Image

വോട്ടര്‍മാര്‍ നാല് ശതമാനം, സ്ഥാനാര്‍ത്ഥികള്‍ നാനൂറില്‍ ഏറെ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 06 August, 2018
വോട്ടര്‍മാര്‍ നാല് ശതമാനം, സ്ഥാനാര്‍ത്ഥികള്‍ നാനൂറില്‍ ഏറെ (ഏബ്രഹാം തോമസ്)
കാന്‍സസ് സിറ്റി, കാന്‍സസ്: അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ എല്‍(ലെസ്ബിയന്‍ജി(ഗേ) ബി(ബൈ സെക്‌സുവല്‍) ടി(ട്രാന്‍സ് ജെന്‍ഡര്‍) വിഭാഗക്കാര്‍ പങ്കെടുക്കുന്നത് അത്യുത്സാഹത്തോടെയാണ്. കാരണം സംസ്ഥാന, ഫെഡറല്‍ നിയമ നിര്‍മ്മാണ സഭകളില്‍ അവരെ പ്രതിനിധീകരിക്കുവാന്‍ നാനൂറില്‍ ഏറെ പേര്‍ മത്സരിക്കുന്നു. വോട്ടര്‍മാരില്‍ 4% എല്‍ജിബിടിയായി സ്വയം വ്യക്തമാക്കിയവരാണെന്നാണ് കണക്ക്. യാഥാസ്ഥിതിക പക്ഷത്തേയ്ക്ക് ചായുന്ന റിപ്പബ്ലിക്കനുകളെ ഈ വിഭാഗം പിന്തുണയ്ക്കാറില്ല. പരമ്പരാഗത ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്കാണ് ഇവരുടെ വോട്ടുകള്‍ പോകാറുള്ളത്.

കാന്‍സസ് സിറ്റിയിലെ ഷാരിസ് ഡേവിഡ്‌സ് ഒരു ലെസ്ബിയനും നേറ്റീവ് അമേരിക്കനു(അമേരിക്കന്‍ ഇന്‍ഡ്യനു)മാണ്. യു.എസ്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രൈമറിയില്‍ മത്സരിക്കുന്നു. സമലൈംഗികരും പരിസ്ഥിതിവാദികളും നേടിയ പുരോഗതി ട്രമ്പ് ഭരണത്തില്‍ നഷ്ടമാകും എന്നിവര്‍ കരുതുന്നു. ട്രമ്പ് ഭരണത്തിന് ഒരു എതിരാളിയായി തന്റെ ഡിസ്ട്രിക്ടിലെ വോട്ടര്‍മാര്‍ തന്നെ തിരഞ്ഞെടുത്ത് അയയ്ക്കുമെന്ന് ഡേവിഡ്‌സ് പ്രതീക്ഷിക്കുന്നു. പരിസ്ഥിതി നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന ഒരു വ്യക്തിയെ(സ്‌ക്കോട്ട് പ്രൂയിറ്റിനെ)എന്‍വയണ്‍മെന്റല്‍ പ്രൊട്ടക്ഷന്‍ ഏജന്‍സിയുടെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചത് പോലെയുള്ള പ്രസിഡന്റ് ട്രമ്പിന്റെ നയത്തിന് എതിരെയും ഡേവിഡ്‌സ് ശബ്ദമുയര്‍ത്തുന്നു.(പ്രൂയിറ്റ് ഇപ്പോള്‍ ഈ സ്ഥാനത്തില്ല).

ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ഇത്രയധികം എല്‍ജിബിടിക്കാര്‍ മത്സരരംഗത്തുള്ളത്. ഇവരില്‍ ഭൂരിഭാഗവും ഡെമോക്രാറ്റുകളാണ്. ഇവരുടെ പ്രചരണങ്ങള്‍ മുഴുവന്‍ ട്രമ്പിനെ വിമര്‍ശിക്കുന്നവയാണ്. എന്നാല്‍ ഡേവിഡ്‌സ് പറയുന്നത് അവരുടെ പ്രചരണം ആരോഗ്യപരിരക്ഷ കേന്ദ്രീകരിച്ചാണെന്നാണ്. ഒരിക്കല്‍ ഒരു വോട്ടര്‍ അവരെ ചോദ്യം ചെയ്ത സന്ദര്‍ഭവും അവര്‍ വിവരിക്കുന്നു. ഗേ ആയ ഒരു വ്യക്തിക്ക് എങ്ങനെയാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കുവാന്‍ കഴിയുക എന്നായിരുന്നു അയാളുടെ ചോദ്യം. ചോദ്യത്തിന് ഉചിതമായ മറുപടി നല്‍കി എന്ന് ഡേവിഡ്‌സ് പറയുന്നു. മത്സരിക്കുന്ന എല്‍ജിബിടിക്കാരില്‍ പകുതിയും സംസ്ഥാന സ്ഥാനങ്ങളിലേയ്ക്കാണ് തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നത്. കാരണമായി ഇവര്‍ പറയുന്നത് മിക്കവാറും പ്രധാന പൗരാവകാശയുദ്ധങ്ങള്‍ സ്വന്തം ഭവനങ്ങള്‍ക്കടുത്ത് തന്നെയാണ് നടത്തേണ്ടതെന്നാണ്. 2017 ല്‍ 120 ല്‍ അധികം എല്‍ജിബിടി വിരുദ്ധ ബില്ലുകള്‍ 30 സംസ്ഥാനങ്ങളില്‍ അവതരിപ്പിക്കപ്പെട്ടു എന്നിവര്‍ പറയുന്നു. ഇവയില്‍ ദത്തെടുക്കല്‍ നിയമങ്ങളും ബാത്ത്‌റൂം ബില്ലുകളും ഉണ്ടായിരുന്നു എന്ന് പൗരാവകാശ പ്രസ്ഥാനം പറയുന്നു. ബാത്ത്‌റൂം ബില്‍ എന്നറിയപ്പെടുന്നത് ഭിന്നലിംഗക്കാര്‍ ജനനസര്‍ട്ടിഫിക്കേറ്റില്‍ നല്‍കിയിരിക്കുന്ന ലിംഗ വിവരത്തിനനുസരിച്ച് ശുചിമുറികള്‍ ഉപയോഗിക്കണം എന്ന നിയമനിര്‍ദേശമാണ്. 2018 ജനുവരി ആയപ്പോള്‍ ഈ ബില്ലുകളില്‍ 12 എണ്ണം നിയമം ആയിക്കഴിഞ്ഞിരുന്നു.

ഹൂസ്റ്റണിലെ മുന്‍ മേയറും എല്‍ജിബിടിക്യൂ വിക്ടറി ഇന്‍സ്റ്റിട്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവുമായ ആനിസ്പാര്‍ക്കറുടെ അഭിപ്രായത്തില്‍ എല്‍ജിബിടി പ്രതിനിധികളുടെ അഭാവമാണ് ഈ ബില്ലുകള്‍ പാസ്സാകാന്‍ കാരണമായത്. ഗേ, ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍്തഥികളെ പിന്തുണയ്ക്കുന്ന നിഷ്പക്ഷസ്ഥാപനമാണ് ഈ ഇന്‍സ്റ്റിറ്റിയൂട്ട്. അമേരിക്കയുടെ പൂര്‍വ്വ, പശ്ചിമതീരത്തുള്ള സംസ്ഥാനങ്ങളിലാണ് പ്രധാനമായും എല്‍ജിബിടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്ന വിസ്‌കോന്‍സില്‍ സെനറ്റര്‍ ടാമിബാള്‍ഡ് വിന്‍, കൊളറാഡോയില്‍ ഗവര്‍ണറാകാന്‍ ശ്രമിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജാരെഡ് പോലിസ്, അരിസോണയില്‍ ഓഗസ്റ്റ് 28ന് നടക്കുന്ന സെനറ്റ് പ്രൈമറിയില്‍ മത്സരിക്കുന്ന ജനപ്രതിനിധി കിഴ്സ്റ്റണ്‍ സിനെമ തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ എല്‍ജിബിടി വിഭാഗത്തെ പ്രതിനിധീകരിക്കുന്നു.

കന്നി മത്സരക്കാരായ കാന്‍സാസിലെ ഡേവിഡ്‌സ്, വെര്‍മോണ്ടിലെ ഡെമോക്രാറ്റിക് പ്രൈമറി സ്ഥാനാര്‍ത്ഥി ഭിന്ന ലിംഗക്കാരി ക്രിസ്റ്റീന്‍ ഹാല്‍ക്വിസ്റ്റ്, ഒരു സ്റ്റേ അറ്റ് ഹോം ഡാഡ് ഒഹായോവിലെ 15-ാം കോണ്‍ഗ്രഷ്‌നല്‍ ഡിസ്ട്രിക്ടിലെ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി റിക്ക്‌നീ എന്നിവരും രംഗത്തുണ്ട്.

ഗേ, ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും ട്രമ്പ് ഭരണകൂടം വെട്ടികുറയ്ക്കുവാന്‍ ആരംഭിച്ചിരിക്കുന്നു. കൂടുതല്‍ എല്‍ജിബിടിക്കാര്‍ സ്ഥാനാര്‍ത്ഥികളായി എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. മിലിട്ടറിസേവനത്തിന് ഇവരെ വേണ്ട എന്ന തീരും, 1964 ലെ സിവില്‍ റൈറ്റ്‌സ് ആക്ട്  ഗേ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നില്ല എന്ന ജസ്റ്റീസ് ഡിപ്പാര്‍ട്ട് മെന്റിന്റെ തീരുമാനം എന്നിവ എല്‍ജിബിടിക്കാരില്‍ അമര്‍ഷം ഉണ്ടാക്കിയിരിക്കുകയാണ്.

എല്‍ജിബിടിക്കാര്‍ ഇരിക്കുന്ന ഒരു മുറിയില്‍ നിയമ നിര്‍മ്മാണ സമാജികര്‍ തീരുമാനം എടുക്കുമ്പോള്‍ തീര്‍ച്ചയായും അവരുടെ വികാരം കൂടി പരിഗണിക്കേണ്ടിവരും. അവരുടെ ജീവിതാനുഭവങ്ങളും കാഴ്ചപ്പാടുകളും ചര്‍ച്ചകളില്‍ ഇടംപിടിക്കും' ഡേവിഡ്‌സ് പറയുന്നു.

വോട്ടര്‍മാര്‍ നാല് ശതമാനം, സ്ഥാനാര്‍ത്ഥികള്‍ നാനൂറില്‍ ഏറെ (ഏബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക