Image

മിഷന്‍ ഇംപോസിബിള്‍; ഒരിക്കല്‍ കൂടി ടോം ക്രൂസ്

ഏബ്രഹാം തോമസ് Published on 02 August, 2018
മിഷന്‍ ഇംപോസിബിള്‍; ഒരിക്കല്‍ കൂടി ടോം ക്രൂസ്
വേനല്‍ക്കാലത്ത് ഒരു ഫ്രാഞ്ചൈസ് ചിത്രമെങ്കിലും ഹോളിവുഡ് കാഴ്ച വയ്ക്കാറുണ്ട്. മിഷന്‍ ഇംപോസിബിള്‍ ഫാള്‍ ഔട്ട് ഈ പരമ്പരയിലെ ആറാമത്തെ ചിത്രമാണ്. ഹോളിവുഡ് നടന്‍ ടോം ക്രൂസ് തന്നെ ഈ ആറാം പതിപ്പും നിര്‍മ്മിച്ചിരിക്കുന്നു. പരമ്പരയിലെ അഞ്ചാമത്തെ ചിത്രം മിഷന്‍ ഇംപോസിബിള്‍: റോഗ് നേഷന്‍ (2015) സംവിധാനം ചെയ്ത ക്രിസ്റ്റഫര്‍ മക്കാറി തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പശ്ചാത്തലമായി പാരീസ്, യുകെ, ന്യൂസിലാന്‍ഡ്, നോര്‍വേ, യുഎഇ, ക്ലൈമാക്‌സിനായി കാഷ്മീരിലെ പര്‍വത നിരകള്‍, സംഘട്ടനങ്ങളും രഹസ്യങ്ങളുടെ ചുരുളഴിയലും ഉദ്വേഗത നിലനിര്‍ത്താന്‍ ഇവ ധാരാളം എന്ന് ടോമും കൂട്ടരും ഉറപ്പിച്ചു.

തിരക്കഥയുടെ ചുരുളഴിയുന്നത് സോളമന്‍ ലേനി (ഷാന്‍ ഹാരിസ്) നെ നിയമ പാലകര്‍ പിടികൂടിയതിന് രണ്ടു വര്‍ഷത്തിന് ശേഷമാണ്. ലേനിന്റെ സംഘം ദ സിന്‍ഡിക്കേറ്റ് ദ അപ്പോസ്റ്റല്‍സ് എന്ന പേരില്‍ സജീവമാണ്. സംഘാംഗങ്ങള്‍ മൂന്ന് പ്ലൂട്ടോണിയം കാമ്പുകള്‍ മൗലികവാദി ജോണ്‍ ലാര്‍ക്കിന് വേണ്ടി വാങ്ങുന്നത് തടയാന്‍ ഈതന്‍ ഹണ്ട് (ക്രൂസ്) ഒരു മിഷനിലാണ്. ബെര്‍ലിനില്‍ അയാള്‍ ബെന്‍ജി ഡണ്ണി (സൈമണ്‍ പെഗ്) നെയും ലൂതര്‍ സ്റ്റിക്കലി (വിംഗ് റേംസ്) നെയും കാണുന്നു. എന്നാല്‍ ലൂതറിനെ രക്ഷിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഹണ്ടിന് പ്ലൂട്ടോണിയം അപ്പോസ്റ്റല്‍സ് കൊണ്ട് പോകുന്നത് കണ്ട് നില്‍ക്കാനേ കഴിയുന്നുള്ളൂ.

അപ്പോസ്റ്റല്‍സിന്റെ അടുത്ത നീക്കം അറിയാന്‍ ഹണ്ടും സംഘവും ഒരു ന്യൂക്ലിയര്‍ ആയുധ വിദഗ്ധന്റെ സഹായം തേടുന്നു. അയാള്‍ ചുമന്നു കൊണ്ടു പോകാവുന്ന മൂന്ന് അണുവായുധങ്ങളുടെ നിര്‍മ്മാണത്തിലാണ്. അയാളോട് തീര്‍ത്ഥാടന കേന്ദ്രങ്ങളായ റോമിലും ജറുസലമിലും മക്കയിലും ആക്രമണങ്ങള്‍ ഉണ്ടായി എന്ന് ധരിപ്പിച്ച് വിവരം കൈക്കലാക്കുന്നു. സിഐ ഏജന്റ് ഓഗസ്റ്റ് വാക്കറും (ഹെന്റി കാവിലും) ഡയറക്ടര്‍ എറിക്ക സ്ലോനും (ആഞ്ചല ബാസ്റ്റും) ഹണ്ടിനും സംഘത്തിനും പിന്നാലെയുണ്ട്.

ഹണ്ടും വാക്കറും പാരീസിലെത്തുന്നു. ലാര്‍ക്കുമായുള്ള സംഘട്ടനത്തില്‍ ലാര്‍ക്ക് കൊല്ലപ്പെടുന്നു. ലാര്‍ക്കായി ആള്‍ മാറാട്ടം നടത്തുന്നു. വൈറ്റ് വിഡോ (വനേസ കിര്‍ബി)യാണ് ആയുധ വ്യാപാരത്തിന്റെ ഇടനിലക്കാരി, ലാര്‍ക്കിനെ കൊലപ്പെടുത്തിയത് ഇല്‍ ഫൗസ്റ്റാണ് (റെബേക്ക ഫെര്‍ഗൂസണ്‍) അപ്പോ സ്റ്റല്‍സിന്റെ ഏജന്റുമാര്‍ ലാര്‍ക്കിനെയും വൈറ്റ് വിഡോയെയും കൊല്ലാന്‍ ശ്രമിക്കുന്നു. ലാര്‍ക്കായ ഹണ്ട് കാറുകളുടെയും ബെക്കുകളുടെയും നീണ്ട ഓട്ട മത്സരത്തിനൊടുവില്‍ വൈറ്റ് വിഡോ ആവശ്യപ്പെടുന്നതുപോലെ സോളമന്‍ ലേനിനെ രക്ഷപ്പെടുത്തി അവര്‍ക്ക് നല്‍കി ഒരു പ്ലൂട്ടോണിയം കാമ്പ് നേടുന്നു. കാറോട്ടവും പിന്തുടര്‍ച്ചയും പാരീസിലും തുടരുന്നു.

ലണ്ടനില്‍ ഐഎംഎഫിന്റെ സെക്രട്ടറി (അലന്‍ ഹന്‍ലി) (അലക് ബാള്‍ഡ് വിന്‍) ഹണ്ടിനെ കണ്ട് ചോദ്യം ചെയ്യുന്നു. ഹണ്ട് താനല്ല ലാര്‍ക്കെന്ന് പറയുന്നു. വാക്കര്‍ താനാണ് ലാര്‍ക്കെന്ന് പറയുന്നു. അയാള്‍ക്ക് കൂട്ടാളിയായി ലേനുമുണ്ട്. ഹണ്ടിനെയും വാക്കറെയും ലേനിനെയും പിന്തുടരാന്‍ സിഐഎ ഡയറക്ടര്‍ നിര്‍ദേശിക്കുന്നു. വാക്കര്‍ കാഷ്മീരിലെ ഒരു മെഡിക്കല്‍ ക്യാംപിലേയ്ക്ക് കടക്കുന്നു. അയാള്‍ ഹണ്ടില്‍ നിന്നകന്നു കഴിയുന്ന ഭാര്യ (മിഷെ മൊണാഗന്‍) യെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു.

എല്ലാവരും കാഷ്മീരിലേയ്ക്ക് നീങ്ങുന്നു. അവിടെ ഒരു മലമുകളില്‍ മെഡിക്കല്‍ ക്യാംപില്‍ രണ്ട് പ്ലൂട്ടോണിയം കാമ്പുകള്‍ പൊട്ടിത്തെറിച്ച് ഇന്ത്യയിലെയും ചൈനയിലെയും പാകിസ്ഥാനിലെയും ജലസ്രോതസുകള്‍ വിഷ ഭരിതമാക്കാനുള്ള ശ്രമത്തിലാണ് വാക്കറും ലേനും, ലോക ജനസംഖ്യയുടെ മൂന്നിലൊന്നിനെ അപായപ്പെടുത്തുകയാണ് ലക്ഷ്യം. ഹെലി കോപ്റ്ററില്‍ റിമോട്ടുമായി കടക്കുന്ന വാക്കറെ മറ്റൊരു ഹെലികോപ്റ്ററില്‍ ഹണ്ട് പിന്തുടരുന്നു. വാക്കറിന്റെ ഹെലികോപ്റ്റര്‍ ഹണ്ട് തകര്‍ത്തുവെങ്കിലും അയാള്‍ രക്ഷപ്പെടുന്നു. മഞ്ഞ് മലകളില്‍ വാക്കറും ഹണ്ടും തമ്മിലുള്ള സംഘട്ടനത്തിനൊടുവില്‍ വാക്കറിന്റെ അന്ത്യം കുറിക്കുവാന്‍ ഹണ്ടിന് കഴിയുന്നു. അയാളും പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയും ഒന്നു ചേരുന്നു.

അസ്വാഭാവികത നിഴലിച്ച് നില്‍ക്കുന്ന രംഗങ്ങള്‍ മുന്‍ ചിത്രങ്ങളിലെന്ന പോലെ ഈ ചിത്രത്തിലും ധാരാളമുണ്ട്. പ്രത്യേകിച്ച് സംഘട്ടന രംഗങ്ങളില്‍. എന്നാല്‍ ക്രൂസിന്റെ മാനുഷിക കഴിവുകള്‍ക്കപ്പുറം എന്നു തോന്നിപ്പിക്കുന്ന കായിക കഴിവുകളുടെ പ്രകടനം അവിശ്വസനീയതയെ വിശ്വസനീയമാക്കി മാറ്റുന്നു. ഇതുവരെ ഇറങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ ഏറ്റവും മികച്ച ആക്ഷന്‍ രംഗങ്ങളുള്ള ചിത്രങ്ങളില്‍ ഒന്നായി ഫാള്‍ ഔട്ടിനെ പലരും വിശേഷിപ്പിക്കുന്നു. സങ്കീര്‍ണമായ കഥാഗതിയും അനാവശ്യമായി കുത്തി നിറച്ച താരനിരയും ചിത്രത്തിന്റെ പോരായ്മകളാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക