Image

ദീര്‍ഘയാത്ര അന്ത്യ യാത്രയാകുമ്പോള്‍...! (സന്തോഷ് പിള്ള)

Published on 10 July, 2018
ദീര്‍ഘയാത്ര അന്ത്യ യാത്രയാകുമ്പോള്‍...! (സന്തോഷ് പിള്ള)
സാംകുട്ടി ജോലിയില്‍ നിന്നും അറുപത്തിരണ്ടാമത്തെ വയസ്സില്‍ വിരമിച്ചപ്പോള്‍ അറിയിച്ചു, ഇനിയാണ് ജീവിതം ആസ്വദിക്കാന്‍ തുടുങ്ങുന്നത്. ഇത്രയും നാള്‍ കുടുംബാങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെട്ട് ജോലിചെയ്തു. മറിയാമ്മയുടെ ആറു സഹോദരങ്ങളേയും , എന്റെ നാലു സഹോദരങ്ങളേയും അമേരിക്കയില്‍ എത്തിച്ച് രക്ഷപെടുത്തി. മക്കള്‍ രണ്ടു പേര്‍ക്കും ജോലിയുമായി. എഴുപതുകളില്‍ ഡിട്രോയിറ്റില്‍ ആദ്യമായി എത്തിയപ്പോള്‍ എത്രമാത്രം കഷപെട്ടെന്നോ? പത്തുഡോളറും കൊണ്ടാണ് അമേരിക്കയിലെത്തുന്നത് . ജോലി അന്വേഷിച്ച് ആറിഞ്ച് സ്‌നോയിലൂടെ നാട്ടിലെ ഷൂവുമിട്ടോണ്ട് നടന്നപ്പോള്‍ അഞ്ച് മിനിറ്റിനുള്ളില്‍ പാദം രണ്ടും മരവിച്ച് അന്വേഷണം അവസാനിപ്പിച്ച്, തിരികെ അപ്പാര്‍ട്‌മെന്റിനുള്ളിലേക്ക് ഓടിക്കേറേണ്ടി വന്നിട്ടുണ്ട്. മാസങ്ങളോളം രണ്ടും മൂന്നും കുടുംബങ്ങള്‍ ഒരുമിച്ച് ഒരു വീട്ടില്‍ താമസിച്ചിട്ടുണ്ട് . ബസ്സും പ്രതീക്ഷിച്ച് എത്ര നാള്‍ തണുത്തു വിറങ്ങലിച്ച് ബസ്‌റ്റോപ്പില്‍ നിന്നിട്ടുണ്ടെന്നോ. ഇപ്പോഴിതാ റിട്ടയറായി, ഇനി വേണം ലോകം മുഴുവന്‍ ഒന്ന് ചുറ്റി കറങ്ങാന്‍. ആദ്യമായി നാട്ടില്‍ ചെന്ന് കുറച്ചുനാള്‍ താമസിക്കണം. അങ്ങനെയാണ് സാംകുട്ടി ആറു മാസത്തേക്ക് നാട്ടിലേക്ക് പോയത്.

നാട്ടില്‍ നിന്നും തിരികെ അമേരിക്കയില്‍ എത്തിയ ഉടനെ ഫോണില്‍ വിളിച്ചു. സമ്മറില്‍ ആറുമാസം അമേരിക്കയിലും, വിന്റര്‍ സമയത്ത് ഇനി നാട്ടിലുമായിരിക്കും. കറന്റ് പോക്ക്, ഹര്‍ത്താല്‍, പിരിവ് , കൊതുക്, വൈറസ്, എന്നീ ശല്യങ്ങള്‍ ഒക്കെ ഉണ്ടെങ്കിലും നാട്ടില്‍ താമസിക്കാന്‍ ഒരു പ്രത്യേക സുഖമാ. ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ ആണ് പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കുന്നത് . എന്തായാലും അടുത്ത മാസം ഇസ്രായേലില്‍ പോകാനും തീരുമാനിച്ചു . പള്ളിയില്‍ നിന്നും ഒരു ഗ്രൂപ്പായിട്ടാ പോകുന്നത്. മറിയാമ്മക്കും യാത്ര ചെയ്യാന്‍ ഇഷ്ടമാ.

പിന്നീടറിയുന്നത് സാംകുട്ടി ICU ല്‍ ആണെന്ന് . രാവിലെ സോഫയില്‍ ഇരുന്ന ആള്‍ ബോധമില്ലാതെ കുഴഞ്ഞു താഴേക്കുവീണു . രണ്ടു ദിവസം ആശുപത്രിയില്‍ കിടന്നതിനുശേഷം, ലോകമെമ്പാടും യാത്രചെയ്യണമെന്നുള്ള തന്‍റെ സ്വപ്നങ്ങള്‍ ബാക്കിവെച്ചിട്ട്, അനേകം കുടുംബാംഗങ്ങെളയും സുഹൃത്തുക്കളെയും കണ്ണീര്‍ക്കയത്തിലാഴ്ത്തി സാംകുട്ടി വിടപറഞ്ഞു. അനുശോചന സമ്മേളനത്തില്‍ പലരും വര്ഷങ്ങളുടെ കണക്കുകള്‍ നിരത്തി സാംകുട്ടിയുമായിട്ടുള്ള പരിചയത്തിന്റെ ദൈര്‍ഘ്യം വിളിച്ചറിയിച്ചു . മറ്റുചിലര്‍ വിയോഗത്തിന്‍റെ ദുരന്ത വാര്‍ത്ത അറിഞ്ഞപ്പോള്‍ അവര്‍ എവിടെയായിരുന്നു എന്നതിനെ ആസ്പദമാക്കി പ്രസംഗിച്ചു . വളരെ ഊര്‍ജസ്വലനും ആരോഗ്യവാനുമായിരുന്ന സാംകുട്ടിയുടെ മരണകാരണം എന്തായിരിക്കും…? ആദ്യം കേട്ടത് ഹാര്‍ട്ടറ്റാക്ക് എന്നായിരുന്നു. പിന്നീട് അറിഞ്ഞു ഡി വി ടി (DVT) എന്ന അസുഖമാണ് മരണകാരണമായതെന്ന് .

ഡീപ് വെയിന്‍ ത്രോംബോസിസ് (DVT) എന്ന അസുഖം ദീര്‍ഘദൂര വിമാന യാത്രക്കാരില്‍ പെട്ടന്ന് ഉടലെടുക്കാവുന്ന മാരകമായ ഒരു ആരോഗ്യ പ്രശ്‌നമാണ് . മണിക്കൂറുകള്‍ ഒറ്റയിരിപ്പിരിക്കുമ്പോള്‍ കാലുകളില്‍ നിന്നും ഹൃദയത്തിലേക്കുള്ള രക്ത സഞ്ചാരം സാവധാനത്തില്‍ ആവുകയും, രകതം ധമനികളില്‍ തളം കെട്ടികിടക്കുവാന്‍ ആരംഭിക്കുകയും ചെയ്യുന്നു. തളം കെട്ടികിടക്കുന്ന രകതം കട്ട പിടിക്കുവാന്‍ തുടങ്ങുമ്പോള്‍ മാരകമായ ഉഢഠ ആരംഭിക്കുകയായി.

ഇങ്ങനെ ഉടലെടുക്കുന്ന രക്ത കട്ടകള്‍ ചിലപ്പോള്‍ രക്ത കുഴലുകളില്‍ ഒട്ടിപിടിച്ചിരിക്കുകയും കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ വേര്‍പെട്ട് ഹൃദയത്തിലേക്കും, പിന്നീട് ശ്വാസകോശത്തിലേക്കും എത്തിച്ചേരും. ശ്വസകോശത്തിന് ഓക്‌സിജന്‍ എത്തിക്കുന്ന രക്തക്കുഴലുകള്‍ തടസ്സപ്പെട്ടാലും, ഓക്‌സിജന്‍ , കാര്‍ബണ്‍ഡൈഓക്‌സൈഡ് വിനിമയം നടക്കുന്ന രക്തക്കുഴലുകള്‍ വിഖാ തപ്പെട്ടാലും, രക്തക്കട്ടകള്‍ വലിപ്പമേറിയതാണെങ്കില്‍ ഹൃദയത്തിനകത്തു തന്നെ രക്ത സഞ്ചാരം നിന്നുപോയാലും അതിവേഗത്തില്‍ മരണം സംഭവിക്കും. പല്‍മനറി എമ്പോളിസം എന്നാണ് ശ്വസകോശത്തിനുള്ളില്‍ രക്ത കട്ടകള്‍ ചെന്നാലുള്ള അസുഖം അറിയപ്പെടുന്നത്.

ദീര്‍ഘ ദൂര യാത്രക്കിട യിലോ, അതിനുശേഷമോ, നെഞ്ചുവേദന, ശ്വാസം എടുക്കുമ്പോള്‍ കൂടതലായി അനുഭവപ്പെടുന്ന വേദന, ചുമക്കുമ്പോള്‍ രക്തം കലര്‍ന്ന കഫം, ശ്വാസ തടസ്സം ഇവയെല്ലാം അനുഭവപെട്ടാല്‍ പല്‍മനറി എമ്പോളിസം ആണെന്നുറപ്പിക്കാം. എത്രയും വേഗത്തില്‍ വൈദ്യ സഹായം കിട്ടിയാല്‍ ചിലപ്പോള്‍ രക്ഷപെട്ടേക്കാം.

പതിനഞ്ചും അതില്കൂടുതല്‍ സമയവും ഇരിക്കേണ്ടി വരുന്ന ദീര്‍ഘ ദൂര ആകാശ യാത്രകളില്‍ ഓരോമണിക്കൂറിലും എഴുനേറ്റ് നില്‍ക്കാന്‍ ശ്രമിക്കുക. ഇടക്കിടെ അല്പം നടക്കാന്‍ ശ്രമിക്കുക. വിമാനയാത്രക്കിടയില്‍, സീറ്റ് ബെല്‍റ്റ് ധരിക്കുക എന്ന മുന്നറിയിപ്പ് ഉണ്ടാവുന്നതു കൊണ്ടും, ഭക്ഷണം വിതരണം ചെയ്യുന്നതു കൊണ്ടും നടക്കുക എന്നത് പ്രയാസമാകുമെങ്കിലും സന്ദര്‍ഭം കിട്ടുമ്പോള്‍ എല്ലാം അല്പദൂരമെങ്കിലും നടക്കുക.

കാലുകളില്‍ നിന്നും തിരികെ രക്തം ഹൃദയത്തിലേക്കെത്തിക്കുവാന്‍ കാല്‍മുട്ടിന് താഴെയായി കാലിന്‍റെ പിന്‍ഭാഗത്തുള്ള "കാഫ് " പേശികള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത് . ഒരു പമ്പായി പ്രവര്‍ത്തിച്ച് രക്തം മുകളിലേക്ക് ഉയര്‍ത്തിവിടുന്നത് "കാഫ് " പേശികള്‍ ആണ് . ദീര്‍ഘ സമയം ഇരിക്കേണ്ടി വരുമ്പോള്‍ , കാല്‍ വിരലുകളും പത്തിയും അമര്‍ത്തിച്ചവിട്ടി പാദത്തിന്റെ പിന്‍ഭാഗം ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുമ്പോള്‍ പാദങ്ങളിലെ രക്തചക്രമണം സാധാരണഗതിയിലാവും. ഉപ്പൂറ്റി തറയിലമര്‍ത്തി കാല്‍ പാദങ്ങള്‍ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്താലും രക്തം തളംകെട്ടുന്നത് ഒഴിവാക്കാന്‍ സാധിക്കും. കാലില്‍ മുറുകെ പിടിച്ചു കിടക്കുന്ന സോക്‌സും ദീര്‍ഘ ദൂര യാത്രയില്‍ സുഗമമായ രക്ത ചംക്രമണത്തിന് സഹായകമാണ് . അമിത ഭാരമുള്ളവര്‍ ദീര്‍ഘ നേരം ചലിക്കാതെ ഇരുന്നാല്‍ ഈ അസുഖം പെട്ടന്ന് ഉടലെടുക്കാം.

DVT എന്ന് കേട്ടപ്പോള്‍ കൂടുതല്‍ അന്വേഷിച്ചു കണ്ടെത്തിയ അറിവുകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. സാംകുട്ടിയുടെ വേര്‍പാടിനുമുമ്പ് ഈ അറിവുകള്‍ നേടിയിരുന്നു എങ്കില്‍, ഒരുപക്ഷേ ഇപ്പോഴും ജീവിതം ആസ്വദിക്കുവാന്‍ അദ്ദേഹം ഉണ്ടാകുമായിരുന്നോ?

ആദ്യകാലങ്ങളില്‍ അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവര്‍ റിട്ടയര്‍മെന്‍റ് ആസ്വദിക്കുന്ന ഈ സമയത്ത്, നാട്ടിലേക്കുള്ള ദീര്‍ഘമായ വിമാനയാത്രകള്‍ സുലഭമാണ് . വിമാനത്തില്‍ ആകണമെന്നില്ല, എപ്പോഴം മണിക്കൂറുകള്‍ ചലിക്കാതെ ഇരിക്കേണ്ടിവരുമ്പോള്‍ ഉഢഠ വരാനുള്ള സാധ്യത കൂടി മുന്നില്‍ കണ്ടുകൊണ്ട് അതൊഴിവാക്കാനായി ശ്രമിക്കുക.
ദീര്‍ഘയാത്ര അന്ത്യ യാത്രയാകുമ്പോള്‍...! (സന്തോഷ് പിള്ള)ദീര്‍ഘയാത്ര അന്ത്യ യാത്രയാകുമ്പോള്‍...! (സന്തോഷ് പിള്ള)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക