വല്ല മാര്‍ഗ്ഗമുണ്ടോയെന്നറിയാന്‍ പലതും പയറ്റി നോക്കുന്നവരെ കുറിച്ചും കേട്ടിട്ടുണ്ട്. അതു പോലെ തന്നെയാണ്, സെലിബ്രിറ്റികളുടെ കാര്യവും. ആരാധകര്‍ക്ക് ഓട്ടോഗ്രാഫില്‍ ഒപ്പിടേണ്ടിവരുന്നവരും ധാരാളമുണ്ട്. ഇനി ഇവരൊന്നും തന്നെ ഒപ്പിട്ടു മടുക്കേണ്ടതില്ല. ഇത്തരം ഒപ്പിടല്‍ ജോലിക്കാരെ സഹായിക്കാന്‍ പുതിയ യന്ത്രമെത്തിയിരിക്കുന്നു. സ്വിസ് വാച്ച് നിര്‍മാണക്കമ്പനിയായ ജാക്വറ്റ് ഡ്രോസ് ആണ് ഒപ്പിടല്‍ യന്ത്രം ലോകത്തിനു സംഭാവന ചെയ്തിരിക്കുന്നത്. എത്ര വേണമെങ്കിലും ഒപ്പിടാം. യന്ത്രത്തിന്റെ ചാര്‍ജു തീരുന്നതുവരെ പരിധിയില്ലാതെ ഒപ്പിടാന്‍ സാധിക്കും. ചാര്‍ജ് തീര്‍ന്നാല്‍ വീണ്ടും റീചാര്‍ജ് ചെയ്യാം. പോക്കറ്റില്‍ കൊള്ളാവുന്ന വലിപ്പമേയുള്ളൂവെന്നതിനാല്‍ യാത്രകളിലും ഉപയോഗിക്കാമെന്ന പ്രത്യേകതയും ഒപ്പീടീല്‍ യന്ത്രത്തിനുണ്ട്. എന്നാല്‍ യന്ത്രം വാങ്ങിക്കണമെങ്കില്‍ നിലവില്‍ ചില പരിമിതികളുണ്ട്. ഓടിച്ചെന്നു വാങ്ങിച്ച് ഉപയോഗിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന സിഗ്നേച്ചര്‍ മെഷീന്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് ഒരു മാസം മുന്‍പെങ്കിലും തങ്ങളുടെ ഒപ്പിന്റെ സാമ്പിള്‍ നിര്‍മ്മാണ കമ്പനിക്കു കൈമാറണം. സാമ്പിളിനനുസരിച്ചു ഒപ്പിടുന്നതിനുള്ള യന്ത്രം നിര്‍മിക്കുകയാണു ചെയ്യുന്നത്. യന്ത്രം മോഷണം പോയാല്‍ പണി പാളുമല്ലോ എന്ന പേടിയുള്ളവരോടു കമ്പനി പറയുന്നത് ഒട്ടും പേടിവേണ്ടെന്നാണ്. ഉടമയുടെ ഫിംഗര്‍പ്രിന്‍റ് സ്കാന്‍ ചെയ്താല്‍ മാത്രമേ യന്ത്രം പ്രവര്‍ത്തിക്കൂ…ഫിംഗര്‍ പ്രിന്റര്‍ സെക്യൂരിറ്റി ഫീച്ചര്‍ ഉള്‍പ്പെടെ നിരവധി ഓപ്ഷനുകള്‍ ഇതിലുണ്ട്. ഏതു കളറില്‍ വേണമെങ്കിലും ഒപ്പിടും. സിഗ്നേച്ചറിനു നല്ല തെളിമയും വ്യക്തതയും ഉണ്ടെന്നു കമ്പനി അവകാശപ്പെടുന്നുണ്ട്. വിലയെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ഇല്ലെങ്കില്‍ ഒന്നു വാങ്ങി ഉപയോഗിച്ചു നോക്കാമായിരുന്നു.

***** ***** ***** ***** ***** ***** *****

ഈ കുട്ടി കാണിച്ച സാഹസം അല്‍പ്പം ഭയങ്കരമായിരുന്നു. ഉറക്കത്തില്‍ നിന്നും എഴുന്നേല്‍ക്കാന്‍ വൈകിയ കുട്ടിയെ പിതാവ് ഒന്നു വഴക്കു പറഞ്ഞു പോയി. അതിന് ഇങ്ങനെയൊക്കെ കാണിക്കാമോ? ഈ സംഭവം ചൈനയില്‍ നിന്നാണ്. അവിടെ, ഗുയിസ്ഹു പ്രവശ്യയിലെ ജിയാംകു സിറ്റിയിലാണ് കാര്യങ്ങള്‍ അരങ്ങേറിയത്. പിതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് മുറിക്കു പുറത്തുള്ള ജനാലയുടെ മുകളില്‍ കയറി കുട്ടി കിടന്നുറങ്ങി. അതും ബഹുനില കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ സ്ഥിതി ചെയ്യുന്ന മുറിയുടെ പുറത്തുള്ള ജനാലയുടെ മുകളില്‍ കയറി കിടക്കുകയായിരുന്നു. ഇവിടെ കിടന്ന് സുഖമായി ഉറങ്ങുകയും ചെയ്തു. എണീക്കാന്‍ ഏറെ വൈകിയതിനെ തുടര്‍ന്നാണ് പന്ത്രണ്ട് വയസുകാരനായ കുട്ടിയെ പിതാവ് വഴക്കു പറഞ്ഞത്. ഉറക്കം നഷ്ടപ്പെടുമെന്നു മനസിലാക്കിയ കുട്ടി മറ്റൊന്നും ചിന്തിക്കാതെയാണത്രേ ഇതു ചെയ്തത്. എന്തായാലും, രാവിലെ ഉറക്കമുണര്‍ന്ന കുട്ടിയെ പുറത്തെത്തിക്കാന്‍ ഫയര്‍ഫോഴ്‌സ് എത്തേണ്ടി വന്നു. കുട്ടികളെ വഴക്കു പറയും മുന്‍പ് ഇത്തരം സാഹസങ്ങള്‍ വല്ലതും കാണിക്കുന്നവരാണോ എന്നറിഞ്ഞതിനു ശേഷം മതി ശാസിക്കലും മറ്റും. ഇല്ലെങ്കില്‍ ചില വിരുതന്മാര്‍ ഇതും ഇതിലപ്പുറവും കാണിക്കും.

***** ***** ***** ***** ***** ***** *****

ലക്ഷങ്ങള്‍ വിലകൊടുത്താണ് ഈ ആര്‍ട്ട് ഗാലേറിയിലെ ചിത്രങ്ങള്‍ പലതും ശേഖരിച്ചത്. എന്നാല്‍ മിക്കതും ഒര്‍ജിനല്‍ അല്ലെന്നു തിരിച്ചറിഞ്ഞതോടെ, എന്തു ചെയ്യണമെന്നറിയാതെ താടിക്കു കൈയും കൊടുത്തിരിക്കുകയാണ് അധികൃതര്‍. ദക്ഷിണ ഫ്രാന്‍സിലെ ഏലിനുള്ള കാടാസ്‌ട്രോപ് മ്യൂസിയത്തിലാണ് ഈ അമളി പിണഞ്ഞിരിക്കുന്നത്. വിഖ്യാത ഫ്രഞ്ച് ചിത്രകാരന്‍ എടിയന്ന ടെറസിന്റെ ചിത്രങ്ങളുടെ വലിയ ശേഖരമുണ്ടെന്നായിരുന്നു ഈ മ്യൂസിയത്തിന്റെ പെരുമ. എന്നാല്‍ എടിയന്ന ടെറസിന്റെ ചിത്രമെന്ന പേരില്‍ ഇവിടെയുണ്ടായിരുന്ന 140 ചിത്രങ്ങളില്‍ 82 ചിത്രങ്ങള്‍ മറ്റാരോ വരച്ചതാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 160,000 യൂറോ വിലകൊടുത്ത് വാങ്ങിയ ഈ ചിത്രങ്ങള്‍ക്കാവട്ടെ ഏറെ ആരാധകരുമുണ്ടായിരുന്നു. പലരും ക്യൂ നിന്നാണ് ഈ ചിത്രങ്ങള്‍ കാണാനെത്തിയിരുന്നത്. ഇപ്പോള്‍ ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറം ലോകത്തെ അറിയിച്ചത്, എറിക് ഫൊര്‍കാഡ എന്ന ചരിത്രകാരനാണ് മ്യൂസിയത്തിലുണ്ടായിരുന്ന ചിത്രങ്ങളിലുള്ള കെട്ടിടങ്ങളെല്ലാം ടെറസിന്റെ ജീവിതകാലത്തുള്ളതല്ലെന്നും അത്രത്തോളം പഴക്കമില്ലാത്തതാണെന്നും ഫൊര്‍കാഡ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മ്യൂസിയം അധികൃതര്‍ നിയോഗിച്ച പ്രത്യേക സമിതിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. അപ്പോള്‍ പിന്നെ, കബളിപ്പിച്ചത് ആരെന്നറിയാതെ ഇരുട്ടില്‍ തപ്പുകയാണ് അധികൃതരും. ഇങ്ങനെയായാല്‍, എങ്ങനെ വിശ്വസിച്ച് ഒരു കലാസൃഷ്ടി വാങ്ങുമെന്നറിയാതെ പലരും വിഷമവൃത്തത്തിലായിട്ടുണ്ട്, ഇതോടെ ലോകത്തെ പല ആര്‍ട്ട് ഗ്യാലറിക്കാരും തങ്ങളുടെ ചിത്രത്തിന്റെ നിജസ്ഥിതി അറിയാന്‍ പല വിദ്യകളും പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. എന്തായാലും കാടാസ്‌ട്രോപ്പ് മ്യൂസീയത്തിന് കിട്ടിയ ഈ എട്ടിന്റെ പണിക്കെതിരേ പലരും ജാഗരൂകരായി കഴിഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക