Image

കുഞ്ഞോനാച്ചന്‍ (കഥ: ജീന)

Published on 30 June, 2018
കുഞ്ഞോനാച്ചന്‍ (കഥ: ജീന)
"ഇതെന്നാ കുഞ്ഞോനാച്ചാ മോളുടെ കല്യാണമായിട്ട് നിങ്ങളിവിടെ വന്നിരിക്കുന്നത്.."

വഴിയോരത്ത് കുത്തിയിരുന്ന് ബീഡി വലിക്കുന്ന കൊന്നക്കാട്ടില്‍ കുഞ്ഞോനാച്ചനെ കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.

"നിങ്ങളിങ്ങെണീറ്റു വാ മനുഷ്യാ..വെറുതേ നാട്ടുകാരെക്കൊണ്ട് പറേപ്പിക്കാതെ"

കല്യാണം കൂടാന്‍ പള്ളിയിലേക്ക് നടന്നു കൊണ്ടിരുന്ന ആരോ വിളിച്ചു പറഞ്ഞു.

"പുലയാടി മക്കള്‍! ഒരു ബീഡി വലിക്കാനും സമ്മതിക്കൂല്ല!"

കുഞ്ഞോനാച്ചന്‍ പിറുപിറുത്തു കൊണ്ട് പതിയെ എഴുന്നേറ്റ് പള്ളിക്ക് എതിര്‍ ദിശയിലേക്ക് നടന്നു. കുഞ്ഞോനാച്ചന് മക്കള്‍ രണ്ട്..! രണ്ടും പെണ്ണ്!! പള്ളിയില്‍ നടക്കുന്നത് മൂത്തവളുടെ കല്യാണമാണ്. കുഞ്ഞോനാച്ചന് തീരെ പിടിക്കാത്ത വിവാഹം! പെണ്ണിന്റെ അമ്മയും അവളുടെ വീട്ടുകാരും കൂടി പിടിച്ച പിടിയാലെ ഇടപാടാക്കിയതാണ്. കുഞ്ഞോനാച്ചന്റെ ഇടങ്ങേറിന് കാരണം പോക്കറ്റ് മണിയെന്നും സ്വര്‍ണ്ണമെന്നും ചരക്കെന്നും പറഞ്ഞു ചിലവാകുന്ന ലക്ഷങ്ങളാണ്..പെണ്ണിപ്പോള്‍ പൂനയില്‍പ്പോയി നഴ്‌സിംഗ് പഠിച്ചു വന്നതേയുള്ളൂ നാല് കാശുണ്ടാക്കാന്‍ നോക്കുന്നതിനു മുമ്പ് കല്യാണത്തിന്റെ വല്ല ആവശ്യവുമുണ്ടോ എന്നതാണ് കുഞ്ഞോനാച്ചന്റെ പക്ഷം!! പെണ്ണിന്റെ തള്ള പക്ഷേ പിടിച്ച പിടി വിട്ടില്ല, ചെറുക്കന്‍ കാനഡയിലാണത്രേ!!

"ഹും ഒരു കാനഡക്കാരന്‍!! അവന്റെ കല്യാണച്ചിലവു മുതല്‍ ഇട്ടിരിക്കുന്ന കോട്ടും സ്യൂട്ടും വരെ എന്റെ ദുട്ടാ..!! ത്ഫൂ.."

കുഞ്ഞോനാച്ചാന്‍ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് നടക്കുന്നതിനിടയില്‍ ആഞ്ഞൊരു തുപ്പു തുപ്പി. ഏതാണ്ട് ഇതേ സമയത്ത് തന്നെ കല്യാണം കഴിഞ്ഞ് പള്ളിമുറ്റത്തിറങ്ങി നിന്ന് ചാഞ്ഞും ചരിഞ്ഞും ഫോട്ടോക്ക് പോസ് ചെയ്തു കൊണ്ടിരുന്ന കുഞ്ഞോനാച്ചന്റെ മരുമകന്റെ മുഖത്ത് ഒരു കാക്ക കാഷ്ഠിച്ചു. ഇത് തികച്ചും യാദൃശ്ചികമായിരുന്നിരിക്കണം!

കുഞ്ഞോനാച്ചന്‍ വീട്ടിലെത്തി ഒരുറക്കവും കഴിഞ്ഞപ്പോളാണ് സദ്യയും കഴിഞ്ഞ് പെണ്ണിനെ ക്കൊണ്ടു പോയി അവളുടെ കെട്ടിയവന്റെ വീട്ടിലാക്കി അമ്മയും ഇളയവളും തിരിച്ചെത്തിയത്. കുഞ്ഞളിയന്‍ കറിയായുമുണ്ട് കൂടെ!

"അളിയന്‍ ചെയ്തത് വല്ലാത്ത തരവഴി തന്നേ ട്ടോ.. പെണ്ണിന്റെ കല്യാണപ്പന്തലീന്നെറങ്ങിപ്പോരികാന്നു വച്ചാല്‍!!"
കറിയാ തുടങ്ങി..!
"ഡീ നിന്റാങ്ങളയോട് പറയ് എന്നെ ഭരിക്കാന്‍ വരണ്ടാന്ന്.. ഞാനേ റബറു വെട്ടിയും പാടത്തു കിളച്ചുമുണ്ടാക്കിയ മുതലാ നീയും നിന്റെ മൂത്ത മോളും കൂടെ പൊളിച്ചടുക്കിയത്"
കുഞ്ഞോനാച്ചനാകട്ടെ ഭാര്യയോടു തുടങ്ങി!

ഇതിനിടയില്‍ ഇളയവള്‍ അടുക്കളയില്‍ കയറി യാത്ര കഴിഞ്ഞ് വന്നവര്‍ക്കായി കാപ്പിയിട്ടു...
"അപ്പനു വേണോ" അവള്‍
"ആ വേണം.. ഇച്ചിരി എലിവിഷം കൂടിയിട്ടോ" കുഞ്ഞോനാച്ചന്‍
"വേണ്ടപ്പാ ഇപ്പ വേണ്ട! അപ്പനിനി എന്നേം കൂടെ കെട്ടിക്കാനുള്ളതല്ലേ..അതു കഴിഞ്ഞിട്ടാട്ടെ!!"
"അതെങ്ങിനാ തള്ളേടെ മോള്‍ തന്നെ" കുഞ്ഞോനാച്ചന്‍ പല്ലു ഞെരിച്ചു തിരിഞ്ഞു നോക്കുമ്പോള്‍ കെട്ടിയവളും അളിയനും നിന്ന് ചിരിക്കുന്നു. അയാള്‍ വീട്ടില്‍ നിന്നും ഇറങ്ങി കൈകള്‍ ആഞ്ഞു വീശി നടന്നു!

അങ്ങിനെ കല്യാണം കഴിഞ്ഞ് മൂത്തവള്‍ കാനഡക്ക് പോയി. കുഞ്ഞോനാച്ചന്റെ ചിന്തകള്‍ക്ക് ചിറകുകള്‍ മുളച്ചു തുടങ്ങി. കനേഡിയന്‍ ഡോളറുകള്‍ സ്വപ്നങ്ങളില്‍ മിന്നി മറയാന്‍ തുടങ്ങി.

"ഇങ്ങേരൊന്നും ഓര്‍ത്ത് വിഷമിക്കണ്ടാന്ന്! അവള്‍ക്കവിടൊരു ജോലി കിട്ടേണ്ട താമസമേയുള്ളൂ... അപ്പന് ചെലവായ കാശ് മുഴോന്‍ മണിമണി പോലെ ഈ കൈവെള്ളേലോട്ട് വച്ച് തരും ന്റെ മോള്"
പറഞ്ഞു പറഞ്ഞു ഭാര്യയും സ്വപ്നങ്ങളിലേക്ക് നിറം പകര്‍ന്നു.

"എന്നാ നിനക്ക് കൊള്ളാമെടീ മറിയാമ്മേ... എന്റെ കയ്യീന്ന് ഇനി അഞ്ചിന്റെ നയാ പൈസ കിട്ടൂലെടീ.. ഇനി ഒരുത്തീം കൂടൊണ്ടല്ലോ കെട്ടിയെഴുന്നെള്ളിക്കാന്‍.."

മുറ്റത്തേക്ക് ചാഞ്ഞു കിടന്ന മൂവാണ്ടന്‍ മാവിന്റെ ഇലയൊന്നു കീറി കയ്യിലിട്ടു ഞെരിച്ചു പല്ലുകള്‍ തേച്ചു കൊണ്ട് കുഞ്ഞോനാച്ചന്‍ ഭീഷണിപ്പെടുത്തി. അപ്പോളാണ് അകത്ത് നിന്നും അശരീരി ഉയര്‍ന്നത്

"വേണ്ടപ്പാ!! ഞാനോടിപ്പൊക്കോളാം! നമ്മടെ കെഴക്കേ സ്റ്റാന്റിലെ ആ മാളൂട്ടി ഓട്ടോക്കാരന്‍ ഇന്നലേം കൂടെ ചോയ്ച്ചതാ പോരണ്ടോന്ന്... ഇന്ന് തന്നെ ഞാനാക്കാര്യത്തിലൊരു തീരുമാനമാക്കിക്കോളാട്ടോ"

കുഞ്ഞോനാച്ചാന്‍ കയ്യിലിരുന്ന മാവിന്റെയില ദൂരെയെറിഞ്ഞ് അതേ മാവില്‍ നിന്നുമൊരു കമ്പുമൊടിച്ച് വീടിന്റുള്ളിലേക്കോടി. അഹങ്കാരം ഇത്തിരി കൂടുതലാണ് ഇവള്‍ക്ക്... മൂത്തവളെപ്പോലല്ല. ഇങ്ങനെ വിട്ടാല്‍ ശരിയാവില്ല!! പക്ഷേ, കുഞ്ഞോനാച്ചന്റെ കണ്ണുകളില്‍ മറിമായം കാട്ടി പുറകു വശത്തെ മുറ്റത്തിനരുകിലൂടെ ഒരു നീല ചുരിദാറിന്റെ തുമ്പ് ഓടി മറഞ്ഞു.
"നീയിങ്ങു വരൂല്ലോ അപ്പോക്കാണാമെടീ "
അയാളലറി. മറിയാമ്മ പതിവു പോലെ ചിരി ചുണ്ടില്‍ മറക്കാന്‍ ശ്രമിച്ച് അടുക്കളയിലേക്ക് നടന്നു
"എന്താടീ കിണിക്കുന്നത്?" അയാളലറി.
"ഉ..ഉം..ഒന്നൂല്ല!! ഇവിടിപ്പോ ആരു ചിരിച്ചൂന്നാ!!" അവര്‍ തിരിച്ചലറി. അതോടെ അയാളുടെ വായടഞ്ഞു.

എന്തായാലും മാസങ്ങള്‍ കുറെ കഴിഞ്ഞതോടെ കുഞ്ഞോനാച്ചന്റെ സ്വപ്നങ്ങളുടെ നിറം മങ്ങാന്‍ തുടങ്ങി. അവള് ജോലിക്ക് പോണില്ലാന്ന്! അവളുടെ കെട്യോനിഷ്ടമല്ലത്രെ!

"നെന്റെ മോള്‍ക്കും നെനക്കും പ്രാന്താടീ..വീട്ടില്‍ കുത്തിയിരിക്കാനാരുന്നേല്‍ ഇക്കണ്ട കാശു മൊടക്കി അവള് പഠിച്ചതെന്തിനാടീ..."

കുഞ്ഞോനാച്ചന്‍ കൂട്ടിലിട്ട വെരുകിനെപ്പോലെ പരതി നടന്നു. മറിയാമ്മയാകട്ടെ ഞാനൊന്നും കേട്ടില്ലേ അറിഞ്ഞില്ലേ എന്ന മട്ടിലങ്ങ് ജീവിച്ചു.
ഇതിനിടയില്‍ പെണ്ണിന് വയറ്റിലുണ്ടെന്നും കൂടെ മറിയാമ്മ പറഞ്ഞറിഞ്ഞു അയാള്‍!

"ഇനീപ്പോ ഒന്നും നടക്കൂല്ല!! അഞ്ചു പൈസയുടെ ഉപകാരം പെറ്റതള്ളക്കും തന്തക്കും ചെയ്യാമ്പറ്റൂല്ലവള്‍ക്ക്"
അയാള്‍ ആരോടെന്നില്ലാതെ പിറുപിറുത്തു. രണ്ടു പെണ്ണുണ്ടായ നേരത്ത് ജഗജില്ലികളായ രണ്ടാണ്‍കുട്ടികളായിരുന്നെങ്കില്‍ ലക്ഷങ്ങളിപ്പോള്‍ കയ്യിലിരുന്നേനേ എന്ന് അയാളോര്‍ത്തു. പക്ഷേ തനിക്കാ ഭാഗ്യമില്ലല്ലോ എന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് ശ്വാസം വിലങ്ങി. അയാള്‍ നെഞ്ചു തിരുമ്മാന്‍ തുടങ്ങി!

മറിയാമ്മ എന്നും മകളോട് സ്‌കൈപ്പില്‍ സംസാരിക്കും. അയാള്‍ വല്ലപ്പോഴുമൊന്ന് സംസാരിച്ചെങ്കിലായി! അമ്മയും മക്കളും വായിലെ വെള്ളം വറ്റുന്നതു വരെ വായിട്ടലക്കുന്നത് കേള്‍ക്കുമ്പോഴേ അയാളുടെ തല പെരുക്കാന്‍ തുടങ്ങും..! എങ്ങിനെയാണ് മനുഷ്യര്‍ക്കിത്ര മാത്രം സംസാരിക്കാന്‍ കഴിയുക എന്ന് അയാള്‍ പലപ്പോഴും ആശ്ചര്യപ്പെട്ടു. അങ്ങിനെയിരിക്കെ ഒരു ദിവസം മറിയാമ്മ ഫോണ്‍ അയാള്‍ക്ക് നീട്ടി. സ്‌കൈപ്പില്‍ മകളെക്കണ്ട അയാള്‍ കണ്ണ് മിഴിച്ചു. മെലിഞ്ഞുണങ്ങി എല്ലുന്തി വലിയ വയറുമായി ഒരു രൂപം!
"എന്താടീ? നെനക്കവടെ തിന്നാനൊന്നൂല്ലേ? ചോദിക്കാതിരിക്കാനായില്ല അയാള്‍ക്ക്.

"അപ്പനെന്നാ ഇതു വരെ എന്നോട് മിണ്ടാത്തേ...എന്നെ വേണ്ടേ അപ്പന്?" പെണ്ണൊരു പൊട്ടിക്കരച്ചില്‍.

"ഈപ്പെണ്ണിനിതെന്നാ പ്രാന്താ!!" അയാള്‍ക്കും കരച്ചില്‍ വന്നു. പക്ഷേ മറിയാമ്മ കണ്ടെങ്കിലോ എന്നോര്‍ത്ത് ഫോണ്‍ തിരിച്ചു കൊടുത്തു വീട്ടില്‍ നിന്നുമിറങ്ങി നടക്കാനൊരുങ്ങിയപ്പോള്‍ ദാ മുന്നില്‍ ഇളയവള്‍!

"അപ്പാ!! ചേച്ചീടെ കാര്യം വല്യ കഷ്ടത്തിലാ! അവിടെന്തോ കുരുത്തക്കേട് ഒപ്പിച്ച് ചേട്ടനെ പോലീസ് പിടിച്ചു. കുറെ മലയാളികളുടെ കാരുണ്യത്തിലാണവളിപ്പോള്‍!!"

ഒന്നും പറയാനാവാതെ കുഞ്ഞോനാച്ചന്‍ തറഞ്ഞങ്ങ് നിന്നു പോയി. പിന്നെ അടുത്തു കണ്ട കസേരയിലേക്ക് തളര്‍ന്നിരുന്നു.

"എന്നാ കുരുത്തക്കേടാണെടീ ആ തന്തയില്ലാത്തോന്‍ ചെയ്തത്??"
അയാളുടെ സ്വരം ചിലമ്പിച്ചു.

"അയാള്‍ക്കവിടെ വേലേം കൂലീമൊന്നുമില്ലായിരുന്നപ്പാ.. കൂട്ടത്തില്‍ മയക്കു മരുന്നുപയോഗോം കച്ചോടോം ഒക്കേണ്ടാരുന്നെന്നാ കേട്ടത്"
ഇളയമകള്‍ പറയുമ്പോഴെക്കും ഫോണ്‍ വച്ച് മറിയാമ്മയും ഓടി വന്നു.

"എന്നിട്ടിപ്പളാണോടീ എന്നോടിതൊക്കെ പറയുന്നേ!!"

"അതപ്പാ പേടിച്ചിട്ടാ! കാശു പോയല്ലോന്നോര്‍ത്തിരിക്കുന്ന അപ്പന്റടുത്ത് വന്ന് ഇതും കൂടെപ്പറയാന്‍ പേടിയാരുന്നു.."
മകള്‍ വിക്കി.

"എടീ മറിയാമ്മേ നീയൊറ്റ ഒരാളാ ഇതെല്ലാം വരുത്തിയത്.. എന്റെ കുഞ്ഞിനെന്തേലും പറ്റിയാ ആ പന്നിയെ ഞാന്‍ കുത്തിക്കീറും...കട്ടായം!!

അയാളലറുമ്പോള്‍ പണ്ട് പെരുമ്പാവൂര്‍ ചന്തയില്‍ പത്തു പേരോടൊറ്റക്കു നിന്ന് പൊരുതി നേടി ഇനിയും 'ധൈര്യമുള്ളോനുണ്ടെങ്കില്‍ വാടാ' എന്നലറിയ ഒരു മുപ്പതു വയസ്സുകാരനെ മറിയാമ്മ പിന്നെയും കണ്ടു.

അല്പ നേരം കൂടി ആ ഇരുപ്പ് ഇരുന്ന കുഞ്ഞോനാച്ചന്‍ പതുക്കെ എഴുന്നേറ്റു തന്റെ മുറിയിലേയ്ക്ക് നടന്നു.
"എടീ കുഞ്ഞോളേ ഇവിടെ വാ!" അയാള്‍ വിളിച്ചു. മകള്‍ പിന്തുടര്‍ന്നു. തുറന്നിട്ട അലമാരയില്‍ നിന്നും അയാള്‍ ചെക്ക് ബുക്കുകള്‍ വലിച്ചെടുത്തു. തുകയെഴുതാത്ത താളുകളില്‍ ഒപ്പിട്ടു അവളുടെ കയ്യിലേക്ക് വച്ചു.

"എടീ കുഞ്ഞോളെ നിന്നെക്കെട്ടിക്കാന്‍ വച്ച കാശാ..എന്നാന്നു വച്ചാല്‍ ചെയ്യ്.. നിന്റെ ചേച്ചിക്ക് വേണ്ടി.."

"അപ്പാ!" ഒരേങ്ങിക്കരച്ചിലോടെ മകള്‍ അയാളുടെ കയ്യില്‍ നിന്നും ചെക്കുകള്‍ എടുത്തയുടന്‍ അയാള്‍ വീടിനു വെളിയിലേക്കിറങ്ങി. പിന്നെ തിരിഞ്ഞു നിന്നു പറഞ്ഞു.

"എടീ പെണ്ണെ! പഠിച്ചു വല്ല പണീം കണ്ടു പിടിച്ചു സ്വന്തം കാര്യം നോക്കാന്‍ പഠിക്കെടീ...കണ്ടവന്മാരുടെ ചെലവീക്കഴിയാണ്ട്!!! അപ്പനിങ്ങനെ പുറകെ നടക്കാന്‍ വയ്യാത്തൊരു കാലവും വരൂല്ലോ"

നിറഞ്ഞ കണ്ണുകള്‍ മകളും ഭാര്യയും കാണാതിരിക്കാന്‍ വീട്ടില്‍ നിന്നിറങ്ങി കൈകള്‍ ആഞ്ഞു വീശി എങ്ങോട്ടെന്നില്ലാതെ നടന്നയാള്‍. ഒടുവില്‍ ആരും കാണാത്തൊരു ദിക്കെത്തിയപ്പോള്‍ പൊട്ടിക്കരഞ്ഞു...പിന്നെ ആരോടെന്നില്ലാതെ പറഞ്ഞു

"നാശം പിടിക്കാനായിട്ട്...!! രണ്ടാണ്‍മക്കള്‍ മതിയായിരുന്നു!!"
കുഞ്ഞോനാച്ചന്‍ (കഥ: ജീന)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക