Image

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഒരു പ്രാര്‍ത്ഥനയാണ്: ബാല ദേവി ചന്ദ്രശേഖരന്‍ (അനില്‍ പെണ്ണുക്കര)

Published on 28 July, 2018
ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഒരു പ്രാര്‍ത്ഥനയാണ്: ബാല ദേവി ചന്ദ്രശേഖരന്‍ (അനില്‍ പെണ്ണുക്കര)
അര്‍ത്ഥമില്ലാത്ത കാട്ടിക്കൂട്ടലുകളാണ് ഇന്നത്തെ കല. കാഴ്ചക്കാരന്റെ ഇഷ്ടങ്ങള്‍ക്കായി മസാല ചേര്‍ത്ത ആവിഷ്കാരങ്ങളാണ് പലതും. കലയെ ആസ്വദിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ഓരോ നൃത്തനൃത്യങ്ങള്‍ക്കും മനസറിഞ്ഞു താളം പിടിച്ചിരുന്ന കാലം. വെറും ആസ്വാദനം മാത്രമല്ല കല. കലാകാരന്റെ ഓരോ ചുവടുകളും ഓരോ സംസ്കാരത്തിന്റെയും കഥ പറയുമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ക്കു അപ്പുറത്തുള്ള കല പറയുന്ന ആ കഥ വിശദീകരിക്കുകയാണ് ബാലാ ദേവി ചന്ദ്രശേഖര്‍.ഭരതനാട്യം എന്ന അനുഷ്ഠാനകലയിലുടെ ആയിരം വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിക്കുകയാണ് ബാലാ ദേവി.

ഏകദേശം 30 രാജ്യങ്ങളില്‍ ഭരതനാട്യം അവതരിപ്പിച്ച ബാലാദേവി ഒരു നര്‍ത്തകി മാത്രമല്ല, പ്രിന്‍സ്റ്റണിലെ ടജചഅജഅ അക്കാദമിയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ കൂടിയാണ്. തന്റെ ഗവേഷണത്തിലൂടെ എട്ട് പുതിയ നൃത്താവിഷ്കാരങ്ങളാണ് ബാലാദേവി ഉണ്ടാക്കിയെടുത്തിരിക്കുന്നത്. നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള അവതരണങ്ങളിലൂടെ അമേരിക്കയിലെയും,ഇന്ത്യയിലെയും കലാസ്വാദകരുടെ മനം കവര്‍ന്നിരിക്കുകയാണ് ബാലാ ദേവി.

പാരീസിലെ അവതരണത്തിനൊടുവില്‍ ഒരു സ്ത്രീ ബാലാദേവിയോട് ചോദിക്കുകയുണ്ടായി, നിങ്ങള്‍ വേദിയില്‍ കയറുന്നതിനു മുമ്പ് പ്രാര്‍ത്ഥിച്ചിരുന്നോ എന്ന്. ബാലാദേവി പറഞ്ഞ മറുപടി ഈ ലോകത്തിനോട് തന്നെ അവര്‍ക്ക് പറയാനുള്ള കാര്യമാണ്. ആ മറുപടി ഇതാണ് ; തീര്‍ച്ചയായും ഞാന്‍ പ്രാര്‍ത്ഥിച്ചിരുന്നു. ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് തന്നെ ഒരു പ്രാര്‍ത്ഥനയാണ്, ഡാന്‍സിലൂടെയുള്ള പ്രാര്‍ത്ഥന!

ജൂണ്‍ 28 ന് പാരീസിലെ യുനെസ്‌കോ ഹെഡ്!കോര്‍ട്ടേഴ്‌സില്‍ വെച്ചാണ് ബാലാദേവി തന്റെ നൃത്തചുവടുകളിലൂടെ ഒരു കാലത്തിന്റെ ചിത്രകഥ അവതരിപ്പിക്കുകയുണ്ടായി . തഞ്ചാവൂര്‍ ബ്രിഹദീശ്വര ക്ഷേത്രത്തിന്റെ പശ്ചാത്തലഭംഗിയില്‍ 90 മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തമാടി ബാലാദേവി അരങ്ങുതകര്‍ത്തു. "ബ്രിഹദീശ്വര ; ഫോം ടു ഫോംലെസ്സ് ത്രൂ ദ ഐസ് ഓഫ് എ ദേവാരാധിയാല്‍" എന്ന ആശയത്തെ അടിസ്ഥാനമാക്കിയായിരുന്നു അവതരണം. ക്ലാസിക്കല്‍ ഡാന്‍സില്‍ സാഹിത്യവും ചിത്രകലയും സംഗീതവും ഇടകലര്‍ത്തിക്കൊണ്ടുള്ള ബാലാദേവിയുടെ ഗവേഷണത്തിന്റെ സാരാംശമാണിത്. അവതരണത്തെ നേര്‍പ്പിക്കാനല്ല, അതിന്റെ പരിശുദ്ധി നിലനിര്‍ത്തിക്കൊണ്ട് അവതരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്ന് ബാലാദേവി പറഞ്ഞു. യുനെസ്‌കോ ഒരുക്കിയ വേദിയില്‍ ബാലാദേവി ചുവടുവച്ചപ്പോള്‍ എങ്ങും നിശ്ശബ്ദതയായിരുന്നു. അവതരിപ്പിക്കപ്പെട്ട ആശയത്തിന്റെ ആഴവും മൂല്യവും കൃത്യമായി മനസിലാക്കാന്‍ കാണികള്‍ക്ക് കഴിഞ്ഞുവെന്നതാണ് ആ നിശബ്ദത അര്‍ത്ഥമാക്കിയിരുന്നത്. ഇന്ത്യയുടെ പ്രാചീന കലാരൂപങ്ങള്‍ ഇന്ത്യക്ക് ശക്തിയും സൗന്ദര്യവും നല്‍കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ ലോകത്തിനു ഇന്നാവശ്യമായ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ ഇത്തരം കലാരൂപങ്ങളിലൂടെ നല്‍കുന്ന ഒരു ദൂതയാവാനാണ് ബാലാദേവി ആഗ്രഹിക്കുന്നത്.

കര്‍ണ്ണന്റെ ജീവിതകഥയെ അടിസ്ഥാനമാക്കി അവതരിപ്പിച്ച "കര്‍ണ്ണ "തുടങ്ങി നിരവധി നൃത്ത രൂപങ്ങള്‍ ബാലാദേവിയെ പ്രശസ്തയാക്കി .ന്യൂജേഴ്‌സിയില്‍ സ്ഥിരതാമസമാക്കിയ ബാലാദേവിക്ക് അമേരിക്കയില്‍ നിരവധി ശിഷ്യഗണങ്ങള്‍ ഉണ്ട് .തഞ്ചാവൂര്‍ സ്വദേശിയായ ഈ കലാകാരി മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഉപരി പഠനത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു .
ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ഒരു പ്രാര്‍ത്ഥനയാണ്: ബാല ദേവി ചന്ദ്രശേഖരന്‍ (അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക