Image

നീര്‍പ്പോളപോലെയുള്ള മനുഷ്യജന്മങ്ങള്‍... (രാമായണ ചിന്തകള്‍-18 അനില്‍ പെണ്ണുക്കര)

Published on 07 August, 2018
നീര്‍പ്പോളപോലെയുള്ള മനുഷ്യജന്മങ്ങള്‍... (രാമായണ ചിന്തകള്‍-18 അനില്‍ പെണ്ണുക്കര)
മനുഷ്യജീവിതത്തിന്‍ ക്ഷണികതയെപ്പറ്റിയും അര്‍ത്ഥമില്ലായ്മയെപ്പറ്റിയും പരാമര്‍ശിക്കുുണ്ട് രാമായണത്തില്‍. ശ്രീരാമന്‍ ലക്ഷ്മണോപദേശത്തില്‍ ദേഹശക്തിയില്‍ അഹങ്കരിക്കുന്ന ലക്ഷ്മണനു രാമന്‍ നല്കുന്ന ഉപദേശം മാനവരാശിക്കുമുഴുവന്‍ ഉള്ളതാണ്.
''വത്സ! സൌമിത്രേ! കുമാര! നീ കേള്‍ക്കണം
മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍.
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാര്‍ക്കുമെന്നുള്ളതും
നിന്നാല്‍ അസാദ്ധ്യമായില്ലൊരു കര്‍മ്മവും
നിര്‍ണ്ണയമെങ്കിലുമൊന്നിതു കേള്‍ക്ക നീ.''

ദേഷ്യം പിടിച്ചുനില്‍ക്കുന്ന അനുജനെ അനുനയിപ്പിക്കാതെ ഒരു കാര്യവും മനസ്സിലാക്കുവാന്‍ സാധിക്കില്ല എന്നുശ്രീരാമദേവനറിയാമായിരുന്നു.
'വത്സാ' എന്നു സംബോധനചെയ്യുമ്പോള്‍, ലക്ഷ്മണനു ഗുരുവിനെ ഓര്‍മ്മ വരും; 'സൗമിത്രേ' എന്നു വിളിക്കുമ്പോള്‍ എല്ലാവരുടേയും നല്ല മിത്രമായ തന്റെ അമ്മയെ ഓര്‍മ്മവരും, അമ്മയുടെ സദ് ഗുണങ്ങ്ള്‍ ഓര്‍മ്മിക്കും. 'കുമാര' എന്നുവിളിക്കുമ്പോള്‍, തന്നേക്കാള്‍ പ്രായം കുറഞ്ഞ കൂട്ടുകാരനോടു പറയുന്നതുപോലെ, അരുമയായി അനുജനോടു വാത്സല്യപൂര്‍വം പറയുന്നതായി ലക്ഷ്മണനുതോന്നും. ദേഷ്യം അടങ്ങി, കേള്‍ക്കാന്‍ തയ്യാറാകുന്ന ലക്ഷ്മണനോട്, അല്പം പോലും കുറ്റപ്പെടുത്താതെ, ശ്രീരാമദേവന്‍ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണു പറഞ്ഞുതുടങ്ങുന്നത്.
'നിന്നെക്കൊണ്ട് സാധിക്കാത്തതായി എന്താണുള്ളത്?'

''മത്സരാദ്യം വെടിഞ്ഞെന്നുടെ വാക്കുകള്‍'' - കാമ-ക്രോധ-മദ-മാത്സര്യാദികള്‍ ആദ്യം വെടിയണം, എന്ന് ശ്രീരാമദേവന്‍ പറഞ്ഞത് 'മോഹ'-ത്തില്‍ നിന്നാണിതെല്ലാം ജനിക്കുന്നതെന്ന് നമുക്ക് സൂചിപ്പിക്കാനല്ലെ? 'ശരീരമാണുതാന്‍' എന്ന തെറ്റിദ്ധാരണകൊണ്ടാണു നാം ശരീരസുഖത്തിനുവേണ്ടി വിഷയങ്ങള്‍ക്കുപുറകേ ഓടിക്കൊണ്ടിരിക്കുന്നതും, 'ഞാന്‍ ചെയ്യുന്നു' എന്നും 'എന്റേതാണെന്നും' അഹങ്കരിക്കുന്നതും!
''നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നതു മുന്നമേ ഞാനെടോ'' - നിന്റെ ശരിയായ തത്ത്വം മുന്‍പേതന്നെ എനിക്കറിയാവുന്നതാണെന്നും, ശരീരാദികളായ ഇരുപത്തിനാലു തത്ത്വങ്ങള്‍ക്കും ഉണ്മ കൊടുക്കുന്നത് ഭഗവാന്റെ പരമാത്മ ചൈതന്യമാണെന്നും;
''നിന്നാല്‍ അസാദ്ധ്യമായില്ലൊരു കര്‍മ്മവും നിര്‍ണ്ണയമെങ്കിലും'' - അനന്തസാദ്ധ്യതകള്‍ അകത്തുള്ളവനാണു ആദിശേഷനായ ലക്ഷ്മണാ നീയെന്നും, അതുകൊണ്ട് നീ വിചാരിച്ചാല്‍ ചെയ്യുവാന്‍ കഴിയാത്തതായി യാതൊന്നുമേയില്ല എന്നും തീര്‍ച്ചയാണെനിക്കെങ്കിലും;
''നിന്നുള്ളിലെപ്പോഴും എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും'' - നിന്നെപ്പോലെ എന്നെക്കുറിച്ച് (ശ്രീരാമനെ) വാത്സല്യപൂര്‍വം ചിന്തിക്കുന്നവര്‍ ആരും തന്നെ ഇല്ലെന്നും, എനിക്കറിയാവുന്നതാണെങ്കിലും;
ഞാന്‍ പറയുന്നതൊന്നുകേള്‍ക്കൂ എന്റെ പൊന്നനിയാ....

''ദൃശ്യമായുള്ളൊരു രാജ്യദേഹാദിയും
വിശ്വവും നിശ്ശേഷധാന്യധനാദിയും
സത്യമെന്നാകിലേ തത്പ്രയാസം തവ
യുക്തം,അതല്ലായ്കില്‍ എന്തതിനാല്‍ ഫലം?''

സത്യമെന്നാല്‍ മാറാത്തത്. സത്യം പണ്ടും, ഇന്നും, എന്നും ഒന്നായി നിലനില്‍ക്കുന്നതാണു. ഈ മാറിക്കൊണ്ടിരിക്കുന്നതായ, ഇന്നുവന്ന് കുറച്ചുസമയത്തേയ്ക്കുമാത്രം നമ്മുടെപക്കലുണ്ടെന്നുള്ള ഭ്രമം തോന്നിപ്പിക്കുന്ന ഭൗതികസുഖഭോഗങ്ങള്‍ക്ക് ആഗ്രഹം മനസ്സില്‍ വക്കുന്നത് യുക്തമാണോ? ഒരു രാജാവു രാജ്യം ഭരിച്ചുനാടുനീങ്ങി അടുത്ത രാജാവിനു കൈമാറേണ്ടതാണീ രാജ്യവും സമ്പത്തുമെല്ലാം കുറച്ചുനാളത്തേക്കുമാത്രമുള്ളതിനെച്ചൊല്ലി ആഗ്രഹം വച്ചുപുലര്‍ത്തുന്നത് യുക്തമല്ല.

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസ്സുമോര്‍ക്ക നീ.
വഹ്നിസന്തപ്തലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം.

ഭൗതികലോകത്തിലെ സുഖ-ഭോഗങ്ങളെല്ലാം തന്നെ വളരെ കുറച്ചുസമയത്തേയ്ക്കുമാത്രം ഉണ്ടെന്നപ്രതീതി തരുന്നവയാണുലക്ഷ്മണാ...എല്ലാം ഒരു മിന്നല്‍ പോലെ, ക്ഷണമാത്രയില്‍ വന്നുപോകുന്നവയാണു. ചുട്ടുപഴുത്തിരിക്കുന്ന ഇരുമ്പിന്റെ മുകളില്‍ പതിച്ച ഒരു തുള്ളി ജലമെത്രപെട്ടെന്നാണോ അപ്രത്യക്ഷമാകുന്നത് അതുപോലെയാണീ മനുഷ്യജന്മം. യുഗങ്ങളുമായി താരതമ്യംചെയ്യുമ്പോള്‍ മനുഷ്യായുസ്സെത്ര തുച്ഛമാണ്

എന്നെന്നും നിലനില്‍ക്കുന്ന പരമസത്യത്തെ അന്വേഷിക്കൂ ..നാളെ എന്തു സംഭവിക്കുമെന്നുനമുക്കറിയില്ല. ക്ഷണപ്രഭാചഞ്ചലമായ ഈ മനുഷ്യജന്മം ഒരു നിമിഷം പോലും പാഴാക്കാതെ, 'ഏതൊന്നറിഞ്ഞാല്‍ എല്ലാമറിയുന്നുവോ, ശാശ്വതമായ ആ സത്യത്തെ സാക്ഷാത്കരിക്കൂ.' ഭോഗങ്ങളെല്ലാം മിന്നല്‍ പോലെ വന്നുപോകുന്ന താല്‍ക്കാലികസുഖങ്ങള്‍ പ്രദാനം ചെയ്യുന്നവയാണെന്നുമനസ്സിലാക്കിക്കൊണ്ട് ശാശ്വതമായ ആനന്ദത്തെ കണ്ടെത്തൂ.

''ചക്ഷു:ശ്രവണഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലചേതസാ ഭോഗങ്ങള്‍ തേടുന്നു''.

പാമ്പിന്റെ വായില്‍ വിഴുങ്ങപ്പെട്ടുകൊണ്ടിരിക്കുന്ന തവള, പുറത്തേയ്ക്കുനാക്കുനീട്ടി അടുത്തുപറക്കുന്ന ഈച്ചയെപിടിക്കുവാന്‍ ശ്രമിക്കുന്നതുകാണുമ്പോള്‍ നമുക്ക് എന്താണുതോന്നുക?...! കാലമാകുന്ന സര്‍പ്പത്തിന്റെ വായില്‍ അനുനിമിഷം വിഴുങ്ങപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മളോര്‍ക്കാറുണ്ടോ, നമ്മളും ഇതുതന്നെയല്ലേ ചെയ്യുന്നതെന്ന്?

സുഖത്തിനുപിന്നാലെ പായുന്ന മനുഷ്യലോകത്തെ രാമന്‍ അപഹസിക്കുന്നു . മനുഷ്യശരീരത്തിന്റെ നിരര്‍ത്ഥകതയും നിസാരതയും ഇവിടെ പരാമര്‍ശിക്കപ്പെടുന്നു .
ചുട്ടു പഴുത്ത ലോഹത്തകിടില്‍ പതിക്കുന്ന ജലത്തുള്ളിപോലെയാണ് ലോകത്ത് വിഹരിക്കുന്ന മനുഷ്യജന്മം. രണ്ടും പെട്ടന്ന് അപ്രത്യക്ഷമാകും. നീര്‍കുമിളപോലെയാണ് മനുഷ്യായുസ്. അതുകൊണ്ടു മനുഷ്യന്‍ ഞാന്‍ എന്ന് കരുതി, എന്റേതെന്ന് കരുതി അഹങ്കരിക്കരുത്. ഇക്കാണുന്ന ദേഹവും ജീവനും ക്ഷണഭംഗുരമാണ്. ഓരോശ്വാസവും വളരെ വിലയേറിയതാണ് .ലക്ഷ്മണനോടു പറയുന്നതായി തോന്നുമെങ്കിലും ഉപദേശങ്ങള്‍ എല്ലാം നമ്മളോടല്ലേ ശ്രീരാമദേവന്‍ പറയുന്നത്? 
നീര്‍പ്പോളപോലെയുള്ള മനുഷ്യജന്മങ്ങള്‍... (രാമായണ ചിന്തകള്‍-18 അനില്‍ പെണ്ണുക്കര)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക