Image

കേരളത്തില്‍ കണ്ടതും കേട്ടതും (പകല്‍ക്കിനാവ്- 105: ജോര്‍ജ് തുമ്പയില്‍)

Published on 16 June, 2018
കേരളത്തില്‍ കണ്ടതും കേട്ടതും (പകല്‍ക്കിനാവ്- 105: ജോര്‍ജ് തുമ്പയില്‍)
ഇടക്കാല സന്ദര്‍ശനത്തിനായി നാട്ടിലെത്തിയപ്പോള്‍ ആദ്യം തിരക്കിയത്, ഇപ്പോഴും പത്രമൊക്കെ കൃത്യസമയത്ത് വരുന്നുണ്ടോ, അതു നോക്കി ജനങ്ങളിരിക്കുന്നുണ്ടോ എന്നൊക്കെയായിരുന്നു. കാരണം, നാട്ടിലിപ്പോള്‍ വാട്‌സാപ്പ്, ഫേസ്ബുക്ക്, ചാനല്‍ തരംഗമാണെന്നു കേട്ടിരുന്നു. അതു കൊണ്ടൊന്നു പരീക്ഷിച്ചു നോക്കി. സത്യംഇപ്പോഴും ജനങ്ങള്‍ കാത്തിരിക്കുന്നു. ആ പഴയ കാലത്തേതു പോലെ തന്നെ പത്രങ്ങള്‍ക്ക് വേണ്ടി. രാവിലെ ഉണര്‍ന്നു കാപ്പി കുടിച്ചിരിക്കുമ്പോള്‍ പത്രം കിട്ടിയില്ലെങ്കില്‍ കൈ വിറയ്ക്കുമെന്നു പണ്ടു തമാശയ്ക്ക് പറഞ്ഞതു പോലെ തന്നെ.

ലോകം എത്ര പുരോഗമിച്ചാലും ഈ ശീലങ്ങള്‍ മാറുന്നില്ലെന്നതാണ് നേര്. ഓരോരുത്തര്‍ക്കു വേണ്ടിയും കേരളത്തിലെ പത്രങ്ങള്‍ ഇപ്പോള്‍ സ്‌പെഷ്യലൈസ് ചെയ്തിട്ടുണ്ടെന്നതു നേര്. കാലം മാറുമ്പോള്‍ അതിനൊത്ത് കോലവും മാറണമെന്നു പത്രങ്ങള്‍ക്കു നന്നായറിയാം. അല്ലെങ്കില്‍ പിന്നെ, ടെക്കികളുടെ കാലത്തെ തള്ളിക്കയറ്റത്തിനിടയില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലോ എന്ന് എഡിറ്റോയല്‍ ബോര്‍ഡ് അംഗങ്ങള്‍ ഭയന്നിട്ടുണ്ടാവും. പത്രത്തില്‍ ഇപ്പോള്‍ ഇന്‍ഫോടെയ്ന്‍മെന്റ് കൂടുതലാണെന്നു തോന്നി. കൂടുതലും നമുക്ക് അറിയേണ്ടതായ, വിജ്ഞാനം വിളമ്പുന്ന വാര്‍ത്തകള്‍. എന്തായാലും എന്റെ മലയാളത്തിന് ഇന്നും ശീലങ്ങള്‍ മാറുന്നില്ലെന്നത് വലിയ സന്തോഷമുളവാക്കി. എന്നാല്‍ ഒരു കാര്യം പറയാതെ വയ്യ, ഒരു കാര്യം അറിയണമെങ്കില്‍ മനോരമ വലതും ദേശാഭിമാനി ഇടതും പിടിച്ചു വേണം വാര്‍ത്ത വായിക്കാന്‍. അതിന് ഇന്നും മാറ്റമൊന്നുമില്ല.

***** ***** ***** ***** ***** ***** *****

എന്റെ നാടായ കോട്ടയത്തായിരുന്നു കേരളത്തെ ഇളക്കിമറിച്ച കെവിന്‍ കൊലപാതകത്തിന്റെ കേന്ദ്രബിന്ദു. ഇപ്പോഴും ഇവിടെ കോളിളക്കം അവസാനിച്ചിട്ടില്ല. ടിവി ചാനലുകളില്‍ കെവിന്റെ വാര്‍ത്തകള്‍ ഓരോ ദിവസവും കൂടുതല്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. നീനു എന്ന ആ പെണ്‍കുട്ടിയെ ചാനലുകളില്‍ കാണുമ്പോള്‍ ദുഃഖം തോന്നുന്നു. ഇത് നഷ്ടപ്പെടുത്തിയത് സ്വന്തം ജീവിതം മാത്രമല്ല, മറ്റ് എത്രയോ പേരുടെ ജീവിതം കൂടിയാണ്. പ്രണയത്തിനു വേണ്ടി പടനയിക്കുമ്പോള്‍ കുട്ടികളൊക്കെയും ഇതൊന്നും ഓര്‍ക്കാത്തതെന്ത്? എത്ര കുടുംബങ്ങളുടെ സമാധാനം നഷ്ടപ്പെട്ടിരിക്കുന്നു. എത്ര പേര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു. പ്രണയം ആനന്ദാനുഭൂതിയായിരുന്നത് ഇന്ന് കണ്ണീര്‍ക്കടലായി മാറുന്നുവെന്നത് കാലം നല്‍കിയ കുരുതിയായിരിക്കാം. എന്തായാലും കെവിന്‍ സംഭവം പലരെയും മാറിചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കാം.

ഇട്ടാ വട്ട കോട്ടയത്ത് വീണ്ടുമുണ്ടായി വിശേഷങ്ങള്‍. കോട്ടയത്തെ കേരള കോണ്‍ഗ്രസാണ് ഇപ്പോള്‍ താരം. ഇരുട്ടിവെളുത്തപ്പോള്‍ വീണ്ടും മാണി കോണ്‍ഗ്രസായി. അങ്ങനെ നൂലു പൊട്ടിയ പട്ടമായി മാറിയിരുന്ന മാണിക്ക് ഇപ്പോള്‍ നല്ല വാലുള്ള മറ്റൊരു പട്ടത്തെ കൂടി കിട്ടി. രാജ്യസഭ സീറ്റും ലോക്‌സഭ സീറ്റും. എല്ലായിടത്തും മകന്‍, ജോസ് കെ. മാണി തന്നെ നായകന്‍. മാണി കഴിഞ്ഞാല്‍ മാണിയുടെ മകന്‍. അതു കഴിഞ്ഞാലോ? അതു കാലം തെളിയിക്കട്ടെ !! (അടുത്ത തവണ ലോക്‌സഭയിലേക്ക് ജോസ് കെ. മാണി കോട്ടയത്ത് ക്ലച്ച് പിടിക്കില്ലെന്നും അതു കൊണ്ടാണ് രാജ്യസഭയിലേക്ക് പോയതെന്നും അസൂയക്കാര്‍ പറഞ്ഞു പരത്തുന്നുണ്ട്)

***** ***** ***** ***** ***** ***** *****

ഇടവപ്പാതിയുടെ മൂര്‍ദ്ധനതയിലേക്കാണ് ഞങ്ങളുടെ വിമാനം കൊച്ചിയില്‍ നിലം തൊട്ടത്. മഴയോടു മഴ. കാലവര്‍ഷം കലിത്തുള്ളുന്ന സൗന്ദര്യം അടുത്തു നിന്നു കാണുമ്പോള്‍ ബാല്യകാലം ഓര്‍ത്തു പോവുന്നു. മാതാപിതാക്കള്‍ (രണ്ടുപേരും ഇന്നില്ല) നല്‍കിയ ആശ്വാസത്തിന്റെ ചൂടായിരുന്നു, ഈ മഴത്തണുപ്പിനെ അകറ്റി നിര്‍ത്തിയിരുന്നത്. ഇന്ന് മഴ നിര്‍ത്താതെ പെയ്യുന്നു. തോടുകള്‍ നിറഞ്ഞൊഴുകുന്നു. പാടത്തും പറമ്പിലും മഴ ഒരേ താളത്തില്‍ പെയ്യുന്നു. നാട്ടിലെ പ്രകൃതിയുടെ ഇത്തരം കുസുതൃകളാണ് ഗൃഹാതുരത്വം. ഒരിക്കലും മായ്ച്ചു കളയാതെ ഹൃദയത്തില്‍ ഓരോ അമേരിക്കന്‍ മലയാളിയും സൂക്ഷിക്കുന്ന മഴ. വരാന്തയിലിരുന്നു മഴ കാണുകയാണ്. അതാണ് അവധിക്കാല ഇടവേളയിലെ ഇപ്പോഴത്തെ എന്റെ പ്രധാന പരിപാടി. ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന മഴ. ലാസ്യത്തോടെ, ഒന്നു മന്ദഹസിച്ച്, മറ്റു ചിലപ്പോള്‍ ഇണങ്ങിയും പിണങ്ങിയുമൊക്കെ മഴ പെയ്യുന്നു. നോക്കിയിരിക്കുമ്പോള്‍ മഴയോടു വിട്ടുപിരിയാനാവാത്ത സ്‌നേഹം തോന്നും. മഴയെന്നത്, പ്രത്യേകിച്ച് കേരളത്തിലേത്, ഒരു വലിയ പ്രതിഭാസം തന്നെയാണ്. സ്‌നേഹത്തിന്റെയും വിട്ടുപിരിയാത്ത് ഓര്‍മ്മകളുടെയും നാഭീനാള ബന്ധം. ഈ മഴ തന്നെയാണ് മലയാളികളെ തമ്മിലിണക്കി നിര്‍ത്തുന്നതും.

***** ***** ***** ***** ***** ***** *****

കേരളത്തിന്റെ റോഡുകളില്‍ ഒരിക്കലും ഫ്‌ളക്‌സുകള്‍ക്കു ക്ഷാമം ഉണ്ടായിട്ടില്ല. ആദ്യ കാലത്ത് സ്ഥാപനങ്ങളുടെ പടുകൂറ്റന്‍ പരസ്യങ്ങളായിരുന്നു. എന്നാല്‍ പിന്നീടത്, സിനിമകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടി വഴി മാറി. ഇലക്ഷന്‍ വന്നു കഴിഞ്ഞാല്‍ പിന്നെ ഫ്‌ളെക്‌സിന്റെ വലിയ തോതിലുള്ള കോട്ടമതിലുകള്‍ കേരളത്തിലെ റോഡുകളില്‍ കാണാം. ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചത് അതൊന്നുമല്ല. പത്താം ക്ലാസും പ്ലസ് ടുവുമൊക്കെ ഉന്നതമാര്‍ക്കോടെ പാസ്സായ വിദ്യാര്‍ത്ഥികളുടേതാണ്. എല്ലാ വിഷയത്തിനും എ പ്ലസ്. ഞങ്ങളുടെ ബാല്യകാലത്തൊക്കെ സംസ്ഥാനത്തു തന്നെ വളരെ ചുരുക്കം പേര്‍ക്ക് മാത്രം കിട്ടിയിരുന്ന ഈ മാര്‍ക്കുകള്‍ ഇന്നു സര്‍വ്വസാധാരണമായിരിക്കുന്നു. കേരളത്തിലെ പുതിയ കുട്ടികള്‍ വിദ്യാഭ്യാസകാര്യത്തില്‍ വളരെ മുന്നിലാണ്. അതങ്ങനെ തന്നെയായിരിക്കുകയും വേണം. വിദ്യാഭ്യാസമില്ലാതെ മുന്നോട്ടു പോകാനാവില്ലെന്നു കേരളം പഠിച്ചു കഴിഞ്ഞു. എന്നാല്‍, ഇതിലൊരു ആപത്ത് ഒളിഞ്ഞിരിപ്പുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം മാത്രമായി മുന്നോട്ടു പോകുമ്പോള്‍ അവരുടെ ജീവിതം മറ്റൊരു തലത്തിലേക്ക് മാറുന്നു കൂടിയുണ്ട്. പഠനം മാത്രമായി ഫോക്കസ് ചെയ്യന്നവരെ ശ്രദ്ധിച്ചാല്‍ കാണാം. ടിവി, മൊബൈല്‍, മറ്റു കലാപരിപാടികള്‍, സൗഹൃദങ്ങള്‍ എന്നിവയില്‍ നിന്നൊക്കെ അവരും അകലം പാലിക്കുന്നു. അവര്‍ മാത്രമല്ല, രക്ഷിതാക്കളും അങ്ങനെ തന്നെ. കുട്ടി പഠിക്കുന്നു പോലെ പാഠങ്ങള്‍ അവരും പഠിക്കുന്നു. അങ്ങനെ വിശാലമായ സമൂഹത്തില്‍ നിന്നും ഒഴിഞ്ഞു മാറി പഠനത്തിന്റെ ലോകത്തേക്ക് ഒതുങ്ങുന്ന ഇവര്‍ മനഃശാസ്ത്രപരമായി നീങ്ങുന്നത് ഒരു വിപരീതദിശയിലേക്കാണെന്നു പറയേണ്ടി വരും. നമുക്ക് വിദ്യാഭ്യാസം വേണം, മറ്റ് എല്ലാം വേണം. എല്ലായിടത്തും നിന്നും അടിയും തിരിച്ചടിയുമൊക്കെ കിട്ടണം. എങ്കില്‍ മാത്രമേ കരുത്തുള്ളവനായി, അതിജീവിക്കാന്‍ ശേഷിയുള്ളവനായി നമുക്ക് മുന്നേറാന്‍ പറ്റൂ. അല്ലാത്തവര്‍ പാതിവഴിയില്‍ കാലിടറാന്‍ വിധിക്കപ്പെട്ടവരാണ്. നീറ്റിനു മാര്‍ക്ക് കുറഞ്ഞതിനാല്‍ സീറ്റ് ലഭിക്കില്ലെന്ന മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ വാര്‍ത്തയും വിഷമിപ്പിക്കുന്നതാണ്. പാലക്കാട് ചാത്തമ്പാറയില്‍ സൗമ്യ എന്ന പത്തൊമ്പതുകാരിയാണ് ജീവനൊടുക്കിയത്. കുട്ടികളെ ഇങ്ങനെ ശിക്ഷിക്കാതിരിക്കാന്‍ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക