Image

മമ്മൂട്ടിയെ നൂറുകോടിയില്‍ എത്തിക്കാന്‍ നിര്‍മ്മാതാവിന്‍റെ തള്ളല്‍ തന്ത്രം

Published on 30 July, 2018
മമ്മൂട്ടിയെ നൂറുകോടിയില്‍ എത്തിക്കാന്‍ നിര്‍മ്മാതാവിന്‍റെ തള്ളല്‍ തന്ത്രം
മലയാള സിനിമയിലെ മെഗാഹിറ്റ് വിജയങ്ങളെല്ലാം എപ്പോഴും മോഹന്‍ലാലിന്‍റെ ക്രെഡിറ്റിലാണ്. ആദ്യ ഇരുപത് കോടി ചിത്രമായി മലയാളത്തില്‍ വിജയിച്ചെത്തിയത് നരസിംഹമെന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു. പിന്നീട് ആദ്യമായി അമ്പത് കോടി ചിത്രമെന്ന ക്രെഡിറ്റ് നേടിയത് മോഹന്‍ലാലിന്‍റെ ദൃശ്യമായിരുന്നു. ദൃശ്യത്തിന് ശേഷം മലയാളത്തില്‍ അമ്പത് കോടി ക്ലബുകളിലെത്തുന്ന ചില വന്‍ വിജയങ്ങള്‍ സംഭവിച്ചു. പുലിമുരകനോടെ മലയാള സിനിമ നൂറു കോടി ക്ലബിലുമെത്തി. 
എന്നാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് മാത്രം ഇതുവരെ അമ്പത് കോടിയും നൂറുകോടിയുമൊന്നും നേടാന്‍ കഴിഞ്ഞിട്ടില്ല. ഇന്നലെ വന്ന നിവിന്‍ പോളി വരെ അമ്പത് കോടി ക്ലബ് തികച്ചു. എന്നിട്ടും മമ്മൂട്ടിക്ക് അമ്പത് കോടി ക്ലബ് കിട്ടാക്കനി മാത്രമായി. 
അതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഏബ്രഹാമിന്‍റെ സന്തതികളുടെ നിര്‍മ്മാതാവും മമ്മൂട്ടിയുടെ പുതിയ കൂട്ടുകാരനുമായ നിര്‍മ്മാതാവ് ജോബി. മമ്മൂട്ടിയുടെ ഏബ്രഹാമിന്‍റെ സന്തതികള്‍ പുലിമുരകനു ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമയായി എന്നാണ് ജോബിയുടെ പക്ഷം 
ഏറിയാല്‍ ഒരു ഇരുപത് കോടി കളക്ട് ചെയ്ത പടത്തെയാണ് നൂറു കോടി ക്ലബിലേക്ക് അവതരിപ്പിക്കുന്നത് എന്നതാണ് രസകരം. എന്നാല്‍ ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ പുറത്തുവിടാന്‍ നിര്‍മ്മാതാവ് തയാറുമല്ല. കണക്ക് പുറത്ത് വിടാത്തത് മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ തമ്മിലുള്ള വഴക്ക് ഒഴിവാക്കാനാണ് എന്നാണ് ജോബിയുടെ പക്ഷം. പക്ഷെ ഏബ്രഹാമിന്‍റെ സന്തതികള്‍ നൂറുകോടി ക്ലബില്‍ ഇടം പിടിച്ചു എന്ന് നിര്‍മ്മാതാവ് ആണയിടുന്നു. എങ്ങനെ, എപ്പോള്‍ എന്നൊന്നും ചോദിക്കരുത്. 
എന്തായാലും നിര്‍മ്മാതാവിന്‍റെ തള്ളല്‍ ഇപ്പോള്‍ ട്രോളന്‍മാര്‍ക്ക് മമ്മൂട്ടിയെ ട്രോളാനുള്ള മറ്റൊരു അവസരമായി. മറ്റൊരു കൂട്ടര്‍ യഥാരഥ കണക്കുകളും കളക്ഷന്‍ നേടി തന്നെ അമ്പത് കോടി ക്ലബിലെത്തിയ ചിത്രങ്ങളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു. 
ദിലീപിന്‍റെ ടൂ കണ്‍ട്രീസ്, രാമലീല, മോഹന്‍ലാലിന്‍റെ പുലിമുരുകന്‍, ഒപ്പം പൃഥ്വിരാജിന്‍റെ എന്നു നിന്‍റെ മൊയ്തീന്‍ എന്നിവയാണ് സമീപകാലത്ത് അമ്പത് കോടി കടന്ന ചിത്രങ്ങള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക