Image

ഒരമ്മയുടെ പോരാട്ടത്തിന് ശുഭപര്യവസാനം!

അനില്‍ പെണ്ണുക്കര Published on 16 June, 2018
ഒരമ്മയുടെ പോരാട്ടത്തിന് ശുഭപര്യവസാനം!
ലവ്‌ലി വര്‍ഗീസ് എന്ന അമ്മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് ഇന്ന് തിരശീലവീഴുകയാണ്. തന്റെ മകനെ ക്രൂരമായി കൊലപ്പെടുത്തിയവന് ശിക്ഷ വാങ്ങിക്കൊടുത്തു ആ അമ്മ തന്റെ കടമ നിര്‍വ്വഹിച്ചു. 2014 ഫെബ്രുവരി 14 ന് കാര്‍ബോണ്‍ഡലിലെ വനാന്തരങ്ങളില്‍ മരണപ്പെട്ട സതേണ്‍ യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് പ്രവീണ്‍ വര്‍ഗീസിന് നീതി ലഭിച്ചിരിക്കുന്നു.

കോടതി വിധിയില്‍ സന്തോഷിക്കുകയും ഒപ്പം മകന്റെ വിയോഗത്തെ ഓര്‍ത്തു കണ്ണുകലങ്ങിയുമാണ് ആ അമ്മ കോടതിയുടെ പടിയിറങ്ങിയത്. തന്നെ കൊലപ്പെടുത്തിയ ബത്തൂണിനെ കോടതി ശിക്ഷിച്ചതില്‍ പ്രവീണ്‍ മറ്റൊരു ലോകത്തിരുന്നു സന്തോഷിക്കുന്നുണ്ടാവുമെന്നു ലവ്‌ലി ആശ്വസിച്ചു. പോരാട്ടത്തിന്റെയും പ്രതിഷേധത്തിന്റെയും കാത്തിരിപ്പിന്റെയും ഒടുവില്‍ പ്രവീണിന്റെ ദിവസം വന്നെത്തിയതില്‍ വര്‍ഗീസ് കുടുംബം ഒത്തിരി സന്തോഷിക്കുന്നു.
സംഭവദിവസം രാത്രി ബര്‍ത്‌ഡേ പാര്‍ട്ടി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന പ്രവീണിന് ബത്തൂണ്‍ ലിഫ്റ്റ് കൊടുക്കുകയും കാറില്‍ വെച്ച് പ്രവീണുമായി വഴക്കുണ്ടാവുകയും തുടര്‍ന്ന് പ്രവീണിനെ ബത്തൂണ്‍ ശക്തമായി മര്‍ദിക്കുകയും ചെയ്തു. കാറില്‍ നിന്നിറങ്ങിയ പ്രവീണ്‍ കാട്ടിലേക്കോടി പിന്നീട് മരണപ്പെടുകയായിരുന്നു. പ്രവീണിനെ കാണാതായി 5 ദിവസം കഴിഞ്ഞാണ് മൃതദേഹം കണ്ടെത്തിയത്.

ആദ്യത്തെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൈപോതെര്‍മിയ ബാധിച്ചു മരിച്ചെന്ന വാദത്തില്‍ സംശയം തോന്നിയ വര്‍ഗീസ് കുടുംബം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ ശക്തിയായ അടിയേറ്റാണ് പ്രവീണ്‍ മരിച്ചതെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. രണ്ട് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളും പരിശോധിച്ച കോടതി പ്രവീണിനെ ബത്തൂണ്‍ കൊലപ്പെടുത്തിയതാണെന്ന് വിധിയെഴുതി. ഒപ്പം ഗെയ്ജ് ബത്തൂണിന്റെ ജാമ്യാപേക്ഷ റദ്ധാക്കി അയാളെ ജയിലിലേക്ക് അയക്കുകയും ചെയ്തു.

പ്രവീണ്‍ വധക്കേസില്‍ കോടതി വിധി വര്‍ഗീസിന് അനുകൂലമായി വന്നതില്‍ കുടുംബം ഒരുപാട് സന്തോഷിക്കുന്നുണ്ട്. അവസാനം നമുക്ക് വിജയം കൈവരിക്കാന്‍ കഴിഞ്ഞെന്നും ഈ അവസരത്തില്‍ താന്‍ ഒരുപാട് സന്തോഷിക്കുന്നെന്നും പ്രവീണ്‍ തന്റെ കാതില്‍ മന്ത്രിച്ചതായി ലവ്‌ലി പറഞ്ഞു. ' എന്റെ മകനെ ഞാന്‍ വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പോലെ ഇന്ന് ലോകവും അവനെ വിശ്വസിക്കുന്നു. ' ലവ്‌ലി കൂട്ടിച്ചേര്‍ത്തു.

നീതിക്ക് വേണ്ടിയുള്ള പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. പ്രവീണിന് നീതി കിട്ടിയ പോലെ ആയിരങ്ങള്‍ നീതിക്ക് വേണ്ടി കാത്തുനില്‍ക്കുന്നുണ്ട്.ഒരു മകനു വേണ്ടിയുള്ള അമ്മയുടെ പ്രതിഷേധം ആയിരം അമ്മമാര്‍ക്ക് പ്രചോദനവും ശക്തിയുമായിക്കഴിഞ്ഞു. പ്രവീണിന് വേണ്ടി മുന്നോട്ടുവന്ന മോണിക്ക സുക്ക എന്ന അമ്മയും ഇന്ന് സന്തോഷത്തിന്റെ കൊടുമുടി താണ്ടിക്കഴിഞ്ഞിരിക്കുന്നു. രണ്ടമ്മമാരുടെയും പ്രയത്‌നത്തിനൊടുവില്‍ നീതി കിട്ടിയ താന്‍ ഈ അവസരത്തില്‍ ഒത്തിരി സന്തോഷിക്കുന്നുണ്ടെന്ന് ഒരുപക്ഷെ പ്രവീണ്‍ ഈ ലോകത്തോട് വിളിച്ചു പറയുന്നുണ്ടാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക