Image

കൊലുമ്പന്‍ മൂപ്പനും ഇടുക്കി ഡാമില്‍ നിറയുന്ന ആശങ്കയും (എ.എസ് ശ്രീകുമാര്‍)

Published on 01 August, 2018
കൊലുമ്പന്‍ മൂപ്പനും ഇടുക്കി  ഡാമില്‍ നിറയുന്ന ആശങ്കയും (എ.എസ് ശ്രീകുമാര്‍)
അനുദിനം കനക്കുന്ന തോരാ മഴയില്‍ ഇടുക്കി ഡാം നിറയുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്പോഴും ശാസ്ത്രത്തിന്റെ കരുത്തില്‍ വിശ്വാസമര്‍പ്പിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാവുമ്പോള്‍ ഇടുക്കിയിലെ കൊലുമ്പന്‍ സമാധിയില്‍ കെ.എസ്. ഇ.ബി നിര്‍ദേശപ്രകാരം പൂജ നടത്തിയിരിക്കുന്നു. ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഡാം തുറക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ കെ.എസ്.ഇ.ബി ആരംഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇടുക്കി അണക്കെട്ടിന് സ്ഥാനം കാണിച്ച് കൊടുത്ത കൊലുമ്പന്റെ സമാധിയില്‍ പുജ നടത്തിയത്. അണക്കെട്ട് തുറന്നാല്‍ അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍ പ്രകൃതി സംരക്ഷണ പൂജകള്‍ നടത്തിയത്. ചെറുതോണി അണക്കെട്ടിലേയ്ക്കുള്ള പ്രവേശനകവാടമായ വെള്ളപ്പാറയില്‍ കൊലുമ്പന്റെ സമാധി സ്ഥലമുണ്ട്. ആദിവാസികള്‍ ഇവിടെ വിളക്കുവച്ച് പ്രാര്‍ത്ഥിച്ചിരുന്നു. പണ്ട് ആദിവാസികള്‍ കാട്ടില്‍ പോകുന്നതിന് മുമ്പ് കൊലുമ്പന്റെ സമാധിസ്ഥലത്ത് നേര്‍ച്ചകാഴ്ചകള്‍ നല്‍കി പ്രാര്‍ത്ഥിച്ചാണ് പോയിരുന്നത്. ഇവിടെ പ്രാര്‍ത്ഥിച്ചിട്ടു പോയാല്‍ അപകടം ഉണ്ടാകുകില്ലെന്നാണ് അവരുടെ ഉറച്ച വിശ്വാസം.

കാവിലെ 'ഭാരത പൂം കുറവന്‍', 'ഭാരത പൂം കുറത്തി' മനയിലാണ് പൂജകള്‍ നടത്തിയത്. മലകള്‍ക്ക് വേണ്ടി പൂജയും വഴിപാടുമുള്ള ഏക കാനന വിശ്വാസ കേന്ദ്രമാണ് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ്. പൂജ നടത്താന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ 500 രൂപ നല്‍കിയതായും കൊലുമ്പന്റെ കൊച്ചുമകനായ ഭാസ്‌കരന്‍ പറയുന്നു. പൂജയ്ക്ക് പിന്നാലെ സംഭവം വിദമാകുകയും ചെയ്തു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒരു മതത്തിന്റെ പേരിലും പൂജകളോ പ്രാര്‍ത്ഥനകളോ നടത്തരുതെന്ന് നിര്‍ദ്ദേശം നിലനില്‍ക്കുമ്പോഴാണ് കെ.എസ്.ഇ.ബിയുടെ നിര്‍ദ്ദേശത്തില്‍ പ്രത്യേക പൂജ തന്നെ നടത്തിയത്. കൊലുമ്പന്റെ കുടുംബാംഗങ്ങള്‍ സമാധിക്ക് ചുറ്റും കാട്‌തെളിച്ച് ദിവസവും ചന്ദനത്തിരിയും വിളക്കും കത്തിക്കാറുണ്ടായിരുന്നു. മഴക്കാലത്തെ പ്രകൃതിക്ഷോഭം ഒഴിവാക്കാന്‍ പ്രത്യേക പൂജയും എല്ലാവര്‍ഷവും മൂപ്പന്റെ കുടുംബാങ്ങള്‍ ഇവിടെ നടത്താറുണ്ട്. 2010ല്‍ എല്‍.ഡി.എഫ് ഭരണകാലത്ത് വാഴത്തോപ്പ് കെ.എസ്.ഇ.ബി ജങ്ഷനില്‍ കൊലുമ്പന്റെ പ്രതിമ സ്ഥാപിക്കാന്‍ വൈദ്യുതി മന്ത്രിയായിരുന്ന എ.കെ ബാലന്‍ ഉത്തരവിട്ടിരുന്നു.

ആദിവാസി മൂപ്പനായ കരുവെള്ളായന്‍ കൊമ്പന്‍ കൊലുമ്പന്‍ തന്റെ തൊഴിലുടമയും മലങ്കര എസ്‌റ്റേറ്റ് സൂപ്രണ്ടുമായിരുന്ന ഡബ്ല്യു. ജെ ജോണിനോട് കുറത്തിമലയേയും കുറവന്‍ മലയേയും അതിനുനടുവിലൂടെ ഒഴുകുന്ന പെരിയാറിനേയും കുറിച്ച് പറഞ്ഞ കഥയില്‍ നിന്നാണ് ഇടുക്കി ഡാമിന്റെ ചരിത്രം തുടങ്ങുന്നത്. 1932 കാലത്താണ് ഇത് സംഭവിക്കുന്നത്. നിറഞ്ഞൊഴുകുന്ന പെരിയാറും വെള്ളച്ചാട്ടങ്ങളും കുറവന്‍ മലയ്ക്കും കുറത്തിമലയ്ക്കും ഇടയിലൂടെ വളഞ്ഞുപുളഞ്ഞുള്ള ജലപ്രവാഹങ്ങളുമെല്ലാം വര്‍ണിച്ച് കൊലുമ്പന്‍ കഥപറഞ്ഞപ്പോള്‍ ജോണിനും ആ സ്ഥലം കാണാന്‍ മോഹമായി. 1919 കാലത്ത് ഇറ്റലിക്കാരനായ ജേക്കബ് എന്ന എന്‍ജിനീയര്‍ ഇവിടെ അണക്കെട്ട് കെട്ടുന്ന സാധ്യതയെപ്പറ്റി തിരുവിതാംകൂര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അത് പരിഗണിക്കപ്പെട്ടിരുന്നില്ല.

ഇതിന് പിന്നാലെയാണ് കൊലുമ്പന്റെ കഥയില്‍ ആകൃഷ്ടനായി ജോണ്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. കൊടുംകാട്ടില്‍ വേട്ടയ്ക്കിറങ്ങുന്നത് ജോണിന്റെ പ്രധാന ഹോബിയാണ്. അങ്ങനെ പോകുമ്പോള്‍ എപ്പോഴും വഴികാട്ടി കാട്ടിലെ വഴികള്‍ കൈവള്ളയിലുള്ള കൊലുമ്പനായിരുന്നു. അത്തരമൊരു വേട്ടയ്ക്കിടയിലാണ് കൊലുമ്പന്‍ തലമുറകള്‍ തനിക്ക് പകര്‍ന്നുകിട്ടിയ കഥ പറയുന്നത്. ഒരു നായാട്ട് യാത്രയില്‍ കൊലുമ്പന്‍ കുറവന്‍-കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകിയ പെരിയാര്‍ ജോണിനെ ആകര്‍ഷിച്ചു. ഇവിടെ അണകെട്ടിയാല്‍ വൈദ്യുതോല്പാദനത്തിനും ജലസേചനത്തിനും പ്രയോജനപ്പെടുമെന്ന് ജോണിനു തോന്നി. പിന്നീട് ജോണ്‍ എന്‍ജിനിയറായ സഹോദരന്റെ സഹായത്തോടെ അണക്കെട്ടിന്റെ സാധ്യതകളെക്കുറിച്ച് തിരുവിതാംകൂര്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആ പാറയിടുക്കിന്റെ സാന്നിധ്യവും മര്‍ദ്ദവും ശക്തിയുമെല്ലാം പ്രകൃതിയില്‍ അധിഷ്ഠിതമാണല്ലോ.

1937ല്‍ ഇറ്റലിക്കാരായ അഞ്ജമോ ഒമേദയോ, ക്‌ളാന്തയോ മാസലെ എന്ന എന്‍ജിനിയര്‍മാര്‍ അണക്കെട്ട് പണിയുന്നതിന് അനുകൂലമായി പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ തയ്യാറായില്ല. പെരിയാറിനെയും, ചെറുതോണിയെയും ബന്ധിപ്പിച്ച് അണക്കെട്ട് നിര്‍മ്മിക്കാന്‍ വിവിധ പഠന റിപ്പോര്‍ട്ടുകളില്‍ ശുപാര്‍ശകളുണ്ടായി. കേന്ദ്ര ജലവൈദ്യുത കമ്മിഷനുവേണ്ടിയും സമഗ്രമായ പഠനങ്ങള്‍ നടത്തിയിരുന്നു. 1961ല്‍ ആണ് ഇടുക്കി അണക്കെട്ടിനായി രൂപകല്പന തയ്യാറാക്കിയത്. 1963ല്‍ പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ അംഗീകാരം കിട്ടി. ആദ്യഘട്ടത്തില്‍ 15000 തൊഴിലാളികള്‍ ജോലിചെയ്ത ഡാം നിര്‍മ്മാണത്തിനിടയില്‍ 85 പേര്‍ അപകടത്തിലും മറ്റും പെട്ട് മരണമടഞ്ഞു. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാമായ ഇടുക്കി ഡാം 1976 ഫെബ്രുവരി 12ന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്. 839 മീറ്റര്‍ ഉയരമുള്ള കുറവന്‍ മലയെയും, 925 മീറ്റര്‍ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കുന്ന ഡാമിന് 555 അടി ഉയരമുണ്ട്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 74.5 ദശലക്ഷം ഘനയടിയാണെങ്കിലും 70.5 ടി.എം.സി വരെയാണ് സംഭരിക്കാറുള്ളത്. 780 മെഗാവാട്ട് ഉല്പാദന ശേഷിയുള്ള പദ്ധതിയുടെ പവര്‍ ഹൗസ് മൂലമറ്റത്താണ്. നാടുകാണി മലയുടെ മുകളില്‍നിന്ന് 750 മീറ്റര്‍ അടിയിലുള്ള ഈ ഭൂഗര്‍ഭ വൈദ്യുതനിലയം ഇന്ത്യയിലെ ഏറ്റവും വലുതുമാണ്.

നീരൊഴുക്ക് ഏറിയും കുറഞ്ഞുമിരിക്കെ, 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ട് തുറക്കുമോ ഇല്ലയോ എന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്നുയരുന്ന ആശങ്ക നിറഞ്ഞ ചോദ്യം. വൃഷ്ടി പ്രദേശത്ത് മഴകുറഞ്ഞെങ്കിലും അണക്കെട്ടിലെ ജനനിരപ്പ് ആഗസ്റ്റ് ഒന്നാം തീയതി 2395.82 അടിയായായി ഉയര്‍ന്നിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡാം തുറക്കുന്നതു സംബന്ധിച്ച ട്രയല്‍ റണ്‍ നടത്തേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. ജലനിരപ്പ് 2397-2398 അടിയില്‍ എത്തിയാല്‍ ട്രയല്‍ റണ്‍ നടത്താനാണ് തീരുമാനം. 2399 അടിയാകുമ്പോഴായിരിക്കും അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പുറപ്പെടുവിക്കുക. അതിനു ശേഷം 24 മണിക്കൂര്‍ കൂടി കഴിഞ്ഞേ ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തു. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

മഹാത്ഭുതങ്ങളില്‍ ഒന്നാണ് ഇടുക്കി അണക്കെട്ട്. 2400 അടിയിലേക്ക് ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ അണക്കെട്ട് തുറുന്നു വിടാനുള്ള അടിയന്തര ക്രമീകരണങ്ങളും ഒരുക്കങ്ങളും ജില്ലാ ഭരണകൂടം പൂര്‍ത്തിയാക്കി കഴിഞ്ഞിരിക്കുന്നു. 1992ന് ശേഷം ഇക്കുറി ഇടുക്കി വീണ്ടും തുറക്കപ്പെടും എന്നുതന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്. പെരിയാറിന്റെ ഭാഗമായിരുന്ന കൈതൊടുകളും കൊച്ചരുവികളും 26 വര്‍ഷത്തിനുശേഷം ജലസമൃദ്ധമാകാന്‍ പോകുന്നു എന്നതാണ് മറ്റൊരു വസ്തുത. അണക്കെട്ടു തുറക്കുമ്പോള്‍ ഒഴുകിയെത്തുന്ന വെള്ളം വിവിധ മേഖലകളില്‍കൂടി ഒഴുകി ലോവര്‍പെരിയാറിലേക്കും അവിടെ നിന്ന് ആലുവാ പുഴ വഴി അറബിക്കടലില്‍ലേക്കും ചെന്നെത്തും. എന്നാല്‍ ഷട്ടറുകളൊന്നും ഇല്ലാത്ത ഇടുക്കി ആര്‍ച്ച് ഡാം എങ്ങനെ തുറന്നുവിടും..? ഇവിടെയാണ് ഇടുക്കി അണക്കെട്ടിന്റെ സൃഷ്ടിവൈഭവങ്ങളുടെ അപൂര്‍വ്വതകളെ തിരിച്ചറിയേണ്ടത്. ഇടുക്കിയെന്ന മഹാത്ഭുതത്തിന്റെ രൂപവും ഭാവവും മനസ്സിലാക്കേണ്ടത്.

ലോകത്തെ തന്നെ ഏറ്റവും സവിശേഷമായ നിര്‍മ്മാണമാണ് ഇടുക്കി ആര്‍ച്ച് ഡാമിനുള്ളത്. ഇന്ത്യയിലെ ഏക ആര്‍ച്ച് ഡാം, ലോകത്തെ ഏറ്റവും ഉയരംകൂടിയ 22 അണക്കെട്ടുകളില്‍ ഒന്ന്. അങ്ങനെ സവിശേഷതകള്‍ ഒട്ടനവധിയാണ് ഇടുക്കി ഡാമിന്. കോണ്‍ക്രീറ്റ് കൊണ്ടു പണിത ഈ ആര്‍ച്ച് ഡാമിനു 168.9 മീറ്റര്‍ ഉയരമുണ്ട്. മുകളില്‍ 365.85 മീറ്റര്‍ നീളവും 7.62 മീറ്റര്‍ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത. തൊട്ടടുത്തുള്ള ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് അടിയന്തിര ഘട്ടങ്ങളില്‍ തുറക്കുക. കോണ്‍ക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. ഏഷ്യയിലെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തില്‍ പ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്. ആര്‍ച്ച് ഡാമായതിനാല്‍ അണക്കെട്ടിന് ജലത്തിന്റെ മര്‍ദ്ധവും ശക്തിയും താങ്ങാന്‍ കഴിയുന്നു. അറുപത് ചതുരശ്രകിലോമീറ്ററായി വ്യാപിച്ചു കിടക്കുന്ന ഈ ജലാശയത്തെ ഒരൊറ്റ ജലസംഭരണിയായി നിലനിര്‍ത്തുന്നത് മൂന്ന് അണക്കെട്ടുകള്‍ ചേര്‍ന്നാണ്. അതില്‍ ഒന്നുമാത്രമാണ് ഇടുക്കി ആര്‍ച്ച് ഡാം. ഇടുക്കി, ചെറുതോണി, കുളമാവ് എന്നീ മൂന്ന് അണക്കെട്ടുകളും കൂടി ചേരുമ്പോഴാണ് ഈ വലിയ ജലസംഭരണിയെ പൂര്‍ണതയിലേക്കെത്തിക്കുന്നത്.

ഇനിയൊരിക്കല്‍ കൂടി ഇതുപോലെ ഒന്ന് പുനര്‍സൃഷ്ടിക്കാന്‍ സാധിക്കാത്ത മനുഷ്യ നിര്‍മ്മിതിയായി ഇടുക്കി ജലസംഭരണണിയും വൈദ്യുതിനിലയവും ലോകംകണ്ട അത്ഭുതങ്ങളില്‍ ഒന്നായി പ്രതിധ്വനിച്ചു നില്‍ക്കും. വര്‍ണ്ണനകള്‍ക്കതീതമായ പലതും ഇടുക്കിയുടെ വിസ്മൃതിയിലേക്ക് അലിഞ്ഞു ചേര്‍ക്കപ്പെട്ടിരിക്കുന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോഴും അത് വരും ദിവസങ്ങളില്‍ തുറന്നു വിടേണ്ട സാഹചര്യമൊരുങ്ങുമ്പോഴും ആശങ്കകള്‍ക്കിടം കൊടുക്കേണ്ടതില്ല എന്നുതന്നെ പറയാം. എങ്കിലും പഴമക്കാരുടെ ഓര്‍മകളില്‍ നിന്ന് 26 വര്‍ഷങ്ങള്‍ക്കിപ്പുറം ഇടുക്കി വീണ്ടും തുറക്കുമ്പോള്‍ ഈ ദേശത്തിനും ഇവിടുത്തെ ജനതക്കും ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു എന്ന് തിരിച്ചറിയേണ്ടതിന്റെ ആവശ്യകതയും നിലനില്‍ക്കുന്നു.

ജലനിരപ്പ് 2400 അടിയായി നിജപ്പെടുത്തി അതിലധികം വരുന്ന വെള്ളം മാത്രമേ തുറന്നുവിടുകയുള്ളുവെന്നാണ് വിവരം. അതും പരമാവധി വൈദ്യുതി ഉല്‍പാദിപ്പിച്ചതിനു ശേഷമുള്ളത്. ഈ പരിധിയിലേക്കെത്താന്‍ ഇനിയും നാലഞ്ച് അടികൂടി ജലനിരപ്പ് ഉയരണം. ജലസംഭരണിയുടെ മുകളിലേക്കെത്തുംതോറും വിസ്താരം വര്‍ധിക്കുന്നതിനാല്‍ തന്നെ നീരൊഴുക്ക് ക്രമാനുഗതമായി വര്‍ധിച്ചാല്‍ മാത്രമേ ജലസംഭരണിയിലെ ജലനിരപ്പും ഉയരുകയുള്ളു. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ഇപ്പോഴത്തെ രീതിയില്‍ മഴ തുടരുകയും നീരൊഴുക്ക് കുറയാതിരിക്കുകയും ചെയ്താല്‍ മാത്രമേ അണക്കെട്ട് തുറന്നുവിടുന്ന സാഹചര്യം ഉണ്ടാകുകയുള്ളു.
കൊലുമ്പന്‍ മൂപ്പനും ഇടുക്കി  ഡാമില്‍ നിറയുന്ന ആശങ്കയും (എ.എസ് ശ്രീകുമാര്‍)കൊലുമ്പന്‍ മൂപ്പനും ഇടുക്കി  ഡാമില്‍ നിറയുന്ന ആശങ്കയും (എ.എസ് ശ്രീകുമാര്‍)കൊലുമ്പന്‍ മൂപ്പനും ഇടുക്കി  ഡാമില്‍ നിറയുന്ന ആശങ്കയും (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക