Image

മലയാളികള്‍ നരഭോജികളേക്കാള്‍ ക്രൂരന്മാരോ? (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)

(തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി) Published on 04 June, 2018
മലയാളികള്‍ നരഭോജികളേക്കാള്‍ ക്രൂരന്മാരോ? (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)
കേരളത്തില്‍ അനുദിനം നടന്നു കൊണ്ടിരിക്കുന്ന അറും കൊലകള്‍ കേട്ടുകൊണ്ടാണഅ ഞാന്‍ തലക്കെട്ടിലെ ഈ ചോദ്യം അമേരിക്കന്‍ മലയാളി വായനക്കാരുടെ മുമ്പില്‍ ഉന്നയിക്കുന്നത്. അഭ്യസ്ത വിദ്യരെന്നഭിമാനിക്കുന്ന അധികം മലയാളികളും മാനുഷികമൂല്യങ്ങളെ ആദരിക്കുന്നവരല്ല എന്നുള്ളതാണ് സത്യം. അറിയാനും പഠിക്കുവാനുമായിട്ട് ഇനിയും ഒന്നുമില്ലെന്ന് ശഠിക്കുന്നവരുമാകുന്നവര്‍. ഒരു സര്‍വ്വകലാശാലാ ഡിഗ്രിയോ ഏതെങ്കിലും ഒരു വിഷയത്തിലുള്ള ഒരു ഡോക്ടറേറ്റോ കരസ്തമാക്കിയാല്‍ സര്‍വ്വജ്ഞപീഠം കയറിയ ഭാവവുമാണ് മലയാളിക്ക്! ആരെങ്കിലും ഒന്ന് ഊതിക്കൊടുത്താല്‍ അപ്പൂപ്പന്‍ താടി പോലെ വളരെ മേലോട്ട് അങ്ങ് പോകയും ചെയ്യും! മലയാളി ഉയരങ്ങള്‍ കീഴടക്കുന്നത് എനിക്ക് സന്തോഷകരവുമാകുന്നു. അതുകൊണ്ട് അതവിടെ നില്‍ക്കട്ടെ തല്‍ക്കാലം.

അന്യരോടോ സ്വന്തക്കാരോടോ ഏതെങ്കിലും വിധത്തിലുള്ള ഒരനിഷ്ടമോ വിരോധമോ ഉണ്ടായാല്‍ എത്ര നീചമായും ക്രൂരമായും അവനെ അവളെ പീഡിപ്പിക്കുവാനും തന്റെ ശത്രുവിനെ ഇല്ലാതാക്കുവാനും ഏതറ്റം വരെയും പോകുവാനും യാതൊരു മടിയുമില്ലാത്തവനുമാകുന്നു ഈശ്വഭക്തനും മാന്യനുമായ മലയാളി! മാന്യതയുടെ അര്‍ത്ഥം എന്തെന്ന് പഠിച്ചിട്ടില്ലെന്നുള്ളത് മറ്റൊരു കാര്യം.

കാലാവസ്ഥ കൊണ്ടും ഭൂപ്രകൃതികൊണ്ടും എക്കാലവും സന്തുഷ്ഠപൂര്‍ണ്ണമായ ജീവിതം നയിക്കുവാന്‍ സഹായിക്കുന്ന അതിമനോഹരമായ ഒരു നാടാണ് കേരളം! അതിന്റെ വില അവിടെ ജീവിക്കുന്ന മലയാളികള്‍ക്ക് അറിഞ്ഞു കൂടാ എന്നുള്ളതാണ് സത്യം. അങ്ങനെയുള്ള ആ നല്ല നാടിന്റെ പേര് എന്റെ നാട് എന്ന് അഭിമാനത്തോടെ എടുത്തു പറയുവാന്‍ വിദേശമലയാളികള്‍ ഇന്ന് ലജ്ജിക്കുന്നു എന്ന് പറഞ്ഞാല്‍ അതില്‍ ലേശവും അതിശയോക്തി ഇല്ല. രാഷ്ട്രീയമായും സാംസ്‌ക്കാരികമായും ധാര്‍മ്മികമായും ആത്മീയമായിട്ടുപോലും അത്രയ്ക്ക് അധഃപ്പതിച്ചു പോയിരിക്കുന്നു. 'ദൈവത്തിന്റെ നാട്' എന്നൊരു അപരനാമത്തിലും അറിയപ്പെട്ടു കൊണ്ടിരുന്ന കേരളം ഇന്ന് എന്നുള്ളതാണ് സത്യം.

ആരും നാഥനില്ലാത്ത, ചോദിക്കാന്‍ പോലും ആരുമില്ലാത്ത, സത്യനീതി നിയമങ്ങള്‍ക്കോ മനുഷ്യജീവനുപോലും യാതൊരു വിലയും സുരക്ഷിതത്വവുമില്ലാത്ത നാട്! കേരളത്തില്‍ ആര്‍ക്കും സുരക്ഷിതത്വമില്ലെന്ന് പറയുവാന്‍ പറ്റുകയില്ല. മന്ത്രിമാര്‍ക്കും രാഷ്ട്രീയനേതാക്കന്മാര്‍ക്കും, പോലീസുകാര്‍ക്കും, ക്വൊട്ടേഷന്‍ സംഘങ്ങള്‍ക്കും, മുതലാളിമാര്‍ക്കും, മതസഭാ നേതാക്കന്മാര്‍ക്കുമൊക്കെ കേരളത്തില്‍ സുരക്ഷിതത്വമുണ്ട്.

സാധാരണക്കാരായ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കേണ്ട കേരളത്തിലെ പോലീസ് പോലും അവരുടെ കൊലയാളികളായി തീര്‍ന്നുകൊണ്ടിരിക്കുന്നിന്ന്. നിഷ്‌കളങ്കരും നിരപരാധികളുമായ എത്ര ചെറുപ്പാക്കാരെയാണ് അവര്‍ ഈ അടുത്ത കാലത്തും മര്‍ദ്ദിച്ചും ഇടിച്ചും തല്ലിയും തല്ലിപ്പിച്ചും കൊല ചെയ്തു കൊണ്ടിരിക്കുന്നത്? മലയാളി സാഹിത്യകാരനും സാംസ്‌ക്കാരിക നായകനും സൂപ്പര്‍ സിനിമാ താരത്തിനും ആത്മീയ നേതാവിനു പോലും ഇതിലൊന്നും മനഃക്ലേശമില്ല! ആത്മരോഷമില്ല! അഹങ്കാരവും ഉന്നതഭാവവും സ്വാര്‍ത്ഥതയും തന്നെയല്ലേ മലയാളിയുടെ മുഖമുദ്ര? അവര്‍ പിന്നെങ്ങനെ അന്യായത്തിനും അധര്‍മ്മത്തിനുമെതിരായി പ്രതികരിക്കും? അഥവാ എന്തിന് പ്രതികരിക്കണം ? എന്നാല്‍ ഒന്നുണ്ട് സത്യം: അഹങ്കാരത്തിന്റെയും അധികാരത്തിന്റെയും കാക്കികോട്ടയില്‍ നിന്നും ഒരുനാള്‍ പുറത്തിറങ്ങി ജനങ്ങളുടെ ഇടയില്‍ ജീവിക്കേണ്ടവരാണ് തങ്ങളെന്നെ ചിന്ത നമ്മുടെ പോലീസ് ഏമാന്മാര്‍ക്ക് ഉണ്ടാകേണ്ട കാലം വളരെ അതിക്രമിച്ചു പോയിരിക്കുന്നു! ചരിത്രത്തിലെ വീരശൂര പരാക്രമികളെല്ലാം തന്നെ തങ്ങളുടെ കാല്‍ ഇടറി വീണ് തകര്‍ന്നു പോയിരിക്കുന്നു എന്നള്ള സത്യം അഹങ്കരിച്ച് ജീവിക്കുന്നവര്‍ അറിയണം. ഒരു വൈറസ് പനി, ഒരു ഹൃദയരോഗം, ഒരു സ്‌റോക്ക്, ഒരു കാന്‍സര്‍ രോഗം അഥവാ ഓര്‍ക്കാപ്പുറത്തൊരു കാറപകടം! കഴിഞ്ഞു എല്ലാ വൈഭവങ്ങളും ജീവിതപ്രതാപങ്ങളും! ഇല്ലേ? എന്റെ വീക്ഷണത്തില്‍, ആയുസ്സോടും ആരോഗ്യത്തോടും കൂടി ജീവിച്ചിരിക്കുവാന്‍ ഇടയാകുന്നത് മാത്രമാകുന്നു നമ്മുടെ മിടുക്ക്! അല്ലാതെന്തുണ്ട് കയ്യില്‍- ഭൂമിയില്‍ മനുഷ്യന് നിഗളിക്കുവാന്‍?

പ്രതിപാദ്യവിഷയത്തിലേക്ക് മടങ്ങാം. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന വിധത്തില്‍ കേരളത്തില്‍ ദിനന്തോറുമെന്നോണം പെരുകിക്കൊണ്ടിരിക്കുന്ന അരും കൊലകള്‍ ലോകത്തോട് വിളിച്ചറിയിക്കുന്നതെന്താണ്?  നരഭോജികളേക്കാളും ക്രൂരന്മാരായ കൊലയാളികള്‍ മലയാളികളായ തങ്ങള്‍ തന്നെയാകുന്നു എന്നു തന്നെയല്ലേ? ഇതിവിടെ ഉപസംഹരിക്കട്ടെ. മലയാളി ക്രൂര ഹൃദയനാണ്. ഒരു കോഴിയെയോ പേപ്പട്ടിയെയോ കൊല്ലുന്ന ലാഘവത്തോടു കൂടി മലയാളി മലയാളിയെ കൊല്ലും. സ്വന്തം ഭാര്യയെയോ ഭര്‍ത്താവിനെയോ അച്ഛനെയോ അമ്മയെയോ മോനെയോ മോളെയോ മറ്റു സ്വന്തക്കാരെയോ ബന്ധുക്കാരെയോ പ്രതിയോഗിയെയോ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും തോന്നുന്ന വിധത്തില്‍ കൊല്ലുവാന്‍ ബുദ്ധിമാനും ബുദ്ധിമതിയുമായ മലയാളിക്ക കഴിയും. ചില ആഴ്ചകള്‍ക്കു മുമ്പ് 4 വയസ്സുള്ള ഒരു കുഞ്ഞിനെ സ്വന്തം മാതാവ് ബക്കറ്റിലെ വെള്ളത്തില്‍ മുക്കിപ്പിടിച്ച് കൊന്ന സംഭവം  ഞാന്‍ ഒരു മലയാള മാധ്യമത്തിലൂടെ വായിക്കയുണ്ടായി. ഈദൃശയായ മാതാവ് മാതാവല്ല, മറിച്ച് മാതൃവേഷം അണിഞ്ഞ മറുതയാകുന്നു എന്ന് മഹാകവി ഉള്ളൂര്‍ പാടിയിട്ടുണ്ട്. ലോകം മുഴുവന്‍ അമ്മമാരെ ആദരിച്ച കഴിഞ്ഞ മെയ് 14-ാം തീയതി കേരളത്തിലെ ഒരു പുന്നാരപ്പുത്രന്‍ തന്റെ മാതാവിനെ മദ്യലഹരിയില്‍ കഴുത്തു ഞെരിച്ച് കൊന്ന ആരെയും ഞെട്ടിപ്പിക്കുന്ന വാര്‍ത്തയും മലയാള മാധ്യമത്തില്‍ ഞാന്‍ വായിക്കുകയുണ്ടായി. കണക്കു പറഞ്ഞുള്ള രാഷ്ട്രീയ കൊലപാതകങ്ങളും കേരളത്തില്‍ അനുദിനം പെരുകിക്കൊണ്ടിരിക്കുന്നു. ശിശുക്കള്‍ മുതല്‍ വൃദ്ധകള്‍വരെ അഭ്യസ്തവിദ്യരുടെ നാട്ടില്‍ ബലാല്‍ക്കാരം ചെയ്യപ്പെടുന്നു. മദ്യലഹരിയില്‍ അപ്പന്‍ മോളെ പീഡിപ്പിക്കുന്നു. നാടുകാണാന്‍ വരുന്ന വിദേശ വനിതകളെ വരെ മലയാളി ബലാല്‍ക്കാരം ചെയ്തു കൊല്ലുന്നു. എഴുതിയാല്‍ തീരാത്ത വിധത്തിലുള്ള ചതികളുടെയും വഞ്ചനകളുടെയും നീചത്വങ്ങളുടെയും ദുഷ്പ്രവൃത്തികളുടെയും പരപീഡനങ്ങളുടെയും അവിഹിത ബന്ധങ്ങളുടെയും കാപട്യങ്ങളുടെയും ഭണ്ഡാരപ്പുരയാണ് ഇന്നത്തെ അധികം മലയാളികളും. മാത്രവുമല്ല, സ്വന്തം തെറ്റ് ഒരിക്കലും സമ്മദിക്കുകയോ അതില്‍ പശ്ചാത്തപിക്കുകയോ ചെയ്യാത്തവനുമാണ് മലയാളി! അവനാണ് ദൈവത്തിനു വേണ്ടിയും ഏറെ ഒച്ചപ്പാടുണ്ടാക്കുന്നതും തട്ടിപ്പുകള്‍ നടത്തുന്നതും.

സ്‌നേഹിച്ച യുവതിയെ അതേ ജാതിയില്‍പെട്ട ഒരു സാധു യുവാവ് സ്‌നേഹിച്ചു കല്യാണം കഴിച്ചെന്ന അപരാധത്തിന് ഭാര്യാവീട്ടുകാരെല്ലാം ചേര്‍ന്ന് അവനെ തട്ടിക്കൊണ്ടുപോയി പോലീസിന്റെ അറിവോടു കൂടി ക്രൂരമായി മര്‍ദ്ദിച്ചു കൊന്ന മലയാളികള്‍ നരഭോജികളേക്കാള്‍ നികൃഷ്ട ജീവികള്‍ തന്നെയല്ലേ?

മലയാളികളുടെ ഇടയില്‍ എവിടെയും സ്വാര്‍ത്ഥതയും അഹങ്കാരവും അസഹിഷ്ണുതയും അസൂയയും ശത്രുതയും പോരാട്ടങ്ങളും തന്നെ. കേരളം മുഴുവനും ഇന്ന് പകയുടെയും വര്‍ഗ്ഗീയതയുടെയും ശത്രുതയുടെയും അക്രമത്തിന്റെയും രക്തയക്ഷി നഗ്നതാണ്ഡവമാടുകയാണ്. പള്ളികളില്‍ പ്പോലും വെട്ടുംകുത്തും അക്രമങ്ങളും ഭീഷണികളുമാണ്. ദൈവം എവിടെ? ദൈവസ്‌നേഹമെവിടെ? മലയാളികളെ ജീവിതതകര്‍ച്ചകളില്‍ നിന്നും നാശത്തില്‍ നിന്നും നന്മയിലേക്കും സമാധാനത്തിലേക്കും കൈയ്ക്കു പിടിച്ചുയര്‍ത്താന്‍ സഹായിക്കുന്ന ധാര്‍മ്മികമോ ആത്മീയമോ ആയ ഒരനശ്വര മൂല്യത്തെയോ പ്രകാശത്തെയോ പ്രത്യാശയോ കണ്ടെത്തുവാന്‍ സമൂഹമായിട്ട് നമുക്കിനിയും കഴിയാതെ പോയിരിക്കുന്നു. മലയാളികള്‍ കൊലയാളികളാണ്. 80 വര്‍ഷങ്ങള്‍ക്ക് മുമ്പ് ചങ്ങമ്പുഴ പ്രസ്താവിച്ച അതേ അവസ്ഥ തന്നെയാണ് ഇന്നും നമ്മുടേത്:
ഓമല്‍സ്സഹജര്‍ തന്നെസ്ഥികൂടങ്ങളാല്‍
പൂമണിമേടകള്‍ തീര്‍ത്തു സുഖിപ്പൂ നാം!
ഒന്നിനൊന്നായ് സമസൃഷ്ടികളെത്തന്നെ
കൊന്നും തിന്നും വെറും കാട്ടുമൃഗങ്ങള്‍ നാം!
കഷ്ടം, മനുഷ്യന്‍ മനുഷ്യനായിത്തീരുമാ-
സ്സുപ്രഭാദം വന്നുദിപ്പതെന്നാണിനി?

മലയാളികള്‍ നരഭോജികളേക്കാള്‍ ക്രൂരന്മാരോ? (തോമസ് ഫിലിപ്പ് പാറയ്ക്കമണ്ണില്‍ റാന്നി)
Join WhatsApp News
Kridarthan 2018-06-04 11:16:11
Ask  this  question  to  Raju  Abraham  your MLA,  he  will be visiting  America.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക