Image

രാഷ്ട്രീയ മുതലെടുപ്പിന്റെ പേരില്‍ ഒരു നല്ല കൃതിയെ ഞെക്കിക്കൊല്ലരുത്; സന്തോഷ് ഏച്ചിക്കാനം

Published on 22 July, 2018
രാഷ്ട്രീയ മുതലെടുപ്പിന്റെ പേരില്‍ ഒരു നല്ല കൃതിയെ ഞെക്കിക്കൊല്ലരുത്; സന്തോഷ് ഏച്ചിക്കാനം
മീശ നോവല്‍ സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്ന എഴുത്തുകാരന്‍ എസ്. ഹരീഷിന് പിന്തുണയുമായി കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം.
ഹരീഷിന്റെ 'മീശ' ചുട്ടുകരിക്കാന്‍ ചൂട്ടുകെട്ടുന്നവരില്‍ എത്രപേര്‍ ആ നോവല്‍ വായിച്ചിട്ടുണ്ടെന്നും കേവലം രാഷ്ട്രീയമായ മുതലെടുപ്പിന്റെ പേരില്‍ 'മീശ' പോലുള്ള ഒരു നല്ല കൃതിയെ ദയവുചെയ്ത് ഞെക്കിക്കൊല്ലരുതെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.
'മീശ'യില്‍ പ്രഭാതസവാരിക്കിടെ കൂടെ നടക്കാറുണ്ടായിരുന്ന നോവലിസ്റ്റിന്റെ സുഹൃത്ത് കാലത്ത് കുളിച്ച് അമ്ബലത്തില്‍ പോകുന്ന വെളുത്ത പെണ്‍കുട്ടികളെക്കുറിച്ച് പറഞ്ഞ അഭിപ്രായം തെറ്റാണെന്നുതന്നെ ഇരിക്കട്ടേ. ഇങ്ങനെ വായില്‍ തോന്നിയതൊക്കെ ഒരു നിയന്ത്രണവുമില്ലാതെ വിളിച്ച് പറയുന്ന എത്രയെത്ര കഥാപാത്രങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഇത് കേള്‍ക്കുന്ന 'ഞാന്‍' (നോവലിസ്റ്റാവാം/വേറെ വ്യക്തിയാവാം) സുഹൃത്ത് പറഞ്ഞതിനെ അംഗീകരിച്ചതായോ ശരിവെച്ചതായോ നോവലില്‍ എവിടെയെങ്കിലും പറയന്നുണ്ടോ? അയാള്‍ കേള്‍വിക്കാരന്‍ മാത്രമാണ്. അയാള്‍ സുഹൃത്തിനെ പിന്തുണച്ചിരുന്നവെങ്കില്‍ നിങ്ങള്‍ക്ക് അയാളെ കുറ്റക്കാരനായി മുദ്രകുത്താം.
ഒരു ഫുട്‌ബോള്‍ മാച്ചിലെ കളിക്കാരനാണ് കഥാപാത്രങ്ങള്‍. എഴുത്തുകാരന്‍ റഫറിയും. കളിക്കാരന്‍ ഫൗള്‍ ചെയ്തതിന്റെ പേരില്‍ റഫറിയെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുന്നതിലെ വിഡ്ഢിത്തം ഇനിയെങ്കിലും അവസാനിപ്പിക്കണം. കേവലം രാഷ്ട്രീയമായ മുതലെടുപ്പിന്റെ പേരില്‍ 'മീശ' പോലുള്ള ഒരു നല്ല കൃതിയെ ദയവുചെയ്ത് ഞെക്കിക്കൊല്ലരുത് സന്തോഷ് ഏച്ചിക്കാനം വ്യക്തമാക്കി.
ശരിയും തെറ്റും നിറഞ്ഞതാണ് ജീവിതം. സന്‍മാര്‍ഗ്ഗികള്‍ മാത്രമല്ല ഈ ലോകത്തുള്ളത്. സന്‍മാര്‍ഗ്ഗം മാത്രം പഠിപ്പിക്കുന്ന സെമിനാരിയുമല്ല ഒരു നോവല്‍.
നോവല്‍ നിരോധിച്ചതിനെ സംബന്ധിച്ച വ്യാപകമായ ചര്‍ച്ചകള്‍ വായിച്ച് അതിലെ ചരിത്രസത്യം ഇനിയും മനസ്സിലാക്കാതെ 'മീശ'ക്കെതിരെ അണിനിരക്കുന്നവര്‍ കോടതിയെ സമീപിക്കട്ടെ. ആക്ഷേപങ്ങള്‍ ഉണ്ടെങ്കില്‍ ആശയങ്ങള്‍കൊണ്ടും അതുപോരെങ്കില്‍ നിയമം കൊണ്ടുമാണ് നേരിടേണ്ടത്. അല്ലാതെ കൈക്കരുത്ത് കൊണ്ടല്ല. എന്തുകൊണ്ടെന്നാല്‍ ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. നോവല്‍ പിന്‍വലിച്ചുകൊണ്ടുള്ള പ്രസ്താവന പിന്‍വലിക്കണമെന്നും സന്തോഷ് ഏച്ചിക്കാനം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക