Image

കേരളത്തിന്റെ 'മീ റ്റു 'മൊമന്റ്.. (മുരളി തുമ്മാരുകുടി)

മുരളി തുമ്മാരുകുടി Published on 03 August, 2018
കേരളത്തിന്റെ 'മീ റ്റു 'മൊമന്റ്.. (മുരളി തുമ്മാരുകുടി)
രണ്ടായിരത്തി പതിനേഴ് ഒക്ടോബറിലാണ് ഇപ്പോള്‍ ലോകത്ത് പ്രശസ്തമായ #ാലീേീ പ്രസ്ഥാനം തുടങ്ങുന്നത്. ഹോളിവുഡില്‍ അഭിനയമോഹവുമായെത്തുന്ന താരങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന പുരുഷന്മാരെ തുറന്നു കാട്ടാന്‍ തുടങ്ങിയ പ്രസ്ഥാനം കാട്ടുതീ പോലെ ലോകത്തെമ്പാടും പരന്നു. തൊഴില്‍ സ്ഥലത്ത് മാത്രമല്ല, ആരാധനാലയങ്ങളില്‍, പൊതു ഇടങ്ങളില്‍, സ്‌കൂളുകളില്‍, റെസ്‌ക്യൂ ഹോമുകളില്‍ എല്ലാം സ്ത്രീകളും കുട്ടികളും ലൈംഗികമായി ഉപദ്രവിക്കപ്പെടുകയോ ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നുണ്ടെന്നുള്ള തുറന്നുപറച്ചിലുകളുണ്ടായി. സിനിമാ നിര്‍മ്മാതാക്കള്‍ മുതല്‍ രാഷ്ട്രത്തലവന്മാര്‍ വരെ അധ്യാപകര്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരെ സഹപ്രവര്‍ത്തകര്‍ തൊട്ടു സ്വന്തം അച്ഛന്മാര്‍ വരെ ഇത്തരം പീഡകര്‍ ആയിട്ടുണ്ടെന്ന് സ്ത്രീകള്‍ തുറന്നു പറഞ്ഞു, പലരുടെയും മുഖംമൂടി കീറി, ഏറെപ്പേര്‍ ജയിലിലായി. പീഡനം അനുഭവിച്ചവരില്‍ ഒരു ശതമാനം പോലും അത് ഇനിയും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും, പീഢകരില്‍ ഒരു ശതമാനത്തിന്റെ ഒരു ശതമാനം പോലും നിയമനത്തിന്റെ മുന്നില്‍ എത്തിയില്ലെങ്കിലും ലോകത്തെവിടെയും പീഡകര്‍ക്ക് പേടി തട്ടിയിട്ടുണ്ട്. അതൊരു നല്ല തുടക്കമാണ്.

#ാലീേീ കാമ്പയിന്‍ കേരളത്തിലെത്തിയ സമയത്ത് അതൊരു ഹാഷ് ടാഗ് കാമ്പയിനിനും അപ്പുറത്തേക്ക് പോയില്ല. വീട്ടിലും പൊതുസ്ഥലത്തും തൊഴില്‍ സ്ഥലത്തും സ്‌കൂളിലും പീഡനത്തിന് വിധേയേരായിട്ടുണ്ടെന്ന് പൊതുവില്‍ തുറന്നു പറച്ചിലുകള്‍ ഉണ്ടായെങ്കിലും വ്യക്തികളുടെ നേരെ ആരും കൈചൂണ്ടിയില്ല. 

അത് മാറുകയാണ്. പള്ളിയിലെ അച്ചന്മാര്‍ മുതല്‍ വീട്ടിലെ അച്ഛന്മാര്‍ വരെ പീഡിപ്പിച്ച കഥകള്‍ സ്ത്രീകള്‍ പേരും വിലാസവും ഉള്‍പ്പെടെ തുറന്നു പറഞ്ഞു കഴിഞ്ഞു. സഹപ്രവര്‍ത്തകര്‍, ആദര്‍ശ ധീരര്‍ ഇവരുടെയൊക്കെ തനിനിറം സ്ത്രീകള്‍ സമൂഹമാധ്യമത്തിലും സമൂഹത്തിലും തുറന്നിട്ടു. അര്‍ദ്ധ രാത്രിയില്‍ സൂര്യനുദിച്ചാല്‍ പൊതുവഴിയില്‍ നഗ്‌നരായി പിടിക്കപ്പെട്ടപോലെ പീഡനാരോപണത്തിന് വിധേയരായവര്‍ ഫേസ്ബുക്ക് പേജ് പൂട്ടി മുങ്ങുന്നു, പോലീസ് അന്വേഷിക്കുമെന്ന് പേടിച്ച് വീട് പൂട്ടി സ്ഥലം വിടുന്നു.

ലോകത്തെവിടെയും പോലെ സ്ത്രീകളെയും കുട്ടികളെയും (ആണ്‍കുട്ടികള്‍ ഉള്‍പ്പടെ) ലൈംഗികമായി ഉപദ്രവിക്കുന്നവരും ഉപയോഗിക്കുന്നവരും കേരളത്തിലുമുണ്ട്. അത് അവകാശമായി കാണുന്നവര്‍, അധികാരം കൊണ്ട് പിടിച്ചെടുത്തവര്‍, അവശതയെ മുതലെടുത്തവര്‍, സ്വന്തം ചോരയെ പീഡിപ്പിച്ചവര്‍ എന്നിങ്ങനെ പീഡകര്‍ ഏത് ആംഗിളില്‍ നിന്നുമുണ്ട്. ഇതിന്റെ ഒരു ലക്ഷത്തില്‍ ഒരു ശതമാനം പോലും ഇപ്പോഴും പുറത്തെത്തിയിട്ടില്ല.

അതുകൊണ്ടു തന്നെ പുറത്തെത്തുന്ന കേസുകളില്‍ സമൂഹം ശ്രദ്ധയോടെ ഇടപെടേണ്ടത് അത്യാവശ്യമാണ്. ഒരു സ്ത്രീ ഒരാളെപ്പറ്റി ആരോപണം ഉന്നയിച്ചാലുടന്‍,  തെറിപറഞ്ഞ്  ആള്‍ക്കൂട്ട നീതി പോലെ ഫേസ്ബുക്കിലോ തെരുവിലോ കൂക്കി വലിച്ചിട്ട് കാര്യമില്ല. ആരോപണം തെറ്റാണെങ്കില്‍ അങ്ങനെ ചെയ്യുന്നത് തെറ്റാണ് താനും. ഇക്കാര്യത്തില്‍ സമൂഹം ചെയ്യേണ്ട ചിലതുണ്ട്.

1. ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോട് 'മുന്‍പ് എന്ത് കൊണ്ട് പറഞ്ഞില്ല?' 'പീഡന ശ്രമം ഉണ്ടായപ്പോള്‍ എന്ത് കൊണ്ട് ചെറുത്തില്ല?', 'നിങ്ങള്‍ അല്ലെ അവസരം ഉണ്ടാക്കിയത്?' 'രക്ഷപെടാന്‍ അവസരം ഉണ്ടായിരുന്നില്ലേ?' എന്നുള്ള ചോദ്യങ്ങള്‍ ചോദിക്കരുത്. ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വരിക എന്നത് വലിയൊരു ഷോക്ക് ആണ്. അതിനെ നേരിടാന്‍ ആരും തന്നെ തയ്യാറല്ല. അപ്പോള്‍ അതിനോട് എങ്ങനെ പ്രതികരിക്കണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മുടെ സേഫ് സോണില്‍ ഇരുന്ന് മറ്റുള്ളവരുടെ പെരുമാറ്റത്തെ അളക്കരുത്. അങ്ങനെ ചെയ്യുന്നത് തുറന്നു പറയുന്നവരെ വിഷമിപ്പിക്കുമെന്ന് മാത്രമല്ല, പുതിയതായി തുറന്നു പറയാന്‍ ആഗ്രഹിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്യും. അങ്ങേയറ്റം സ്‌നേഹത്തോടെ, കരുതലോടെ, കരുണയോടെ വേണം ഈ കാര്യത്തെ സമൂഹം കൈകാര്യം ചെയ്യാന്‍.

2. കുറ്റാരോപിതരെ അപമാനിക്കുകയോ തല്ലിക്കൊല്ലാന്‍ ശ്രമിക്കുകയോ അല്ല വേണ്ടത്, ഏറ്റവും വേഗത്തില്‍ നിയമത്തിന്റെ മുന്നിലെത്തിക്കുക എന്നതാണ്. ഇതിന് കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്ക് ശരിയായ നിയമോപദേശം കൊടുക്കണം. ഇത്തരം കേസുകള്‍ കരുതലോടെ കൈകാര്യം ചെയ്യാന്‍ നമ്മുടെ പോലീസിനെ പരിശീലിപ്പിക്കുകയും വേണം. ഓരോ ജില്ലയിലും  ഇതിനു വേണ്ടി മാത്രം ഒരു ലീഗല്‍ ഹെല്‍പ് ലൈന്‍ തുടങ്ങണം.

3. നമ്മുടെ സമൂഹത്തില്‍  ലൈംഗിക ഉപദ്രവത്തിന്റെ  ഉപയോഗത്തിന്റെ  ചൂഷണത്തിന്റെ വ്യാപ്തി എത്രയുണ്ടെന്ന് നമ്മള്‍ മനസ്സിലാക്കണം. പീഡകര്‍ സിനിമയിലെ വില്ലന്മാരെ പോലെ കൊമ്പന്‍ മീശക്കാരും കള്ളുകുടിയന്മാരും ഒന്നുമല്ല, നമ്മുടെ ഇടയില്‍ തന്നെ മാന്യനായി നടിച്ച് ജീവിക്കുന്നവരാണെന്ന് നമ്മള്‍ മനസ്സിലാക്കണം. ഇവരുടെ കൈയില്‍ പെടാതെ എങ്ങനെ സ്ത്രീകളെയും കുട്ടികളെയും രക്ഷിക്കാം, കയ്യില്‍ പെട്ടവര്‍ക്ക് എങ്ങനെ പുറത്തു വരാം, എങ്ങനെ സഹായം തേടാം ഇതൊക്കെ സമൂഹം ചിന്തിച്ച് പദ്ധതികള്‍ ഉണ്ടാക്കണം.

4. നമ്മുടെ കുട്ടികള്‍ക്കും നമ്മുടെ ചുറ്റുമുള്ള സ്ത്രീകള്‍ക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ നമ്മള്‍ എടുക്കണം. അഥവാ ഉണ്ടായാല്‍ തുറന്നു പറയാനുള്ള സ്‌പേസ് നമ്മള്‍ മുന്‍കൂര്‍ ഉണ്ടാക്കിയിടണം. ഓരോ കുടുംബത്തിലും സ്ഥാപനത്തിലും ഇതിനുള്ള സംവിധാനം നമ്മള്‍ ഒരുക്കണം.

5. കേരളത്തില്‍ സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ഉപദ്രവിച്ചവരെല്ലാം ജയിലിലെത്തും എന്ന വിശ്വാസമൊന്നും എനിക്കില്ല. എന്നാലും വീടിന്റെ സ്വകാര്യതയിലോ, ആരാധനാലയങ്ങളുടെ സംരക്ഷണയിലോ അധികാരത്തിന്റെ തണലിലോ സ്‌നേഹത്തിന്റെ മറവിലോ സ്ത്രീകളെ ഉപദ്രവിച്ചിട്ടുള്ളവരൊക്കെ ഒന്ന് പേടിക്കണം. ഇനി അവര്‍ ഇങ്ങനെ ചെയ്യുന്നതിന് മുന്‍പ്, നാളെ സമൂഹത്തിന്റെ മുന്നില്‍ നാണംകെട്ട് നില്‍ക്കേണ്ടി വരുന്നവര്‍ തങ്ങളാണെങ്കിലോ എന്ന് ചിന്തിക്കണം. അത്രയും വിസിബിലിറ്റി എങ്കിലും ഈ കാമ്പയിനിനു കിട്ടണം. അതുകൊണ്ട്  സാധിക്കുന്നവര്‍ ഒക്കെ തുറന്നു പറയണം, തുറന്നു പറയുന്ന വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ഉത്തരവാദിത്തത്തോടെ ലോകത്തെ അറിയിക്കണം. സാധിക്കുമ്പോള്‍ ഇത്തരം നരാധമന്മാരെ അറസ്റ്റ് ചെയ്തു കോടതിയുടെ മുന്പിലെങ്കിലും എത്തിക്കണം.

ഇപ്പോള്‍ കേരളത്തില്‍ നിന്നും  പുറത്തു വരുന്ന  #mettoo  വാര്‍ത്തകള്‍ എന്നെ ഏറെ വേദനിപ്പിക്കുന്നു. അതേ സമയം പുറത്തു പറയുന്ന സ്ത്രീകളെ ഓര്‍ത്ത് അഭിമാനിക്കുന്നു. ഈ വിഷയം ഒരു അന്തിച്ചര്‍ച്ചയും നാല് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കലും കുറെ പിതൃസ്മരണകളുമായി അവസാനിക്കരുത്.

മുരളി തുമ്മാരുകുടി

കേരളത്തിന്റെ 'മീ റ്റു 'മൊമന്റ്.. (മുരളി തുമ്മാരുകുടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക