Image

മക്കളും മാതാപിതാക്കളും ഒന്നിച്ചപ്പോള്‍ (ഏബ്രഹാം തോമസ്)

Published on 27 July, 2018
മക്കളും മാതാപിതാക്കളും ഒന്നിച്ചപ്പോള്‍ (ഏബ്രഹാം തോമസ്)
കുടിയേറ്റക്കാരായ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളുമായി കാത്തലിക് ചാരിറ്റീസില്‍ എത്തുമ്പോള്‍ അവരുടെ കയ്യില്‍ പൂരിപ്പിച്ച അപേക്ഷകളല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അവര്‍ക്ക് ഭക്ഷണം വേണം, തങ്ങാന്‍ ഒരിടം വേണം, യുഎസിലുള്ള ബന്ധുക്കളുടെ അടുത്ത് പോകാനുള്ള മാര്‍ഗം ഉണ്ടാവണം, ഗവണ്‍മെന്റ് ഡിറ്റെന്‍ഷന്‍ സെന്ററുകളില്‍ ആഴ്ചകളോളം കഴിഞ്ഞ് അവര്‍ ഭയചകിതരായിരുന്നു. അമ്പരപ്പോടെയാണ് ചുറ്റുപാടും വീക്ഷിച്ചത്.

ഒരച്ഛന്‍ തന്റെ കൈക്കുഞ്ഞുമായി വീണ്ടും ഒന്നിച്ചപ്പോള്‍ കുഞ്ഞിന് അച്ഛനെ തിരിച്ചറിയുവാന്‍ കഴിയുമായിരുന്നില്ല. രണ്ടു മാസത്തെ വേര്‍പിരിയലിന്റെ ഫലം ഇതായിരുന്നു. അഞ്ചു വയസുള്ള ഒരു പെണ്‍കുട്ടി തന്റെ അമ്മയോട് പിണങ്ങി കുറെ സമയം ഒന്നും മിണ്ടാതെ ഇരുന്നു. വേര്‍പിരിയലിന് അവള്‍ പഴിച്ചത് അമ്മയെയായിരുന്നു.

ടെക്‌സസിലും അരിസോണയിലും ഉടനീളം ഇത്തരം ദൃശ്യങ്ങള്‍ കാണാമായിരുന്നു. കുടുംബങ്ങളുടെ പുനരേകീകരണത്തിന് കോടതി നിശ്ചയിച്ച അവസാന തീയതി വ്യാഴാഴ്ചയായിരുന്നു. ഈ അവധി അവസാനിക്കുമ്പോള്‍ മാതാപിതാക്കളും രക്ഷകര്‍ത്താക്കളുമായി അവരുടെ കുട്ടികള്‍ വീണ്ടും ഒത്തുചേരാന്‍ അധികൃതര്‍ പരിശ്രമിക്കുന്നതും ദൃശ്യമായി. നിയമ വിരുദ്ധ കുടിയേറ്റം നടത്തിയ നൂറു കണക്കിന് കുടുംബങ്ങളെ മതങ്ങള്‍ നടത്തുന്ന ധര്‍മ്മ സ്ഥാപനങ്ങളിലേയ്ക്ക് ട്രംപ് ഭരണ കൂടത്തിന്റെ അധികൃതര്‍ അയച്ചു.

ബ്രസീലില്‍ നിന്നെത്തിയ ഒരമ്മ, നതാലിയ ഒളിവിയര ഡാസില്‍വ പിയര്‍സാളിലെ ഇമിഗ്രേഷന്‍ ഡിറ്റന്‍ഷന്‍ സെന്ററിന് പുറത്ത് വികാര വിക്ഷുബ്ധയായി തന്റെ അഞ്ചു വയസുകാരി മകള്‍ സാറയുടെ വരവും കാത്ത് നിന്നു. കടന്നു വന്ന ഒരു വാഹനത്തില്‍ സാറ എത്തി. അമ്മയുടെ കരവലയങ്ങളില്‍ എത്തിക്കഴിഞ്ഞപ്പോള്‍ അവളുടെ ആദ്യ ചോദ്യം ഇതായിരുന്നു.

ഇനി അവര്‍ അമ്മയെ കൊണ്ടു പോവുകയില്ലല്ലോ, ഇല്ലേ ? മേയില്‍ അവര്‍ വേര്‍പെടുത്തപ്പെട്ടപ്പോള്‍ സാറ ഇമിഗ്രന്റ് മൈനേഴ്‌സിനുള്ള ഷിക്കാഗോയിലെ ഷെല്‍ട്ടറിലേയ്ക്കും ഒളിവിയേര ടെക്‌സസിലെ പല സെന്ററുകളില്‍ മാറി മാറി കഴിയാനും യാത്രയായി.

പുനരേകീകരണം സാധ്യമായ മറ്റ് കുടുംബങ്ങളെ പോലെ ഒളിവിയരയെയും മകളെയും സാന്‍അന്റോണിയോവിലുള്ള കാത്തലിക് ചാരിറ്റീസിലേയ്ക്ക് കൊണ്ടു പോയി. ചാരിറ്റിയുടെ ജീവനക്കാര്‍ അവരെ ഒരു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചു. പിന്നീട് മറ്റൊരു കുടുംബത്തോടൊപ്പം ചാരിറ്റീസിലേയ്ക്ക് കൊണ്ടുപോയി.

കാത്തലിക് ചാരിറ്റീസില്‍ അവര്‍ എത്തിയപ്പോള്‍ അവര്‍ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. വോളന്റിയര്‍ അവര്‍ക്ക് വേണ്ടി മടക്കി വച്ചിരുന്ന വസ്ത്രങ്ങള്‍ നല്‍കി. പ്രദേശത്തെ ഒരു റസ്റ്ററന്റ് ടോര്‍ടിലകളും ബീഫും ഗ്രില്‍ഡ് വെജിറ്റബിളും അടങ്ങിയ ഭക്ഷണം എത്തിച്ചു. മുകളിലത്തെ മുറിയില്‍ കുട്ടികള്‍ക്ക് വേണ്ട കളിപ്പാട്ടങ്ങള്‍ കരുതി വച്ചിരുന്നു.

സാധാരണഗതിയില്‍ മാതാപിതാക്കളെയും കുട്ടികളെയും ഒന്നിച്ച് ഫാമിലി ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് അയയ്ക്കുമെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ പറഞ്ഞു. നടപടി ക്രമങ്ങളില്‍ ആശയക്കുഴപ്പവും ചിട്ടയില്ലായ്മയും ഉണ്ടെന്നാരോപിച്ച് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഒരു ഡസനിലധികം പെറ്റീഷനുകള്‍ ഫയല്‍ ചെയ്തു.

കുടുംബങ്ങള്‍ക്ക് കേസ് വര്‍ക്കേഴ്‌സാണ് പ്ലെയിന്‍ ടിക്കറ്റുകള്‍ വാങ്ങി നല്‍കുകയും ഫോണ്‍ സൗകര്യം ഏര്‍പ്പെടുത്തി നല്‍കുകയും ചെയ്യുന്നത്. ബസുകള്‍ക്കും ഫ്‌ലൈറ്റുകള്‍ക്കും കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഹോട്ടല്‍ മുറികള്‍ ഒരുക്കുന്നതും ഇവരാണ്. കാത്തലിക് ചാരിറ്റീസ് ഇതിനായി 1,27,000 ഡോളര്‍ സമാഹരിച്ചു. 300 വോളന്റിയര്‍ സേവന സന്നദ്ധരായി രംഗത്തുണ്ട്.

ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി കിഴ്സ്റ്റ് ജെന്‍ നീല്‍സണ്‍ ഹിസ്പാനിക് കോക്കസ് നേതാക്കളും ഡെമോക്രാറ്റിക് ജനപ്രതിനിധികളുമായ 20 പേരോട് കോടതി നല്‍കിയ അന്ത്യദിനം പാലിക്കുവാന്‍ സമയ ബന്ദിതമായ പ്രവര്‍ത്തനം നടക്കുന്നു എന്നറിയിച്ചു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന ഈ യോഗത്തില്‍ കോണ്‍ഗ്രസംഗങ്ങള്‍ സെക്രട്ടറിയെ നിശിതമായി വിമര്‍ശിച്ചു. യോഗത്തില്‍ അവസാന തീയതിക്കുള്ളില്‍ നിയമ വിരുദ്ധ കുടിയേറ്റക്കാരായ മാതാപിതാക്കളെയും അവരുടെ കുട്ടികളെയും എങ്ങനെ നടപ്പാക്കും എന്ന് നീല്‍സണ്‍ വിശദീകരിച്ചില്ലെന്ന് അരിസോണയില്‍ നിന്നുള്ള ഡെമോക്രാറ്റിക് ജനപ്രതിനിധി രൂബന്‍ ഗാലേഗോ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക