Image

യൂറോപ്പുമായുള്ള ഭാവി ബന്ധം: ഒരുമിച്ചു നില്‍ക്കാന്‍ ബ്രിട്ടീഷ് മന്ത്രിസഭാ തീരുമാനം

Published on 09 July, 2018
യൂറോപ്പുമായുള്ള ഭാവി ബന്ധം: ഒരുമിച്ചു നില്‍ക്കാന്‍ ബ്രിട്ടീഷ് മന്ത്രിസഭാ തീരുമാനം

ലണ്ടന്‍: ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം ഏതു തരത്തിലുള്ളതായിരിക്കണമെന്ന കാര്യത്തിലും, അന്തിമമായ ബ്രെക്‌സിറ്റ് കരാറിന്റെ കാര്യത്തിലും ഒരുമിച്ചു നില്‍ക്കാന്‍ ബ്രിട്ടീഷ് കാബിനറ്റ് യോഗം തീരുമാനമെടുത്തതായി പ്രധാനമന്ത്രി തെരേസ മേയ് അറിയിച്ചു.

വ്യാവസായിക, കാര്‍ഷിക ഉത്പന്നങ്ങള്‍ക്കായി ഒരു സ്വതന്ത്ര വ്യാപാര മേഖല രൂപീകരിക്കാന്‍ ധാരണയായി. ഇതിനായി പൊതു ചട്ടങ്ങള്‍ തയാറാക്കും. സംയോജിത കസ്റ്റംസ് മേഖലയാണ് ധാരണയിലെത്തിയ മറ്റൊരു വിഷയം. 

12 മണിക്കൂര്‍ ദീര്‍ഘിച്ച മാരത്തണ്‍ യോഗത്തിലാണ് തീരുമാനങ്ങള്‍. ബ്രെക്‌സിറ്റ് വാദികളായ പല ടോറികള്‍ക്കും അംഗീകരിക്കാന്‍ കഴിയാത്തതാണ് തീരുമാനങ്ങളെന്ന് വിലയിരുത്തല്‍. പല മന്ത്രിമാരും ആഗ്രഹിക്കുന്നതില്‍ അധികം അടുപ്പം യൂറോപ്യന്‍ യൂണിയനുമായി തുടരാനാണ് പ്രധാനമന്ത്രിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ട്.

എന്നാല്‍, ഈ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണകളുടെ അടിസ്ഥാനത്തില്‍ അടുത്ത വട്ടം ചര്‍ച്ചകള്‍ക്കു തുടക്കം കുറിക്കാന്‍ സാധിക്കുമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രത്യാശ പ്രകടിപ്പിച്ചിരിക്കുന്നത്. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക