Image

ദമ്മാമില്‍ കാണാതായ മലയാളിയെ നവയുഗം ജീവകാരുണ്യവിഭാഗം കണ്ടെത്തി

Published on 16 July, 2018
ദമ്മാമില്‍ കാണാതായ മലയാളിയെ നവയുഗം ജീവകാരുണ്യവിഭാഗം കണ്ടെത്തി
ദമ്മാം: പത്തു ദിവസത്തിലധികമായി ദമ്മാമില്‍ നിന്നും കാണാതായ മലയാളിയെ, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യപ്രവര്‍ത്തകരുടെ ശ്രമഫലമായി കണ്ടെത്തി.

പത്തനംതിട്ട ജില്ലയിലെ എടത്തിട്ട സ്വദേശിയായ അനിഴ് വത്സലന്‍ എന്ന മലയാളിയെയാണ്, ദമ്മാമില്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നും പെട്ടെന്ന് കാണാതായത്. കമ്പനി അധികൃതരും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും, പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും ഫോട്ടോ സഹിതം പ്രചാരണവുമുണ്ടായിട്ടും ഫലമുണ്ടായില്ല.

അനിഴ് വത്സലന്റെ നാട്ടിലെ ബന്ധുക്കള്‍ നവയുഗം കുടുംബവേദി പ്രസിഡന്റ് സുമി ശ്രീലാലിനെ ഫോണില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിച്ചു. സുമി ശ്രീലാല്‍ നവയുഗം ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഷിബുകുമാറിന് ഈ വിവരം കൈമാറിയതിനെത്തുടര്‍ന്ന്, അനിഴ് വത്സലനെ കണ്ടെത്താനായി അദ്ദേഹം മുന്നിട്ടിറങ്ങി.

അനിഴിന്റെ കമ്പനി സന്ദര്‍ശിച്ച ഷിബുകുമാറിന് കമ്പനി അധികൃതര്‍, അനിഴിനെപ്പറ്റിയുള്ള വിവരങ്ങളും, എല്ലാ പിന്തുണയും നല്‍കി. അദ്ദേഹത്തിന് എന്തെങ്കിലും അപകടം പറ്റിയിരിയ്ക്കുമോ എന്ന ഭയത്തിലായിരുന്നു അവര്‍. അതേ കമ്പനിയില്‍ ജോലി ചെയ്യുന്ന അനിഴിന്റെ സുഹൃത്തായ അഖില്‍ എന്ന മലയാളിയും ഷിബുകുമാറിന്റെ കൂടെ അന്വേഷണത്തില്‍ പങ്കു ചേര്‍ന്നു.

ദമാമിലെ വിവിധ ആശുപത്രികള്‍, മാനസിക ആരോഗ്യകേന്ദ്രങ്ങള്‍, ജയിലുകള്‍, പോലീസ് സ്റ്റേഷനുകള്‍ എന്നിവയൊക്കെ കയറിയിറങ്ങിയ ഷിബു കുമാര്‍, ഒടുവില്‍ ദെഹറാനിലെ പോലീസ് സ്റ്റേഷനില്‍ വെച്ച് കസ്റ്റഡിയില്‍ ഉണ്ടായിരുന്ന അനിഴ് വത്സലനെ കണ്ടെത്തി.

മാനസികനില തകരാറിലായപ്പോള്‍, ഒരു സൗദി ഭവനത്തില്‍ അതിക്രമിച്ചു കയറി ശല്യം ഉണ്ടാക്കിയതിന് ആ വീട്ടുകാര്‍ പരാതിപ്പെട്ടതനുസരിച്ചു പോലീസ് അറസ്റ്റു ചെയ്താണ് അയാള്‍ കസ്റ്റഡിയില്‍ ആയത്. തുടര്‍ന്ന് ഷിബുകുമാര്‍ കമ്പനി അധികൃതരുടെ സഹായത്തോടെ അനിഴിനെ ജാമ്യത്തില്‍ എടുത്തു തിരികെ കമ്പനിയില്‍ എത്തിച്ചു.

ഫൈനല്‍ എക്‌സിറ്റും മറ്റു ആനുകൂല്യങ്ങളും നല്‍കി,അനിഴ് വത്സലനെ തിരികെ നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള തീരുമാനത്തിലാണ് കമ്പനി അധികൃതര്‍. അതിനുള്ള നിയമനടപടികള്‍ പൂര്‍ത്തിയായി വരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക