Image

'ആത്മഗീതം' (കവിത: മഞ്ജുള ശിവദാസ്)

മഞ്ജുള ശിവദാസ് Published on 11 June, 2018
'ആത്മഗീതം' (കവിത: മഞ്ജുള ശിവദാസ്)
മാരുതന്‍ മെല്ലെ വീശി വന്നെത്തുവാന്‍,
ജാലകങ്ങള്‍ തുറന്നിട്ടിടുന്നു ഞാന്‍.
താതനെപ്പോലെ തലയില്‍ തലോടി
യെന്നരികിലല്‍പ്പമിരിക്കുമോ തെന്നലേ...

ഉടപ്പിറപ്പിന്റെ കരുതുന്ന സ്‌നേഹമായ്,
കരുത്തിലൊട്ടും കുറയ്ക്കാതെതന്നെ നീ
ഒരു കൊടുങ്കാറ്റു പോലെന്റെ ചുറ്റിലും
കവചമായെന്നെ കാത്തു രക്ഷിക്കുമോ?

കുസൃതികാട്ടിപ്പിണങ്ങിയും പിന്നെ  
വന്നുമ്മവച്ചും കിണുങ്ങിയും നില്‍ക്കുന്ന,
തനയനായി നീ  മന്താനിലാ എന്റെ
യരികിലേക്കൊന്നു വീശി വന്നെത്തുമോ..

കോപഭാവം മറയ്ക്കുന്നൊരെന്നിലെ
സ്‌നേഹവാത്സല്യമെല്ലാമറിയുന്ന
എന്റെ ചിന്തകള്‍ക്കൊപ്പം ചരിക്കുന്ന
നല്ല ചങ്ങാതിയായി നീയെത്തുമോ...

എന്റെയൂഷ്മള സ്‌നേഹം കൊതിക്കുന്ന
മാനസത്തെ കളങ്കപ്പെടുത്തുവാന്‍ 
എത്തിടേണ്ട നീ കാമുകവേഷത്തില്‍മാത്ര
മെന്നരികില്‍  പ്രണയ കാപട്യമായ്.

'ആത്മഗീതം' (കവിത: മഞ്ജുള ശിവദാസ്)
Join WhatsApp News
വിദ്യാധരൻ 2018-06-11 23:14:45
ഒരു മന്ദമാരുതനായ് പണ്ട് 
ആഫ്രിക്കയിൽ ജനിച്ചതാണവൻ 
പലരേയും തടവി തലോടി ഉറക്കി 
ഒടുവിലൊരു ചെറു ചുഴലിയായി 
പസഫിക്കിൽ ചെന്നു ചാടി 
അവിടെനിന്ന് ആർജ്ജിച്ച ഊർജ്ജത്താൽ 
ഉന്മത്തനായ് 'ഐക്കെ' ന്ന കൊടുങ്കാറ്റായ്
സംഹാര നൃത്തമാടി 
പോയപോക്കിൽ കടപുഴക്കി മരങ്ങൾ 
തട്ടി തെറിപ്പിച്ചു മേൽക്കൂരകൾ 
എത്രയോ ജീവിതങ്ങൾ ചിന്ന ഭിന്നമാക്കി 
ഒരുകൈകൊണ്ടു തലോടി 
മറുകൈകൊണ്ടടിക്കുന്ന ലോകമാണിത് 
മന്ദമാരുതനായ് വന്ന് 
കടപ്പുഴക്കുന്ന കൊടുങ്കാറ്റായ് മാറിടും 
സൂക്ഷിക്കണം കവയിത്രി 
ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ലോകമാണിത്  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക