Image

ഫാ. ജെയിംസ് അരിച്ചിറയുടെ പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു

Published on 29 June, 2018
ഫാ. ജെയിംസ് അരിച്ചിറയുടെ പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു

മെല്‍ബണ്‍: കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി മെല്‍ബണിലെ ക്രിസ്തീയ സമൂഹത്തിനുവേണ്ടിയും പ്രത്യേകിച്ച് ക്‌നാനായ സമുദായംഗങ്ങള്‍ക്ക് വേണ്ടിയും അഹോരാത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഫാ. ജെയിംസ് അരിച്ചിറയുടെ പൗരോഹിത്യ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ജൂണ്‍ 30 ശനിയാഴ്ച രാവിലെ സ്വന്തം ഇടവകയായ കല്ലറ സെന്റ് മേരീസ് ക്‌നാനായ പുത്തന്‍പള്ളിയില്‍ തിരി തെളിയും.

കോട്ടയം ജില്ലയിലെ മേമുറി അരിച്ചിറ ഇട്ടിക്കുഞ്ഞ്-അന്നമ്മ ദന്പതികളുടെ മകനായി 1964 ഓഗസ്റ്റ് 12ന് ജനിച്ച ഫാ. ജെയിംസ് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം 1979ല്‍ കോട്ടയം സെമിനാരിയില്‍ ചേര്‍ന്നു. 14 വര്‍ഷത്തെ വൈദിക പഠനത്തിനുശേഷം 1993 ഏപ്രില്‍ 26നു വൈദിക പട്ടം സ്വീകരിച്ചു. 1993ല്‍ ഡിവൈന്‍ വേള്‍ഡ് മിഷനറിയായി ഹോങ്കോംഗിലേക്ക് പോകുകയും 23 വര്‍ഷത്തെ മിഷനറി പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ സുത്യര്‍ഹമായ സേവനത്തെ മാനിച്ച് ഹോങ്കോംഗ്  എന്ന അവാര്‍ഡ് നല്‍കുകയും ചെയ്തു.

ഇതിനോടകം 11 വര്‍ഷക്കാലം തിരുകുടുംബത്തിന്റെ നാമധേയത്തിലുള്ള പള്ളി വികാരിയായി സേവനം ചെയ്യാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചു. അദ്ദേഹത്തിന്റെ കഴിവിന്റെ അംഗീകാരമായി എസ്വിഡിയുടെ സുപ്പീരിയര്‍ ആയി രണ്ടു തവണ തെരഞ്ഞെടുക്കപ്പെടുകയും 2017 ഓസ്‌ട്രേലിയയില്‍ നടന്ന വേള്‍ഡ് സ്പിരിച്വല്‍ ഡയറക്ടേഴ്‌സ് പ്രോഗ്രാമില്‍ അദ്ദേഹത്തിന് പങ്കെടുക്കാനും കഴിഞ്ഞു. ഇപ്പോള്‍ സ്പിരിച്ചാലിറ്റിയില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിന് വേണ്ടി ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ ഗവേഷണം നടത്തികൊണ്ടിരിക്കുകയാണ്.

മെല്‍ബണിലെ സാധാരണക്കാരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന എളിമയുടെ നേര്‍കാഴ്ച കൂടിയായ അച്ചന്‍ മെല്‍ബണിലെ ക്‌നാനായ സമുദായംഗങ്ങളുടെ ഏതൊരു ആവശ്യവും യാതൊരു പ്രതിഫലവും കൂടാതെ നടത്തി കൊടുക്കുന്ന വൈദിക ശ്രേഷ്ഠന്‍ കൂടിയാണ് ഫാ. ജെയിംസ് അരിച്ചിറ. അതുകൊണ്ട് തന്നെ മെല്‍ബണിലെ കത്തോലിക്കാ വിശ്വാസത്തില്‍ നില്‍ക്കുന്ന മുഴുവന്‍ വിശ്വാസികളോടും സ്‌നേഹത്തോടെയും ആത്മാര്‍ത്ഥതയോടും കൂടി ഇടപ്പെടുന്ന ഫാ. ജെയിംസ് അരിച്ചിറക്ക് വിക്ടോറിയാ ക്‌നാനായ കാത്തലിക്ക് അസോസിയേഷന്‍ ഇതിനോടകം ആശംസ അര്‍പ്പിച്ചു. ആത്മീയ രാഷ്ട്രീയം കൈമുതലാക്കിയ ചുരുക്കം ചില വൈദികരുടെ ഇടയില്‍ വ്യത്യസ്തനായി മെല്‍ബണില്‍ പ്രവര്‍ത്തിക്കുന്ന അച്ചന് മെല്‍ബണ്‍ മലയാളികളുടെ ആശംസകള്‍ നേരുന്നു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക