Image

നിഴല്‍പോലെ.. (കവിത: അന്‍വര്‍ഷാ ഉമയനല്ലൂര്‍)

Published on 27 June, 2018
നിഴല്‍പോലെ.. (കവിത: അന്‍വര്‍ഷാ ഉമയനല്ലൂര്‍)
ഒരു ശോകശ്ലോകമായിന്നെന്റെമുന്നില്‍ നീ
യെന്തിനായ് വന്നു മിഴിതുടച്ചു;
ഇഴകളകന്നുപോകുന്നയീ ജീവിത
പ്പുടവയിന്നഴലാല്‍പ്പൊതിഞ്ഞുവച്ചു ?

തിരികേയൊരുകടലേകുവാനെങ്കില്‍ നീ
യെന്തേ തൃസന്ധ്യ തിരഞ്ഞെടുത്തു
താനേയടഞ്ഞുപോകുന്നയീ വാതിലിന്‍
ചാരെയൊരുനീഴലായിനിന്നു ?

നിറമാര്‍ന്ന ചാറ്റല്‍മഴനാം പരസ്പരം
പങ്കിട്ടു പണ്ടെത്രയാസ്വദിച്ചു
പക്ഷെനീയിന്നീപ്പെരുമഴയൊറ്റയ്ക്കു
നന്നായ്‌പ്പൊതിഞ്ഞു മറന്നുവച്ചു.

തീരാക്കടംകഥപോലെന്‍ കനവുകള്‍
ക്കുളളില്‍നീയൊരുചോദ്യമായി നില്‍ക്കേ,
സത്യത്തിലീമനമറിയാതെയൊരു കനല്‍
ക്കൂനയായ്ത്തീരുകയായിരുന്നു.

ഒരുകുഞ്ഞുപക്ഷിയോടിന്നെന്റെയുളളിലെ
ക്കരയുന്ന നിളതന്‍ കഥപറഞ്ഞു
തിരിയാതെയീഗ്രീഷ്മചക്രമെന്‍ ഹൃത്തുപോ
ലറിയാതെ നിന്‍വിധിയോര്‍ത്തുനിന്നു.

മകളെന്ന മുകുളം മലരായിമാറുവാന്‍
നാളുകളെത്രഞാന്‍ കാത്തിരുന്നു
തളരാതെയിക്കാലമത്രയും നോവിന്റെ
വേനല്‍ക്കുടിച്ചു സഹിച്ചുനിന്നു.

ഹൃത്താളമിടറിയ രാവൊന്നില്‍ ജീവന്റെ
നാളം കെടുത്താന്‍ തുനിഞ്ഞിരുന്നു
ഇന്നുമീ സന്ധ്യയ്ക്കതിന്നായൊരുങ്ങവേ
യിങ്ങുനീകാവ്യമായൊഴുകിവന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക