Image

രാമായണം സുമിത്രയുടെയും കൂടിയല്ലേ

അനില്‍ പെണ്ണുക്കര Published on 03 August, 2018
രാമായണം സുമിത്രയുടെയും കൂടിയല്ലേ
അയോദ്ധ്യാകാണ്ഡത്തിലെ നാല്പതാം അദ്ധ്യായത്തിലെ ഒന്പതാമത്തെ ശ്ലോകമാണ് രാമായണത്തിലെ ഏറ്റവും മഹത്തായ ശ്ലോകം .
വാല്മീകി രാമായണത്തില്‍ ആ ശ്ലോകം ഇങ്ങനെ

രാമം ദശരഥം വിദ്ധി മാം വിദ്ധി ജനക ആത്മജാം
അയോദ്ധ്യാം അടവീം വിദ്ധി ഗച്ഛാ താത് യഥാ സുഖം

എഴുത്തച്ഛന്റെ അധ്യാത്മരാമായണത്തില്‍ നിന്ന്
“രാമനെ നിത്യം ദശരഥനെന്നുള്ളിലാ
മോദമോടു നിരൂപിച്ചു കൊള്ളണം
എന്നെജ്ജനകാത്മജയെന്നുറച്ചുകൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ
മായാവിഹീനമീവണ്ണമുറപ്പിച്ചു
പോയാലുമെന്കില്‍ സുഖമായ് വരിക തേ.”
രാമായണത്തിലെ ഏറ്റവും വികാര നിമിഷമായ ശ്രീരാമന്റെ വനവാസ സമയത്ത് തന്നെ കണ്ട് വനത്തിലേക്ക് പോകാന്‍ അനുമതി വാങ്ങാനെത്തിയ
ലക്ഷ്മണനോട് അമ്മയായ സുമിത്ര പറയുന്നതാണ് ഈ ശ്ലോകം.

“രാമനെ നീ ദശരഥനായ് കാണുക,സീതയെ ഞാനായി കാണുക , വനത്തെ അയോദ്ധ്യയായ് കണ്ട് സുഖമായി ജീവിക്കുക.”

ഒരേ അമ്മയുടെ വയറ്റില്‍ നിന്നും വന്ന സഹോദരങ്ങള്‍ തമ്മില്‍ത്തല്ലുന്ന ഇന്നത്തെ കലികാല ലോകത്ത് സുമിത്രയുടെ വാക്കുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്.
ദശരഥന്റെ രണ്ടാമത്തെ ഭാര്യയാണ് സുമിത്ര .കാശിരാജാവിന്റെ പുത്രി .ഇത്രയും നിശബ്ദയായ ഒരു സ്ത്രീ കഥാപാത്രം രാമായണത്തില്‍ വേറെ ഇല്ല .ഒരാള്‍ അനാവശ്യമായി സംസരിക്കാത്തതുകൊണ്ടോ നിസഹായത മൂലം എല്ലാം സഹിക്കുന്നതുകൊണ്ടോ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാകകണ മെന്നില്ല .ഒരു സ്ത്രീയുടെ വ്യക്തിത്വം മറ്റു പല തലങ്ങളിലുമാണ് പടര്‍ന്നു കിടക്കുന്നത് .ജീവിതത്തിലെ നിര്‍ണ്ണായക പ്രതിസന്ധികളില്‍ കൈകൊള്ളുന്ന ഉചിതമായ തീരുമാനങ്ങള്‍ ,മാനസികമായ ഉന്നതി ,അഭിജാതമായ വാക്കും പ്രവര്‍ത്തിയും ഇതെല്ലാമാണ് ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങള്‍. ഇവിടെയാണ് സുമിത്രയുടെ പ്രസക്തി.

അതുകൊണ്ടു തന്നെ ഇങ്ങനെ ഒരു ചോദ്യം കൂടി പലരും ചോദിക്കുന്നുണ്ട്

സീതയുടെ കഥ മാത്രമല്ല രാമായണം സുമിത്രയുടെയും കൂടിയല്ലേ ...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക