Image

പ്രവീണ്‍ വര്‍ഗീസ് കേസ്സ് പുനര്‍ വിചാരണ വേണമെന്ന ആവശ്യം തള്ളി

പി പി ചെറിയാന്‍ Published on 31 July, 2018
പ്രവീണ്‍ വര്‍ഗീസ് കേസ്സ് പുനര്‍ വിചാരണ വേണമെന്ന ആവശ്യം തള്ളി

ഇല്ലിനോയ്‌സ് : സതേണ്‍ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയും മലയാളിയുമായ പ്രവീണ്‍ വര്‍ഗീസിന്റെ വധക്കേസ് പുനര്‍ വിചാരണ നടത്തണമെന്ന ആവശ്യം ഇല്ലിനോയ്‌സ് ജാക്‌സണ്‍ കൗണ്ടി ജഡ്ജ് മാര്‍ക്ക് ക്ലാര്‍ക്ക് തള്ളികളഞ്ഞു. ഓഗസ്റ്റ് 15 നാണ് കോടതി ശിക്ഷ വിധിക്കുക.

ജൂലൈ 27 നാണ് കേസ് പുനര്‍വിചാരണ ചെയ്യാനാകില്ലെന്ന് ജഡ്ജി വിധിച്ചത്.ഫെബ്രുവരി 8, 2014 ല്‍ പ്രതി ഗേജ്ബത്തൂണ്‍ പ്രവീണ്‍ വര്‍ഗീസിനെ കവര്‍ച്ച ചെയ്തശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്ന് 2018 ജൂണ്‍ 14 ന് ജൂറി വിധിയെഴുതിയിരുന്നു. 20 വര്‍ഷം മുതല്‍ 60 വര്‍ഷം വരെയാണ് ശിക്ഷ ലഭിക്കുക.

പ്രോസി ക്യൂട്ടേഴ്‌സ് കേസ് കോടതി മുമ്പാകെ അവതരിപ്പിച്ചത് ശരിയായ രീതിയിലല്ലായിരുന്നു എന്ന് ചൂണ്ടികാട്ടിയാണ് ബത്തൂണിന്റെ അറ്റോര്‍ണി പുനര്‍ വിചാരണ ചെയ്യണമെന്ന ആവശ്യം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രവീണ്‍ വര്‍ഗീസിന്റെ തലയില്‍ കണ്ട മുറിവ് മരണകാരണമോ, തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നതോ അല്ലായിരുന്നുവെന്നാണ് മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട് സാക്ഷ്യപ്പെടുത്തിയിരിക്കുന്നതെന്ന് അറ്റോര്‍ണി ചൂണ്ടിക്കാട്ടി.

മകന്റെ കൂടെ ഉറച്ചു നില്‍ക്കുകയാണെന്നും ബത്തൂണല്ല പ്രവീണിന്റെ മരണത്തിനുത്തരവാദി എന്ന് വിശ്വസിക്കുന്നുണ്ടെന്നും ബത്തൂണിന്റെ പിതാവ് പറഞ്ഞു.

അവസാനം നീതി നിര്‍വ്വഹിക്കപ്പെട്ടുവെന്നും, ജൂറിയുടെ തീരുമാനമാണു അവസാനത്തേതെന്നും പ്രവീണിന്റെ മാതാവ് ലൗലി വര്‍ഗീസും പുനഃര്‍ വിചാരണ തള്ളിയതറിഞ്ഞു പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക