Image

യാത്രാമൊഴി (കഥ: മിനി വിശ്വനാഥന്‍)

Published on 24 June, 2018
യാത്രാമൊഴി (കഥ: മിനി വിശ്വനാഥന്‍)
ഞാന്‍ ബെന്നിയെ ആദ്യമായി കാണുന്നത് ഒരു ഫോട്ടോ സ്റ്റുഡിയോയുടെ ഇടനാഴിയില്‍ വെച്ചായിരുന്നു.

പൂപ്പല്‍ മണമുള്ള ആ ഇടുങ്ങിയ മുറിയില്‍ നിന്ന് പുറത്തിറങ്ങിശുദ്ധവായുവിലേക്ക് മുഖമാഴ്തുമ്പോഴാണ് അവന്‍ ചിരിച്ച് കൊണ്ട് തന്റെ നേര്‍ക്ക് നടന്നടുത്തത്.
ജോലിയന്വേഷണങ്ങള്‍ വഴിമുട്ടി തുടങ്ങിയ പ്രവാസകാലത്തിലെ ഇരുണ്ട വൈകുന്നേരങ്ങളിലൊന്നായിരുന്നു അത്.

തരക്കേടില്ലാത്ത ഒരു ജോലിയുടെ സുരക്ഷിതത്വത്തില്‍ നിന്ന് പെട്ടെന്ന് ജോലിയില്ലാതാവുന്ന ഒരു മദ്ധ്യവര്‍ഗ മലയാളി യുവാവിന്റെ അവസ്ഥ അതിഭീകരവും ദയനീയവുമാണ്. നിരാശയും ആത്മനിന്ദയും അവനെ ഒരു മൗനിയാക്കും. ഇപ്പോള്‍ തിരഞ്ഞെടുപ്പുകളില്ല. ഒരു ജോലി എന്ന ഒറ്റ ബിന്ദു മാത്രമായിരിക്കുന്നു ലക്ഷ്യം. കൈയിലെ ദിര്‍ഹങ്ങള്‍ മെലിഞ്ഞ് തുടങ്ങിയിരിക്കുന്നു. ശരീരം പോലെ. ഉഷ്ണക്കാറ്റാണ് ഉള്ളിലും പുറത്തും .

ജോലി നഷ്ടപ്പെട്ട വിവരം നാട്ടിലറിയിക്കാതെ മാസാമാസം പണമയക്കുന്നത് ദുരഭിമാനം കൊണ്ടല്ല. മാസത്തിലെ ആദ്യ ആഴ്ച പോസ്റ്റുമാന്‍ രാഘവേട്ടന്‍പടി കടന്നു വരുമ്പോള്‍ അച്ഛന്റെ കണ്ണിലൊരു തിളക്കമുണ്ടാവും.വാത്സല്യവും അഭിമാനവും ചേര്‍ന്നൊരു ഗംഭീരഭാവം.അകത്തേക്ക് നോക്കി ഒന്നു നീട്ടി വിളിക്കുമ്പോഴേക്കും ഒരു ഗ്ലാസ് സം ഭാരവുമായി അമ്മ ഉമ്മറത്തെത്തും.വിശേഷങ്ങളും പ്രാരബ്ധങ്ങളും പരിവട്ടങ്ങളും പരസ്പരം പങ്ക് വെച്ച് പോസ്റ്റുമാന്‍ വട്ടക്കണ്ണട കവറിലാകുമ്പോഴേക്കും അച്ഛന്‍ ചായ കുടിക്കാനൊരു തുക കൈയില്‍ വെച്ച് കൊടുക്കും.വേണ്ടീരുന്നില്ല എന്ന് രാഘവേട്ടനും, ഒരു സന്തോഷമെന്ന് അച്ഛനും പരസ്പരമുരിയാടും. ഒരു ചടങ്ങ് പോലെ.പണം കിട്ടിയ വിവരത്തിന് ഒരു മറുപടിക്കത്തുണ്ടാവും. നാട്ടിലെയും, ചുറ്റുവട്ടത്തെയും എല്ലാ വിശേഷങ്ങളും ചേര്‍ത്ത് കുറുക്കിയ ഒരു മറുപടി.പണത്തിനിവിടെ അത്യാവശ്യമില്ല, നിന്റെ ആരോഗ്യം നോക്കണം എന്നു അവസാനിക്കുന്ന ഒരു കത്ത്. പണമയച്ചില്ലെങ്കിലും അച്ഛന്‍ കത്ത് അയക്കുമായിരിക്കാം.

പക്ഷേ ഈ മറുപടികത്തുകള്‍ വായിക്കുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്തി ഒന്ന് വേറെ തന്നെയാണ്.
വെയില്‍ കനക്കുകയാണ്. മണല്‍ക്കാറ്റിന്റെ മൂളലില്‍ ചെവികളടയുന്നു. അയല്‍ക്കാരനായ രാജേട്ടനാണ് ആകെയൊരാശ്വാസം. വലിയ വിദ്യാഭ്യാസമൊന്നുമില്ലെങ്കിലും ഒരറബിയുടെ വിശ്വസ്തനായ കാര്യക്കാരനാണ്.. പഴയ ഇരുമ്പ് കമ്പികള്‍ ഉരുക്കി പാകപ്പെടുത്തുന്ന ഫര്‍ണസിന്റെ മാനേജരും കണക്കെടുപ്പുകാരനുമൊക്കെ രാജേട്ടന്‍ തന്നെ. സഹായത്തിന് മൂന്ന് നാല് പാകിസ്ഥാന്‍ സ്വദേശികളും. ഇരുപത്തിനാലു മണിക്കൂറും ആഫര്‍ണസിനു ചുറ്റും കറങ്ങി നടന്ന് പണിയെടുക്കാനും അവര്‍ക്കാണ് മിടുക്ക് കൂടുതല്‍.
നിരന്തരം കറുത്ത ഇരുമ്പു പൊടികള്‍ പാറി നടക്കുന്ന അന്തരീക്ഷത്തിലെ കാറ്റിനു പോലും തീ മണമായിരുന്നു.ഇരുമ്പുകമ്പികള്‍ ഉരുകിയ തീ നിറമുള്ള ലാവക്ക് ചുറ്റുമിരുന്ന് അതിലൊരു ചെറുപ്പക്കാരന്‍ പഴയ ബാറ്ററി ടേപ്പ് റിക്കോര്‍ഡറില്‍ നിന്ന് പ്രണയഗാനങ്ങള്‍ കേട്ടു കൊണ്ടിരുന്നു. .പാക്കിസ്ഥാനിലെ ഏതോ ഒരു ഗ്രാമത്തില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയും ഇതേ പ്രണയ ഗാനം കേട്ട് ഉറങ്ങാതിരിക്കുന്നുണ്ടാവും. അവന്റെ പേഴ്‌സില്‍ വര്‍ണ്ണച്ചേല കൊണ്ട് മുഖം മൂടിയ ഒരു പെണ്‍കുട്ടിയുടെ ഫോട്ടോയുണ്ടെന്ന് രാജേട്ടന്‍ പറഞ്ഞു.വെള്ളിയാഴ്ച തോറും അവന്‍ ഒരു കെട്ട് നാണയങ്ങളുമായി തൊട്ടടുത്ത ഫോണ്‍ ബൂത്തിലെ ക്യൂവില്‍ ഹാജരാവും.. അന്നും ഫര്‍ണസിന് അവധിയില്ല. സൂര്യനെ പോലെ ..നേരിയൊരു ചൂടില്‍ ഇരുമ്പ് കമ്പികള്‍ ഉരുകിക്കൊണ്ടേയിരിക്കും.

രാജേട്ടന്റെ പോര്‍ട്ടോ ക്യാബിനുള്ളില്‍ തന്നെയാണ് കിടപ്പ്. ലഹരി പതയുന്ന വ്യാഴാഴ്ചവൈകുന്നേരങ്ങിലെ പതിവു സദസില്‍ സ്ഥിരമായ വാചകമാണ്.ഈ വിഷ്ണുവിന്റെ അമ്മ ഒഴിച്ചു തന്ന കഞ്ഞിവെള്ളത്തിലെ വറ്റുകളാണ് എന്നെ എണീറ്റു നടക്കാന്‍ പ്രാപ്തനാക്കിയത്. ഇവനെനിക്ക് അയല്‍ക്കാരനല്ല പിറക്കാതെ പോയ അനിയനാണ്. ഇവനൊരു ജോലി കിട്ടുന്നത് വരെ ഞാനുറങ്ങില്ല, എനിക്കുറങ്ങാന്‍ പറ്റില്ല..... പതം പറച്ചിലുകള്‍ക്കും കരച്ചിലുകള്‍ക്കുമിടയിലെപ്പോഴോ രാജേട്ടന്‍ കൂര്‍ക്കം വലിച്ചു തുടങ്ങും.

പ്രതീക്ഷകളസ്തമിച്ച് തുടങ്ങിയ ഒരു വൈകുന്നേരമാണ് തമിഴ് സ്വദേശിയായ ആ ഫോട്ടോഗ്രാഫറെ രാജേട്ടന്‍ പരിചയപ്പെടുത്തുന്നത്. വൈകീട്ടാവുമ്പോള്‍ സ്റ്റുഡിയോയില്‍ പോയിരിക്ക്. അവിടെ പല കമ്പനിയില്‍ നിന്നുമുള്ള ആള്‍ക്കാര്‍ വരും.. ആര്‍ക്കെങ്കിലും സഹായിക്കാനായാലോ! രാജേട്ടന്റെ നിര്‍ദ്ദേശം ശരിയാണെന്ന് തോന്നി.

എപ്പോഴും കറുത്ത പൊടികള്‍ പാറുന്ന ആ അന്തരീക്ഷത്തില്‍ നിന്നൊരു മോചനവുമാവും.. ഒരു സങ്കടമുക്ക് ആയിരുന്നു പൂപ്പല്‍ മണമുള്ള ആ സ്റ്റുഡിയോ .. സി.വി യും പോക്കറ്റിലിട്ട് ഒന്ന് രണ്ട് ചെറുപ്പക്കാര്‍ അവിടെ അര്‍ദ്ധ മയക്കത്തിലിരിക്കുന്നുണ്ടായിരുന്നു. ഫെലിക്‌സന്‍ എന്ന വിചിത്രമായ പേരിനുടമയായ അയാള്‍ക്ക് പഴയ ഒരു കംപ്യൂട്ടര്‍ ഉണ്ടായിരുന്നു. എപ്പോഴോ ഊര്‍ദ്ധ്വന്‍ വലിച്ച ആ കംപ്യൂട്ടര്‍ ഒരു ജാഡക്കായി വെറുതെ അവിടെ തുറന്നു വെച്ചിരുന്നു.
കംപ്യൂട്ടറിലേക്ക് എത്തി നോക്കിയ എന്നോട് 'വര്‍ക്കാകലെ ' എന്നു പറഞ്ഞ് കൊണ്ട് മുന്നിലിരിക്കുന്ന ഫോണ്‍ കറക്കി ആരോടോ സംസാരിക്കാന്‍ തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ ആ മുറിയില്‍ നിന്ന് പുറത്തിറങ്ങുമ്പോഴാണ് ബെന്നി എതിരെ വന്നത്.

പ്രസന്നമായ ചിരിയോടെ വിഷ്ണു എന്ന് പറഞ്ഞു അടുത്ത് വന്ന് കൈ പിടിച്ചു. രാജേട്ടന്‍ പറഞ്ഞിരുന്നത്രെ എന്നെക്കുറിച്ച്. സുന്ദരനായ ഒരു ചെറുപ്പക്കാരനായിരുന്നു ബെന്നി. കണ്ണുകളിലെവിടെയോ ഒരു വിഷാദ ഭാവം ഉണ്ടായിരുന്നെങ്കിലും ആള് ഊര്‍ജ്വസ്വലനായിരുന്നു. ബെന്നി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു.. വീടിനെ കുറിച്ചും വീട്ടുകാരെക്കുറിച്ചും..
ഒരു പ്രിന്റിംഗ് കമ്പനിയിലാണ് അവന് ജോലി. വല്യ ശമ്പളമൊന്നുമില്ല. ആപ്പിള്‍ മാക് കംപ്യൂട്ടറുകളാണ് ഉപയോഗിക്കുന്നത് .ഭാവിയില്‍ നല്ല സ്‌കോപ്പായിരിക്കും ആപ്പിള്‍ മാക്കില്‍ വര്‍ക്ക് ചെയ്താല്‍ .ഇവിടത്തെ പ്രശസ്തമായ ഒരു പത്രത്തിലെ മുഴുവന്‍ മാക് മിഷ്യനും ഈ കമ്പനിയാണ് മെയിന്റയിന്‍ ചെയ്യുന്നത്. ഏതായാലും നാളെ എന്റെ കൂടെയൊന്നു വരൂ. ഒരു തമിഴ് ബ്രാഹ്മണനാണ് മാനേജര്‍.ഒന്നു കണ്ടു നോക്കാം.

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വഴിത്തിരിവായിരുന്നു ആ അനൗദ്യോഗിക ഇന്റര്‍വ്യു ഓഫര്‍. നാളെ വരൂ എന്ന് പറഞ്ഞ് കമ്പനിയുടെ കാര്‍ഡും തന്ന് തിരക്കിലേക്കങ്ങ് അലിഞ്ഞിറങ്ങി...

മാനേജരുടെ മുറിയില്‍ ബെന്നിയും ഉണ്ടായിരുന്നു.. മാനേജര്‍ സി.വി ഒന്നോടിച്ച് നോക്കി മടക്കി വെച്ചു. സി.വിയിലെഴുതിയതൊക്കെ അതിശയോക്തി നിറഞ്ഞ കഥകളാണെന്ന് ഇത്രയും കാലത്തെ അനുഭവം കൊണ്ട് അദ്ദേഹത്തിനറിയാം.. എഞ്ചിനീയറിംഗ് കഴിഞ്ഞിട്ട് എത്ര വര്‍ഷമായി എന്നത് മാത്രമായിരുന്നു സബ്ജക്ടുമായി ബന്ധപ്പെട്ട ഒരേ ഒരു ചോദ്യം. മേശമേല്‍ കിടന്ന ഒരു നോട്ട് പാഡില്‍ ബെന്നി അലക്ഷ്യമായി എന്തൊക്കെയോ ചിത്രങ്ങള്‍ വരച്ച് കൂട്ടുന്നുണ്ടായിരുന്നു.

അല്പനേരത്തെ ഒരു ഇടവേളക്ക് ശേഷം , അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കി.
ബെന്നിയാണ് ഇത്രയും കാലം എല്ലാം നോക്കിയിരുന്നത്. ന്യൂസ് പേപ്പറുകാരുടെ പ്രൊജക്ട് ഒരു ക്വാളിഫൈഡ് ഇന്‍ ഹൗസ് എഞ്ചിനീയറെ ആവശ്യപ്പെടുന്നു.ബെന്നിയുടെ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പോര അവിടെ..

ജോലി ചെയ്താണ് പഠിക്കുക. എല്ലാം പഠിച്ചതിനു ശേഷമല്ല ജോലിയെടുക്കുന്നത്. അറിയുന്നത് ചെയ്തു തുടങ്ങുക. പിന്നെ സാവധാനം എല്ലാം കൈപ്പിടിയിലാവും. സത്യസന്ധത നല്ല ഒരു ക്വാളിറ്റിയാണ്.ചെയ്യാത്തത് ചെയ്തു എന്ന് പറയരുത്. ജീവിതത്തില്‍ ഒരു പാട് നല്ല ശീലങ്ങളും പാഠങ്ങളും ഉപദേശിച്ചു കൊണ്ടായിരുന്നു തുടക്കം. ഇന്നും ജീവിതത്തിലെ റോള്‍ മോഡലായി ആ തമിഴ് ബ്രാഹ്മണന്‍ മനസ്സിലുണ്ട്.

ഇന്നുതന്നെ ജോയിന്‍ ചെയ്‌തോ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവാതെ ബെന്നിയുടെ മുഖത്തേക്കൊന്ന് പാളി നോക്കി.. അവന്‍ തന്റെ കുത്തി വരകള്‍ അവസാനിപ്പിച്ച് പെന്ന് പോക്കറ്റില്‍ തിരുകുന്ന തിരക്കിലാണ്.. രവിചന്ദ്രന്‍ എന്നായിരുന്നു മാനേജരുടെ പേര്. എന്നെ രവി എന്നു വിളിക്കാം എന്ന് പറഞ്ഞ് താത്കാലികമായി പിരിഞ്ഞു.
ജോലി കിട്ടിയിരിക്കുന്നു എന്ന സത്യം പൂര്‍ണ്ണമായി വിശ്വസിക്കാനാവാതെ ബെന്നിയോടൊപ്പം ആ നീണ്ട ഇടനാഴിയിലേക്കിറങ്ങി.ഒപ്പം നടക്കുമ്പോള്‍ ബെന്നി പതുക്കെ പറഞ്ഞു.. വിഷ്ണു ഞാന്‍ റെക്കമെന്റ് ചെയ്തതുകൊണ്ടൊന്നുമല്ല നിനക്കീ ജോലി കിട്ടിയത്. നിന്റെ കഴിവ് കൊണ്ട് മാത്രമാണ്. ക്വാളിഫിക്കേഷന്‍ ഉള്ളതുകൊണ്ട് മാത്രമാണ്. നിന്നെ രവിക്ക് ഒറ്റനോട്ടത്തില്‍ തന്നെ ഇഷ്ടപ്പെട്ടിരിക്കുന്നു.

ഒരേ ഒരു കാര്യം മാത്രമെ എനിക്ക് നിന്നോട് പറയാനുള്ളൂ :നടക്കുന്നതിനിടയില്‍ ഒരു നിമിഷം അവന്‍ നിന്നു...

"നീ കാരണം ഒരിക്കലും എന്റെ ജോലി നഷ്ടപ്പെടരുത് ;മക്കളൊന്നുമില്ലെങ്കിലും എനിക്കും ഒരു കുഞ്ഞ് ഫാമിലിയുണ്ട് " ചിരിച്ചു കൊണ്ടവന്‍ തുടര്‍ന്നു. ഇവിടെ സ്ഥിരമായി നടക്കുന്നതിതൊക്കെയാണ്.. അതു കൊണ്ട് പറഞ്ഞതാണ്.

എന്തോ പെട്ടെന്ന് ഞാനും വികാരാധീനനായി.. ജോലി പോവാനൊരു സാദ്ധ്യത ഉണ്ടെങ്കില്‍, ആദ്യം പുറത്ത് പോവുന്നത് ഞാനായിരിക്കുമെന്ന് ആത്മാര്‍ത്ഥമായി അവന് വാക്കും കൊടുത്തു ഞാന്‍.

പിന്നീട് വ്യാഴാഴ്ച രാത്രികളിലെ പാട്ട് സദിരുകളില്‍ ബെന്നി സ്ഥിരാംഗമായി. പഴയ പാട്ടുകളും തബലമേളങ്ങളുമായൊരു ബാച്ചിലര്‍ കാലം .
പഴയ പാട്ടുകളുടെ വല്യ ഒരാസ്വാദകനായിരുന്നു അവന്‍..' ആയിരം പാദസരങ്ങള്‍' എത്രയൊക്കെ കേട്ടാലും അവന് മതിയാവില്ലായിരുന്നു. എത്രയോ വെള്ളിയാഴ്ചകള്‍ പുലര്‍ന്നത് തബലയുടെയും പഴയ പാട്ടുകളുടെയും അകമ്പടിയോടുകൂടിയായിരുന്നു. ....

ബെന്നിക്ക് ജോലി മാറാനൊന്നും താത്പര്യമുണ്ടായിരുന്നില്ല.... അവനും മേഴ്‌സിയും ഒരു സംസാരിക്കുന്ന തത്തയുമായിരുന്നു അവന്റെ ലോകം. പിന്നെ കുറെ കാസറ്റുകളും.. പ്രിയപ്പെട്ട പഴയ പാട്ടുകളുടെ വലിയ ഒരു ശേഖരവുമുണ്ടായിരുന്നു അവന്. അങ്ങനെയൊക്കെയങ്ങ് കഴിഞ്ഞു കൂടിയാല്‍ മതിയായിരുന്നു അവന്. ന്യൂസ് പേപ്പറിലെ എക്‌സ്പീരിയന്‍സ് എനിക്ക് നല്ലൊരു വഴി തുറക്കലായിരുന്നു. രവിചന്ദ്രന്റെ അനുഗ്രഹത്തോടെ ഞാന്‍ പുതിയ മേച്ചില്‍പുറങ്ങള്‍ തേടി. ജോലി മാറി. താമസം നഗരഹൃദയത്തിലേക്ക് മാറ്റി.

ജീവിതത്തിലെ പുതിയ വഴിത്തിരിവുകളിലൊന്നായിരുന്നു കല്യാണം. ജോലി മാറിയതും കല്യാണം കഴിഞ്ഞതും താമസം മാറ്റിയതുമൊന്നും വെള്ളിയാഴ്ചത്തെ പാട്ട് കൂട്ടം തുടരുന്നതിന് വിഘാതമായില്ല. എല്ലാവരുടെ ഭാര്യമാരും കൂടി ചേരുന്നതായി സദസ്.... അച്ഛനാകുന്ന വാര്‍ത്ത ആദ്യമായറിയിച്ചതും അവനെയായിരുന്നു.. കുഞ്ഞിനെ കാണാനായി ഓടി വന്ന ബെന്നിക്കും പങ്കുവെക്കാന്‍ വലിയ ഒരു സന്തോഷമുണ്ടായിരുന്നു... അവനും അച്ഛനാവുന്നു.കഴിഞ്ഞ ഏഴ് വര്‍ഷത്തെ വിരസമായ ജീവിതത്തിന് ഇനി ആവര്‍ത്തനമില്ല.

കുഞ്ഞിന്റെ വരവ് അവന്റെ ജീവിതത്തിന് അടുക്കും ചിട്ടയും വരുത്തി. ജോലി മാറി, പുതിയൊരു ബിസിനസ് തുടങ്ങി. ഫോണ്‍ വിളികളുടെ കാലയളവ് കൂടി .. കാളുകളുടെ ദൈര്‍ഘ്യം കുറഞ്ഞു.... രണ്ടാളും തിരക്കുകളിലേക്ക് കടന്നു കയറി. ഇതിനിടയില്‍ ഞാന്‍ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനായിക്കഴിഞ്ഞിരുന്നു.

ഒരു വെള്ളിയാഴ്ചയുടെ ആലസ്യത്തില്‍ രാവിലെ പുതപ്പിനുള്ളില്‍ ഒന്നു കൂടി ചുരുളുമ്പോഴായിരുന്നു ഏതോ അറിയാനമ്പറില്‍ നിന്നൊരു കാള്‍...

നിന്റെ ഫ്‌ലാറ്റ് നമ്പരെത്രയാടാ വിഷ്ണൂ.... എന്നൊരു ചോദ്യം മറുപുറത്ത്. സര്‍െ്രെപസായി വന്ന് വാതില്‍ മുട്ടണമെന്ന് കരുതിയതാണ്. ഫ്‌ലാറ്റ് നമ്പര്‍ പറ്റിച്ചു ....
ബെന്നിയുടെ ശബ്ദം ശരിക്കും ഞെട്ടിച്ചു.. നിന്നെയും മക്കളെയും ഒന്ന് കാണണമെന്ന് തോന്നി. അപ്പോള്‍ തന്നെ ഇങ്ങോട്ടിറങ്ങി. പണ്ടും അങ്ങിനെയായിരുന്നു അവന്‍. കാത്തിരിക്കാന്‍ ക്ഷമയില്ല. ഏഴു വര്‍ഷം കുഞ്ഞിനെ കാത്തിരുന്ന് ദൈവം ക്ഷമ പഠിപ്പിച്ചു എന്നുമവന്‍ തമാശയായി പറയുമായിരുന്നു.

പഴയ അതേ ബെന്നി തന്നെ അവന്.ഒരു മാറ്റമില്ല... അവനെ നേരിട്ടു കണ്ടിട്ട് കാലങ്ങളായി. അവന്‍ ഇന്നും തിരക്കിലായിരുന്നു. സണ്‍ഡേ സ്കൂളില്‍ മോനെ വിട്ടതിനു ശേഷമാണ് നിന്നെ കാണണമെന്ന് തോന്നിയത്. അവിടന്ന് നേരെ ഇങ്ങോട്ട് വെച്ച് പിടിക്കുകയായിരുന്നു. ക്ലാസ് കഴിയുമ്പോഴേക്ക് അവിടെയെത്തണം.

ഉറങ്ങുന്ന കുട്ടികളെ അവന്‍ തന്നെ തട്ടിയുണര്‍ത്തി... രണ്ടാളെയും കണ്ണ് നിറച്ച് നോക്കി... നിങ്ങളുടെ അച്ഛന്റെ പ്രിയപ്പെട്ട കൂട്ടുകാരനാണ് ഞാന്‍. അവന്‍ സ്വയം പരിചയപ്പെടുത്തി.

നമുക്കൊന്ന് പഴയത് പോലെ കൂടണം വിഷ്ണൂ. പഴയ പാട്ടുകളും തബലയൊക്കെയുമായി.... ഞാന്‍ എപ്പോഴും നിന്നെ യോര്‍ക്കാറുണ്ട്...ആയിരം പാദസരങ്ങള്‍ നീ പാടി ഒന്നുകൂടി കേള്‍ക്കണം....

അവന്‍ തിരക്കിലായിരുന്നു..വല്ലാത്തൊരു തിരക്കില്‍...

പോവുമ്പോള്‍ തിരിഞ്ഞു നോക്കി ഒന്നുകൂടി പറഞ്ഞു. നിന്നെയും മക്കളെയും ഒന്ന് കാണണമായിരുന്നു എനിക്ക് ...
ഒരു കാറ്റു വീശി മറഞ്ഞതു പോലെയായിരുന്നു അവന്റെ ആ വരവ്. പഴയ കാലം മുഴുവനുമൊന്നോര്‍ത്തു.. രാജേട്ടനും പ്രവാസം വിട്ടു നാടടങ്ങി...

ഞായറാഴ്ച വൈകീട്ട് ഓഫീസിലിരിക്കുമ്പോഴാണ് അജയന്‍ വിളിക്കുന്നത്. ബെന്നിയുടെ പാട്ടു സദിരിലെ മറ്റൊരു കൂട്ടുകാരനായിരുന്നു അവന്‍.

വിഷ്ണൂ..... ഒരു വിളിക്ക് ശേഷം അജയന്‍ നിശബ്ദനായി.... ബെന്നി....
'ബെന്നി വന്നിരുന്നു വെള്ളിയാഴ്ച എന്നെക്കാണാന്‍ 'എന്നു ഞാന്‍ പറഞ്ഞു തുടങ്ങുമ്പോഴേക്കും, അജയന്‍ പറഞ്ഞു തീര്‍ത്തു.....

ഇന്ന് രാവിലെ ബെന്നി പോയി....

തിങ്കളാഴ്ച , ഇവിടെ തന്നെയാണ് അടക്ക്.. സോനാപൂരിലെ ശ്മശാനത്തിലാണ് അവന്റെ യാത്ര അവസാനിക്കുന്നത്..
നീ വരില്ലേ അവനെ യാത്രയാക്കാന്‍..
അജയന്റെ വാക്കുകള്‍ മുറിഞ്ഞു...

സോനാപൂരിലെ ചടങ്ങുകള്‍ക്കിടയിലൊന്നും കണ്ണുകള്‍ അവന്റെ മുഖത്തേക്കുടക്കാതിരിക്കാന്‍ ശ്രമിച്ചു.
ഓര്‍മ്മയില്‍ അവന്റെ മുഖമുണ്ട്. നിന്നെയൊന്നും കൂടി കാണണമെന്ന് പറഞ്ഞ് തിടുക്കപ്പെട്ട് ഓടി വന്ന് തന്നെ കണ്ട ആ കണ്ണുകളുണ്ട്.
അത് മതി .
അതു മാത്രം മതി....
Join WhatsApp News
Archana 2018-06-25 01:08:37
Nalla ezuthe chechi
Thomas 2018-06-25 12:48:45
💕 കഥയെന്ന് തോന്നിയേക്കാവുന്ന ജീവിതങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക