Image

കുവൈറ്റ് കല ട്രസ്റ്റ് ഡോ. വി.സാംബശിവന്‍ പുരസ്‌കാരം പാലോളി മുഹമ്മദ് കുട്ടിക്ക്

Published on 24 July, 2018
കുവൈറ്റ് കല ട്രസ്റ്റ് ഡോ. വി.സാംബശിവന്‍ പുരസ്‌കാരം പാലോളി മുഹമ്മദ് കുട്ടിക്ക്

തിരുവനന്തപുരം : ’കുവൈറ്റ് കല ട്രസ്റ്റ്’ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക പുരസ്‌കാരത്തിന് മുന്‍മന്ത്രിയും, സിപിഎം നേതാവുമായ പാലോളി മുഹമ്മദ് കുട്ടിയെ തെരെഞ്ഞെടുത്തു. ഓഗസ്റ്റ് 12, ഞായറാഴ്ച രാവിലെ 11ന് പട്ടാന്പി ചിത്ര ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. 50000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 

ചടങ്ങില്‍ കല ട്രസ്റ്റ് എല്ലാ വര്‍ഷവും നല്‍കി വരുന്ന വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണവും നടക്കും. മലയാളം മീഡിയത്തില്‍ പഠിച്ച് ഉന്നത മാര്‍ക്കോടെ പത്താം തരത്തില്‍ വിജയികളായ കേരളത്തിലെ 14 ജികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്കാണ് എന്‍ഡോവ്‌മെന്റ് ലഭിക്കുക. കല കുവൈറ്റ് 40ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി, ഈ വര്‍ഷം സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 40 കുട്ടികള്‍ക്കാണ് വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനാണ് 1998ല്‍ കുവൈറ്റ് കല ട്രസ്റ്റ് രൂപീകരിച്ചത്. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ’കുവൈറ്റ് കല ട്രസ്റ്റ്’ കേരളത്തിലെ കലാസാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനുവേണ്ടി 2000 മുതല്‍ തുടക്കമിട്ടതാണ് ഡോ.വി. സാംബശിവന്റെ പേരിലുള്ള ഈ പുരസ്‌കാരം. ഒ.എന്‍.വി. കുറുപ്പ്, പി. ഗോവിന്ദപിള്ള, പ്രഭാവര്‍മ്മ, കെടാമംഗലം സദാനന്ദന്‍, കെ.പി.എ.സി സുലോചന, നിലന്പൂര്‍ ആയിഷ, പി.കെ. മേദിനി, അനില്‍ നാഗേന്ദ്രന്‍, ശ്രീകുമാരന്‍ തന്പി, കെ.ആര്‍.മീര, ഇബ്രാഹിം വേങ്ങര ഉള്‍പ്പെടെയുള്ള പ്രമുഖര്‍ക്കാണ് മുന്പ് കല ട്രസ്റ്റ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്.

കല ട്രസ്റ്റ് ചെയര്‍മാന്‍ എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍, കല ട്രസ്റ്റ് സെക്രട്ടറി ചന്ദ്രമോഹന്‍ പനങ്ങാട്, കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു, കല കേന്ദ്രക്കമ്മിറ്റി അംഗം ജെ.സജി, റോയി നെല്‍സണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക